രു രാജ്യം ഏതെങ്കിലും ഒരു ഗ്രൂപ്പില്‍നിന്ന് അകന്നുനില്‍ക്കുക എന്നത് ഒരു പിന്തിരിപ്പന്‍ ആശയമാണെന്ന് വാദിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍  സ്ഥിതിവിവരക്കണക്കുകള്‍ നല്‍കുന്ന  സൂചനയനുസരിച്ച് ആര്‍.സി.ഇ.പി. കരാറില്‍ ഇന്ത്യ പങ്കാളിയാകുന്നത് ഗുണത്തെക്കാളേറെ ദോഷകരമാണ്

നേരത്തേ പറഞ്ഞതിൽനിന്ന് വിഭിന്നമായി ഇന്ത്യക്ക് എപ്പോൾ വേണമെങ്കിലും പങ്കാളിയാകാം എന്ന വ്യവസ്ഥ അവശേഷിപ്പിച്ചുകൊണ്ട്, ആസിയാൻ രാജ്യങ്ങളും ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളും ചേർന്നുള്ള മേഖല സമഗ്ര സാമ്പത്തികപങ്കാളിത്ത (Regional Comphrehensive Economic Partnership, RCEP) കരാർ നിലവിൽവന്നു. ആധുനികവും സമഗ്രവും ഉന്നത ഗുണനിലവാരവുമുള്ള കൂടുതൽ വിശാലവുമായ സ്വതന്ത്രവ്യാപാരശൃംഖല രൂപവത്‌കരിക്കുക എന്നതാണ് ആർ.സി.ഇ.പി. കരാറിന്റെ പ്രഖ്യാപിതലക്ഷ്യം. കരാർ യാഥാർഥ്യമായതോടുകൂടി ഈസംഘം ലോകത്തിന്റെ മൂന്നിലൊരു വരുമാനം കൈയാളുന്ന, 15 രാജ്യങ്ങളിലായി താമസിക്കുന്ന മൂന്നിലൊന്നു ജനങ്ങളെ പ്രതിനിധാനം ചെയ്യും. സ്വതന്ത്രവ്യാപാരക്കരാറിലെ ഇന്ത്യൻ അസാന്നിധ്യം രാജ്യത്തിന് നേട്ടമോ  കോട്ടമോ എന്നതാണ് ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത്.

വാദങ്ങൾ

ആഗോളവ്യാപാരക്കരാറിന്റെ 24-ാം ആർട്ടിക്കിൾ, ലോകവ്യാപാരസംഘടനയിലെ അംഗങ്ങൾക്ക് സ്വതന്ത്രവ്യാപാരക്കരാറുകളിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. സ്വതന്ത്രവ്യാപാരക്കരാറുകളോടുള്ള അനുകൂലസമീപനത്തിന്റെ  ഒന്നാമത്തെ കാരണം ലോകവ്യാപാരസംഘടനയിൽ സമ്മതിച്ചിട്ടുള്ള ഇറക്കുമതിത്തീരുവ നിരക്കുകൾ ഉദാരീകരിച്ച് പങ്കാളിത്തരാജ്യങ്ങളിൽനിന്ന് കുറഞ്ഞ തീരുവയിലോ തീരുവ ഇല്ലാതെയോ ഉത്‌പന്നങ്ങൾ  ഇറക്കുമതിചെയ്യാം എന്നതാണ്. അതിലൂടെ ഇന്ത്യയുടെ കയറ്റുമതി മേഖലയുടെ മത്സരക്ഷമത വർധിക്കുമെന്നാണ് ആർ.സി.ഇ.പി. കരാറിനെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. അംഗരാജ്യങ്ങളിലെ  ഉത്‌പന്നങ്ങൾ എത്തുമ്പോൾ ഇന്ത്യൻ വിപണിയും കരാറിലെ മറ്റുപങ്കാളിത്തരാജ്യങ്ങൾ ചുങ്കം കുറയ്ക്കുന്നതോടെ ഇന്ത്യൻ ഉത്‌പന്നങ്ങളുടെ ആഗോളവിപണിയും വികസിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. ആഗോളവ്യാപാരത്തിൽ, പ്രത്യേകിച്ചും കയറ്റുമതിവിപണിയിൽ ഒറ്റപ്പെടാതിരിക്കാൻ ഈ കരാർ സഹായിക്കും എന്നുകരുതുന്നവരുമുണ്ട്.

