2021 സെപ്റ്റംബർ എട്ട്. കാസർകോട്ടെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിനി വീട്ടിൽ ജീവനൊടുക്കി. സാമൂഹികമാധ്യമത്തിലൂടെ ഒരധ്യാപകൻ വിദ്യാർഥിനിയുമായി ചാറ്റിങ് നടത്തിവരുന്നത് മാതാപിതാക്കളും സ്കൂളിലെ മറ്റുള്ളവരും അറിഞ്ഞതാണ് കാരണം. ഒളിവിൽപ്പോയ പ്രതിയെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിൽനിന്ന്‌ സെപ്റ്റംബർ 19-ന് അറസ്റ്റുചെയ്തു. കോവിഡ് കാലം അടച്ചിടലിന്റെ കാലമായിട്ടുകൂടി ഉണ്ടായ ആശാസ്യമല്ലാത്ത സംഭവം. 2020-ൽമാത്രം 324 കുട്ടികൾ വിവിധ കാരണത്താൽ ആത്മഹത്യചെയ്തെന്നാണ് പോലീസ് കണക്ക്. 2021-ൽ ജൂലായ് 31 വരെ 53 കുട്ടികളും ജീവനൊടുക്കി. ഓൺലൈൻ ക്ലാസുകൾ മാത്രമുണ്ടായിരുന്ന കാലത്തിന്റെ ബാക്കിപത്രമാണിത്.

ഇഴമുറിയുന്ന ബന്ധം

ഒന്നേമുക്കാൽ വർഷത്തെ അടച്ചിടലിനുശേഷം നവംബർ ഒന്നിന്‌ സ്കൂൾ തുറക്കുന്ന വാർത്തവന്നശേഷമുണ്ടായ ചില സംഭവങ്ങളും വരാനിരിക്കുന്ന കാലത്തിന്റെ കരുതലിനുള്ള സൂചനകളാണ്. സെപ്റ്റംബർ 18-ന് നടന്ന കോവിഡ് അവലോകനയോഗത്തിലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. അതിനുശേഷംവന്ന രണ്ട്‌ കോടതിവിധികളും ശ്രദ്ധേയമാണ്.  ഒന്നാംക്ലാസ് വിദ്യാർഥിനിയെ വിനോദയാത്രയ്ക്കിടെ പീഡിപ്പിച്ചതിന് കുന്നംകുളം പോക്സോ കോടതി സെപ്റ്റംബർ 24-ന്  ഒരു അധ്യാപകന് 29 വർഷം കഠിനതടവ്‌ വിധിച്ചു. സെപ്റ്റംബർ 30-ന് തിരുവനന്തപുരത്തുനിന്ന്‌ മറ്റൊരു കോടതിവിധിയുണ്ടായി. 2005 ജനുവരി 18-ന്,  ക്ലാസിൽ ശ്രദ്ധിച്ചില്ലെന്നതിന് മൂന്നാംക്ലാസുകാരനുനേരെ എറിഞ്ഞ പേന കുട്ടിയുടെ കണ്ണിൽക്കൊണ്ട് കാഴ്ചനഷ്ടപ്പെട്ട സംഭവത്തിൽ മലയിൻകീഴ് സ്കൂളിലെ അധ്യാപിക ഷെറീഫ ഷാജഹാന് ഒരു വർഷം കഠിനതടവും മൂന്നുലക്ഷംരൂപ പിഴശിക്ഷയും വിധിച്ച സംഭവമാണിത്. 

2017 ഒക്ടോബർ 20-ന് കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ പത്താംക്ലാസ്‌ വിദ്യാർഥിനി ഗൗരി നേഹ സ്കൂൾകെട്ടിടത്തിൽനിന്ന്‌ ചാടി ജീവനൊടുക്കിയ സംഭവം കേരളത്തെ ഇളക്കിമറിച്ച ഒന്നായിരുന്നു.  ഗൗരി നേഹയുടെ അനിയത്തിയെ ആൺകുട്ടികളുടെ ഇടയ്ക്കിരുത്തി ശിക്ഷിച്ചിടത്തുനിന്നാണ് തുടക്കം. അനിയത്തിയെ ആശ്വസിപ്പിക്കുന്നതിന് ചേച്ചി ഗൗരി ഇടയ്ക്കിടെ എട്ടാംക്ലാസിലേക്കുപോകും. അതവിടെ ഒരു കുട്ടിക്കലഹത്തിന്‌ കാരണമായി. തുടർന്ന് ഗൗരിയെ ഒരു അധ്യാപിക പ്രിൻസിപ്പലിന്റെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നതിനിടയിലാണ് ശിക്ഷഭയന്ന് അവൾ കുതറിയോടിയതും അടുത്ത കെട്ടിടത്തിൽനിന്ന്‌ ചാടിയതും. സംഭവത്തിനുശേഷം മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും അധ്യാപകരെ നിർത്തിപ്പൊരിച്ചു.

കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചപ്പോൾ ആ സ്കൂളിൽ കേക്കുമുറിച്ച്‌ ആഘോഷിച്ചു. അതും വലിയ ചർച്ചയായി. ആഘോഷത്തിന്‌ നേതൃത്വംനൽകിയ പ്രിൻസിപ്പലിനെ നീക്കി.  നഷ്ടം ഗൗരിയുടെ കുടുംബത്തിനുമാത്രം. അച്ഛൻ പ്രസന്നകുമാറിന്റെ കച്ചവടം തകർന്നു. കടവിറ്റ് ഇപ്പോൾ അവർ തിരുവനന്തപുരത്താണ്. മകളുടെ ഓർമകളിൽനിന്ന്‌ ഒളിച്ചോടാനുള്ള പാഴ്ശ്രമമെന്നുപറയുമ്പോഴും ആ കണ്ഠം ഇടറുന്നുണ്ടായിരുന്നു.  അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചെങ്കിലും കോവിഡിന്റെമറവിൽ ഒന്നും നടക്കുന്നില്ല.

സാഹചര്യങ്ങളും സമ്മർദങ്ങളും

2018 ഫെബ്രുവരി 3. കേരളം വീണ്ടും ഞെട്ടി. അന്നാണ് അഷ്ടമുടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ശ്രീദേവി ആത്മഹത്യചെയ്തത്. ജനുവരി 29-ന് ഒരു വിദ്യാർഥിനി കൊണ്ടുവന്ന മദ്യക്കുപ്പി ക്ലാസിൽ സംസാരവിഷയമായി. സംഭവം പ്രിൻസിപ്പലിന്റെ മുന്നിലെത്തി. രക്ഷിതാക്കളെ വിളിപ്പിച്ചശേഷം മൂന്നുപെൺകുട്ടികളെ ഒരാഴ്ചത്തേക്ക്‌ സസ്പെൻഡ് ചെയ്തു. അതിനുശേഷം ഒരു വിദ്യാർഥിനിയുടെ ബന്ധുവായ പോലീസുകാരൻ സംഭവത്തിൽ ഇടപെട്ടത് ടീച്ചർക്ക് വലിയ മാനസികപ്രയാസമുണ്ടാക്കിയെന്ന് അവരുടെ ഭർത്താവ് അപ്പുക്കുട്ടൻപിള്ള പറഞ്ഞു. എന്തായാലും മാനസികസമ്മർദം താങ്ങാനാകാതെ ശ്രീദേവി ടീച്ചർ ജീവിതം അവസാനിപ്പിച്ചു.കാലം കുറച്ചു മുന്നോട്ടുപോയി. ശ്രീദേവിയുടെ മരണത്തിൽ ഇന്ന് ഒരു കേസുപോലുമില്ല. നഷ്ടം അവരുടെ കുടുംബത്തിനുമാത്രം. കേസുണ്ടായിരുന്നെങ്കിൽ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തപ്പെടേണ്ടത് എന്തായാലും വിദ്യാർഥികളിലല്ല. കാരണം, അവരല്ല പിന്നിൽ കളിച്ചത്. ഒരു ആത്മഹത്യക്കുറിപ്പുപോലും എഴുതിവെക്കാതെ ആ അധ്യാപിക ജീവിതത്തിൽനിന്ന്‌ ഒളിച്ചോടിയത് ഇടയിൽ കളിച്ചവർക്ക് അനുഗ്രഹമായി. മരണത്തിന്റെ യഥാർഥകാരണം കണ്ടെത്താൻ ടീച്ചർ അംഗമായ സംഘടനപോലും രംഗത്തുവന്നില്ലെന്ന് അപ്പുക്കുട്ടൻപിള്ള കുറ്റപ്പെടുത്തുന്നു.

