kalamandalam neelakantan nambeesan
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ

വേഷത്തിന്റെ അലൗകികഭംഗിയെ അഭൗമമായ സ്വരമാധുരികൊണ്ട്‌ പോഷിപ്പിച്ച്‌ കഥകളിയുടെ ഒരു കാലഘട്ടം തന്റെ ചേങ്ങിലയിൽ നിയന്ത്രിച്ച അതുല്യഗായകൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ. കഥകളി സംഗീതത്തിന്റെ പരിവർത്തനദശ കലാമണ്ഡലം കളരിയിൽ നമ്പീശന്റെ ആശായ്മയിലും അരങ്ങുപാട്ടിലുമാണ്‌ ആരംഭിക്കുന്നത്‌. പുലാപ്പറ്റ കുട്ടൻ ഭാഗവതരിൽനിന്നും കാവശ്ശേരി സാമിക്കുട്ടി ഭാഗവതരിൽനിന്നും സോപാനതത്ത്വമാർന്ന കഥകളിപ്പാട്ടിന്റെ അടിസ്ഥാനമാണ്‌ അദ്ദേഹം അഭ്യസിച്ചത്‌.

കാഴ്ചയ്ക്കപ്പുറം ഒരാൾ കളിയരങ്ങിൽ കേൾവിയുടെ കേന്ദ്രപുരുഷനാവുന്നത്‌ നമ്പീശന്റെ കാലംമുതലാണ്‌. 1946-മുതൽ കേരള കലാമണ്ഡലത്തിൽ അധ്യാപകനായി. കളരിയിലും അരങ്ങിലും തുല്യനിലയിൽ തിളങ്ങിയ നമ്പീശന്റെ കളരിയോടാണ്‌ ആധുനിക കഥകളിസംഗീതം കടപ്പെട്ടിരിക്കുന്നത്‌. നമ്പീശന്‌ കൂട്ടായി എം. ശിവരാമൻനായരും ഉണ്ടായിരുന്നു.

ചിട്ടയുടെ സൗന്ദര്യം

മാറുന്ന ഭാവുകത്വത്തിനനുസരിച്ച്‌ ആത്മസംഗീതത്തെ പുതുക്കി എഴുതിയില്ലെങ്കിലും ചിട്ടയുടെ വ്യാകരണത്തിൽ അധിഷ്ഠിതമായ സംഗീതനില കാത്തുപോന്നതിനാൽ നമ്പീശന്റെ പാട്ട്‌ നിത്യനൂതനത്വം കേൾപ്പിച്ചു. ചിട്ടയാണ്‌ സൗന്ദര്യം എന്ന വിശ്വാസത്തിന്റെ കാതൽകൂടിയായിരുന്നു നമ്പീശന്റെ ആലാപനം.

പകലിലെ ചൊല്ലിയാട്ടച്ചിട്ടയെ രാത്രി അരങ്ങിൽ അലങ്കാരഭദ്രമാക്കി എന്നതാണ്‌ നമ്പീശനിലെ അധ്യാപക ഗായകദ്വന്ദ്വം. ശ്രവണ സുഖദമായ ശാരീരം, പദങ്ങൾ ചൊല്ലുമ്പോൾ അക്ഷരസ്ഫുടത, ഉറച്ച താളബോധം’ എന്നീ ഗുണങ്ങൾ നമ്പീശന്റെ പാട്ടിന്റെ മഹത്ത്വമായി കെ.പി.എസ്‌. മേനോൻ കഥകളിരംഗത്തിൽ നിരീക്ഷിക്കുന്നുണ്ട്‌.

