കഴിഞ്ഞ അഞ്ചുവർഷംകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ വേഗംകൂടിയ ഇന്റർനെറ്റ് എന്താണെന്ന് അനുഭവിച്ചുതുടങ്ങിയത്. വേഗംകൂടിയ 4 ജി കണക്‌ഷനുകളിലേക്ക് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളെല്ലാം മാറി. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ശൃംഖല രാജ്യവ്യാപകമായി സ്ഥാപിക്കാൻ ഭരണകൂടംതന്നെ മുന്നിട്ടിറങ്ങി. ഇന്ന് കുറഞ്ഞചെലവിൽ ഇന്റർനെറ്റ് ലഭിക്കുന്ന കാലമാണ്. ഇന്റർനെറ്റ് ഇന്ന് പല വഴിയാണ് നമ്മുടെ ഉപകരണങ്ങളിലേക്ക് എത്തുന്നത്. മൊബൈൽ ടവറുകൾ വഴിയും പൊതുവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വൈഫൈ റൂട്ടറുകൾ വഴിയും ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴിയുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ ഇന്റർനെറ്റ് വിതരണം നടക്കുന്നു. എന്നാൽ, ഈ പരമ്പരാഗതരീതികളിൽനിന്ന് മാറി ബഹിരാകാശത്തെ ഉപഗ്രഹങ്ങളിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് വിതരണംചെയ്യുന്നരീതി പ്രചാരത്തിൽ വരാൻ പോവുകയാണ്. 

 ഉപഗ്രഹ ഇന്റർനെറ്റ്
ഭൂമിയെ ചുറ്റുന്ന ഉപഗ്രഹത്തിൽനിന്ന് നേരിട്ടെത്തുന്ന ഇന്റർനെറ്റാണിത്. സ്റ്റാർലിങ്ക്, വൺവെബ്, പ്രോജക്ട് കുയ്പർപോലുള്ള സ്ഥാപനങ്ങൾ അടുത്തകാലത്തായി രംഗത്തുവന്ന ഉപഗ്രഹ ഇന്റർനെറ്റ് സേവനതാദാക്കളാണ്. 1962-ൽ ബെൽ ലാബ്‌സ് വികസിപ്പിച്ച ടെൽസ്റ്റാർ ഉപഗ്രഹത്തിൽ തുടങ്ങി ഇന്റർനെറ്റ് എത്തിക്കുന്നതിനായി ഒട്ടേറെ ഉപഗ്രഹങ്ങൾ വി​േക്ഷപിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങൾകൊണ്ട് അമേരിക്ക, യു.കെ. പോലുള്ള നാടുകളിൽ വിവിധ കമ്പനികൾ സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. വിയാസാറ്റ്, എക്സെഡ്, എക്കോസ്റ്റാർ, ഹ്യൂഗ്‌സ് നെറ്റ്, യുടെൽസാറ്റ്, സ്റ്റാർലിങ്ക് എന്നിവ അതിൽ ചിലതാണ്. ഇതിൽ സ്റ്റാർ ലിങ്കാണ് ഉപഗ്രഹ ഇന്റർനെറ്റ് സേവനരംഗത്തേക്ക് ഒടുവിൽ പ്രവേശിച്ച കമ്പനികളിൽ ഒന്ന്.  

 സ്റ്റാർലിങ്ക്
ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണസ്ഥാപനം സ്പേസ് എക്സിന് കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. ഭൂമിയോടടുത്ത് ബഹിരാകാശത്ത് പതിനായിരക്കണക്കിന് ചെറുഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് സ്റ്റാർലിങ്കിന്റെ പദ്ധതി. ഇതിനകം 1800-ലേറെ ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് വിക്ഷേപിച്ചിട്ടുണ്ട്. ഒരു ഡിഷ് ആന്റിനയും റൂട്ടറും മാത്രമാണ് ഉപഗ്രഹ ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കുന്നതിനായി ആവശ്യംവരുക. ഭൂമിയിൽ ഏതുതരം ഭൂപ്രദേശത്തും ഈ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാകും. പരമ്പരാഗതരീതിയിൽ കേബിൾ വലിക്കുന്ന ശ്രമകരമായ പ്രവർത്തനങ്ങൾ ഇതിനുവേണ്ടിവരില്ല. ഉപഗ്രഹ ഇന്റർനെറ്റിന്റെ മുഖ്യനേട്ടവും ഇതുതന്നെയാണ്. സെക്കൻഡിൽ 100 എം.ബി.ക്കും 200 എം.ബി.ക്കും ഇടയിൽ ഡൗൺലോഡ് വേഗം സ്റ്റാർലിങ്ക് ഉറപ്പുനൽകുന്നുണ്ട്. 20 മില്ലിസെക്കൻഡിൽ താഴെ ലേറ്റൻസിയിലുള്ള മികച്ച നെറ്റ് വർക്കാണ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നത്. 