ഇന്ത്യയിലേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് മറ്റൊരു വാദഗതി. ആർ.സി.ഇ.പി.യിൽ വരുന്ന രാജ്യങ്ങളിൽ വേരുറപ്പിക്കാൻ ബഹുരാഷ്ട്രകമ്പനികൾക്ക് സഹായകമാകും എന്നത് വസ്തുതയാണെങ്കിലും ആഗോള മത്സരക്ഷമതാസൂചിക (Global Competitive Index) ഉൾപ്പെടെ പലതിലും ചൈനയെക്കാൾ ബഹുദൂരം പിന്നിലാണ് ഇന്ത്യ നിലകൊള്ളുന്നത് എന്നതും നാം ഓർക്കേണ്ടിയിരിക്കുന്നു. ഏതായാലും കരാറിൽ ഒപ്പുവെക്കാത്തതിനാൽ ഈ സുവർണാവസരങ്ങളെല്ലാം നാം പാഴാക്കിക്കളയുകയാണെന്ന് വാദിക്കുന്നവർ ഒട്ടേറെയാണ്.

നേട്ടങ്ങൾ കടലാസിൽമാത്രം

നിലവിൽ ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ലെങ്കിലും കഴിഞ്ഞ ഏതാണ്ട് 2013മുതൽ 2019വരെ ചൈനയായിരുന്നു ഇന്ത്യയുടെ ഏറ്റവുംവലിയ വ്യാപാരപങ്കാളി. 2000-ത്തിൽ വെറും $1.8 ബില്യൻ ഉണ്ടായിരുന്ന വ്യാപാരം $76 ബില്യൺ ആയി ഉയർന്നുവെന്ന് മേനിപറയാമെങ്കിലും ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി വെറും $13 ബില്യൺ മാത്രമാണ്. ലളിതമായിപ്പറഞ്ഞാൽ ചൈനയുമായി ഇപ്പോൾത്തന്നെയുള്ള വ്യാപാരനഷ്ടം $63 ബില്യൺ ആണ്. ആർ.സി.ഇ.പി. കരാറിൽ ഏർപ്പെടുന്നതുവഴി ഇന്ത്യക്ക്‌ ചൈന, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്‌ എന്നീ രാജ്യങ്ങൾക്കുവേണ്ടി 80 ശതമാനത്തോളം ഉത്‌പന്നങ്ങളുടെ തീരുവകൾ പൂർണമായും ഇല്ലാതാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ടിവന്നേക്കാം. ഇത് ഇന്ത്യൻ ആഭ്യന്തരവിപണിയിൽ വൻ തിരിച്ചടി ഉയർത്തിയേക്കാം. ഈ ഭീതിതന്നെയാണ് കരാറിൽ പങ്കാളിയാകുന്നതിന് ഇന്ത്യയെ നിരുത്സാഹപ്പെടുത്തിയത്.

നമ്മുടെ ഉത്‌പന്നങ്ങളെക്കാൾ ഗുണമേന്മയും വിലക്കുറവുമുള്ള  ഉത്‌പന്നങ്ങളുടെ അന്താരാഷ്ട്രവിപണിയിലെ ലഭ്യത ഇന്ത്യയുടെ നേട്ടങ്ങൾ കടലാസിൽമാത്രം ഒരുക്കാനാണ് സാധ്യത. ആസിയാൻ രാജ്യങ്ങളുമായുള്ള കരാറുകൾ, കാർഷിക ഉത്‌പന്നങ്ങളുടെ നിലവിൽത്തന്നെ വർധിച്ചുകൊണ്ടിരിക്കുന്ന ഇറക്കുമതി ദ്രുതഗതിയിലാക്കും. ന്യൂസീലൻഡ്‌, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള കരാർ ഭാവിയിൽ ക്ഷീരമേഖലാരംഗത്തും പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. മത്സ്യമേഖലയിൽ ഉൾപ്പെടെ ഇറക്കുമതി സാധ്യമാകും എന്നതിനാൽ കേരളത്തെയും ദോഷകരമായി ബാധിക്കാൻ സാധ്യത ഏറെയാണ്. കാർഷികമേഖലയെ മൊത്തത്തിൽ പ്രതികൂലമാക്കാമെങ്കിലും കഴിഞ്ഞ പത്തുവർഷമായി നാം കയറ്റുമതിചെയ്യുന്ന അരിയുടെ കാര്യത്തിൽ കരാർ ഗുണംചെയ്തേക്കാം. എന്നിരുന്നാലും വിലയുമായി തട്ടിച്ചുനോക്കുമ്പോൾ, മറ്റ് ഉത്‌പന്നങ്ങളുടെ വിലനഷ്ടം നികത്താനുള്ള അവസരമൊന്നും അരിക്കച്ചവടം നമുക്കു നൽകുന്നില്ല.

