ഇക്കഴിഞ്ഞ മഴക്കാലസമ്മേളനത്തിൽ ഒട്ടേറെ ബില്ലുകൾ ബഹളത്തെ അവഗണിച്ചുകൊണ്ട് പാസാക്കപ്പെട്ട അന്തരീക്ഷത്തിലാണ് അനാഥമായിക്കിടക്കുന്ന വനിതാസംവരണബില്ലിനെപ്പറ്റി ഞാൻ ചിന്തിച്ചത്. ഈ ബിൽ പാർലമെന്റിനുമുന്നിലെത്തിയിട്ട് കാൽനൂറ്റാണ്ടാകുന്നു. എന്നാൽ, ഇനിയും  അതിന് ശാപമോക്ഷം കിട്ടിയിട്ടില്ല. വനിതാബിൽ ഓരോ തവണയും പാർലമെന്റിൽ തടയപ്പെട്ടത് നിക്ഷിപ്തതാത്പര്യക്കാരിൽനിന്നുള്ള എതിർപ്പിനെത്തുടർന്നാണ് എന്നതാണ് സത്യം.

അല്പം ചരിത്രം

1996 സെപ്റ്റംബർ 12-ന് ദേവഗൗഡ സർക്കാരിന്റെ കാലത്താണ് 81-ാമത് ഭരണഘടനാഭേദഗതിയായി, ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക്‌ 33 ശതമാനം സംവരണം നിർദേശിക്കുന്ന ബിൽ ആദ്യമായി ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്. എന്റെ പിതാവ് എം.പി. വീരേന്ദ്രകുമാർ അന്ന് മന്ത്രിസഭയിൽ അംഗമായിരുന്നു. ചർച്ചയ്ക്കിടയിൽവന്ന അഭിപ്രായങ്ങളെത്തുടർന്ന് കൂടുതൽ കൃത്യതവരുത്താനായി ബിൽ ജോയന്റ് പാർലമെന്ററി കമ്മിറ്റിക്ക്‌ വിട്ടു. ഡിസംബറോടെ കമ്മിറ്റി പാർലമെന്റിന്‌ റിപ്പോർട്ടുനൽകിയെങ്കിലും ബിൽ സഭയിൽ എടുക്കുന്നതിനുമുമ്പ് പതിനൊന്നാം ലോക്‌സഭ പിരിച്ചുവിടപ്പെട്ടു.തുടർന്ന് അടൽ ബിഹാരി വാജ്‌പേയി സർക്കാർ  1998 ഡിസംബറിലും അതേ നിർദേശങ്ങളോടെ ബിൽ കൊണ്ടുവന്നു. പക്ഷേ, ഭൂരിപക്ഷമില്ലാതെ സർക്കാർ വീണപ്പോൾ 12-ാം ലോക്‌സഭ പിരിച്ചുവിടപ്പെട്ടു. അങ്ങനെ ആ ശ്രമം ഒരിക്കൽക്കൂടി പാഴായി. 1999 ഡിസംബർ 23-ന് വാജ്‌പേയി സർക്കാർതന്നെ മറ്റൊരു ശ്രമംകൂടി നടത്തി. എന്നാൽ, രാഷ്ട്രീയസമന്വയമില്ലെന്ന കാരണം പറഞ്ഞ് ആ ഉദ്യമവും ഉപേക്ഷിക്കപ്പെട്ടു.
2008 മേയിലാണ് തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കാനായി മൻമോഹൻസിങ്‌ സർക്കാരിന്റെ കാലത്ത് വീണ്ടുമൊരു നീക്കമുണ്ടായത്. കൂടുതൽ വ്യക്തതവരുത്താനായി ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കുവിട്ടു. കമ്മിറ്റിറിപ്പോർട്ടിനുശേഷം തിരിച്ചുവന്ന ബിൽ 2010-ൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് രാജ്യസഭയിൽ പാസായി. എന്നാൽ, ലോക്‌സഭയിലേക്കയക്കപ്പെട്ട ബിൽ, 15-ാമത്‌ ലോക്‌സഭാകാലാവധി കഴിയുന്നതുവരെ അവതരിപ്പിക്കപ്പെടാതിരുന്നതിനാൽ അസാധുവായി. തുടർന്നിങ്ങോട്ട്  ബില്ലിന്റെ കാര്യത്തിൽ ക്രിയാത്മകമായ ഒരു സമീപനവുമുണ്ടായിട്ടില്ല.

