ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ചുക്കാൻപിടിക്കാൻ കേരളത്തിൽനിന്നൊരു ശാസ്ത്രജ്ഞൻകൂടി എത്തുകയാണ്. രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ പദ്ധതികളിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ എസ്‌. സോമനാഥ്‌ ആണ്‌ പുതിയ തലവനാകുന്നത്. വി.എസ്.എസ്.സി. ഡയറക്ടർ സ്ഥാനത്തുനിന്നാണ് സോമനാഥ് ബഹിരാകാശ വകുപ്പ് സെക്രട്ടറിയായും ബഹിരാകാശ കമ്മിഷൻ ചെയർമാനുമായി നിയമിതനാകുന്നത്. വെള്ളിയാഴ്ച ചുമതലയേൽക്കുന്ന അദ്ദേഹം മാതൃഭൂമി പ്രതിനിധി എം. ബഷീറിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്...


ഇസ്രോ ചെയർമാനായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ ബഹിരാകാശ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നല്ലോ. വിശദീകരിക്കാമോ

വ്യാപ്തിയെന്ന് ഉദ്ദേശിക്കുന്നത്, കൂടുതൽ പേർക്ക് ഉപയോഗിക്കാനാകുന്ന തരത്തിലുള്ള ലഭ്യത വർധിപ്പിക്കുകയെന്നതാണ്. 15,000 കോടി രൂപയാണ് മൊത്തത്തിലുള്ള തുകയെന്ന് കാണാം. ഇത് സർക്കാർ നമുക്ക് അനുവദിക്കുന്ന തുകയാണ്. ഇതുവെച്ച് നാം റോക്കറ്റുകൾ നിർമിക്കും ഉപഗ്രഹങ്ങൾ നിർമിക്കും വിവിധ ആപ്ലിക്കേഷനുകൾ ഉണ്ടാക്കും. ഉപയോക്താക്കളെ മുന്നിൽക്കണ്ടാണ് ഇതൊക്കെ ചെയ്യുന്നത്.  ഉദാഹരണത്തിന്, ടെലികോം സേവനദാതാക്കൾ, ബി.­പി.ഒ.കൾ, ഡേറ്റ കമ്യൂണിക്കേഷൻ കമ്പനികൾ തുടങ്ങിയവർക്ക് ആവശ്യമായ തരത്തിലുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക, റിമോട്ട് സെൻസിങ്ങിന്റെ ഉപയോക്താക്കൾ ആരൊക്കെയെന്ന് കണ്ടെത്തി അവർക്ക് ആവശ്യമായ രീതിയിലുള്ള കാര്യങ്ങൾ ചെയ്യുക എന്നതൊക്കെ ഉൾപ്പെടും.

നമ്മുടെ ശാസ്ത്രദൗത്യങ്ങൾക്ക് പ്രത്യേകിച്ച് ഉപയോക്താക്കളില്ല. ഒരു ടെലികോം കമ്പനിക്ക് സ്വന്തമായി ഒരു ഉപഗ്രഹം നിർമിക്കണമെന്ന് വിചാരിക്കുക. അവർക്ക് ഒരുപാട് വിവരവിനിമയ ആവശ്യങ്ങളുണ്ട്. ഉപഗ്രഹങ്ങൾ നിർമിച്ച് വിക്ഷേപിച്ച് അവർക്ക് ഉപയോഗിക്കാനാകും. ഏതെങ്കിലും കമ്പനിക്ക് ഉപഗ്രഹങ്ങൾ നിർമിച്ച് വിക്ഷേപിച്ച് ലീസൗട്ട് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അതും ഇനി പുതിയ രീതിയിൽ ചെയ്യാനാകും. ഇതിനായി സംവിധാനങ്ങളുടെ ലഭ്യത കാര്യമായി കൂട്ടണം. എങ്കിൽമാത്രമേ ഉപയോക്തൃ മണ്ഡലത്തിന്റെ വലുപ്പം കൂടുകയുള്ളൂ.

കോവിഡ് വ്യാപനശേഷം കാര്യമായ വിക്ഷേപണ ദൗത്യങ്ങൾ ഉണ്ടായിട്ടില്ല...

കോവിഡ് ഒരു പ്രശ്നമാണ്. പുതിയ മാറ്റങ്ങളും പ്രശ്നമാണ്. അതെല്ലാം പരിഹരിക്കണം. അത് എങ്ങനെ വേണമെന്നത് ഇപ്പോൾ പറയാനാകില്ല.