 ഇന്ത്യ മാറിനിൽക്കുമ്പോൾ

നിർമാണമേഖലയെ പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ‘മെയ്ക്ക് ഇൻ ഇന്ത്യ’ക്ക്‌ കരാറിൽ ഒപ്പുവെക്കുന്നത് വെല്ലുവിളിയാകും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ആർ.സി.ഇ.പി. കരാറിൽ കടന്നുവരുന്ന നിക്ഷേപത്തിന്റെ സ്വഭാവം, ബൗദ്ധികസ്വത്തവകാശം, ഇ-കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങളിലെ രഹസ്യാത്മകത കരാറിന്റെ ഭീതി വർധിപ്പിക്കുന്നു. വിദേശനിക്ഷേപ പ്രമേയ തർക്കപരിഹാരസംവിധാനവും കരാറിലുണ്ട് എന്നുപറയപ്പെടുന്നു. അങ്ങനെയെങ്കിൽ, രാജ്യത്തിന്റെ പരമാധികാരത്തിനുതന്നെ കരാർ ഭീഷണിയാകാനുള്ള സാധ്യതയുണ്ട്. ബൗദ്ധികസ്വത്തവകാശം നിലവിൽ ഇന്ത്യക്ക്‌ ഫാർമസ്യൂട്ടിക്കൽ വ്യവസായ രംഗത്തുള്ള മേൽക്കോയ്മയ്ക്ക് ഭീഷണിയായേക്കാം.

ചൈനയുടെ മേൽക്കോയ്മ അംഗീകരിക്കാനുള്ള താത്‌പര്യമില്ലായ്മയാണ് ഇന്ത്യയുടെ മുഖ്യപ്രശ്നം. എന്നാൽ, ലോകത്തിലെ ഏറ്റവുംവലിയ  വിപണിയായ ഇന്ത്യയുടെ അസാന്നിധ്യം ആർ.സി. ഇ.പി.യിലെ എല്ലാരാജ്യങ്ങളെയും നിരാശരാക്കും. ഇന്ത്യക്ക്‌ എപ്പോൾവേണമെങ്കിലും കരാറിന്റെ പങ്കാളിയാകാം എന്ന ഔദാര്യത്തിന്റെ കാരണവും മറ്റൊന്നല്ല. ആഗോളവാണിജ്യരംഗത്ത് അസ്ഥിരത ഒരുവശത്തും  ആഗോളീകരണത്തിന്റെ സാധ്യതകൾ മറുവശത്തുമുള്ളതിനാൽ, ഒരു രാജ്യം ഏതെങ്കിലും ഒരു ഗ്രൂപ്പിൽനിന്ന് അകന്നുനിൽക്കുക എന്നത് ഒരു പിന്തിരിപ്പൻ ആശയമാണെന്ന് വാദിക്കാമെങ്കിലും നിലവിലെ സാഹചര്യത്തിൽ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന സൂചനയനുസരിച്ച് ആർ.സി.ഇ.പി. കരാറിൽ ഇന്ത്യ പങ്കാളിയാകുന്നത് ഗുണത്തെക്കാളേറെ ദോഷകരമാണ്.

