കേരളത്തിന്റെ വികസനക്കുതിപ്പിന് പ്രവാസികൾ നൽകിയ സംഭാവനകൾ അമൂല്യമാണ്. എന്നാൽ, നമ്മുടെ പ്രവാസികൾ ഇപ്പോൾ വിഷമസന്ധിയിലാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സ്വദേശിവത്കരണവും കോവിഡ് മഹാമാരിയും പ്രവാസികളെ തളർത്തിയിരിക്കുന്നു, ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവരുടെ പ്രശ്നങ്ങളിലേക്ക്...

ദേശീയ പ്രവാസിദിനം ഇന്ന്‌

ജോലിപോയി നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ തിളക്കംമങ്ങിയ മുഖമാണ് ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസ് എന്ന ആഘോഷത്തിനും. ഏതാനും വർഷങ്ങളായി പഴയ പ്രതാപമോ ആവേശമോ ഈ ദിനാചരണത്തിനില്ല. കേന്ദ്ര സർക്കാരിന്റെ ചില പരിഷ്കാരങ്ങളാണ് പി.ബി.ഡി. എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനങ്ങളുടെ തിളക്കം കുറച്ചത്. എന്നാൽ, ഇതിൽ ചിലതാകട്ടെ അർഥപൂർണമാണെന്നതും മറക്കുന്നില്ല. എങ്കിലും  കോവിഡ്  സൃഷ്ടിച്ച ആഘാതവും അതിനെത്തുടർന്നുള്ള വിവിധ രാജ്യങ്ങളിലെ നടപടി ക്രമങ്ങളും പ്രവാസികളുടെ ജീവിതത്തെയാകെയാണ് സങ്കീർണമാക്കിയിരിക്കുന്നത്.

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി

കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വമാണ് പ്രവാസികൾ ഏറെയുള്ള ഗൾഫ് നാടുകളിലെ ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. ആയിരക്കണക്കിനുപേർ  തൊഴിൽനഷ്ടംകാരണം കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു. സാധാരണക്കാരും ഇടത്തരക്കാരും ചെറുകിട ബിസിനസുകാരുമെല്ലാം കോവിഡിന്റെ ആഘാതം  നേരിടുന്നുണ്ട്. വൻകിടക്കാർക്കുമുണ്ട് നഷ്ടങ്ങളുടെ വലിയ കണക്കുകൾ. സിലോണിലും ബർമയിലും പോയി ഭാഗ്യം പരീക്ഷിച്ച പഴയ കുടിയേറ്റത്തിന്റെ കഥകളുണ്ട് മലയാളിക്ക് ഓർത്തെടുക്കാൻ. എന്നാൽ, ഗൾഫ് കുടിയേറ്റമാണ് നാലോ അഞ്ചോ പതിറ്റാണ്ടായി കേരളത്തെ ഇന്നത്തെനിലയിൽ മാറ്റിയെടുത്തത്.  ലോഞ്ചിലും ഉരുവിലും കയറി ജീവൻ കൈയിൽപ്പിടിച്ച് തുടങ്ങിയ പ്രവാസം ഇന്ന് പ്രത്യേക ചാർട്ടർ വിമാനങ്ങളിലേറിയുള്ള സ്വപ്നസവാരിവരെയായി വളർന്നു. ഈ കുടിയേറ്റം നൽകിയ ഗുണങ്ങൾ പറയുമ്പോൾത്തന്നെ  ചൂണ്ടിക്കാട്ടാൻ കുറ്റവും കുറവുകളും ഉണ്ടായിരുന്നു. പക്ഷേ, കേരളത്തിന്റെ വിപണിയെയും സാമൂഹികജീവിതത്തെയും മാറ്റിപ്പണിതത്  പ്രധാനമായും മലയാളികളുടെ  ഗൾഫ് പ്രവാസംതന്നെ. ഏറെ യാത്രയും ഗൾഫ് നാടുകളിലേക്കായിരുന്നെങ്കിലും യൂറോപ്പും അമേരിക്കയും ഓസ്‌ട്രേലിയയുമെല്ലാം  വൈകാതെ മലയാളിയുടെ പരിചിതരാജ്യങ്ങളായി മാറി.  ഇപ്പോഴാകട്ടെ കാനഡയും ആഫ്രിക്കയുമൊക്കെ പുതിയ പച്ചപ്പ് തേടുന്നവരുടെ സ്വപ്നഭൂമിയായി മാറുന്നുണ്ട്.

