രാഹുൽഗാന്ധി രാജിവെച്ച് രണ്ടുമാസമായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസിനു സാധിച്ചിട്ടില്ല. അനിശ്ചിതമായ ഭാവിക്കുമുന്നിൽ പാർട്ടി പകച്ചുനിൽക്കുകയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നേതൃശൂന്യത പാർട്ടിക്കകത്ത് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാധ്യമങ്ങളിൽ പാർട്ടിയെക്കുറിച്ചുള്ള ഊഹാപോഹക്കഥകളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. കർണാടകത്തിലെയും ഗോവയിലെയും സംഭവവികാസങ്ങൾകൂടിയായപ്പോഴേക്കും പാർട്ടിക്ക്‌ നിത്യേനയെന്നോണമാണ് ചരമക്കുറിപ്പുകൾ ചമയ്ക്കപ്പെടുന്നത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലേറ്റ ആഘാതത്തിൽനിന്നു മുക്തരായിട്ടില്ലാത്ത കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം ഇതോടെ ഇനിയും ചോരുമെന്നതാണു കഷ്ടം. കോൺഗ്രസിനോടു കൂറുപുലർത്തുന്ന പൗരന്മാരുടെ ബൃഹദ്‌സഞ്ചയം(രാജ്യത്തെ വോട്ടർമാരിൽ 20 ശതമാനത്തോളം) നിരാശയിലാവുകയുംചെയ്യുന്നു.

തിരിച്ചുവരുകതന്നെ ചെയ്യും

എന്നാൽ, കോൺഗ്രസിനെ അങ്ങനെയാരും എഴുതിത്തള്ളേണ്ടതില്ല. ഭരണകക്ഷിയായ ബി.ജെ.പി.ക്കു ബദലാവാൻ കഴിയുന്ന, ദേശവ്യാപകസാന്നിധ്യമുള്ള മറ്റൊരു രാഷ്ട്രീയകക്ഷിയും ഇവിടെയില്ല. മറ്റു പാർട്ടികളൊക്കെ ഒന്നോ അതല്ലെങ്കിൽ രണ്ടോ സംസ്ഥാനങ്ങളിൽമാത്രം സാന്നിധ്യമുള്ളവയാണ്. കോൺഗ്രസിന്റെ ആദർശസംഹിതയിലടങ്ങിയിട്ടുള്ള സർവാശ്ലേഷദർശനം കടംകൊള്ളാതെ ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ  നിലനിൽപ്പില്ല. അതേസമയം, സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മാർഗം താമസംവിനാ രൂപപ്പെടുത്താനും പാർട്ടിക്ക് സാധിക്കേണ്ടതുണ്ട്. 
ഇപ്പോഴത്തെ പ്രതിസന്ധി കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമല്ല. 1977-ലും 1989-ലും പാർട്ടിക്ക് തിരഞ്ഞെടുപ്പുതിരിച്ചടിയുണ്ടായിട്ടുണ്ട്; 1996 മുതൽ 2004 വരെ പാർട്ടി രാഷ്ട്രീയവനവാസത്തിലായിരുന്നു; ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും നിഷ്ഠുരമായി കൊലചെയ്യപ്പെട്ട സമയത്ത് നേതൃത്വപ്രതിസന്ധിയും നേരിടേണ്ടിവന്നു. പക്ഷേ, ഈ പ്രതിസന്ധികളെ മറികടക്കാനും പുതിയ രാഷ്ട്രീയസാഹചര്യങ്ങൾക്കനുസൃതമായി സ്വയം പരിവർത്തിപ്പിക്കാനും വിജയാരവങ്ങളിലേക്കു മടങ്ങിവരാനും ഓരോതവണയും കോൺഗ്രസിനു സാധിച്ചിട്ടുണ്ട്.

