ഒരുകാലത്ത് നായകന്മാരിലെ നായകനായിരുന്ന ശക്തിമാന്‍ തിരിച്ചു വരവിനൊരുങ്ങുന്നു.  തൊണ്ണൂറുകളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആവേശത്തിലാക്കിയ കഥാപാത്രമായിരുന്നു ശക്തിമാന്‍. ഇന്നും ശക്തിമാനെ കാത്തിരിക്കുന്ന നിരവധി പേരുണ്ട്.  

നടന്‍ മുകേഷ് ഖന്നയായിരുന്നു ശക്തിമാനായി വേഷമിട്ടത്. വീണ്ടും അദ്ദേഹം തന്നെ ശക്തിമാനായി തിരികെയെത്തുമെന്നും അതിന്റെ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഖന്ന അറിയിച്ചിട്ടുണ്ട്. ഒരു കാലത്ത് ശക്തിമാനെ വിളിച്ചുകൊണ്ട് കിണറ്റില്‍ എടുത്തു ചാടിയതായി വാര്‍ത്തയുണ്ടായിരുന്നു. അത്രയധികം സ്വാധീനം ചെലുത്തിയ ത്രില്ലര്‍ സീരിയലുകളിലൊന്നായിരുന്നു ശക്തിമാന്‍.

കഥാപാത്രത്തിനായി ശരീരം പാകപ്പെടുത്താനുള്ള തിരക്കിലാണ് താനെന്നും ഖന്ന വ്യക്തമാക്കി.  ഞാന്‍ അഭിനയിച്ച ശക്തിമാന്‍ വേഷം ജനങ്ങളുടെ മനസില്‍ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റൊരാള്‍ ഈ വേഷം ചെയ്യുന്നതില്‍ ഔചിത്യമില്ലെന്നും ഖന്ന പറഞ്ഞു. പ്രായം വെറും ഒരു നമ്പര്‍ മാത്രമാണ്. കഥാപാത്രത്തിനായി ഞാന്‍ ഒരുങ്ങുന്നുണ്ട്. അവിടെ കഥാപാത്രങ്ങള്‍ മാത്രമെ ഉള്ളൂ. കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് പ്രധാനമെന്നും മുകേഷ് ഖന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.

എന്തായാലും ശക്തിമാന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് നല്ലൊരു ശതമാനം സീരിയല്‍ ആരാധകര്‍.