എന്നാൽ, ഈ  കുടിയേറ്റത്തിന്റെ മറുവശമാണ് ഇപ്പോൾ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്. സാമ്പത്തികവിദഗ്ധരും ആസൂത്രകരും റിവേഴ്‌സ് മൈഗ്രേഷൻ അഥവാ കുടിയേറ്റത്തിന്റെ തിരിച്ചൊഴുക്ക് എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രതിസന്ധിയെ കേരളവും ഇന്ത്യയും  എങ്ങനെ നേരിടുന്നു എന്നതാവണം ഈ വർഷത്തെ പ്രവാസിദിവസത്തിൽ ആലോചിക്കേണ്ട പ്രധാന വിഷയം.  മുമ്പൊക്കെ  പ്രവാസികാര്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രവാസി ഭാരതീയ ദിവസ് എന്ന ദിനാചരണവും ചടങ്ങുകളും സമ്പന്നരുടെയും സാമൂഹികപ്രവർത്തകരുടെയും സംഗമവേളകളായിരുന്നു. വർഷംതോറും നടത്തിവന്നിരുന്ന ഈ സമ്മേളനങ്ങൾ പ്രവാസിയുടെ പ്രയാസങ്ങൾതന്നെയാണ് ഏറെയും ചർച്ചചെയ്തത്. കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കിലും എല്ലാ വർഷവും ഇത് ആവർത്തിച്ചുകൊണ്ടിരുന്നു.. കേന്ദ്രത്തിൽ മോദിസർക്കാർ അധികാരത്തിൽവന്നതോടെ പ്രവാസികാര്യവകുപ്പുതന്നെ ഇല്ലാതായി. അതുകൂടി വിദേശകാര്യവകുപ്പിന്റെ കീഴിൽ കൊണ്ടുവന്നു. സുഷമാ സ്വരാജ് കേന്ദ്രമന്ത്രിയായി വിദേശകാര്യവകുപ്പ് ഭംഗിയായി കൊണ്ടുനടന്നപ്പോൾ പ്രവാസികാര്യവകുപ്പിന്റെ അസാന്നിധ്യംപോലും അനുഭവപ്പെട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ മലയാളിയായ വി. മുരളീധരൻ സഹമന്ത്രിയായി ആ വകുപ്പിലുണ്ട് എന്നതും ശ്രദ്ധേയം.

 നഷ്ടത്തിന്റെ കഥകൾ
കൊറോണ ലോകത്ത് എല്ലായിടത്തുമെന്നതുപോലെയോ അതിൽ കൂടുതലോ ആണ് ഗൾഫ്നാടുകളിൽ ആഘാതമുണ്ടാക്കിയത്. മാസം 1500 ദിർഹത്തിൽത്താഴെമാത്രം വരുമാനമുള്ള ആയിരക്കണക്കിനാളുകൾ ഗൾഫ് നാടുകളിലുണ്ട്. ഒന്നോ രണ്ടോ വർഷംകൂടുമ്പോൾ ഒരിക്കൽ നാട്ടിലെത്തുന്ന അവരും പ്രവാസികളെ എണ്ണുന്ന  കണക്കുപുസ്തകത്തിലുണ്ട്. കെട്ടിടനിർമാണം, ടൂറിസം, ഹോട്ടൽ വ്യവസായം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ വ്യാപാരം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേഖലകളിലാണ് കോവിഡ് ആഘാതം സൃഷ്ടിച്ചത്. പലർക്കും തൊഴിൽ പോയി. ഇടത്തരക്കാരുടെപോലും മാസവേതനം പാതിയായി ചുരുങ്ങി. വലിയ കമ്പനികളിൽ നല്ല ശമ്പളം വാങ്ങിവന്ന പലരുടെയും കസേരപോയി. അങ്ങനെ കഴിഞ്ഞ മാർച്ച്മാസംമുതൽ നഷ്ടത്തിന്റെ കണക്കുകളേ ഗൾഫ് മേഖലയിൽനിന്ന് കേൾക്കാനുള്ളൂ. ഇവരിൽ എട്ടുലക്ഷത്തിലേറെപ്പേരാണ് ഇതിനകം കേരളത്തിൽമാത്രം തിരിച്ചെത്തിയത്.
ഇനിയും  ഭാഗ്യവും അവസരവും പ്രതീക്ഷിച്ച് ആയിരങ്ങൾ, ഉള്ളതുകൊണ്ട് മുണ്ടുമുറുക്കി അവിടെ ജീവിക്കുന്നു. എണ്ണയുടെ വിലയിടിവിനെത്തുടർന്ന് ഗൾഫിന്റെ പളപളപ്പ് ഒരു പരിധിവരെ കുറഞ്ഞിരുന്നു. അതിനുമേലെയാണ് കോവിഡിന്റെ സംഹാരതാണ്ഡവം.

