ചൈനയിൽ പതിമ്മൂന്നാം നാഷണൽ പീപ്പിൾസ്‌ കോൺഗ്രസിന്റെ (പാർലമെന്റ്‌) ആദ്യ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കമാകുകയാണ്‌. 2017-ൽ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ 19-ാം ദേശീയ കോൺഗ്രസിനുശേഷം ചേരുന്ന ആദ്യത്തെ പാർലമെന്റ്‌ സമ്മേളനമായതിനാൽ ഇതിന്‌ കൂടുതൽ പ്രാധാന്യമുണ്ട്‌. 2023 വരെ പീപ്പിൾസ്‌ കോൺഗ്രസിന്റെ അഞ്ച്‌ വാർഷിക സമ്മേളനങ്ങളിലൂടെയായിരിക്കും ചൈനീസ്‌ ഗവൺമെന്റ്‌ നയരൂപവത്‌കരണങ്ങളും നിയമനിർമാണവും നടത്തുക. 2980 അംഗങ്ങളുള്ള ഈ ബൃഹദ്‌സഭ ഒത്തുചേരുന്നതിന്റെ അപ്രായോഗികത കണക്കിലെടുത്ത്‌ ഏകദേശം 175 അംഗങ്ങളുള്ള ഒരു സ്റ്റാൻഡിങ്‌ കമ്മിറ്റിയായിരിക്കും പീപ്പിൾസ്‌ കോൺഗ്രസിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുക. നിരവധി മേഖലകളിലെ നിയമനിർമാണത്തിനും നിയമഭേദഗതിക്കും എന്തിന്‌ ഭരണഘടനയിലെ വ്യക്തത പോരാത്ത ഭാഗങ്ങൾ വ്യാഖ്യാനം നടത്താനും സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ അധികാരമുണ്ട്‌.

പീപ്പിൾസ്‌ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തോടു ചേർന്ന്‌ ചൈനീസ്‌ പീപ്പിൾസ്‌ പൊളിറ്റിക്കൽസ്‌ കൺസൾട്ടേറ്റീവ്‌ കോൺഫറൻസിന്റെ വാർഷിക സമ്മേളനവും നടക്കും. കമ്യൂണിസ്റ്റ്‌ പാർട്ടിക്കു പുറമേ മറ്റ്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും സംഘടനകളിലെയും പ്രതിനിധികൾ അടങ്ങുന്ന ഈ ഉപദേശക സമിതിയുടെ തീരുമാനങ്ങൾ പീപ്പിൾസ്‌ കോൺഗ്രസിന്റെ പരിഗണനയ്ക്ക്‌ സമർപ്പിക്കപ്പെടും. 2021-ൽ കമ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തിനു മുൻപായി തീവ്രദാരിദ്ര്യം തുടച്ചുനീക്കാനും ചൈനയെ ഇടത്തരം സമ്പന്നരാജ്യങ്ങളുടെ ശ്രേണിയിലേക്ക്‌ കൊണ്ടുവരാനും 2049-ൽ കമ്യൂണിസ്റ്റ്‌ രാഷ്ട്രസ്ഥാപനത്തിന്റെ നൂറാം വാർഷികമാകുമ്പോഴേക്കും ചൈനയെ ഒരു നവ, സമ്പന്ന സോഷ്യലിസ്റ്റ്‌ രാജ്യമാക്കി മാറ്റാനുമാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്‌. 2030-ഓടെ ചൈന ലോകത്തെ ഏറ്റവും വലിയ സമ്പദ്‌ഘടനയായി മാറാൻ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോൾ കോടികൾ ഇനിയും ദാരിദ്ര്യമുക്തിക്കായി ഉൾനാടുകളിൽ കാത്തിരിക്കുന്നു. ചൈനീസ്‌ സമ്പദ്‌വ്യവസ്ഥയുടെ മൂന്നിൽ ഒന്നിലധികം ഭാഗം ഒരു ശതമാനം ധനികരിൽ നിക്ഷിപ്തമാണ്‌. താഴേക്കിടയിലെ 25 ശതമാനം ദരിദ്രരുടെ പക്കൽ മൊത്തം സമ്പത്തിന്റെ കേവലം ഒരു ശതമാനം മാത്രവും. അതേസമയം 19-ാം പാർട്ടി കോൺഗ്രസിൽ ഷി ജിൻപിങ് പറഞ്ഞ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്‌: 2020-ഓടെ തീവ്രദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പാർട്ടി അഭിമുഖീകരിക്കുന്ന വലിയൊരുപ്രശ്നം മധ്യവർഗത്തിന്റെയും യുവാക്കളുടെയും കൂടുതൽ ഗുണനിലവാരമുള്ള ജീവിത സൗകര്യങ്ങൾക്കായുള്ള അവകാശപ്പെടലാണ്‌.

കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചനിരക്കിനാണ്‌ 2016-ൽ ചൈന സാക്ഷ്യം വഹിച്ചത്‌. 2017-ൽ ഇത്‌ നേരിയതോതിൽ മെച്ചപ്പെട്ടെങ്കിലും വൻതോതിലുള്ള വളർച്ചനിരക്ക്‌ ഇനി കുറേക്കാലം പ്രതീക്ഷിക്കേണ്ടതില്ല. ഈ സാഹചര്യത്തിൽ ചൈനീസ്‌ സമ്പദ്‌വ്യവസ്ഥയെ തളരാതെ നിർത്താനും ഒരു നിശ്ചിത അളവിലെങ്കിലും വളർച്ച ഉറപ്പുവരുത്താനും എടുത്ത നടപടികളിൽ പ്രധാനമാണ്‌. ‘ഒരു ബെൽറ്റ്‌, ഒരു റോഡ്‌ (ബെൽറ്റ്‌ റോഡ്‌ ഇനിഷ്യേറ്റിവ്‌) എന്ന പട്ടുപാതാപദ്ധതി. ഈ പദ്ധതി പ്രകാരം അന്യനാടുകളിൽ ചൈന വികസിപ്പിക്കാനുദ്ദേശിക്കുന്ന റോഡ്‌ - റെയിൽ ശൃംഖലകൾ, തുറമുഖങ്ങൾ, സാമ്പത്തിക ഇടനാഴികൾ തുടങ്ങിയവ വിഭാവനം ചെയ്തിരിക്കുന്നത്‌ പ്രധാനമായും ചൈനയുടെ ഗുണത്തിനാണെന്ന്‌ മനസ്സിലാക്കാൻ പ്രയാസമില്ല. ചൈനീസ്‌ നിക്ഷേപങ്ങൾ കൊണ്ടും ചൈനീസ്‌ വായ്പകൾ കൊണ്ടും ചൈനീസ്‌ നിർമിത സാധനസാമഗ്രികൾ കൊണ്ടും ചൈനീസ്‌ എൻജിനീയർമാരെയും തൊഴിലാളികളെയും ഉപയോഗിച്ച്‌ ചൈനീസ്‌ കമ്പനികൾ തന്നെ വിദേശങ്ങളിൽ പദ്ധതികൾ നടപ്പാക്കുമ്പോൾ ചൈനീസ്‌ അർഥവ്യവസ്ഥയ്ക്ക്‌ ഇത്‌ കുറേക്കാലം കൂടി ഉത്തേജനം നൽകിക്കൊണ്ടിരിക്കും.

രാഷ്ട്രീയമേഖയിൽ പീപ്പിൾസ്‌ കോൺഗ്രസ്‌ എടുക്കുന്ന രണ്ട്‌ പ്രധാന നടപടികൾ ചൈനയ്ക്കും ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങൾക്കും ഏറെ പ്രസക്തിയുള്ളതാണ്‌. ഷി ജിൻപിങ്ങിനെ ‘നവയുഗത്തിനുള്ള ചൈനീസ്‌ പ്രത്യേകതകൾ ഉള്ള സോഷ്യലിസ്റ്റ്‌ സിദ്ധാന്തങ്ങൾ’ രാഷ്ട്രത്തിന്റെ ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെടുമ്പോൾ അദ്ദേഹത്തിന്‌ സർക്കാരിന്റെ പീപ്പിൾസ്‌ ലിബറേഷൻ ആർമിക്കു മുകളിലുള്ള സർവാധിപത്യം ഔദ്യോഗികമായി അംഗീകരിക്കപ്പെടും. 2017 ഒക്ടോബറിലെ 19-ാം പാർട്ടി കോൺഗ്രസിൽ ഈ സിദ്ധാന്തങ്ങൾ പാർട്ടിയുടെ ഭരണഘടനയിൽ ചേർത്തിരുന്നതും ഓർക്കുക. എന്നാൽ ഷി ജിൻപിങ്ങിന്റെ പ്രത്യയശാസ്ത്രങ്ങൾ സാധാരണ ചൈനക്കാരന്റെ ജീവിതത്തിൽ എത്രകണ്ട്‌ ആപേക്ഷികമായ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന്‌ കാത്തിരുന്നു കാണേണ്ടതാണ്‌.