ഏറെ പഴയതല്ലാത്ത രണ്ടുസംഭവങ്ങൾ പറഞ്ഞത് കോവിഡ്കാലത്തിന്‌ തൊട്ടുമുമ്പ് വിദ്യാലയങ്ങളിലെ ഗുരു-ശിഷ്യ ബന്ധം ഏതുവരെയെത്തിയിരുന്നുവെന്ന്‌ സൂചിപ്പിക്കാൻമാത്രം.  ഒടുവിൽ സ്കൂളുകൾ പ്രവർത്തിച്ച 2019-20 അധ്യയനവർഷത്തിലും ഒരുപാട് അനിഷ്ടസംഭവങ്ങളുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് സുൽത്താൻ ബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ഷഹ്‌ല ഷെറിൻ ക്ലാസ്‌മുറിയിൽവെച്ച്‌ പാമ്പുകടിയേറ്റുമരിച്ച സംഭവം. പാമ്പുകടിയേറ്റുവെന്ന് പറഞ്ഞിട്ടും അധ്യാപകർ ഷഹ്‌ലയുടെ ഉപ്പ വരാൻ കാത്തിരുന്നു. കുറച്ചെങ്കിലും നേരത്തേ കുഞ്ഞിന് മതിയായ ചികിത്സ നൽകിയിരുന്നെങ്കിൽ ഇന്നവൾ നമ്മോടൊപ്പം ഉണ്ടായേനെ. വീഴ്ചകൾ സംഭവിക്കും. അത് പാഠമാണ്. ശരിയെന്തെന്നറിഞ്ഞുവേണം മുന്നോട്ടുപോകേണ്ടത്. പരസ്പരം താങ്ങാകേണ്ടവർ ശത്രുക്കളാകരുത്. എങ്കിലും അകൽച്ചവരുന്നു. 

ജാഗ്രത വേണ്ട കാര്യങ്ങൾ

കോവിഡ് മൂന്നാംതരംഗ ഭീഷണി നിലനിൽക്കേയാണ് സ്കൂളുകൾ തുറക്കുന്നത്. കരുതലോടെ മുന്നോട്ടുപോകുകയേ വഴിയുള്ളൂ. കോവിഡ് അല്ലാതെയുള്ള ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ ഇനിയും ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ചും ക്ലാസ്‌മുറികളിൽ പാമ്പുകടിയേറ്റുള്ള മരണം ഒഴിവാക്കുന്നതിൽ. ബത്തേരി സംഭവത്തിനുശേഷവും ഇടപ്പള്ളി സ്കൂൾ, ചാവക്കാട് എം.ആർ.ആർ.എം.എച്ച്.എസ്. എന്നീ വിദ്യാലയങ്ങളിൽ ഇത്തരം കേസുകൾ ആവർത്തിച്ചത്‌ മറന്നുകൂടാ.
ഭക്ഷ്യവിഷബാധയാണ് മറ്റൊരു വില്ലൻ. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കേരളത്തിന്റെ വലിയൊരു നേട്ടമാണ്. എന്നാൽ, കൂത്തുപറമ്പ് വട്ടിപ്രം യു.പി., ഇരിട്ടി വിളക്കോട് യു.പി., കായംകുളം എരുവ മാവിലേത്ത് ജി.യു.പി., കോഴിക്കോട് കീഴ്പയ്യൂർ വെസ്റ്റ് എ.എൽ.പി. സ്കൂളുകളിൽ അടച്ചിടലിനുമുമ്പുള്ള സമയത്ത് ഭക്ഷ്യവിഷബാധയുണ്ടായി. ഏറെ നാളത്തെ അടച്ചിടൽകാരണം അപകടസാധ്യത കൂടും. സ്കൂളുകളിലെ കിണറുകൾ ഇരുമ്പുഗ്രില്ലിട്ട് സുരക്ഷിതമാക്കേണ്ടതുണ്ട്. ഒന്നരവർഷംമുമ്പ് കണ്ണൂർ മാലൂർ സ്കൂളിൽ കളിക്കുന്നതിനിടെ ഒരു കുട്ടി കിണറിൽ വീണ് മരിച്ച സംഭവം മറക്കാറായിട്ടില്ല. 2020 ജനുവരി 31-നകം കിണറുകൾ സുരക്ഷിതമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരുന്നെങ്കിലും രണ്ടുവർഷമായിട്ടും എല്ലായിടത്തും നടപ്പായിട്ടില്ല.

(തുടരും)