1947-ലായിരുന്നു എലിസബത്ത് രാജ്ഞിയുമായുള്ള ഫിലിപ്പിന്റെ വിവാഹം. 73 വർഷം നീണ്ട ദാമ്പത്യം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിലെ ഏറ്റവുംനീണ്ട ബന്ധം. 1952-ൽ എലിസബത്തിന്റെ പിതാവും ബ്രിട്ടീഷ് രാജാവുമായിരുന്ന ജോർജ് ആറാമന്റെ അപ്രതീക്ഷിത വിടവാങ്ങലോടെ എലിസബത്ത് രാജ്യഭാരമേറ്റെടുക്കുമ്പോൾ പ്രിൻസ് കൺസോർട്ട് എന്ന ‘ഔപചാരിക’ പദവിയിലേക്ക് ഫിലിപ്പ് രാജകുമാരൻ സ്വയം ചുരുങ്ങി. 
‘സ്വന്തം കുഞ്ഞുങ്ങൾക്ക് തന്റെ കുടുംബപ്പേര് കൈമാറാൻ അധികാരമില്ലാത്ത രാജ്യത്തെ ഒരേയൊരു പുരുഷൻ ഞാനാണ്’ എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരൻ ഒരിക്കൽ പറഞ്ഞു. പരാതിയായിട്ടല്ല. ജീവിതത്തിന്റെ സുവർണകാലംമുതൽ പത്നിയുടെ നിഴലായി ഒതുങ്ങിപ്പോയിട്ടും ബക്കിങ്ങാം കൊട്ടാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ പരാതികളില്ലാതെ, തന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചുപോന്നയാൾ.
 പൊതുചടങ്ങുകളിലും ഔദ്യോഗിക യാത്രകളിലും രാജ്ഞിയെ അനുഗമിക്കുക പങ്കെടുക്കുക, ഭരണത്തിൽ പിന്തുണ നൽകുക എന്നതിനപ്പുറം മറ്റ് ‘ഭാരിച്ച’ ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത തികച്ചും പേരിനുമാത്രമുള്ളൊരു പദവി. കിരീടാവകാശിയായ സ്ത്രീയെ വിവാഹംചെയ്യുന്ന പുരുഷൻ പ്രിൻസ് കൺസോർട്ട് എന്നുമാത്രമാകും അറിയപ്പെടുക എന്നാണ് ബ്രിട്ടീഷ് രാജവംശത്തിന്റെ നിയമം.

ജനനം, വിവാഹം

1921 ജൂൺ പത്തിന് ഗ്രീക്ക്-ഡാനിഷ് രാജകുടുംബത്തിലാണ് ഫിലിപ്പ് മൗണ്ട് ബാറ്റൺ ജനിച്ചത്. ഗ്രീസിലെ ആൻഡ്രൂ രാജകുമാരന്റെയും ആലീസ് രാജകുമാരിയുടെയും അഞ്ചുമക്കളിൽ ഏകപുത്രനായി. മൗണ്ട് ബാറ്റൺ പ്രഭുവിന്റെ അനന്തരവനായി. 
ഫിലിപ്പിന് ഒരുവയസ്സുള്ളപ്പോൾ ആൻഡ്രൂ രാജകുമാരനെ നാടുകടത്തുകയും ചെയ്തതോടെ ഫിലിപ്പിന്റെ കുടുംബം പാരീസിൽ അഭയംതേടി. ഇതിനിടെ അമ്മ ആലീസിന്റെ മനോനില തെറ്റിയതോടെ മാതാപിതാക്കൾ വേർപിരിഞ്ഞു. തുടർന്ന് ആലീസിന്റെ അമ്മയുടെ സംരക്ഷണയിൽ ഇംഗ്ലണ്ടിലായി ഫിലിപ്പിന്റെ പഠനം. 
സ്കോട്ട്‌ലൻഡിലെ ഗോർഡൻസ്റ്റൗൺ സ്കൂളിലെ പഠനമാണ് ഫിലിപ്പിലെ നാവികനെ വളർത്തിയെടുക്കുന്നത്. മൗണ്ട് ബാറ്റൺമാരുടെ പാത പിന്തുടർന്ന് ഫിലിപ്പും ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായി. നാവികസേനാംഗമായിരിക്കുമ്പോഴാണ് എലിസബത്തും ഫിലിപ്പുമായുള്ള പ്രണയവും വിവാഹവും. എലിസബത്തിനായി ഗ്രീസ്, ഡെന്മാർക്ക് രാജകുടുംബത്തിന്റെ ഔദ്യോഗികസ്ഥാനങ്ങൾ ഉപേക്ഷിച്ചതോടെ ഫിലിപ്പിൽ ആകൃഷ്ടനായ ജോർജ് ആറാമൻ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. 1947 നവംബർ 20-ന് ഫിലിപ്പ് മൗണ്ട് ബാറ്റൺ എഡിൻബർഗ് പ്രഭുവായി. ഒരിക്കലും രാഷ്ട്രീയംപറയാതെ അനുസരണയുള്ള രാജകുമാരനായി.