അതിരുകൾ ഇല്ലാത്ത  അധികാരം

ചൈനയിലും വിദേശങ്ങളിലും പക്ഷേ, ഏറ്റവും ശ്രദ്ധയാകർഷിച്ചത്‌ ചൈനീസ്‌ പ്രസിഡന്റിന്‌ രണ്ടു പഞ്ചവത്സര തവണകളിൽ (മൊത്തം പത്തുവർഷം) കൂടുതൽ അധികാരത്തിൽ തുടരാൻ അനുവദിക്കുന്നില്ല എന്നു പ്രതിപാദിക്കുന്ന ഖണ്ഡിക ഭരണഘടനയിൽ നിന്നും നീക്കുന്ന ഭരണഘടനാ ഭേദഗതിയാണ്‌. ഇത്തരമൊരു ഭേദഗതി കൊണ്ടുവരാൻ കമ്യൂണിസ്റ്റ്‌ പാർട്ടി കേന്ദ്രകമ്മിറ്റി കഴിഞ്ഞ ജനുവരിയിൽ തീരുമാനിച്ചിരുന്നെങ്കിലും ചൈനീസ്‌ ജനതയും പുറംലോകവും ഇതറിയുന്നത്‌ കഴിഞ്ഞ ആഴ്ചമാത്രമാണ്‌. പാർട്ടി സെക്രട്ടറിയുടെ രണ്ടാമൂഴാരംഭത്തിൽ തന്നെ സമവായത്തിലൂടെ ഒരു പിൻഗാമിയെ തിരഞ്ഞെടുത്ത്‌ തന്റെ കീഴിൽ ഉപരാഷ്ട്രപതി പോലുള്ള ഒരു പ്രധാന പദവി നൽകി പരിശീലിപ്പിച്ചെടുക്കുന്ന രീതി ഷി ജിൻപിങ്‌ തുടർന്നില്ല. പാർട്ടി സെക്രട്ടറിക്ക്‌ തവണകളുടെ കാര്യത്തിൽ നിബന്ധനകൾ ഇല്ലെങ്കിലും കഴിഞ്ഞ കാൽനൂറ്റാണ്ടിലെ കീഴ്‌വഴക്കം ഒരാൾ രണ്ടുവട്ടത്തിലധികം ആ പദവിയിൽ തുടരാറില്ല എന്നതാണ്‌. (ഇതുതന്നെയായിരുന്നു രാഷ്ട്രപതിയുടെ കാര്യത്തിലും തുടരുന്ന കീഴ്‌വഴക്കം). 

2012-ൽ പാർട്ടി സെക്രട്ടറിയായും 2013-ൽ രാഷ്ട്രപതിയായും ചുമതലയേറ്റശേഷം ജനജീവിതത്തെ സ്പർശിക്കുന്ന എല്ലാ മേഖലയിലും പ്രത്യേകിച്ച്‌ സുരക്ഷാസംബന്ധിയായ കാര്യങ്ങളിൽ, നിരവധി ഉന്നത കമ്മിറ്റികൾക്കും കമ്മിഷനുകൾക്കും രൂപംനൽകുകയും അതിന്റെയെല്ലാം നേതൃസ്ഥാനം ഷി ജിൻപിങ്‌ സ്വയം കൈയിലൊതുക്കുകയും ചെയ്തു. 2016-ൽ പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ‘കോർ ലീഡർ’ എന്ന പദവി സ്വായത്തമാക്കി. 2017-ലെ പാർട്ടി കോൺഗ്രസിനുമുൻപ്‌ മാവോ സേതൂങ്ങിനെപ്പോലുള്ള പരമോന്നത നേതാക്കളെ (ഡെങ്‌ സിയാവോ പിങ്ങിനുപോലും ഉണ്ടായിരുന്നില്ല) മാത്രം ബഹുമാനസൂചകമായി അഭിസംബോധനചെയ്യാൻ ഉപയോഗിക്കുന്നു ‘ലിങ്‌ ശൂ’ എന്ന വിശേഷണവും സ്വീകരിച്ചു.  അഴിമതിയിൽ കുളിച്ചുനിൽക്കുകയായിരുന്ന പാർട്ടിയെയും സർക്കാരിനെയും സംശുദ്ധമാക്കാൻ അദ്ദേഹമെടുത്ത കടുത്ത നടപടികളിൽ പൊളിറ്റ്‌ ബ്യൂറോ സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗങ്ങളായിരുന്ന നേതാക്കളും നിരവധി പി.എൽ.എ. ജനറൽമാരും തുറുങ്കിലടയ്ക്കപ്പെട്ടതോടെ പാർട്ടിയിലും സർക്കാരിലും പട്ടാളത്തിലും അദ്ദേഹത്തിന്റെ സർവാധിപത്യം ഉറപ്പാക്കപ്പെട്ടു.  ഈ അവസരം ഉപയോഗിച്ച്‌ എല്ലാ മേഖലകളിലും താക്കോൽസ്ഥാനങ്ങളിൽ തന്റെ വിശ്വസ്തരെ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന്‌ സാധിച്ചു. 