എതിർപ്പുകളും കൈയാങ്കളികളും

ഇതുമായി ബന്ധപ്പെട്ട് രസകരമായ ഒരു സംഭവം ഞാനോർത്തുപോവുകയാണ്. 2008 മേയിൽ കടുത്ത പ്രതിഷേധത്തിനിടയിൽ കേന്ദ്രസർക്കാർ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്ലവതരണം തടസ്സപ്പെടുത്താൻ എസ്.പി. അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് പാഞ്ഞെത്തി. അന്നത്തെ നിയമമന്ത്രിയായിരുന്ന എച്ച്.ആർ. ഭരദ്വാജിൽനിന്ന് ബില്ലിന്റെ കോപ്പി തട്ടിപ്പറിക്കാൻ എസ്.പി. നേതാവ് അബു അസിം ആസ്മിയും കൂട്ടരും ശ്രമിച്ചു. വനിതാ-ശിശു ക്ഷേമ മന്ത്രിയായിരുന്ന രേണുക ചൗധരി ആസ്മിയെ തള്ളിമാറ്റി. നടുവിലത്തെ ട്രഷറിബെഞ്ചിലിരുന്ന മന്ത്രിയുടെ ഇരുവശത്തുമായി വനിതാമന്ത്രിമാരായ കുമാരി ഷെൽജയും അംബിക സോണിയുമുണ്ടായിരുന്നു. കോൺഗ്രസിലെ വനിതാ പാർലമെന്റേറിയന്മാരായ ജയന്തി നടരാജനും അൽക ബൽറാം ക്ഷത്രിയയും കൂടുതൽ സുരക്ഷനൽകാൻ മന്ത്രിക്കരികിലെത്തി.

രണ്ടുപതിറ്റാണ്ടുമുമ്പ് ഈ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതുമുതൽ മാറിമാറി വന്ന സർക്കാരുകൾ പ്രതിപക്ഷപാർട്ടികളിൽനിന്ന് എത്രമാത്രം എതിർപ്പും സഭാചട്ടങ്ങൾക്കുവിരുദ്ധമായ ഭാഷയും കൈയാങ്കളിയുമൊക്കെ നേരിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് ഞാനിത് ഓർമിച്ചെടുത്തത്. പൊതുനിലപാടുകൾക്കപ്പുറം രാജ്യത്തെ രാഷ്ട്രീയ ഇടങ്ങൾ പ്രത്യയശാസ്ത്രവ്യത്യാസമില്ലാതെ പുരുഷാധിപത്യ, പുരുഷമേൽക്കോയ്മവാദ സ്വഭാവമുള്ളതാണെന്നതു വ്യക്തമാണ്.  ഈ അവസരത്തിൽ മറ്റുപല എം.പി.മാരും ഉന്നയിച്ച ഒരു സുപ്രധാന വിഷയം ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാർലമെന്റിന്റെ ഇക്കഴിഞ്ഞ മഴക്കാലസമ്മേളനത്തിൽ അംഗീകരിച്ച 18 ബില്ലുകളിൽ 16 എണ്ണവും പാസാക്കിയെടുക്കാൻ പാർലമെന്റിന്റെ ഇരുസഭയിലും ഓരോന്നിനും പത്തുമിനിറ്റിലേറെയെടുത്തില്ല. ഇക്കാര്യത്തിൽ ചർച്ചനടത്തുകയെന്ന ജനാധിപത്യമര്യാദ സർക്കാർ കൈക്കൊണ്ടില്ല. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഒരു കറുത്ത ഏട്.