കേരളം അഭിമുഖീകരിക്കാൻ പോകുന്നത്

കുടിയേറ്റക്കാരായ മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ് യു.എ.ഇ. 28 ലക്ഷത്തോളം ഇന്ത്യക്കാരാണ് അവിടെമാത്രമുള്ളത്. രണ്ടാംസ്ഥാനത്ത് സൗദി അറേബ്യയുണ്ട്. പതിനായിരക്കണക്കിനാണ് ഇതര ഗൾഫ് നാടുകളിലെയും മലയാളിസാന്നിധ്യം. തിരിച്ചെത്തിയ എട്ടുലക്ഷത്തിൽ മൂന്നുലക്ഷത്തോളംപേർ  ജോലി നഷ്ടപ്പെട്ടവരാണ്.  അതായത്, കേരളത്തിലെ മൂന്നുലക്ഷത്തോളം കുടുംബങ്ങളിലെ വരുമാനമാണ് നിലച്ചിരിക്കുന്നത്. ബാങ്കുകളിലെത്തുന്ന വിദേശനാണ്യത്തിലും അതിനനുസരിച്ചുള്ള ഇടിവുണ്ട്. അത്തരത്തിൽ തിരിച്ചെത്തിയ  ഇവരുടെ പുനരധിവാസംതന്നെയായിരിക്കും കേരളം  അഭിമുഖീകരിക്കാൻ പോകുന്ന വലിയ വിഷയം.
സംസ്ഥാനസർക്കാരിന്റെ സംരംഭമായ നോർക്ക റൂട്‌സ് ഒട്ടേറെ സംരംഭങ്ങൾക്ക് ഇതിനകം രൂപംനൽകിയിട്ടുണ്ട്. എന്നാൽ, അതെല്ലാം എത്രത്തോളം പ്രായോഗികമാവുന്നു എന്നത് ഇനി കാത്തിരുന്ന് കാണേണ്ടതുണ്ട്.