കഥകളീയതയാണ്‌ ആത്മഗാനത്തിന്റെ ആധാരശിലയാക്കേണ്ടതെന്ന്‌ നമ്പീശൻ സിദ്ധാന്തിച്ചു. മലയാളീയമായ ഗായകപരിപ്രേക്ഷ്യത്തിലാണ്‌ അദ്ദേഹം പാടിയത്‌. ചിട്ടപ്പെട്ട കോട്ടയം കഥകളിലെ സാങ്കേതികത, നളചരിതം, രുക്‌മാംഗദ ചരിതം കഥകളിലെ നാടകീയതയും വൈകാരികതയും, കുചേലവൃത്തം, സന്താനഗോപാലം കഥകളിലെ ഭക്തി തുടങ്ങി ഏതു  ഭാവത്തെയും സമ്യക്കും സമഗ്രവുമാക്കാൻ പര്യാപ്തമായ സംഗീതദർശനം നമ്പീശനുണ്ടായിരുന്നു. ഗാഢസംഗീതത്തിന്റെ വൈവിധ്യം എം.ഡി. രാമനാഥനിൽ അതിശയകരമായി വർത്തിക്കുന്ന ചില സന്ദർഭങ്ങളെ കളിയരങ്ങിൽ നീലകണ്ഠൻ നമ്പീശനും ഓർമപ്പെടുത്തി.

കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളുടെ അവസ്ഥാന്തരങ്ങൾ രാഗസ്വരൂപത്തിൽ സന്നിവേശിപ്പിച്ച്‌ അസുലഭ അനുഭവമാക്കുന്ന പിൽക്കാല സംഗീതതലമുറ ഈ കലാതന്ത്രത്തിന്‌ നമ്പീശനാണ്‌ ദക്ഷിണവെക്കേണ്ടത്‌. ഈ അർഥത്തിൽ കഥകളിസംഗീതത്തെ സാഹിത്യാധിഷ്ഠിതമായി സമീപിച്ച്‌ ശാസ്ത്രീയഗാനമാർഗത്തിലൂടെ നയിച്ച്‌ വേഷനിബന്ധിയായി ക്രമീകരിച്ചതിന്റെ പിതൃത്വം നീലകണ്ഠൻ നമ്പീശന്‌ അവകാശപ്പെട്ടതാണ്‌. പട്ടിക്കാംതൊടി രാവുണ്ണി മേനോനിൽ തുടങ്ങി. മൗലിക വേഷക്കാർക്കെല്ലാം അവരുടെ കളിക്ക്‌ കഥപാടി നടനത്തെ അന്യൂനമാക്കിയതിന്റെ അനന്യത നമ്പീശനുമാത്രം സ്വന്തമാവുന്നു.

കഥകളി സംഗീതത്തിന്റെ സൗഭാഗ്യസ്വരമായിരുന്ന നീലകണ്ഠൻ നമ്പീശന്റെ കളരിയിൽനിന്ന്‌ അഭ്യസിച്ചിറങ്ങിയവർ നവകാലം ആവശ്യപ്പെടുന്ന ഭാവുകത്വം തിരിച്ചറിഞ്ഞ്‌ പാടി. അവർ ഗുരുനാഥനെ വന്ദിച്ച്‌ മറികടക്കുമ്പോഴും അവർക്ക്‌ പൊന്നാനിനിന്ന്‌ പാടാൻ സന്നദ്ധനായതാണ്‌ നീലകണ്ഠൻ നമ്പീശന്റെ കുലീനമായ കലാനില.

പൂർവമാതൃകകളില്ലാതെ സ്വയം ഒരു പാട്ടുപ്രസ്ഥാനമായി അദ്ദേഹം നിലകൊണ്ടു. 1985 മാർച്ച്‌ 29-ന്‌ ഓർമയാവുന്നതിന്‌ ദിവസങ്ങൾക്കുമുമ്പ്‌ അദ്ദേഹം കുചേലവൃത്തം പാടി. ‘പുഷ്കരവിലോചനാ’ എന്ന പദത്തിൽവരുന്ന ‘ഇക്കാലമഗ്രഗണ്യൻ എന്ന പ്രയോഗത്തെ സ്വയം സാധുവാക്കിക്കൊണ്ടാണ്‌ നമ്പീശൻ എന്നേക്കുമായി ചേങ്ങില താഴെവെച്ചത്‌.

content highlghts: remembering kalamandalam neelakantan nambeesan