ബാധ്യതയല്ല പ്രവാസി സാധ്യതയാണ് - 4

ഒഴുകുന്ന പുഴപോലെയാണ് കേരളത്തിലെ പ്രവാസികൾ. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പുഴവെള്ളംപോലെ പ്രവാസികളും മാറും. ഇന്ന് വിദേശത്ത്‌ ജോലിചെയ്യുന്നവർ നാളെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്താം. പകരം പുതിയവർ ഭാഗ്യംതേടി അക്കരെപ്പോകും. പതിറ്റാണ്ടുകൾ നീളുന്ന പ്രവാസം മലയാളികൾക്കിടയിൽ കുറവാണ്. പത്തരവർഷമാണ് മലയാളിയുടെ ശരാശരി പ്രവാസജീവിതമെന്ന് രണ്ടുവർഷംമുന്പ് പ്രസിദ്ധീകരിച്ച കേരള കുടിയേറ്റസർവേ ചൂണ്ടിക്കാട്ടുന്നു.

വിദേശത്തുനിന്ന് സമ്പാദിച്ചതൊക്കെയും ജന്മനാട്ടിൽ ചെലവഴിക്കുകയാണ് മിക്കവരുടെയും സ്വപ്നം; സ്വത്തായാലും പ്രവാസജീവിതത്തിൽ ആർജിച്ച നൈപുണ്യമായാലും. ആ സ്വത്തും കഴിവും അനുഭവസമ്പത്തും ശരിയാംവിധം ഉപയോഗപ്പെടുത്തുകയാണ് കേരളംചെയ്യേണ്ടത്. നിലവിലുള്ള പ്രവാസിപ്രശ്നങ്ങൾ പരിഹരിക്കുന്നതിനപ്പുറം ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിന് സർക്കാർ മുന്നോട്ടിറങ്ങണം. പ്രവാസിയെ തിരിച്ചറിയുന്നതിൽത്തുടങ്ങി പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നതിൽവരെ ഫലപ്രദമായ ഇടപെടൽവേണം. ഘട്ടംഘട്ടമായ ആസൂത്രണമാണ് അതിനുവേണ്ടത്.

നാട്ടിലുള്ളവരെത്ര? കണ്ടെത്താം സർവേയിലൂടെ

മടങ്ങിയെത്തിയ പ്രവാസികളെ തിരിച്ചറിയാനുള്ള സംവിധാനമില്ലാത്തതാണ് പ്രധാനപ്രശ്നം. മടങ്ങിവന്നവർ വിദഗ്ധതൊഴിലാളികളാണോ അവിദഗ്‌ധതൊഴിലാളികളാണോ എന്നൊന്നും കേന്ദ്രസർക്കാരിനോ സംസ്ഥാനസർക്കാരിനോ അറിയില്ല. വായ്പയ്ക്കും ആനുകൂല്യത്തിനുമായി സമീപിക്കുന്നവർമാത്രമേ നിലവിൽ സർക്കാരിന്റെ കണ്ണിൽ പ്രവാസികളായുള്ളൂ. അതാകട്ടെ ചെറുന്യൂനപക്ഷവും. പിന്നെങ്ങനെ അവർക്കായി നല്ല പദ്ധതികൾ ആസൂത്രണംചെയ്യാൻപറ്റും?

 വിദേശത്തുള്ളവരെയും നാട്ടിൽ തിരിച്ചെത്തിയവരെയും കണ്ടെത്തി മനസ്സിലാക്കാൻ സർക്കാർ സമഗ്രസർവേ നടത്തണം. അതനുസരിച്ച് പദ്ധതികൾ രൂപപ്പെടുത്തണം. അവരുടെ പ്രായം, തൊഴിൽ, കുടുംബപശ്ചാത്തലം, മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള േഡറ്റാബാങ്ക് തയ്യാറാക്കാം. തൊഴിൽദാതാക്കൾക്കുകൂടി വിവരംകിട്ടുന്ന വിധത്തിലാകണം ഈ േഡറ്റാബാങ്ക്. ഡ്രീം കേരളയുടെ നിലവിലുള്ള വെബ്‌സൈറ്റുതന്നെ വിപുലീകരിച്ചാൽ ഇത്‌ നടപ്പാക്കാൻപറ്റും. വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടുന്ന കാലത്ത് പദ്ധതികൾ ആസൂത്രണംചെയ്യാൻ ഇത് അനിവാര്യമാണ്.