ചന്ദ്രയാൻ ഉൾപ്പെടെ മുന്നിലുള്ള ദൗത്യങ്ങൾ എപ്പോഴായിരിക്കും

തീരുമാനിക്കാനുണ്ട്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതി മുന്നോട്ടുപോകുന്നുണ്ട്. എന്ന് ലോഞ്ച് ചെയ്യാനാകുമെന്നത് വിശകലനം നടത്തിമാത്രമേ പൊതുപ്രഖ്യാപനം നടത്താനാകൂ. ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അതൊരു കമ്മിറ്റ്‌മെന്റ് ആയിപ്പോകും. കഴിഞ്ഞ ചന്ദ്രയാൻ ദൗത്യത്തിനുണ്ടായ പോരായ്മകൾ കണ്ടുപിടിച്ച് പരിഹരിച്ചു. പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അടുത്തതിന് ആ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ പദ്ധതി ആദ്യ സംയോജനഘട്ടത്തിലാണ്. അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതികവിദ്യാപ്രദർശനം കഴിഞ്ഞല്ലോ. ഇപ്പോൾ ഏതു ഘട്ടത്തിലാണ്

ഇതുവരെ ചെയ്തത് ഡെമോ ഫ്ളൈറ്റാണ്. റോക്കറ്റ് ഉപയോഗിച്ച് കൊണ്ടുപോയി കടലിൽ ലാൻഡ് ചെയ്യിച്ചു. അടുത്ത നടപടി യഥാർഥ എയർ ഫീൽഡിൽ ലാൻഡ് ചെയ്യിക്കുക എന്നതാണ്. അതിനായുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. റോക്കറ്റ് തയ്യാറാണ്. ഒരു ഹെലികോപ്റ്ററിൽ നാല് കിലോമീറ്റർ ഉയരത്തിലെത്തിച്ച് അവിടെനിന്ന് താഴേക്ക് വിടുകയാണ്. അത് തനിയെ പറന്ന് നിശ്ചയിച്ച എയർ സ്ട്രിപ്പിലിറങ്ങും. സ്വയം നിയന്ത്രണത്തിലാകുമത്. അതിനുള്ള പല ട്രയലുകളും പരീക്ഷണങ്ങളും ബെംഗളൂരുവിലെ ചിത്രദുർഗയ്ക്ക് സമീപത്ത് നടക്കുന്നുണ്ട്.

കോവിഡ്കാരണം കാര്യങ്ങൾ അല്പം വൈകിയെന്ന് വേണമെങ്കിൽ പറയാം. പുനരുപയോഗ റോക്കറ്റ് ഭ്രമണപഥത്തിൽത്തന്നെ പോകുന്നതാണ് അടുത്ത ഘട്ടം. അവിടെയത് പലവട്ടം ഭൂമിയെ വലംവെക്കും. ആവശ്യത്തിന് പരീക്ഷണങ്ങൾ നടത്തും. ഉപഗ്രഹങ്ങളെ വിക്ഷേപിക്കും. എന്നിട്ട് തിരികെ ഭൂമിയിലിറങ്ങണം. അതിനായി പല സ്ഥലങ്ങളും സർവേ നടത്തുകയാണ്. സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. മറ്റുനടപടികൾ പുരോഗമിക്കുന്നു.

റോക്കറ്റ് അവശിഷ്ടം പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതിനെപ്പറ്റി

റോക്കറ്റ് വിക്ഷേപിച്ചശേഷവും അതിന്റെ ഓർബിറ്റൽ പ്ലാറ്റ്‌ഫോം കറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. അത് നമ്മൾ പല പരീക്ഷണങ്ങൾക്കും ഉപയോഗിച്ചു. റോക്കറ്റ് വിക്ഷേപണത്തിനു ശേഷവും രണ്ടുവർഷം അവ പ്രവർത്തിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ദൗത്യത്തിൽ ആ പ്ലാറ്റ്‌ഫോമിൽ ചില പരീക്ഷണങ്ങൾ നടത്തി. ഇപ്പോഴും അത് പ്രവർത്തിക്കുന്നു. സോളാർ പ്ലാന്റുവെച്ച് ഊർജം ഉത്പാദിപ്പിച്ച് മെഷർമെന്റ് നടത്തുന്നുണ്ട്. അത് ഇപ്പോഴും ഡേറ്റ തരുന്നുണ്ട്. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കഴിയാത്തവർക്ക് പരീക്ഷണ സാമഗ്രികൾ ഇതിനകത്ത് വെക്കണമെങ്കിൽ ഇസ്രോയെ സമീപിച്ചാൽ അത് ചെയ്തുനൽകും. വിദ്യാർഥികളുടെ ഗവേഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആവശ്യക്കാർ എത്തുന്നുണ്ട്.

കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളെ ഇസ്രോയുമായി ബന്ധിപ്പിക്കുമോ

ഇപ്പോൾത്തന്നെ അത് നടക്കുന്നുണ്ട്. ഇൻകുബേഷൻ സെന്ററുകൾ പല സ്ഥാപനങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഇസ്രോ ഇൻക്യുബേഷൻ സെന്ററുകൾ, ഇസ്രോ ലെയ്‌സൺ സെല്ലുകൾ അങ്ങനെ. കൂടുതലുള്ളത് ഐ.ഐ.ടി.കളിലും എൻ.ഐ.ടി.കളിലുമാണ്. രാജ്യത്താകമാനം ഇരുപത്തിയഞ്ചോളം എണ്ണം നിലവിലുണ്ട്. അവിടെ സ്പോൺസേഡ് റിസർച്ചുണ്ടെങ്കിൽ, ഫാക്കൽറ്റികൾ റിസർച്ച് ചെയ്യുന്നുണ്ടെങ്കിൽ അവരും ഇസ്രോ ശാസ്ത്രജ്ഞരും ഒരുമിച്ച് പ്രോജക്ടുകൾ ചെയ്യുന്ന രീതിയാണുള്ളത്.

കേരളത്തിലെ സ്ഥാപനങ്ങളുമായും ഇത്തരത്തിൽ ബന്ധമുണ്ട്. എന്നാൽ, ബഹിരാകാശ വിഷയത്തിൽ പ്രത്യേകമായി ചെയ്യുന്നുണ്ടോയെന്നു ചോദിച്ചാൽ ധാരാളം ഉണ്ടെന്നു പറയാനാകില്ല. വിവിധ എൻജിനിയറിങ്‌ കോളേജുകളുമായി ചെറിയ അളവിലുള്ള കൊളാബറേറ്റീവ് വർക്കുണ്ട്. അത് ഒരുപാട് വർധിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു ഗവേഷണ പരിതഃസ്ഥിതി ഇവിടെയില്ല എന്നതാണ് സത്യം.

ഇന്ത്യയിലെ പല സർവകലാശാലകളിലും ഐ.ഐ.ടി.കളിലും എൻ.ഐ.ടി.കളിലുമുള്ള ആ സിസ്റ്റം ഇവിടെ ഇപ്പോൾ വികസിച്ച് വന്നിട്ടേയുള്ളൂ. അത് പ്രധാനമാണ്. അത് ചെയ്തില്ലെങ്കിൽ കാര്യമായ റിസർച്ച് നടക്കില്ല. ആ മേഖലയിൽ ഇൻഡസ്ട്രി ഇൻക്യുബേഷൻ നടക്കില്ല. അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സാങ്കേതിക സർവകലാശാലയിൽ ഉൾപ്പെടെ അത്തരം കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ട്. പറ്റുന്ന രീതിയിലുള്ള പ്രോജക്ടുകളാണ് പ്രൊപ്പോസ് ചെയ്യുന്നതെങ്കിൽ അനുകൂലമായ പ്രതികരണം തന്നെയാകും ഐ.എസ്.ആർ.ഒ.യുടെ ഭാഗത്തുനിന്ന് ഉണ്ടാവുക.

ബഹിരാകാശ പദ്ധതികളുടെ വ്യാപ്തികൂട്ടാൻ ഇൻ സ്പേസിന്റെയും ന്യൂ സ്പേസിന്റെയും പ്രവർത്തനം എങ്ങനെ സഹായിക്കും

തീർച്ചയായും ഈ പ്രവർത്തനങ്ങൾ വ്യാപ്തി വർധിപ്പിക്കും. സ്കെയിൽ ഓഫ് ഇക്കോണമി കൂട്ടിയാലേ പദ്ധതികളുടെ വ്യാപ്തി വർധിക്കൂ. റോക്കറ്റുകളുടെ വിക്ഷേപണ എണ്ണം കൂടാതെ വ്യാപ്തി കൂടില്ല. ഒരു കൊല്ലം അഞ്ച് റോക്കറ്റ് വിക്ഷേപിച്ചാൽ അതിന് അതിന്റെ വ്യാപ്തി. അത് അമ്പതായാൽ അതിന്റേതായ വ്യാപ്തിയുണ്ടാകും. കൃത്രിമോപഗ്രഹങ്ങളുടെ എണ്ണം കൂടണം. ആപ്ലിക്കേഷനുകളുടെ എണ്ണം കൂടണം. അത് കൂടുതൽപേർ ഉപയോഗിക്കണം. ഇന്ന് ഒട്ടേറെപ്പേർ ഉപയോഗിക്കുന്നുണ്ടെങ്കിലും യഥാർഥ ഉപയോഗമെന്നത് അതിന്റെ സാധ്യതകളുടെ  അടുത്തെങ്ങും എത്തിയിട്ടില്ല.