(ഫാക്കൽറ്റി മെമ്പർ, സ്കൂൾ ഓഫ് മാനേജ്മെന്റ് & ഓൻട്രപ്രെണേർഷിപ്പ്, കുഫോസ്, കൊച്ചി )


നേടാനുള്ളത്‌ നഷ്ടങ്ങൾ മാത്രം

ഇതുവരെയുള്ള സ്വതന്ത്രവ്യാപാരക്കരാറുകളുടെ ചരിത്രം പരിശോധിക്കുന്നത്, നിജസ്ഥിതി മനസ്സിലാക്കാൻ ഉപകരിക്കും. ആസിയാനുമായും (2010), ജപ്പാൻ (2011), ദക്ഷി​ണ കൊറിയ (2010) എന്നീ രാജ്യങ്ങളുമായും വളരെ നേരത്തേത്തന്നെ ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയുമായും   ന്യൂസീലൻഡുമായും ഉള്ള കരാർചർച്ചകൾ ഏറക്കുറെ അവസാനഘട്ടത്തിലുമാണ്.
ചുരുക്കിപ്പറഞ്ഞാൽ, ഒരർഥത്തിൽ ചൈന ഒഴികെയുള്ള ആർ.സി.ഇ.പി.യിൽ വരുന്ന എല്ലാരാജ്യങ്ങളുമായും ഇന്ത്യക്ക്‌  ഇതിനോടകം സ്വതന്ത്രവ്യാപാരക്കരാറുണ്ട്. എന്നാൽ, കരാറിലേർപ്പെട്ട് ഏതാണ്ട് എട്ടുവർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്ത്യക്ക്‌ കാര്യമായ പ്രയോജനങ്ങൾ ലഭിച്ചിട്ടില്ല എന്നുമാത്രമല്ല, കോട്ടങ്ങൾ ഏറെയുണ്ടാവുകയുംചെയ്തു. സ്വതന്ത്രവ്യാപാരക്കരാറിനെക്കുറിച്ചുള്ള നീതി ആയോഗിന്റെ പഠനം (A Note on Free Trade Agreements and Their Costs by Dr V.K.Saraswati, Prachi Priya and Anirudha Ghosh) ഈ ദൗർബല്യം ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രവ്യാപാരക്കരാർ നിലവിൽവന്ന രാജ്യങ്ങളുമായി തുലനംചെയ്യാവുന്ന കയറ്റുമതിവളർച്ച നമുക്കുനേടാൻ  കഴിഞ്ഞിട്ടില്ല. വ്യാപാരത്തിൽ വർധനയുണ്ടെങ്കിലും രാജ്യത്തിന്റെ ഇറക്കുമതിയിലാണ് കൂടുതൽ വളർച്ച പ്രകടമായത്. വിവിധതരം  ഉത്‌പന്നങ്ങളുടെ തീരുവ കുറച്ചത് ഇറക്കുമതി വർധിപ്പിക്കുകയും അത് ആഭ്യന്തരവ്യവസായങ്ങളെ പ്രതിരോധത്തിലാഴ്ത്തുകയും ചെയ്തതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടിത്തരുന്നു.

ഇന്ത്യയിലെ 64 ഉത്‌പാദനമേഖലകളിൽ 52 എണ്ണത്തിന്റെയും കയറ്റുമതിവരുമാനം താഴുകയും വ്യാപാരക്കമ്മി വർധിക്കുകയുമാണ് ചെയ്തത്. ആസിയാനുമായും കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരനഷ്ടം (Trade deficit) 2011-ൽ $15 ബില്യൺ ആയിരുന്നുവെങ്കിൽ 2017-ൽ അത് $24 ബില്യൺ ഡോളറായി വളർന്നു. 2018-ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തവ്യാപാരത്തിന്റെ 29 ശതമാനവും ആകെ വ്യാപാരനഷ്ടത്തിന്റെ 57 ശതമാനവും സംഭാവന ചെയ്യുന്നതും ഇതേ രാജ്യങ്ങളാണ് എന്നത് നാം സ്വീകരിക്കേണ്ട കരുതൽ വിളിച്ചുപറയുന്നു. വിപണിയുടെ വളർച്ച സാധ്യമാകുമെന്ന് അവകാശപ്പെടുമ്പോൾ, സ്വതന്ത്രവ്യാപാരക്കരാർ നിലവിലുള്ള രാജ്യങ്ങളുടെ ഉത്‌പന്നങ്ങളുടെ ഒഴുക്ക് ഇന്ത്യൻ വിപണിയിലേക്ക് ഉണ്ടായിട്ടുണ്ടെങ്കിലും മറിച്ച് ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെകൂടി തെളിവാണ് ഈ വ്യാപാരാനന്തര അനുപാതം.