തദ്ദേശസ്ഥാപനങ്ങൾക്ക് ചുമതലനൽകാം

പ്രവാസത്തിലേക്ക് കടക്കുമ്പോഴെന്നപോലെത്തന്നെ പ്രവാസം മതിയാക്കി വിമാനം കയറുന്നവരുടെ മനസ്സിലുമുണ്ടാകും ഒരുപാടുസ്വപ്നങ്ങൾ. അപ്രതീക്ഷിതമായി ജോലിനഷ്ടപ്പെട്ട് മടങ്ങുന്നവരുടെ ഉള്ളിലാകട്ടെ ഒരുപാട് ആകുലതകളും നീറിനിൽക്കും. സ്വപ്നങ്ങൾ അവർ പുറത്തുപറയും, ആകുലതകൾ നെഞ്ചിലൊതുക്കും. പദ്ധതികൾ രൂപപ്പെടുത്തുന്നവർ ഇത്തരം സ്വപ്നങ്ങളും ആകുലതകളും കൃത്യമായി മനസ്സിലാക്കിയിരിക്കണം. എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും സർക്കാരിന്റെ പിന്തുണ എങ്ങനെയാണ് വേണ്ടതെന്നുമുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് പ്രധാനം. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് പ്രവാസികളെ സർക്കാരിന് കൈകാര്യംചെയ്യേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ നോർക്കയെ ഇതിനായി ഉപയോഗിക്കുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് തുല്യമാകും.

വികേന്ദ്രീകൃതമായ രീതിയിൽ ഇവ അനായാസം നടപ്പാക്കിയെടുക്കാം. തദ്ദേശസ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയാൽമാത്രംമതി. നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽ വികസന-ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതികളുള്ളതുപോലെ പ്രവാസികൾക്കായും സ്ഥിരംസമിതി രൂപവത്കരിക്കാം. 1200 തദ്ദേശസ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. 20 ലക്ഷം പ്രവാസികൾ നാട്ടിലുണ്ടെന്ന് കണക്കാക്കിയാൽത്തന്നെ ഒരു തദ്ദേശസ്ഥാപനത്തിനുകീഴിൽ ശരാശരി 1700 പ്രവാസികളേയുണ്ടാകൂ. അതനുസരിച്ച് തദ്ദേശസ്ഥാപനത്തിനുതന്നെ പദ്ധതി തയ്യാറാക്കാം.

കൈത്താങ്ങ്, അങ്ങോട്ടും ഇങ്ങോട്ടും

തിരിച്ചെത്തിയ പ്രവാസികളുടെ അഭിരുചി മനസ്സിലാക്കിയശേഷം അതിനനുസൃതമായ പദ്ധതികൾ രൂപപ്പെടുത്തുകയാണ് അടുത്തഘട്ടം. ഭാവി മുന്നിൽക്കണ്ടുള്ള പദ്ധതികളാകണം നടപ്പാക്കേണ്ടത്. സംസ്ഥാനസർക്കാരിന്റെ ഭാവികാഴ്ചപ്പാടുകളുമായി ഇത് സംയോജിപ്പിച്ചാൽ സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്ക് ഊട്ടിയുറപ്പിക്കാനാകും. പ്രവാസികളുടെ നൈപുണ്യം തിരിച്ചറിഞ്ഞുവേണം പദ്ധതിയുമായി സഹകരിപ്പിക്കാൻ. തിരിച്ചെത്തിയ പ്രവാസികളിൽ ഒരുവിഭാഗം വിദേശത്ത് കൃഷി അനുബന്ധമേഖലകളിൽ പ്രവർത്തിച്ചവരാണ്. പ്രത്യേകിച്ച് ഫാമുകളിലുംമറ്റും. അവരുടെ വൈദഗ്ധ്യം ഇവിടത്തെ കാർഷികമേഖലയിൽ ഉപയോഗിക്കാം. തരിശുനില കൃഷിയും ഹരിതകേരള മിഷനുമുൾപ്പെടെയുള്ള സർക്കാർ പദ്ധതികളിൽ ഇവരെ പങ്കെടുപ്പിക്കാം.