സാന്ത്വനവും പുനരധിവാസ പദ്ധതിയുമായി നോർക്ക

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്‌സ് നിരവധി പരിപാടികളാണ് ആസൂത്രണംചെയ്തിരിക്കുന്നത്.  കഴിഞ്ഞ സാമ്പത്തികവർഷം അവശതയനുഭവിക്കുന്ന 4102 പേർക്കായി 24.82 കോടി രൂപയാണ്‌ സാന്ത്വന പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയത്. പ്രവാസി പുനരധിവാസപദ്ധതിയിൽ ഇതുവരെയായി 3075  സംരംഭങ്ങൾക്കായി 48.73 കോടി രൂപയും നൽകിയതായി നോർക്ക റൂട്‌സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി വ്യക്തമാക്കുന്നു.  പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശം നൽകാനായി നോർക്ക വിവിധ ജില്ലകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഒറ്റദിവസംകൊണ്ടുതന്നെ ബാങ്ക് വായ്പകൾ ലഭ്യമാക്കാൻ അത്തരം ക്യാമ്പുകൾ ശ്രമിക്കുന്നു. സ്റ്റാർട്ടപ്പ്‌ മിഷൻ, മീറ്റ് പ്രോഡക്ട്‌സ് ഇന്ത്യ തുടങ്ങി നിരവധി പൊതുമേഖലാസ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതികൾ ആവിഷ്കരിക്കാൻ പ്രവാസികൾക്ക് അവസരമൊരുക്കുന്നത്. മുപ്പതുലക്ഷം രൂപവരെ പ്രവാസിസംരംഭങ്ങൾക്ക് വായ്പപദ്ധതി നിലവിലുണ്ടെന്ന് അദ്ദേഹം പറയുന്നു. പ്രവാസിസംഘങ്ങളെ സഹായിക്കാനും നോർക്ക ശ്രമിക്കുന്നു. 2019-20ൽ 28 സംഘങ്ങൾക്ക് ഇത്തരത്തിൽ മൂന്നുലക്ഷംരൂപവീതമാണ് നൽകിയത്.

വേണം, പ്രാദേശികകൂട്ടായ്മകൾ തേടണം, പുതിയ പച്ചപ്പുകൾ

കേരളത്തിൽ ഇന്ന് ഇരുപത്തഞ്ച് ലക്ഷത്തിലേറെയാണ് മറുനാടൻ തൊഴിലാളികൾ. ഇവർചെയ്യുന്ന ജോലികളിൽ ഏറെയും ചെയ്യാൻ നമ്മുടെ ഇടയിലുള്ളവർക്കുതന്നെ കഴിയണം. ഇതേജോലി ഗൾഫിൽ ചെയ്യുന്നവരുടെ വൈദഗ്ധ്യം ഇവിടെ പ്രയോഗത്തിൽവരുത്തിയാൽത്തന്നെ കുറെപ്പേരുടെ പുനരധിവാസം നടക്കും. പഞ്ചായത്തുതലത്തിൽപ്പോലും ഇത്തരത്തിലുള്ളവരുടെ കൂട്ടായ്മകൾ ഉണ്ടാക്കിയെടുക്കണം. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള നിക്ഷേപപദ്ധതികളും പ്രാദേശികതലത്തിൽ തുടങ്ങാവുന്നതാണ്. പുതുതായി അധികാരത്തിലെത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികൾക്ക് ഇതിന് മുൻകൈയെടുക്കാനാവും.

അന്യരാജ്യങ്ങളിൽ കുടിയേറിയവർ തിരിച്ചെത്തുമ്പോൾ പുനരധിവാസം എന്ന  വിഷയത്തെ രണ്ടുരീതിയിൽ സമീപിക്കണമെന്നാണ് നോർക്ക ഡയറക്ടറും വ്യവസായപ്രമുഖനുമായ ഡോ. ആസാദ് മൂപ്പന്റെ അഭിപ്രായം. ഗൾഫിൽനിന്ന് തൊഴിൽ നഷ്ടമായി തിരിച്ചെത്തുന്നവർക്ക് ഇവിടെ നാട്ടിൽത്തന്നെ ജോലി കണ്ടെത്താനുള്ള ശ്രമങ്ങൾ ഉണ്ടാവണം. അതോടൊപ്പം കുടിയേറ്റത്തിന് പുതിയ രാജ്യങ്ങൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു. ഗൾഫ്മാത്രം എന്ന സ്വപ്നത്തിൽനിന്ന് നമ്മുടെ യുവത്വം മാറിച്ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലൻഡ്‌, ജർമനി ഉൾപ്പെടെ നിരവധി രാജ്യങ്ങൾ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഇപ്പോൾ അവസരങ്ങൾ നൽകുന്നുണ്ട്. സ്ഥിരം താമസാനുമതി ഉൾപ്പെടെ പലരാജ്യവും വാഗ്ദാനം ചെയ്യുന്നു. പഞ്ചായത്തുതലത്തിൽത്തന്നെ, തിരിച്ചെത്തിയ പ്രവാസികളുടെ നേതൃത്വത്തിലുള്ള സഹകരണസംഘങ്ങൾ ആരംഭിക്കുന്നതുസംബന്ധിച്ച് സർക്കാരിനുമുന്നിൽ ഒരു നിർദേശം സമർപ്പിച്ചിട്ടുണ്ട്.സർക്കാർ അത്‌ അംഗീകരിച്ചതായും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.  നേരത്തേതന്നെ നാട്ടിലെത്തിയ പ്രവാസികളും ഇപ്പോൾ തിരിച്ചെത്തുന്നവരുമായിരിക്കണം  സംഘത്തിലെ അംഗങ്ങൾ. ഇതിൽ പുറത്തുള്ളവർക്കും നിക്ഷേപിക്കാം. ഏതുപ്രവർത്തനവും  ചെയ്യാവുന്ന തരത്തിലേക്ക് ഇത്തരം  സഹകരണ കൂട്ടായ്മകളെ വളർത്തിയെടുത്താൽ പുനരധിവാസം എളുപ്പമാവുമെന്നും അദ്ദേഹം പറയുന്നു.

