india flag
Photo: PTI

ഇന്ത്യൻ റിപ്പബ്ലിക്കും ഭരണഘടനയും നിലവിൽവന്നിട്ട് ജനുവരി 26-ന് 71 വർഷം തികയുകയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഏഴുപതിറ്റാണ്ട് തീർച്ചയായും മതിയായ കാലയളവാണ്. ഇക്കാര്യത്തിൽ നമ്മുടെ അനുഭവം ഏതാണ്ട് സമ്മിശ്രമാണ്.

ഒരർഥത്തിൽ, പൗരന്മാരുമായി സുദീർഘമായൊരു സംഭാഷണത്തിനാണ് ഭരണഘടന മുതിരുന്നത്. അത് മഹത്തായ പല ആശയങ്ങളും മുന്നോട്ടുവെക്കുന്നു: ജനാധിപത്യം, മതനിരപേക്ഷത, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി, ശാസ്ത്രബോധം തുടങ്ങിയ പലതും. ഇതൊക്കെയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാനശിലകൾ എന്ന് വിവക്ഷ. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യനാളുകളിൽ ഇത്തരം ആശയങ്ങൾക്ക്  പ്രത്യേകിച്ച്, മതനിരപേക്ഷതയ്ക്കും ശാസ്ത്രബോധത്തിനും രാഷ്ട്രീയനേതൃത്വം വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ജ്യോതിഷവിധിപ്രകാരം ജനുവരി 26 (1950) ശുഭകരമല്ലാത്തതിനാൽ റിപ്പബ്ലിക്ക്ദിന പ്രഖ്യാപനം മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്ന രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ അഭ്യർഥന തള്ളിക്കളഞ്ഞ അന്നത്തെ ഭരണനേതൃത്വത്തിന്റെ തീരുമാനംതന്നെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. പൊതുസ്ഥാപനങ്ങളുടെ ശിലാന്യാസംപോലും ഹൈന്ദവാചാരമനുസരിച്ച് നടത്തുന്ന ഇന്നായിരുന്നെങ്കിൽ തർക്കം എങ്ങനെ പര്യവസാനിക്കുമെന്ന് ആലോചിച്ചുനോക്കുന്നത് രസകരമായിരിക്കും.

വലിയ മാറ്റങ്ങളുടെ നടുവിലാണ് ഇന്ന് നാം നിൽക്കുന്നത്. രാജ്യതലസ്ഥാനം കൊളോണിയൽ വാസ്തുവിദ്യയോട് വിടചൊല്ലാൻ ഒരുങ്ങുന്നു. പഴയ തൊഴിൽ-കാർഷിക നിയമങ്ങൾ പൊളിച്ചെഴുതിക്കഴിഞ്ഞു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു റേഷൻ കാർഡ്, പ്രവാസികൾക്ക് വോട്ടവകാശം ഇങ്ങനെ പലതും.

ചരിത്രം കുറിക്കലും തിരുത്തലും

രാഷ്ടീയമായി, സ്വാതന്ത്ര്യസമരത്തിലും ഭരണഘടന തയ്യാറാക്കുന്നതിലും നിർണായകപങ്കുവഹിച്ച കോൺഗ്രസ് ചരിത്രമായിക്കൊണ്ടിരിക്കുന്നു. അതിന്റെ സ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടി ചരിത്രം തീർക്കുകയും ചരിത്രത്തെ തിരുത്തുകയും ചെയ്യുന്നു.  കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ഒന്നിൽക്കൂടുതൽ തവണ അധികാരത്തിൽ പ്രവേശിച്ചുകൊണ്ടാണ് ബി.ജെ.പി. ചരിത്രം തീർക്കുന്നതെങ്കിൽ, ചരിത്രം തിരുത്തുന്നത് പാഠപുസ്തങ്ങൾ തിരുത്തിക്കൊണ്ടാണ്. ഇതിൽ ആദ്യത്തേതിൽ പരിഭവിച്ചിട്ട് കാര്യമില്ല. ഒരു ജനാധിപത്യപ്രക്രിയയിലൂടെയാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്.