നിഴലിനുമപ്പുറം

മികച്ച നാവികനും കായികതാരവും എൻജിനിയറിങ് വിദഗ്ധനുമായിരുന്നു ഫിലിപ്പ് രാജകുമാരൻ. രാജ്ഞിയുടെ പ്രഭാവത്തിൽ അവയെല്ലാം മുങ്ങിപ്പോയെന്നുമാത്രം. ബ്രിട്ടീഷ് എൻജിനിയറിങ് മേഖലയ്ക്ക് ഫിലിപ്പ് രാജകുമാരൻ നൽകിയ സംഭാവനകൾ വലുതായിരുന്നു. ‘ദൈവം കണ്ടുപിടിക്കാത്തതൊക്കെയും കണ്ടെത്തിയത് എൻജിനിയറാണ്’ എന്നായിരുന്നു ഫിലിപ്പിന്റെ മതം. ബ്രിട്ടീഷ് നാഷണൽ എൻജിനിയറിങ് അക്കാദമി സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് ഫിലിപ്പാണ്.
മികച്ച കായികപ്രേമിയുമായിരുന്നു അദ്ദേഹം. വിൻഡ്‌സർ പാർക്ക് പോളോ ടീമിന്റെ ക്യാപ്റ്റനും പ്രധാനതാരവുമായിരുന്നു. അമ്പതാംവയസ്സിൽ അസുഖങ്ങൾ അലട്ടിയിട്ടുപോലും സ്പോർട്‌സിൽ സജീവമായിരുന്നയാൾ; കുതിരയോട്ട മത്സരങ്ങളിലും സ്ഥിരം പങ്കാളിത്തം.

വിവാദങ്ങൾ

രാജകീയചട്ടങ്ങൾ കടുകിടെ വ്യത്യാസമില്ലാതെ പാലിക്കുമെങ്കിലും വിവാദങ്ങളും വിടാതെ പിടികൂടിയിരുന്നു ഫിലിപ്പ് രാജകുമാരനെ. ഡയാന രാജകുമാരിയുടെ മരണം തുടങ്ങി പൗത്രൻ ഹാരിയും പത്നി മേഗൻ മാർക്കിളും വിൻസ്റ്റർ കാസിലിൽനിന്ന് നേരിട്ട പ്രതിസന്ധികളിൽവരെ ഫിലിപ്പ് പഴികേട്ടു. 
ചാൾസ് രാജകുമാരന് വിവാഹേതര ബന്ധമുണ്ടായിരുന്നത് പിതാവ് ഫിലിപ്പിന് അറിവുള്ളതായിരുന്നുവെന്ന ഡയാനയുടെ തുറന്നുപറച്ചിൽ വലിയ ഓളങ്ങളുണ്ടാക്കി. ബ്രിട്ടീഷ് രാജകുടുംബത്തിൽ വിവേചനം നേരിട്ടുവെന്ന ഹാരിയുടെയും മേഗന്റെയും വെളിപ്പെടുത്തലിൽ പാലിച്ച മൗനവും ചർച്ചയായി. നാവികപര്യടനത്തിനെന്ന പേരിൽ ആഘോഷങ്ങളിൽ സമയം ചെലവഴിച്ചുവെന്നതും അതിവേഗം വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കിയതിനും ഫിലിപ്പിന്റെ പേര് പലകുറി ബ്രിട്ടീഷ് ടാബ്ലോയിഡുകൾ ആഘോഷിച്ചു. 
തോന്നിയതുപോലെയുള്ള പ്രതികരണങ്ങൾ പലപ്പോഴും ഫിലിപ്പിനെ കുഴപ്പത്തിൽ ചാടിച്ചു. ചൈനയിൽ പഠിക്കുന്ന ബ്രിട്ടീഷ് വിദ്യാർഥികളുടെ കണ്ണുകൾ ചുരുങ്ങിപ്പോകും, അമിതവണ്ണമുള്ളയാൾക്ക് ഒരിക്കലും ബഹിരാകാശത്ത്‌ പറക്കാനാവില്ല തുടങ്ങിയ പ്രതികരണങ്ങൾ പൊളിറ്റിക്കലി ഇൻകറക്ട് രാജകുമാരൻ എന്ന പേര് വാങ്ങിക്കൊടുത്തു.