മനസ്സും ​വൈദഗ്ധ്യവും പ്രയോഗിക്കാം...

തിരിച്ചെത്തിയ പ്രവാസികളിൽ പലരും ഇതിനകംതന്നെ വിവിധ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. തെരുവുകളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന കച്ചവടംമുതൽ വലിയ സൂപ്പർമാർക്കറ്റുകൾവരെ നീളുന്നുണ്ടത്. എന്നാൽ, നിലവിലുള്ള വ്യാപാര-വാണിജ്യ സംരംഭങ്ങളുമായി മത്സരിച്ചുവേണം അവയുടെ വിജയം വിലയിരുത്തേണ്ടത്. അതേസമയം, ഇത്തരത്തിൽ ചെറുകിട നിക്ഷേപത്തിനുപോലും സാഹചര്യമില്ലാത്ത, അതേസമയം തൊഴിൽ വൈദഗ്ധ്യമുള്ള ആയിരക്കണക്കിനാളുകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്.

അവരുടെ കൂട്ടായ്മകളുണ്ടാക്കി ഇന്നത്തെ തൊഴിൽവിപണിക്ക് അനുയോജ്യമായവിധത്തിൽ ആ വൈദഗ്ധ്യം ഉപയോഗിക്കുന്നതാണ് കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിലെ മികച്ച സംരംഭം. അതിഥിത്തൊഴിലാളികൾ എന്ന് നാം വിശേഷിപ്പിക്കുന്ന മറുനാടൻ തൊഴിലാളികൾ ഓരോ വർഷവും ഇവിടെനിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത് കോടികളാണ്. അതായത്, കേരളത്തിലെ ബ്ലൂകോളർ  തൊഴിൽവിപണിയിൽ ധാരാളം സാധ്യതകൾ നിലനിൽക്കുന്നു എന്നർഥം. അതിഥിത്തൊഴിലാളികൾക്കുപകരം ഇത്തരത്തിലുള്ളവരെ നിയോഗിച്ചാൽത്തന്നെ പുനരധിവാസം വലിയൊരുഘട്ടം പൂർത്തിയാവും. പക്ഷേ, ഇതിനുള്ള വലിയ തടസ്സം നമ്മുടെ മാനസികാവസ്ഥതന്നെയാണ്. മരുഭൂമിയിൽ എന്തുജോലിയും ചെയ്യുന്നവർക്കുപോലും സ്വന്തം നാട്ടിൽ അത്രപോലും ക്ലേശമില്ലാത്ത രീതിയിലുള്ള ജോലിചെയ്യാൻ മനസ്സില്ല എന്നതാണ് പ്രശ്നം. അതിഥിത്തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നവരുടെ നിലപാടുകളും മാറണം.