റിമോട്ട് സെൻസിങ്‌ ഡേറ്റകൾ നാം വിദേശരാജ്യങ്ങളിൽനിന്ന് വാങ്ങിയൊക്കെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അതൊക്കെ ഇന്ത്യയിൽനിന്നുതന്നെ കൊടുക്കാൻ പറ്റണം. പുറത്തുനിന്ന് വാങ്ങുന്നത് പൂർണമായും അവസാനിപ്പിക്കാനായെന്നുവരില്ല. നമുക്ക് ഉപഗ്രഹങ്ങളുടെ എണ്ണം അത്ര ഇല്ലാത്തതാണ് കാരണം. അത് വർധിക്കണം. ഉപയോക്താക്കളുടെ മേഖല വർധിച്ചാലേ വ്യാപ്തി വർധിക്കുകയുള്ളൂ. എന്ത് ഉത്പന്നമായാലും അത് അങ്ങനെത്തന്നെയാണ്.

മിഷൻ എന്ന തരത്തിൽ എന്തിനാകും മുൻഗണന

അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല. ഇപ്പോൾ തുടരുന്ന ദൗത്യങ്ങളുണ്ട്. അത് നടത്തണമെന്നതാണ് പ്രധാനം. എല്ലാത്തിനുമുപരി അവയൊക്കെ നയപരമായ തീരുമാനങ്ങളാണ്. ചുമതലയേറ്റ ശേഷമേ അക്കാര്യങ്ങളെക്കുറിച്ചൊക്കെ പറയാനാകൂ.

പുതിയ ആകാശം, പുതിയ സാധ്യതകൾ

ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസിന്റെയും ബഹിരാകാശ വകുപ്പിന്റെ നോഡൽ ഏജൻസിയായ ഇൻ സ്പേസിന്റെയും പ്രാധാന്യം

ഇൻ സ്പേസ് വളരെ പ്രധാനപ്പെട്ടതാണ്. സ്വകാര്യ കമ്പനികളിൽ റോക്കറ്റ് നിർമിക്കാനോ ഉപഗ്രഹം നിർമിക്കാനോ ആപ്ലിക്കേഷൻ നിർമിക്കാനോ പണ്ടുണ്ടായിരുന്ന ചില നിയമപരമായ തടസ്സങ്ങളുണ്ട്. അത് ഇല്ലാതാക്കി, അവർക്ക് അനുമതി നൽകി, അവരെക്കൊണ്ട് അത് ചെയ്യിക്കാനായി പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. നിർമാണം നടത്തേണ്ടത് അവരാണ് എന്നതാണ് ഇപ്പോഴത്തെ ഒരു ധാരണ.

ന്യൂ സ്പേസ് എന്നത് പണ്ടുമുതലേ ഉള്ള ഒരു കൺസെപ്റ്റാണ്. അതിന് പുതിയ ഉത്തരവാദിത്വങ്ങൾ നൽകിയിരിക്കുകയാണ്. ഏതെങ്കിലും ഒരു ഉപഗ്രഹം വികസിപ്പിച്ച് അതൊരു ഓപ്പറേഷണൽ സിസ്റ്റമായി മാറിയിട്ടുണ്ടെങ്കിൽ അതിനെ വാണിജ്യവത്കരിക്കേണ്ട ജോലിയാണ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനുള്ളത്. അതിന്റെ സാങ്കേതികവിദ്യ ഐ.എസ്.ആർ.ഒ.യുടേതുതന്നെയായിരിക്കും. ഐ.എസ്.ആർ.ഒ. തന്നെ അതിന്റെ പിറകിലുണ്ടാകും. പക്ഷേ, രൂപകല്പനാ പ്രക്രിയകൾ, മൂല്യവർധിത പ്രവർത്തനങ്ങൾ, അതിനെ എങ്ങനെ മാർക്കറ്റ് ചെയ്യണം, എങ്ങനെ ഉത്പാദിപ്പിക്കണം എന്നതൊക്കെ അവർ ചെയ്യണം.  ഇപ്പോൾ ചെയ്യുന്നത് ഓരോ കമ്പനിയെയും വിളിച്ച് കരാർ നൽകിയാണ്. ഇതിന് പകരം മോഡലുകളുണ്ടാക്കാം. നമുക്ക് സംയുക്തസംരംഭങ്ങളുണ്ടാക്കാം. അല്ലെങ്കിൽ ഒന്നിലധികം കമ്പനികൾ ഒരു കുടക്കീഴിലുണ്ടാക്കാം, അങ്ങനെ കോസ്റ്റ് ഇഫക്ടീവ് ആയ ഒരു മോഡലിൽ ഇത് ഉണ്ടാക്കി മാർക്കറ്റ് ചെയ്യുക അതാണ് അവരുടെ ജോലി. ഇതിന്റെ സാങ്കേതിക വിദ്യ ഐ.എസ്.ആർ.ഒ. തന്നെയാകും കൈകാര്യംചെയ്യുക. അതവർക്ക്‌ നൽകില്ല.

Content Highlights: S.Somanath appointed as new chairman of ISRO