 ജനകീയമാവുമോ ഉപഗ്രഹ ഇന്റർനെറ്റ്?
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിൽ പരമ്പരാഗത സാങ്കേതികവിദ്യകളാണ് ബ്രോഡ്ബാൻഡ് കണക്‌ഷനുവേണ്ടി ഉപയോഗിച്ചുവരുന്നത്. ഫൈബർ ടു ദി ഹോം (എഫ്.ടി.ടി.എച്ച്.) പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ ടെലികോം കമ്പനികൾ വ്യാപകമായി രാജ്യത്തുടനീളം കേബിൾ വലിക്കുന്ന പ്രക്രിയയിലാണ്. പരമാവധി 100 എം.ബി.പി.എസ്. വേഗമാണ് എഫ്.ടി.ടി.എച്ച്. വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ ജിയോ വാഗ്ദാനംചെയ്യുന്ന ഏറ്റവും കുറഞ്ഞനിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാൻ 399 രൂപയുടേതാണ്. 

ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്‌തെങ്കിലും സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഇതുവരെ നേടിയിട്ടില്ല. പരമ്പരാഗത ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് ചെന്നെത്താൻ സാധിക്കാത്ത ഉൾനാടൻപ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റാർലിങ്ക് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

99 ഡോളറാണ് (7,425 രൂപ) സേവനം ബുക്കുചെയ്യുന്നതിനുള്ള നിരക്കായി ഇപ്പോൾ ഇൗടാക്കുന്നത്. എന്നാൽ, ഇതിനുപുറമേ 499 ഡോളർ (37,428) ഡിഷ് ആന്റിന, റൂട്ടർ ഉൾ​െപ്പടെയുള്ള അനുബന്ധ ഉപകരണങ്ങൾക്കായി നൽകേണ്ടിവരും. ഇന്ത്യയിൽ എത്രയാണ് നിരക്കെന്നും ഇവിടത്തെ പ്രവർത്തനമാതൃക ഏതുരീതിയിലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള ബുക്കിങ് സ്വീകരിച്ചത് 99 ഡോളറിനാണ്. ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ നിരക്കിൽ ഇന്റർനെറ്റ് കണക്‌ഷനെടുക്കുന്നത് ഒട്ടും ലാഭകരമല്ല. അതുകൊണ്ടുതന്നെ പ്രാരംഭവർഷങ്ങളിൽ സ്റ്റാർലിങ്ക് സേവനത്തിന് ജനകീയത ലഭിക്കാൻ സാധ്യത കുറവാണ്. 

 നേട്ടങ്ങൾ 
 ചെലവ് ലാഭിക്കാം: ബ്രോഡ്ബാൻഡ് ശൃംഖല സ്ഥാപിക്കുന്നതിനുവേണ്ട കേബിളുകളും അനുബന്ധഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ആവശ്യമായ വൻചെലവ് ലാഭിക്കാം. 
 കണക്‌ഷൻ പെട്ടെന്നെത്തും: കേബിൾ വലിക്കുന്നതിനും മറ്റും ആവശ്യമായ സമയം ലാഭിക്കാമെന്നതിനാൽത്തന്നെ ആവശ്യക്കാർക്ക് ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനും ഉപകരണങ്ങൾ സ്ഥാപിക്കാനും വളരെ പെട്ടെന്ന് സാധിക്കും. 
 ലോകത്തെവിടെയും അതിവേഗ ഇന്റർനെറ്റ്: ഭൂമിയിൽ ഏതുമേഖലയിലും കണക്ടിവിറ്റി എത്തും. ധ്രുവപ്രദേശങ്ങൾ, സമുദ്രങ്ങളിലെ എണ്ണക്കിണറുകൾ, വനപ്രദേശങ്ങളിലെ ഫോറസ്റ്റ് ഓഫീസുകൾ, പർവതമേഖലകൾ ഉൾപ്പെടെയുള്ള മേഖലകളിൽ പാരിസ്ഥിതിക ആഘാതമില്ലാതെത്തന്നെ ഇന്റർനെറ്റ് എത്തിക്കാം.