അനിവാര്യമായ സംഘടനാ തിരഞ്ഞെടുപ്പ്

ഇപ്പോഴത്തെ പ്രതിസന്ധി തരണംചെയ്യാൻ പാർട്ടി കണിശമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? പാർട്ടിയിലെ പരമോന്നതമായ പ്രവർത്തകസമിതി(സി.ഡബ്ല്യു.സി.) ഒരു ഇടക്കാല അധ്യക്ഷനെ കണ്ടെത്തുക, അതിനുശേഷം നിലവിലെ പ്രവർത്തകസമിതിതന്നെ പിരിച്ചുവിട്ട് പാർട്ടിയിലെ പ്രധാന നേതൃ പദവികളിലേക്കൊക്കെ(സി.ഡബ്ല്യു.സി.യിലേക്കുൾപ്പെടെ) തിരഞ്ഞെടുപ്പ് നടത്തുക -ഇതാണ് സാധ്യമായ ഒരു വഴി. ഉയർന്ന സംഘടനാപദവികൾ വഹിക്കേണ്ടവരെ തിരഞ്ഞെടുക്കാൻ, എ.ഐ.സി.സി.- പി.സി.സി. പ്രതിനിധികൾവഴി പാർട്ടിയംഗങ്ങൾക്ക് അവസരം ലഭിക്കട്ടെ. അത്തരമൊരു പ്രക്രിയയിലൂടെ നേതൃസ്ഥാനങ്ങളിലേക്കുവരുന്നവർക്ക് ആർജവത്തോടെ പാർട്ടിയെ നയിക്കാനാവും. പാർട്ടിയുടെ അടിത്തട്ടിൽനിന്നുള്ള പിൻബലം തങ്ങൾക്കുണ്ടെന്ന ആത്മവിശ്വാസം അവർക്ക് മുതൽക്കൂട്ടാവും.  ഗുണപരമായ ഫലങ്ങൾ വേറെയും അതുകൊണ്ടുണ്ടാവും. ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയിൽ അടുത്തിടെ നടന്ന നേതൃമത്സരം നേടിയ ലോകശ്രദ്ധ നാം കണ്ടതാണ്. കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പു നടന്നാൽ അതു രാജ്യത്താകമാനം പാർട്ടിയെ ശ്രദ്ധാകേന്ദ്രമാക്കുകയും കൂടുതൽ വോട്ടർമാരെ പാർട്ടിയിലേക്ക് ആകർഷിക്കുകയുംചെയ്യും.

വേണ്ടത് വ്യക്തിപ്രഭാവവും സംഘടനാവൈഭവവുള്ള അധ്യക്ഷൻ

സ്വാഭാവികമായും ഏറ്റവുമാദ്യംവേണ്ടത് പാർട്ടിയധ്യക്ഷപദത്തിലേക്ക് ആളെ കണ്ടെത്തുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പദവി ഏറ്റെടുക്കുന്നയാൾക്ക് പാർട്ടിപ്രവർത്തകരെ ഉത്തേജിപ്പിക്കുക, വോട്ടർമാരെ ആകർഷിക്കുക എന്നീ രണ്ടു കർത്തവ്യങ്ങൾ നിറവേറ്റേണ്ടിവരും. പുതിയ അധ്യക്ഷൻ/അധ്യക്ഷ സംഘടനാപാടവംമാത്രമുള്ളയാളാണെന്നു കരുതുക. പ്രവർത്തകരെ ആവേശംകൊള്ളിക്കാനും സംഘടന ശക്തിപ്പെടുത്താനും കഴിഞ്ഞേക്കുമെങ്കിലും ആ വ്യക്തിക്ക് കൂടുതൽ വോട്ടർമാരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിച്ചെന്നുവരില്ല. വ്യക്തിപ്രഭാവം കൈമുതലായുണ്ടെങ്കിലും സംഘടനാവൈഭവമില്ലാത്തൊരാളാണ് പുതിയ അധ്യക്ഷൻ/അധ്യക്ഷ എന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ആ വ്യക്തിക്ക് വോട്ടർമാരെ ആകർഷിക്കാനാവും; പക്ഷേ, ആ പ്രക്രിയയിൽ പാർട്ടിസംവിധാനത്തെ ഒപ്പംനിർത്താനാവാതെവരുകയും തദ്വാരാ തന്റെ വ്യക്തിപ്രഭാവത്തെ വോട്ടാക്കിമാറ്റുന്നതിൽ പരാജയമടയുകയുംചെയ്യും. 

