ആർ.കെ. ലക്ഷ്മണിന്റെ പ്രശസ്തിയാണ്  കാർട്ടൂണുകൾക്കുമുമ്പേ കേരളത്തിലെത്തിയത്. മുംബൈയിൽനിന്ന്‌ അവധിക്കുവരുന്നവരുടെ നഗരപ്പെരുമകളിൽ ഒന്നായിരുന്നു ഈ കാർട്ടൂണിസ്റ്റ്.

ജെ.ആർ.ഡി. ടാറ്റാ, ലതാ മങ്കേഷ്‌കർ എന്നിവരോടൊപ്പം  കുടിയേറ്റക്കാരനായ ഈ  പരിഹാസിയെയും താരമാക്കാൻ ഒരു മഹാനഗരത്തിനേ പറ്റൂ. ഗുരുദത്ത് കാർട്ടൂണിസ്റ്റായി അഭിനയിച്ച ‘മിസ്റ്റർ ആൻഡ്‌ മിസിസ് ഫിഫ്റ്റിഫൈവ്’ എന്ന സിനിമയ്ക്കുവേണ്ടി വരച്ചതും  ലക്ഷ്മണാണ്. ‘ആൾക്കൂട്ടം’ എന്ന തന്റെ മുംബൈ നോവലിൽ ആനന്ദ് ഒരു ലക്ഷ്മൺ കാർട്ടൂൺ  എടുത്തുപറയുന്നുണ്ട്.

അന്നൊന്നും ടൈംസ് ഓഫ് ഇന്ത്യ കേരളത്തിൽ  പ്രചാരത്തിലില്ല. അതേ ഉടമസ്ഥതയിലുള്ള ഫിലിം ഫെയറിലും സയൻസ് ടുഡേയിലും ഇല്ലസ്‌ട്രേറ്റഡ് വീക്‌ലി ഓഫ് ഇന്ത്യയിലുമാണ്  ഇവിടെയുള്ളവർ ലക്ഷ്മണിനെ  കണ്ടുതുടങ്ങിയത്.  ടി.എസ്. എലിയട്ടിനെയും  ബെട്രൻഡ്‌ റസലിനെയും നേരിട്ടുകണ്ട്‌ വരച്ചെഴുതിയ ലേഖനങ്ങൾ  വരക്കാരന്റെ  വലുപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടറിനുവേണ്ടി വർഷാവർഷംചെയ്ത ബാങ്കിങ്ങിനെക്കുറിച്ചുള്ള  കാർട്ടൂണുകൾ അദ്ദേഹത്തിന്റെ ബഹുമുഖതയും വ്യക്തമാക്കി.

ഇതിനിടെ, കേരളത്തിൽ  കിട്ടുന്ന ഇംഗ്ലീഷ് പത്രങ്ങളിലെ കാർട്ടൂൺരചന  ഒരു പുതിയ  തലമുറ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ  കാർട്ടൂണിസ്റ്റിനെ മറികടന്നാണ് മലയാളിയുടെ കാർട്ടൂൺ സംവേദനം രൂപപ്പെട്ടതെന്ന് ചുരുക്കം. എഴുപതുകൾ ഇവിടെ അണിനിരത്തിയത് ലക്ഷ്മണെക്കാൾ നവീനശൈലികളുള്ള, രാഷ്ട്രീയപ്രസരമുള്ള മൂവരെയാണ്.

 ലണ്ടനിൽനിന്ന്  തിരിച്ചെത്തിയ അബു എബ്രഹാം ഇന്ത്യൻ എക്സ്‌പ്രസിൽ. ഖസാക്കിന്റെ വെട്ടത്തിൽ വിളങ്ങുന്ന  വിജയൻ  ദ ഹിന്ദുവിലും മാതൃഭൂമി പത്രത്തിലും. ‘മനസ്സാക്ഷിയുടെ പ്രതിസന്ധി’ (Crisis of Conscience) എന്ന പേരിൽ വരച്ചെഴുതിയ തീപ്പൊരിപ്പുസ്തകവുമായി രജീന്ദർപുരി എന്ന മൂന്നാമനും കയറിവന്നപ്പോൾ ചക്രവാളം പൂർത്തിയായി. ഇതിനപ്പുറം എന്തു കാർട്ടൂൺ?

ഉണ്ടെന്നുള്ള യാഥാർഥ്യം തിരിച്ചറിയാൻ വിമാനത്താവളമില്ലാത്ത മലബാറിൽനിന്ന് അങ്ങനെയൊന്നുള്ള  ചെന്നൈയിലേക്ക് താമസംമാറേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. 1977-ൽ ‘ദ ഹിന്ദു’വിൽ ജോലി തുടങ്ങുമ്പോൾ മുംെെബയിലും ഡൽഹിയിലുംനിന്നുള്ള പത്രങ്ങൾ ഉച്ചയോടെ കാണാനായി. ലക്ഷ്മണും അതൊരു പുതിയ തുടക്കമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ സെൻസർഷിപ്പും വാർത്താവിതരണമന്ത്രി വി.സി. ശുക്ലയുടെ നേരിട്ടുള്ള ഭീഷണിയും സഹിക്കാതെ ഇന്ത്യവിട്ട കാർട്ടൂണിസ്റ്റ് പെട്ടെന്നൊന്നും തിരിച്ചുവരാൻ ഉദ്ദേശിച്ചി രുന്നില്ല.