നിർമാണമേഖലയാണ് മറ്റൊന്ന്. എൻജിനിയർമാർമുതൽ സാദാ നിർമാണത്തൊഴിലാളികൾവരെ തിരിച്ചെത്തിയവരിലുണ്ട്. ഇവരെ കെ.എസ്.ടി.പി.പോലുള്ള പദ്ധതികളിൽ പ്രയോജനപ്പെടുത്താം. ഹോട്ടൽരംഗത്ത് പ്രവർത്തിച്ചവരെ കമ്യൂണിറ്റി കിച്ചനുകളിലും വിശപ്പുരഹിത കേരളംപോലുള്ള പദ്ധതികളിലും ഭാഗഭാക്കാക്കാം. ഐ.ടി., മെക്കാനിക്കൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചവരുടെ നൈപുണ്യവും അതത് മേഖലകളിലെ സർക്കാർ പദ്ധതികളിൽ പ്രയോജനപ്പെടുത്താനാകും.

കണ്ടറിഞ്ഞ് പരിശീലനം

കൃത്യമായ കാഴ്ചപ്പാടോടെയോ സ്വപ്നങ്ങളോടെയോ അല്ല ഭൂരിപക്ഷം മലയാളികളും പ്രവാസജീവിതത്തിലേക്ക് കടക്കുന്നത്. കോവിഡ് സൃഷ്ടിച്ച സാഹചര്യത്തിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെയാകും മിക്കരാജ്യവും സ്ഥാപനങ്ങളും ആവശ്യപ്പെടുക. അല്ലാത്ത ജോലികൾ സ്വദേശികൾക്കുമാത്രമായി ചുരുങ്ങുമെന്ന് പ്രവാസിവിഷയത്തിൽ ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുള്ള തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗംമേധാവി ഡോ. എസ്. ഷിബിനു പറയുന്നു.

ഇത്‌ മറികടക്കാൻ വിദേശത്തെ തൊഴിൽസാധ്യത കണ്ടറിഞ്ഞുള്ള പരിശീലനരീതി നോർക്കയുടെ നേതൃത്വത്തിൽ നടപ്പാക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. തിരിച്ചുവന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങുംമുമ്പ് നൽകുന്നതുപോലെ വിദേശത്തുപോകാൻ താത്പര്യമുമുള്ളവരെ മുൻകൂട്ടി കണ്ടെത്തി പരിശീലനവും മാർഗനിർദേശവും നൽകാനാകണം. വിദേശരാജ്യങ്ങൾക്കിണങ്ങുന്ന നൈപുണ്യശേഷിയുള്ളവരുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിയെടുക്കാനാകും.

തിരിച്ചെത്തിയവരുടെ കാര്യത്തിലും ഈയൊരു സംവിധാനം പിന്തുടരാം. നല്ലൊരുശതമാനംപേരും ശമ്പളമുള്ള ജോലിവേണമെന്ന് ആഗ്രഹിക്കുന്നവരാണ്. സ്വന്തമായൊരു സംരംഭം സ്വപ്നംകാണുന്നവർ ചുരുക്കം. അവർക്ക് തൊഴിൽനൈപുണ്യപരിശീലനം നൽകുന്നത് പ്രധാനമാണ്.

പ്രവാസിശ്രീ വരട്ടെ

മൂന്നിലൊന്നുവീടുകളിൽ ഒരു പ്രവാസിയെങ്കിലുമുള്ള ജില്ലയാണ് മലപ്പുറം, കൊല്ലം, കണ്ണൂർ, പത്തനംതിട്ട തുടങ്ങിയവ. ഒരു ചെറിയ പ്രദേശത്തുതന്നെ ഒട്ടേറെ പ്രവാസികുടുംബങ്ങൾ കാണാം. ഇത്തരമിടങ്ങളിൽ പ്രവാസിക്കൂട്ടായ്മകൾക്ക് ഏറെ പ്രസക്തിയുണ്ട്. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ മാതൃകയിൽ പ്രവാസിശ്രീകൾക്ക് രൂപംകൊടുത്താൽ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കാനാകും. നിലവിൽ ഇത്തരം ചെറുഗ്രൂപ്പുകൾക്ക് രണ്ടുലക്ഷംരൂപവരെ വായ്പ കൊടുക്കുന്ന പദ്ധതികളുണ്ട്. പ്രവാസി സഹകരണസംഘങ്ങളും ധാരാളം. എന്നാൽ, വിരലിലെണ്ണാവുന്നവ ഒഴികെയുള്ളവയുടെ പ്രവർത്തനങ്ങൾ  ദീർഘവീക്ഷണത്തോടെയല്ല.