എന്നാൽ, പ്രസിഡന്റിന്‌ തവണകളുടെ പരിധിയില്ലാതെ തുടരാൻവേണ്ട ഭരണഘടനാ ഭേദഗതിയുടെ വിവരം പുറത്തായതോടെ ചൈനീസ്‌ ജനതയുടെ വൻപ്രതിഷേധം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ ഓൺലൈൻ എഡിഷനുകളിലും  സമൂഹമാധ്യമങ്ങളിലും ആർത്തിരമ്പി. മാവോ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്ക്‌, ഏകാധിപത്യത്തിന്റെ തിരിച്ചുവരവ്‌, നവയുഗ ചക്രവർത്തിയുടെ പിറവി, ഉത്തര കൊറിയയുടെ പിന്തുടർച്ചക്കാരൻ എന്നുതുടങ്ങിയ ശക്തമായ വാക്‌ പ്രയോഗങ്ങൾ നീക്കംചെയ്യാൻ ബന്ധപ്പെട്ടവർക്ക്‌ ബുദ്ധിമുട്ടേണ്ടിവന്നു.  വാർത്തകളിലെ ജനങ്ങളുടെ കമന്റുകൾ നീക്കംചെയ്യൽ, കമന്റുകൾക്കുള്ള ഇടം ഇല്ലാതാക്കൽ, സെർച്ച്‌ എൻജിനുകളിൽ അനുബന്ധ വാക്കുകൾ (Key Words) ബ്ലോക്ക്‌ ചെയ്യൽ എന്നിങ്ങനെ സെൻസർഷിപ്പ്‌  നടപടികൾ ശക്തമായി തുടരുകയാണ്‌. 

മാധ്യമങ്ങളിലെ വിമർശനങ്ങൾ അധികം വൈകാതെ കെട്ടടങ്ങാം.  പക്ഷേ, പാർട്ടി സെക്രട്ടറിക്കും പ്രസിഡന്റിനും ഊഴത്തിന്റെ  നിബന്ധനകളില്ലാതെ തുടരാം എന്നുവരുമ്പോൾ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടായി പാർട്ടിയിൽ നിലനിൽക്കുന്ന അച്ചടക്കം അപകടത്തിലാകും. വിഭാഗീയത വീണ്ടും ശക്തമാകുകയും അധികാര വടംവലികൾ മറനീക്കി പുറത്തുവരികയും ചെയ്യും. ഇന്ന്‌ ജനാധിപത്യ രാജ്യങ്ങളിൽപ്പോലും മുഖ്യ ഭരണാധിപന്റെ വരുതിയിലാണ്‌ ഭരണകക്ഷികൾ നിൽക്കുന്നത്‌. ചൈനയിൽ ജനാധിപത്യമില്ലെന്ന വിമർശനം നിലനിൽക്കുമ്പോഴും അസൂയാവഹമായ ജനാധിപത്യ മര്യാദയും സമവായ രൂപവത്‌കരണവും ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പൊളിറ്റ്‌ ബ്യൂറോയിലും പി.ബി. സ്റ്റാൻഡിങ്‌ കമ്മിറ്റിയിലും കഴിഞ്ഞ കാൽനൂറ്റാണ്ടായി നിലനിന്നിരുന്നു.  അതിന്റെ അന്ത്യവും ഷി ജിൻപിങ്ങിന്റെ കൈകൾ കൊണ്ടാകാനാവും വിധി.

# (കൊച്ചി സി.പി.പി.ആറിൽ സീനിയർ ഫെലോയും ചൈനയ​ിലെ ഇന്ത്യൻ കോൺസുലേറ്റ്‌ മുൻ  ഉദ്യോഗസ്ഥനുമാണ്‌ ലേഖകൻ)