പ്രിയങ്കയ്ക്ക് കഴിയും

വിരക്തി ബാധിച്ചിട്ടില്ലാത്തൊരു യുവനേതാവ് അധ്യക്ഷപദവിയിലേക്കു വരുന്നതാണു നല്ലത്. മേൽപ്പറഞ്ഞ രണ്ടു ദൗത്യങ്ങളും ഒന്നിച്ചേറ്റെടുക്കാൻ അങ്ങനെയൊരാളാണുവേണ്ടത്. അതിനുപറ്റിയ ഒരു സ്ഥാനാർഥി എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും രാഹുൽഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്കാഗാന്ധിയാണ്. അവർ ആ പദവിയിലേക്കു വരണമെന്ന് പാർട്ടിക്കകത്തു പലരും താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. സംഘടനാതിരഞ്ഞെടുപ്പിന്റെ ഔദ്യോഗികവിജ്ഞാപനംവരുമ്പോൾ പ്രിയങ്ക അധ്യക്ഷസ്ഥാനാർഥിയായി രംഗത്തെത്തുമെന്നുതന്നെയാണ് ഈ ലേഖകന്റെ പ്രതീക്ഷ.
ഉജ്ജ്വലമായ വ്യക്തിപ്രഭാവത്തിനുടമയാണ് പ്രിയങ്ക. ഇക്കാര്യത്തിൽ മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുമായി അവരെ താരതമ്യംചെയ്യാൻ പലരും ശ്രമിക്കാറുണ്ട്.

ഈ വ്യക്തിപ്രഭാവമുപയോഗിച്ച് പാർട്ടിപ്രവർത്തകരെയും വോട്ടർമാരെയും ഒരുപോലെ ആകർഷിക്കാൻ പ്രിയങ്കയ്ക്കു സാധിക്കും. അതേസമയംതന്നെ, സംഘടനാപ്രവർത്തനരംഗത്ത് വിപുലമായ പരിചയം അവർ ആർജിച്ചിട്ടുമുണ്ട്. പാർട്ടിയിലെ സ്വാധീനശക്തിയുള്ള വ്യക്തിയായി അവർ കുറേക്കാലമായി രംഗത്തുണ്ട്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകാലത്ത് ഉത്തർപ്രദേശിൽ പാർട്ടിക്കുവേണ്ടി അടിസ്ഥാനതലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ അനുഭവക്കരുത്തും അവർക്കുണ്ട്. 

എന്നാൽ, നെഹ്രു-ഗാന്ധി കുടുംബത്തിൽനിന്നുള്ള ആരും തന്റെ പിൻഗാമിയാവേണ്ട എന്ന രാഹുൽഗാന്ധിയുടെ പ്രസ്താവന പ്രിയങ്കയുടെ സാധ്യത തള്ളിക്കളയുന്നു. ഇക്കാര്യത്തിൽ ഏകകണ്ഠമായ ഒരു തീരുമാനം നെഹ്രു-ഗാന്ധി കുടുംബത്തിൽനിന്നുതന്നെയാണുണ്ടാവേണ്ടത്. അതെന്തായാലും ഒരു തിരഞ്ഞെടുപ്പുപ്രക്രിയയിലൂടെ പുതിയ അധ്യക്ഷനെ/അധ്യക്ഷയെ കണ്ടെത്തുന്നതാണ് ആരോഗ്യകരമായ മാതൃക.

ഇപ്പറഞ്ഞതൊക്കെ ഈ ലേഖകന്റെ വ്യക്തിപരമായ നിർദേശങ്ങളാണ്. ഇപ്പോഴത്തെ നേതൃപ്രതിസന്ധി പരിഹരിക്കുകയും പാർട്ടിയുടെ ഉന്നതശ്രേണികളിലുള്ള നേതാക്കളെ നിശ്ചയിക്കുന്നതിൽ സാധാരണ പ്രവർത്തകർക്ക് നിർണായകപങ്കുണ്ടാവുന്ന ഒരു സംവിധാനം രൂപപ്പെടുത്തുകയുംവേണം. കോൺഗ്രസിന്റെ ചരിത്രത്തിൽ പല ‘കറുത്തരാത്രി’കളുമുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കായി ഒരു നാടിനെയൊന്നടങ്കം അണിനിരത്തിയ, സ്വാതന്ത്ര്യാനന്തരകാലത്തെ പ്രക്ഷുബ്ധമായ മാറ്റങ്ങളിലൂടെ ഈ രാഷ്ട്രത്തെ മുന്നോട്ടുനയിച്ച, ഈ മണ്ണിന്റെ ആത്മാവിനെ ഉത്കൃഷ്ടമായ മൂല്യങ്ങളിൽ അടിയുറപ്പിച്ചുനിർത്തിയ പ്രസ്ഥാനത്തിന് ഈ ‘രാത്രി’യെയും അതിജീവിക്കാൻകഴിയുമെന്നാണ് എന്റെ ശുഭപ്രതീക്ഷ. ഒരു പുതിയ പ്രഭാതത്തിലേക്ക് കോൺഗ്രസും ഈ രാഷ്ട്രവും ഉണരുകതന്നെ ചെയ്യും.

Content Highligts: will have a better future for Congress party