ഓരോ സമൂഹവും അതിന്റെ ചരിത്രത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും അതിൽനിന്ന് പാഠമുൾക്കൊള്ളുകയുമാണ് വേണ്ടത്. ചരിത്രത്തെ കൂടെക്കൂട്ടുമ്പോൾത്തന്നെ അതിനെ അതിജീവിച്ച് മുന്നോട്ടുപോകാൻ സമൂഹത്തിന് കഴിയണം. ചരിത്രത്തിലെ ‘തെറ്റുകൾക്ക്’ പ്രതിവിധി തേടാനാണ് വർത്തമാനകാലജീവിതത്തെ നാം ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങളിലെ ചരിത്രവസ്തുതകൾ പുനഃപരിശോധിക്കാൻ വിദ്യാഭ്യാസകാര്യ പാർലമെന്ററി സമിതിയെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ജനകീയപ്രക്ഷോഭങ്ങൾ

കഴിഞ്ഞവർഷത്തെപ്പോലെ ഇക്കുറിയും റിപ്പബ്ലിക്‌ദിനം ആഘോഷിക്കുന്നത് ഒരു വലിയ ജനകീയപ്രക്ഷോഭത്തിന്റെ നടുവിലാണ്. അന്ന് പൗരത്വനിയമ ഭേദഗതിയായിരുന്നു പ്രക്ഷോഭത്തിന് കാരണമായതെങ്കിൽ, ഇപ്പോൾ കാർഷികനിയമമാണ് പ്രശ്നത്തിന് വഴിെവച്ചിരിക്കുന്നത്. പ്രശസ്തചരിത്രകാരൻ ജെയിംസ് മില്ലറുടെ വാക്കുകൾ കടമെടുത്താൽ, ജനാധിപത്യം തെരുവിൽ നിൽക്കുന്നു. രണ്ടുസമരങ്ങളുടെയും ചുവരെഴുത്ത് ഒന്നുതന്നെ: ജനങ്ങളുടെ ജീവിതവും രാജ്യത്തെ നിയമങ്ങളും തമ്മിലുള്ള പൊരുത്തക്കേട്. തൊഴിൽനിയമങ്ങളുടെ കാര്യത്തിലും ഇതേ പൊരുത്തക്കേട് നാം കണ്ടതാണ്.

യോജിപ്പും വിയോജിപ്പും

രാഷ്ട്രീയം വിയോജിപ്പിന്റെ കലയാണെന്ന വസ്തുത ഭരണകക്ഷി മറന്നുപോയിരിക്കുന്നു. നമുക്ക് ഇപ്പോഴുള്ളത് രാഷ്ട്രീയത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണ്. എല്ലാം ഒന്നിലേക്ക് ചുരുങ്ങുമ്പോൾ സംഭവിക്കുന്നതാണിത്.  ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയത്തെയും മൂല്യങ്ങളെയും എങ്ങനെ സമരസപ്പെടുത്താം എന്നതാണ്. എന്നാൽ, പ്രതിയോഗിയെ പരാജയപ്പെടുത്തി ഏതുവിധേനയും അധികാരത്തിലെത്തുക എന്ന ഏക അജൻഡയുമായാണ് ഓരോ രാഷ്ട്രീയപ്പാർട്ടിയും പ്രവർത്തിക്കുന്നത്. ഭരണഘടനാനിർമാണസമിതിയിൽ കരട് ഭരണഘടന അവതരിപ്പിച്ചുകൊണ്ട് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത് ഓർമവരുന്നു: ‘രാഷ്ടീയ ധാർമികത ഒരിക്കലും സ്വയംഭൂ ആവുന്നില്ല, അത് സ്വയം ആർജിക്കേണ്ട ഒന്നാണ്. നമ്മുടെ ജനങ്ങൾ ഇനിയുമത് സ്വായത്തമാക്കിയിട്ടില്ല. അടിസ്ഥാനപരമായി, ജനാധിപത്യത്തിന് വളക്കൂറില്ലാത്ത ഇന്ത്യൻ മണ്ണിൽ അത് മുകൾപ്പരപ്പിൽ ഒതുങ്ങിനിൽക്കുന്നു’.