അർഥമില്ലാത്ത വാദങ്ങൾ

വനിതാസംവരണം സംബന്ധിച്ച പ്രധാന എതിർപ്പ്, സംവരണത്തിന്‌ പിന്നാക്കസമുദായത്തിലും പട്ടികജാതി  വർഗത്തിലുംപെടുന്ന സ്ത്രീകൾക്ക്‌ സംവരണമുണ്ടായിരിക്കണമെന്ന ആവശ്യമാണ്. പ്രസ്തുത ക്വാട്ട വിവിധ ജാതികൾക്കും വർഗങ്ങൾക്കും തുല്യമായി ഭാഗിക്കപ്പെടണമെന്ന ഈ കൗശലപരമായ ന്യായത്തിന്മേലാണ് ബിൽ എതിർക്കപ്പെടുന്നത്. ചരിത്രപരമായി അടിച്ചമർത്തപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരംവേണമെന്ന ആവശ്യം സ്ത്രീകളുടെ വിഷയത്തിൽമാത്രമേ ഉയർന്നുകേൾക്കാറുള്ളൂ. എന്തുകൊണ്ട് പുരുഷന്മാരുടെ പ്രാതിനിധ്യ വിഷയത്തിലേക്കുകൂടി ഈ പരിഗണനയുടെ കരങ്ങൾ നീട്ടിക്കൂടാ? ഒരു മണ്ഡലം സ്ഥിരമായി സ്ത്രീകൾക്ക്‌ സംവരണംചെയ്യുന്നതിനുപകരം ഓരോ തിരഞ്ഞെടുപ്പിലും സംവരണമണ്ഡലങ്ങൾ മാറുന്നതാണ് ബില്ലിലെ വ്യവസ്ഥ. ലിംഗാടിസ്ഥാനത്തിൽ സ്ഥാനാർഥിമാറുന്നത് മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലുള്ള സ്ഥാനാർഥിയുടെ താത്പര്യം കുറയ്ക്കുമെന്ന ഒരു വാദമുണ്ട്. സ്ത്രീകളുടെ ക്വാട്ട ബന്ധുക്കളും ശക്തരായ രാഷ്ട്രീയനേതാക്കളുടെ ബിനാമികളും ചേർന്ന് തട്ടിയെടുക്കും എന്നതാണ് മറ്റൊരു വാദം. ഇത്‌ ഉന്നയിക്കുന്നവർ  പുരുഷന്മാരുടെ കാര്യത്തിലും ഇത് സാധ്യമാണെന്ന കാര്യം സൗകര്യപൂർവം മറന്നു.

2014-ലും 2019-ലും ബി.ജെ.പി. അവരുടെ തിരഞ്ഞെടുപ്പുപ്രകടനപത്രികയിൽ വനിതാസംവരണബിൽ വാഗ്ദാനംചെയ്തിരുന്നതാണ്. തർക്കങ്ങൾ നിറഞ്ഞതും വിവാദപരവുമായ ബില്ലുകൾ വലിയ സാഹസത്തോടെ സഭയിലവതരിപ്പിച്ച് തന്ത്രങ്ങൾ മെനഞ്ഞ് പാസാക്കിയ ബി.ജെ.പി. സർക്കാർ വനിതാസംവരണബില്ലിന്റെ കാര്യത്തിൽ മൗനംപാലിക്കുന്നത് എന്തുകൊണ്ടാണ്. അഭിപ്രായ ഐക്യമില്ല എന്നുപറഞ്ഞ്‌ ഒഴിഞ്ഞുമാറാനാകില്ല. ഇക്കഴിഞ്ഞ മഴക്കാലസമ്മേളനത്തിൽ പാസാക്കിയ എത്ര ബില്ലുകളിൽ അഭിപ്രായ ഐക്യമുണ്ടായിരുന്നു.

സ്ത്രീസംവരണം സ്വാഭാവികനീതി

ഗ്ലോബൽ ജെൻഡർ ഗ്യാപ് 2021 റിപ്പോർട്ട്, ഇന്ത്യയിൽ സ്ത്രീകളുടെ രാഷ്ട്രീയശാക്തീകരണ സൂചിക 13.5 ശതമാനം താഴ്ന്നുവെന്ന് കാണിക്കുന്നു. വനിതാമന്ത്രിമാരുടെ എണ്ണം 2019-ൽ 23.1 ശതമാനമുണ്ടായിരുന്നത് 2021-ൽ 9.1 ശതമാനമായി കുറഞ്ഞു.  നിയമസഭകളിലും പാർലമെന്റിലും സ്ത്രീകളുടെ എണ്ണം കുറവാണെന്ന് സർക്കാർ സാമ്പത്തികസർവേകളും രേഖപ്പെടുത്തിയിട്ടുണ്ട്. 

ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ പഞ്ചായത്തീരാജിലെ വനിതാപ്രതിനിധികൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് കുറേക്കൂടി വിശാലമേഖലയിൽ പ്രവർത്തിക്കണമെന്നുണ്ട്. പക്ഷേ, രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയഘടന അവർക്കുതടസ്സം സൃഷ്ടിക്കുന്നു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പരാധീനത, പുരുഷാധിപത്യം എന്നിവയാണ് രാഷ്ട്രീയാധികാരത്തിലേക്കുവരുന്നതിൽ അവർ നേരിടുന്ന പ്രതിബന്ധങ്ങൾ.സ്ത്രീപുരുഷ തുല്യത, കഴിവ് പ്രകടിപ്പിക്കാനുള്ള  സ്ത്രീകളുടെ അവകാശം, സ്വയം പ്രതിനിധാനം ചെയ്യാനും തീരുമാനമെടുക്കാനുമുള്ള അവളുടെ അധികാരം എന്നിവയാണ് സ്ത്രീശാക്തീകരണത്തിന്റെ അടിസ്ഥാനഘടകങ്ങൾ. രാജ്യത്തെ സംബന്ധിച്ച തീരുമാനങ്ങളിൽ സ്ത്രീകളുടെ അഭിപ്രായത്തിന്റെ അഭാവം പ്രകടമാണ്. രാജ്യത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ സ്ത്രീകൾ വലിയതോതിൽ പൊതുധാരയിലേക്കുവരുകയും  പുതിയ തലമുറയെ രാഷ്ട്രനിർമാണത്തിന്റെ ദേശീയധാരയിലേക്ക്‌ ആകർഷിക്കുകയും വേണം.

പ്രചോദനം പഞ്ചായത്തീരാജ്‌

നരസിംഹറാവു സർക്കാരിന്റെ കാലത്ത്, 1992 ഡിസംബറിൽ പാസാക്കിയ 73, 24 ഭരണഘടനാഭേദഗതികളാണ് സ്ത്രീശാക്തീകരണത്തിന് ലോക്‌സഭയിലും സംസ്ഥാനനിയമസഭകളിലും വനിതാസംവരണം വേണമെന്ന ആശയം കൊണ്ടുവന്നത്.  തദ്ദേശസ്വയംഭരണ സമിതികളിൽ മൂന്നിലൊന്ന് വനിതാ സംവരണം ഉറപ്പാക്കുന്നതാണ് ഈ ഭേദഗതിബില്ലുകൾ. ത്രിതല പഞ്ചായത്തിന്റെ എല്ലാതലങ്ങളിലും അധ്യക്ഷന്മാരിൽ മൂന്നിലൊന്ന്‌ വനിതകളായിരിക്കണമെന്നും ആ ഭരണഘടനാഭേദഗതി നിർദേശിച്ചിരുന്നു. സംസ്ഥാനനിയമസഭകളിലും ലോക്‌സഭയിലും മൂന്നിലൊന്നുസീറ്റുകൾ വനിതകൾക്ക്‌ സംവരണംചെയ്യണം എന്ന ആവശ്യം ഈ നിയമനിർമാണത്തിനുപിന്നാലെയാണ് ശക്തിപ്പെട്ടത്.
 മൂന്നുപതിറ്റാണ്ടിലേറെയായി പഞ്ചായത്തീരാജ് സംവിധാനം സമൂഹത്തിലെ താഴേക്കിടയിലുള്ള സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ വലിയ സംഭാവനയാണ്  നൽകിയിട്ടുള്ളത്. ചില സംസ്ഥാനങ്ങൾ സ്ത്രീകൾക്ക് പഞ്ചായത്തുകളിൽ 50 ശതമാനംവരെ സംവരണം നൽകുന്നുണ്ട്. പാർട്ടികൾ സംഘടനാതലത്തിൽ ഇതുമായി ബന്ധപ്പെട്ടുനടത്തുന്ന പരിഷ്കാരങ്ങൾ സ്ത്രീസംവരണബില്ലിന് ശക്തിപകരും. ഇന്ത്യൻ സാഹചര്യത്തിൽ സംവരണം സാമൂഹികവളർച്ചയ്ക്ക്‌ ഉത്തേജകശക്തിയാണ്. ശതാബ്ദങ്ങളായുള്ള അടിച്ചമർത്തപ്പെട്ട അവസ്ഥയിൽനിന്ന്‌ അവശ വിഭാഗങ്ങളെ ഉദ്ധരിക്കാനുള്ള മാർഗങ്ങളിലൊന്നാണിത്.