അപ്രതീക്ഷിതമായി വീണുകിട്ടിയ തിരഞ്ഞെടുപ്പിൽ സർക്കാരിനെ തൂത്തെറിഞ്ഞ വോട്ടറെ, തന്റെ പ്രിയപ്പെട്ട സാധാരണക്കാരനെ (Commonman) മുറുകെപ്പിടിച്ചുകൊണ്ടാണ്  ഈ അമ്പത്താറുകാരൻ തന്റെ പുനർജന്മം ആരംഭിച്ചത്‌.   

ഈ നവോന്മേഷകാലത്തും ലക്ഷ്മൺ തന്റെ അനുപാതങ്ങളിൽ അടങ്ങിനിന്നു. രാഷ്ട്രീയതലസ്ഥാനത്തോട്‌ എന്നും അകലംപാലിച്ചു. മുംബൈക്കാരന്റെ കണ്ണുകളിലൂടെമാത്രം വാർത്തകളെ കണ്ടു. ഇതൊരു പരിമിതിയായി തുടർന്നില്ല. മിക്ക പ്രതിഭകളുടെ കാര്യത്തിലും സംഭവിക്കുന്നപോലെ കാലം ഈ ഒറ്റയാന് അനുകൂലമായി നീങ്ങി.

1980-കളിൽ ഡൽഹിയുടെയും കോൺഗ്രസിന്റെയും കേന്ദ്രാധിപത്യം ക്ഷയിച്ചുതുടങ്ങി. ദേശീയതലസ്ഥാനത്തെ  സ്ഥിരവാസംകൊണ്ട് കാർട്ടൂണിസ്റ്റിന്‌ വിശേഷിച്ചൊരു പ്രയോജനവും ഇല്ലാതായി.  തൊണ്ണൂറുകളാവുമ്പോഴേക്കും പ്രാദേശികകക്ഷികളടക്കം നാട്ടിലെ ഏതാണ്ടെല്ലാ കൊടിക്കാർക്കും പല കാലത്തായി  കേന്ദ്രത്തിൽ ഭരണപങ്കാളിത്തം കിട്ടി. ജയലളിതയും ദേവഗൗഡയും  ശരദ് പവാറും ജ്യോതിബസുവും അടങ്ങുന്ന  ഈ വിശാലനേതൃനിരയെ  ലക്ഷ്മൺ ഉല്ലാസത്തോടെ  വരച്ചു. നെഹ്രൂവിയൻ ദശകങ്ങളിൽ ഭരണകക്ഷിയിലും  പ്രതിപക്ഷത്തും തിളങ്ങിനിന്ന എണ്ണപ്പെട്ട വ്യക്തിവൈവിധ്യങ്ങളെ   പതിവായി വരച്ചെടുത്തതിന്റെ ശീലം. ഇത്തരം ഗ്രൂപ്പ് ഫോട്ടോ രാഷ്ട്രീയം കൈകാര്യംചെയ്യാൻ ശങ്കർ കഴിഞ്ഞാൽ ഏറ്റവും മിടുക്കൻമാർ ഇദ്ദേഹവും പി.കെ.എസ്. കുട്ടിയുമായിരുന്നു.

കുട്ടിയുടെ ജന്മശതാബ്ദിവർഷവുംകൂടിയാണിതെന്ന്‌ ഓർക്കുക. പലമടങ്ങ് ആദരം ലക്ഷ്മണിനുചുറ്റുമുള്ളതിന്‌ കാരണങ്ങൾ പലതാണ്. ഒന്നേതായാലും അദ്ദേഹത്തിന്റെ സാധാരണക്കാരൻ എന്ന സൃഷ്ടിതന്നെ. ഒരിക്കലും ഫാഷനബിളാവാൻ ശ്രമിക്കാത്ത ഈ പഴഞ്ചൻ രൂപം പൂർവാധികം  ശക്തിയോടെ വെബ് ലോകത്ത് തിരിച്ചുവരുന്നുണ്ട്. ഇതറിയാതെ മരണാനന്തരസ്തുതിപാടുന്ന അധികാരികൾ സ്വരംമാറ്റാൻ അധികം കാത്തിരിക്കേണ്ടി വരില്ല.   

(ഇറങ്ങാൻ പോവുന്ന,  ആർ.കെ.യെക്കുറിച്ചുള്ള Back with a Punch  എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് ലേഖകൻ)