ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന ഇന്ദിരാ ഗാന്ധിയുടെയും ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന സർദാർ വല്ലഭ്‌ ഭായ് പട്ടേലിന്റെയും ഓർമദിനം ഒരേ ദിവസമാവുന്നത് ഇന്ത്യൻ രാഷ്ട്രനിർമാണ ചരിത്രത്തിന്റെ നാൾവഴികളെക്കുറിച്ച് എല്ലാ വർഷവുമുള്ള ഓർമപ്പെടുത്തലാണ്.  ഒരാളുടെ (ഇന്ദിരാ ഗാന്ധി) ചരമ വാർഷികം മറ്റൊരാളുടെ (സർദാർ പട്ടേൽ) ജന്മ വാർഷികമാവുന്നത്  കൗതുകകരമായ ഒരു പുരാവൃത്ത യാദൃച്ഛികത. 

പട്ടേലിന്റെ ജീവചരിത്രം മഹാത്മാ ഗാന്ധിയോടൊപ്പംതന്നെ പഴക്കമുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും രാജ്യനിർമിതിയുടെയും  ചരിത്രമാണ്; ഇന്ദിരാ ഗാന്ധിയുടേതോ, ആത്മവിശ്വാസത്തോടെയുള്ള സ്വതന്ത്ര ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെയും. രണ്ടുപേരും രണ്ടു കാലഘട്ടങ്ങളുടെ, രണ്ടു നിയുക്തികളുടെ ആൾരൂപങ്ങൾ. 

പല ചരിത്രകാരന്മാരും സൂചിപ്പിച്ചിട്ടുള്ളതു പോലെ, നെഹ്രുവിനു ശേഷമുള്ള ഇന്ത്യയിൽ പട്ടേലിന് അദ്ദേഹമർഹിക്കുന്ന ബഹുമതി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൽകിയിട്ടില്ല എന്നത് വാസ്തവമാണ്. ഗാന്ധിജിയുടെ ഇടതും വലതുമായി ഒരുപോലെ ശക്തരായി നിന്ന രണ്ടുപേരിൽ ഒരാൾ, അതും ഗാന്ധിയുടെ രണ്ടാമത്തെ സത്യാഗ്രഹം മുതൽ അവസാനംവരെ അദ്ദേഹത്തിന്റെ പ്രധാന സമര സഖാവായിരുന്നയാൾ, ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഏറക്കുറെ അപ്രസക്തനായത് നിർഭാഗ്യകരമാണ്. ഒരു പക്ഷേ, കോൺഗ്രസിന്റെ ആ പരാജയമാണ് പിന്നീട് അദ്ദേഹത്തെ സംഘപരിവാർ തങ്ങളുടെയാളാക്കി മാറ്റാൻ കാരണം. കോൺഗ്രസിന് അവകാശപ്പെട്ട, പക്ഷേ, കുറച്ചെങ്കിലും സംഘപരിവാർ അപഹരിച്ചെടുത്ത, പട്ടേലിന്റെ ആവേശമുണർത്തുന്ന പാരമ്പര്യം ഇന്നും കോൺഗ്രസ് വീണ്ടെടുത്തിട്ടില്ല എന്ന് പറയുന്നത് അതിലേറെ നിർഭാഗ്യകരം.

ഇംഗ്ളണ്ടിലെ നിയമവിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത നിലയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോൾ, പട്ടേലിന് ഗാന്ധിയുടെ സമരത്തോടോ, ആദർശത്തോടോ തുടക്കത്തിൽ ഒരു ആഭിമുഖ്യവുമുണ്ടായിരുന്നില്ല. പക്ഷേ, 1915-ൽ ഗുജറാത്ത് ക്ലബ്ബിൽ ബ്രിഡ്ജ്

കളിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യമായി നേരിട്ടുകേട്ട ഗാന്ധിജിയുടെ പ്രസംഗത്തെ ആദർശത്തിന്റെ വാചകമടി (idealistic hot air) എന്നു പറഞ്ഞ് പരിഹാസത്തോടെ അവഗണിച്ച അതേ പട്ടേൽ മൂന്നു കൊല്ലത്തിനകം എല്ലാമുപേക്ഷിച്ച് ഗുജറാത്തിലെ ഖേഡാ സത്യാഗ്രഹത്തിൽ അദ്ദേഹത്തിന്റെ അനുയായി ആയി എന്നത് അദ്ദേഹത്തിന്റെ ദൃഢമായ വ്യക്തിവൈശിഷ്ട്യം വിളിച്ചോതുന്നു.
ഗാന്ധിജിയുടെ  നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു ഖേഡാ സത്യാഗ്രഹം. ബിഹാറിലെ ചമ്പാരനു ശേഷം ഗാന്ധിജിയുടെ സത്യാഗ്രഹം എന്ന സമരമുറയിലെ രണ്ടാമത്തെ സംഭവം. കൊടും പട്ടിണിയിലും പകർച്ചവ്യാധികളിലും പെട്ട് ജീവൻതന്നെ നിലനിർത്താൻ കഷ്ടപ്പെടുന്ന കർഷകരുടെമേൽ ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ച വൻ നികുതിവർധനയ്ക്കെതിരായ ആ അക്രമരഹിത ജനകീയപോരാട്ടത്തിന് ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത് പട്ടേൽ ആയിരുന്നു. അതികഠിനമായിരുന്നെങ്കിലും ഖേഡാ സത്യാഗ്രഹം വിജയമായി, ഒപ്പം പട്ടേലിന്റെ ജീവിതദിശയെത്തന്നെ മാറ്റിമറിച്ചു. ഒരു വരേണ്യവർഗ ബാരിസ്റ്റർ ആയിരുന്ന അദ്ദേഹം മുഴുവൻസമയ സ്വാതന്ത്ര്യസമര സേനാനിയായും ഗാന്ധിജിയുടെ വലംകൈയായി മാറുകയും ചെയ്തു. അടുത്തവർഷംതന്നെ റൗലറ്റ് ആക്ടിനെതിരായ സമരത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഖേഡാ സത്യാഗ്രഹത്തെപ്പോലെ പട്ടേലിന്റെ ദൃഢനിശ്ചയത്തിന്റെയും സമരവീര്യത്തിന്റെയും മറ്റൊരുദാഹരണമായിരുന്നു നിസ്സഹകരണ പ്രസ്ഥാനത്തിലെ പ്രധാന കാൽവെപ്പായ 1920-ലെ നാഗപുർ ഫ്ളാഗ് സത്യാഗ്രഹം. 

വല്ലഭ്‌ഭായ് പട്ടേലിനെ സർദാർ പട്ടേൽ ആയി മാറ്റിയത് 1928-ലെ ബർദോളി സത്യാഗ്രഹമായിരുന്നു. ഖേഡയിൽ നടന്നപോലെ ബ്രിട്ടീഷുകാരുടെ കഠിനമായ നികുതി വർധനയ്ക്കെതിരായ ജനകീയ പ്രതിരോധം. പട്ടേലിന്റെ ആവേശോജ്ജ്വലമായ നേതൃത്വത്തിൽ ജനങ്ങൾ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായിരുന്നു. മാസങ്ങളോളം അവർ ഒറ്റക്കെട്ടായി ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലിനെയും സമരം പൊളിക്കാനുള്ള ക്രൂര പ്രവൃത്തികളെയും ചെറുത്തുനിന്നു. നിസ്സഹകരണം ഇത്തരത്തിൽ അതിന്റെ പൂർണാർഥത്തിൽ നടപ്പാക്കപ്പെട്ട സമരങ്ങൾ ലോകചരിത്രത്തിൽതന്നെ  അപൂർവമായിരിക്കും.  വരാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും പൂർണമായും ജനങ്ങളെ ബോധ്യപ്പെടുത്തി, അവരുടെ പിന്തുണയോടെയായിരുന്നു പട്ടേൽ ഈ സത്യാഗ്രഹം നയിച്ചത്. ‘ഒരു നയാപ്പൈസ പോലും കരം കൊടുക്കരുത്’ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം അവർ ആവേശത്തോടെ നടപ്പാക്കി. അദ്ദേഹത്തിന്റെ ഉരുക്കുപോലുള്ള ദൃഢനിശ്ചയത്തിന്റെയും സംഘാടനപാടവത്തിന്റെയും ശക്തമായ ഉദാഹരണമായിരുന്നു ബർദോളി. 