നിയമനിർമാണത്തിലെ വനിതാപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെയും അതുവഴി ഭരണനിയന്ത്രണത്തിൽ പങ്കാളിയാക്കുന്നതിലൂടെയുമാണ് സ്ത്രീശാക്തീകരണം യഥാർഥത്തിൽ നടപ്പാകുക. സാമൂഹിക-ലിംഗ നീതി ഉറപ്പുവരുത്തുന്നതുമാത്രമല്ല, സ്ത്രീകളാണ് രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയോളം വരുന്നതെന്ന് അംഗീകരിക്കുകകൂടിയാവുമിത്. ഈയൊരൊറ്റ മാനദണ്ഡംമതി അവർക്ക് ആനുപാതികമായുള്ള പ്രാതിനിധ്യത്തിനുള്ള യോഗ്യത നേടാൻ. ഭരണനിർവഹണത്തിൽ പുരുഷന്മാരെപ്പോലും പിന്നിലാക്കിക്കൊണ്ട് വനിതകൾ നയിക്കുന്ന ഒട്ടേറെ പഞ്ചായത്തുകൾമതി ഇതിനു തെളിവായി. ഈ പശ്ചാത്തലത്തിൽവേണം ലേഖനത്തിന്റെ തുടക്കത്തിൽ ഉദ്ധരിച്ച  ഒബാമയുടെ വാക്കുകൾ സ്മരിക്കാൻ. പിൻകുറിപ്പ്: സ്ത്രീശാക്തീകരണമാണ് വനിതാസംവരണത്തിന്റെ ആത്യന്തികലക്ഷ്യം. കേൾക്കുമ്പോൾ നിസ്സാരമെന്നുതോന്നുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടാം: സ്ത്രീകളുടെ വസ്ത്രങ്ങളിൽ പോക്കറ്റുകൾ പ്രത്യക്ഷപ്പെട്ടത് സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യലക്ഷണങ്ങളിൽ ഒന്നായാണ് സാമൂഹികശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിനുശേഷമായിരുന്നു ഈ പരിഷ്കാരം. സാമ്പത്തികമായി സ്ത്രീയും സ്വതന്ത്രമാവുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു ആ പോക്കറ്റുകൾ. പുരുഷനിൽനിന്നുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അടയാളമാണവ. അതുകൊണ്ടുതന്നെ പാന്റ്‌സിലോ ചുരിദാറിലോ ജാക്കറ്റിലോ ഏതൊരു വസ്ത്രത്തിലോ തുന്നിപ്പിടിപ്പിച്ച പോക്കറ്റുകൾ ശാക്തീകരിക്കപ്പെട്ട ബോധം അവൾക്കുനൽകുന്നു. ഒരു പോക്കറ്റിന് സ്ത്രീകളിൽ ഇത്രമാത്രം ആത്മവിശ്വാസം പകരാനാകുമെങ്കിൽ പാർലമെന്റിൽ അവർക്ക് ലഭിക്കുന്ന അർഹതപ്പെട്ട സംവരണം സ്ത്രീയെ എത്രമാത്രം ശക്തിപ്പെടുത്തുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ!

 ‘സ്ത്രീകളുടെ വിജയത്തെ ഭയപ്പെടണമെന്ന് പുരുഷന്മാരെ പഠിപ്പിക്കുന്ന മനോഭാവം മാറ്റേണ്ടിയിരിക്കുന്നു’ -യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