ഒരേമേഖലയിൽ ജോലിചെയ്തവരുടെ കൂട്ടായ്മകൾക്കാണ് പുതിയകാലത്ത് കൂടുതൽ സാധ്യത. മടങ്ങിയെത്തിയ ഡ്രൈവർമാർക്കെല്ലാം ചേർന്ന് ഉബർപോലെ പ്രദേശികതലത്തിൽ ടാക്സി സർവീസ് തുടങ്ങാനാകും. ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, വർക്‌ഷോപ്പ്‌ തൊഴിലാളികൾക്കും ഇതുപോലെ കൂട്ടായ്മകളുണ്ടാക്കി തൊഴിലെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം.
വെറുതേ കിടക്കുന്ന സർക്കാർഭൂമികൾ ഉപയോഗപ്പെടുത്താൻ ഇത്തരം കൂട്ടായ്മകളെ അനുവദിക്കണം. സൂക്ഷ്മ-ചെറുകിട യൂണിറ്റുകൾ മുതൽമുടക്കില്ലാതെ തുടങ്ങാനുള്ള സൗകര്യവും ഒരുക്കണം.


ലക്ഷക്കണക്കിന് മനുഷ്യവിഭവശേഷി

15 ലക്ഷം പ്രവാസികൾ തിരിച്ചെത്തി എന്നുപറയുേന്പാൾ അത്രയും മനുഷ്യവിഭവശേഷി സംസ്ഥാനത്തേക്കെത്തി എന്നാണർഥം. ആ വിഭവശേഷി നാടിന്റെ വികസനത്തിന് ഉപയോഗിക്കാനാകണം. അവർ വിദേശത്തുനിന്ന് ആർജിച്ചെടുത്ത തൊഴിൽപരിചയം കേരളത്തിന് കൈമുതലാകണം. അവിടെയാണ് േനാർക്കയുടെ പങ്ക് പ്രസക്തമാകുന്നത്. തിരിച്ചെത്തുന്ന പ്രവാസികളെ തൊഴിൽമേഖലയനുസരിച്ച് തരംതിരിച്ച് ഉപയോഗിക്കാനാകുന്നതിലാണ് മിടുക്ക്.

- പ്രൊഫ. ഇരുദയരാജൻ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്

പ്രവാസിവ്യവസായികളിൽനിന്ന് തുടങ്ങാം

വിദേശത്തും സ്വദേശത്തും പേരും പെരുമയും സ്ഥാപനങ്ങളുമുള്ള പ്രവാസിവ്യവസായികൾ ധാരാളമുള്ള നാടാണ് കേരളം. ഇതിൽ പലരും നോർക്കയുടെ ഡയറക്ടർബോർഡിൽ അംഗങ്ങളുമാണ്. ഇവരിൽനിന്നുതന്നെ തുടങ്ങാനാകണം. ഇവരുടെ കീഴിൽ ഒട്ടേറെ സ്ഥാപനങ്ങളും വ്യവസായയൂണിറ്റുകളുമുണ്ട്. അത്തരം സ്ഥാപനങ്ങളിലേക്കുള്ള അടിസ്ഥാനവസ്തുക്കൾ നിർമിച്ച് വിതരണംചെയ്യുന്ന സംരംഭങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. സർക്കാരും നോർക്കയും ഇടപെട്ടാൽ അത് വലിയൊരു സാധ്യതയാണ്. സ്ഥാപനങ്ങളിലേക്ക്‌ ആവശ്യമായരീതിയിൽ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകാൻ സർക്കാരിന് ഇടപെടാനാകും.

- ഡോ. എസ്. ഷിബിനു, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ്

സർക്കാർ ഗാരന്റി

ബാങ്കുകൾ ഈടുവാങ്ങാൻ പാടില്ലെന്ന് സർക്കാർ കർശനനിലപാടെടുത്താൽമാത്രമേ പുനരധിവാസപദ്ധതികൾ പ്രവാസികളിലേക്ക് കൂടുതൽ എത്തുകയുള്ളൂ. ഈടിനുപകരം ബാങ്കുകൾക്ക് സർക്കാർ ഗാരന്റി നൽകണം

ഷാഹുൽ പണിക്കവീട്ടിൽ,  കേരളപ്രദേശ്‌ ​പ്രവാസി കോൺഗ്രസ് നേതാവ്

 

(അവസാനിച്ചു)