സ്വാതന്ത്ര്യലബ്ധി വരെയുള്ള എല്ലാ സമരങ്ങളിലും സംഭവങ്ങളിലും നെഹ്രുവിനെപ്പോലെ പട്ടേൽ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. അവർ തമ്മിൽ പലപ്പോഴും തർക്കങ്ങളുണ്ടായി, പക്ഷേ, എല്ലാം സ്വതന്ത്ര ഇന്ത്യ എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രം. തങ്ങൾക്കില്ലാതെപോയ ചരിത്രനേതാക്കളെ പുനർനിർമിക്കുന്നവർ, പട്ടേൽ ഗാന്ധിയുമായും നെഹ്രുവുമായും നിത്യസംഘർഷത്തിലായിരുന്നു, ഗാന്ധിയും നെഹ്രുവും അദ്ദേഹത്തിന് വേണ്ട പ്രാമുഖ്യം നൽകിയില്ല എന്നൊക്കെ പ്രചാരണം നടത്തുമ്പോൾ ‘ഗാന്ധിജിയുടെ പത്തുവരികൾക്ക് ഒരു നൂറു പേജ് മെമ്മോറാണ്ടത്തെക്കാൾ ശക്തിയുണ്ട്’ എന്നും, ‘നെഹ്‌റു ഇന്ത്യയുടെ വില മതിക്കാനാവാത്ത സ്വത്ത്’ ആണെന്നും അദ്ദേഹം പറഞ്ഞത് ഓർത്താൽ മതി.

ഇത്രയും ത്യാഗപൂർണമായ, ആവേശോജ്ജ്വലമായ സമരങ്ങളുടെ നായകനായിരുന്നിട്ടും പട്ടേൽ സാധാരണജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിന്റെ പേരിൽ മാത്രമാണെന്നത് നിരാശാജനകമായ ഒരു വിരോധാഭാസമാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ കയറുപൊട്ടിച്ചു നടന്ന അഞ്ഞൂറിലേറെ വരുന്ന നാട്ടുരാജ്യങ്ങളെ രാജ്യതന്ത്രജ്ഞതയിലൂടെയും ഭീഷണികളിലൂടെയും ബലപ്രയോഗങ്ങളിലൂടെയും വളരെപ്പെട്ടെന്ന് ഒരൊറ്റ രാജ്യമാക്കിയത്  അവിശ്വസനീയം തന്നെ. പക്ഷേ, അതിന്റെപേരിൽ ഇത്രയും ഉന്നതനായ ഒരു ചരിത്രപുരുഷനെ സങ്കുചിതമായ രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി നവദേശീയതയുടെ ബിംബമാക്കിമാത്രം മാറ്റുന്നത് നെറികേടാണ്. അദ്ദേഹത്തിന്റെ സമരപാരമ്പര്യം എന്ന അമൂല്യമായ സ്വത്ത് തിരിച്ചുപിടിക്കേണ്ടത് കോൺഗ്രസിന്റെ കടമയാണ്.

പട്ടേലിന്റെ കാലശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലും ചരിത്രത്തിലും ഉയർന്നുവന്നയാളാണ് ഇന്ദിരാ ഗാന്ധി. നെഹ്രുവിന്റെ സഹായി ആയി തുടങ്ങി, പിന്നീട് കോൺഗ്രസ് പ്രസിഡന്റും മന്ത്രിയും ഒടുവിൽ ലോകത്തെ ഏറ്റവും വ്യക്തിപ്രഭാവമുള്ള ഭരണാധികാരികളിൽ ഒരാളുമായി മാറിയ, ഏറക്കുറെ മൂന്നു ദശകങ്ങൾ നിറഞ്ഞുനിന്ന ഇന്ത്യൻ പ്രധാനമന്ത്രി. പക്ഷേ, നിർഭാഗ്യവശാൽ പട്ടേലിനോടൊപ്പംതന്നെ ആവേശപൂർണമായ ദേശീയ പാരമ്പര്യമുള്ള അവരെ 21 മാസം മാത്രം നീണ്ടുനിന്ന അടിയന്തരാവസ്ഥയിൽ തളച്ചിടുകയാണ് ഇടതു, വലതു രാഷ്ട്രീയകക്ഷികൾ ചെയ്തുകൊണ്ടിരിക്കുന്നത്. 

ജനാധിപത്യ സോഷ്യലിസത്തിലൂന്നി നെഹ്‌റു തുടങ്ങി വെച്ച സ്വതന്ത്ര മതേതര ഇന്ത്യയുടെ നിർമാണം പരശ്ശതം പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു കൊണ്ടുപോയ രാഷ്ട്രശില്പിയായിരുന്നു ഇന്ദിര. തീവ്രമായ വ്യക്ത്യനുഭവങ്ങളിൽനിന്നും പാർട്ടിയിലെ  യാഥാസ്ഥിതിക  പുരുഷ മേധാവിത്വത്തിൽനിന്നും ശീതസമരത്താൽ കലുഷിതമായ ആഗോള രാഷ്ട്രീയയാഥാർഥ്യങ്ങളിൽനിന്നും പാഠമുൾക്കൊണ്ട് ഏറ്റവും സങ്കീർണമായ കാലത്ത് ഇന്ത്യയെ നയിച്ച നേതാവ്.  നെഹ്രുവിനുശേഷമുണ്ടായ പ്രധാന ദേശീയ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ശില്പിയായിരുന്നു ശാസ്ത്രത്തിലും സംസ്കാരത്തിലും ആധുനികതയിലും പൂർണമായും വിശ്വസിച്ച ഇന്ദിര. അറ്റോമിക് എനർജി, സ്പേസ്, ശാസ്ത്രം, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമാർജനം തുടങ്ങി എല്ലാ രംഗങ്ങളിലും പ്രസ്ഥാനവത്കരണത്തിലൂടെ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു ആധുനിക ഭരണാധികാരി.  

ഒരു പക്ഷേ, എഴുപതുകളിലെ ഇന്ദിരാ ഭരണമായിരുന്നു ഇന്ത്യയിലെ ഒരേ ഒരു ഇടതുപക്ഷ ഭരണം. കോൺഗ്രസിൽ നിന്നുതന്നെയുള്ള ശക്തമായ എതിർപ്പുകളെ അവഗണിച്ച് അവർ നടപ്പാക്കിയ ദേശീയവത്‌കരണ പ്രക്രിയകളാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുന്നോട്ടുപോകാനുള്ള ഊർജം പകർന്നത്, പ്രിവി പഴ്‌സ് നിർത്തലാക്കിയത് ജനാധിപത്യവത്‌കരണത്തിലെ ഒരു പ്രതീകാത്മകമായ നാഴികക്കല്ലായിരുന്നു. ബാങ്കുകളുടെ ദേശസാത്‌കരണത്തിലൂടെ രാജ്യത്തിന്റെ എല്ലാ കോണുകളിലും ചുരുങ്ങിയ കാലത്തിനുള്ളിൽ ബാങ്കിങ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ അവർക്കു സാധിച്ചു. ഏഷ്യയിലെ പ്രധാന രാജ്യങ്ങളെല്ലാംതന്നെ സാമ്പത്തിക ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും പാതയിലായിരുന്നപ്പോൾ, ഇന്ദിരാ ഗാന്ധി ഇടതുപക്ഷത്ത് നിലയുറപ്പിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള അവരുടെ ഭരണം രാഷ്ട്രത്തിന്റെ വികസന നവീകരണത്തിന്റെ തുടക്കമായിരുന്നു എന്നതാണ്. ജനതാ ഭരണം എന്ന കോൺഗ്രസ് വിരുദ്ധ കുമിളയിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും പൊതുഭരണവും താറുമാറായപ്പോൾ ആറാം പഞ്ചവത്സരപദ്ധതിയിലൂടെ അവർ തുടങ്ങിവെച്ചത് അതുവരെ കാണാത്ത സമൂലമായ വികസന പരിണാമങ്ങളാണ്.  1984-ൽ അവർ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ വികസനത്തിന്റെ കുതിപ്പ് നേരത്തേയാവുമായിരുന്നു.

  
രാഷ്ട്രീയ നിരീക്ഷകനും യു.എൻ.ഡി.പി. മുൻ ഏഷ്യാ പെസഫിക്‌ സീനിയർ ഉപദേശകനുമാണ്‌ ലേഖകൻ