ടതുപക്ഷത്തിന് യോജിക്കാനാകാത്ത ഒട്ടേറെ തെറ്റുകുറ്റങ്ങളുള്ള പാർട്ടിയാണ് കോൺഗ്രസ്. പക്ഷേ, ഇന്ത്യയിലാകമാനം സാന്നിധ്യമുള്ള ഏറ്റവും വലിയ മതേതരപ്പാർട്ടി ഇന്നും അതുതന്നെയാണ്. ആ പാർട്ടി തകർന്നാലുണ്ടാകുന്ന ശൂന്യതനികത്താൻ ഇടതുപക്ഷത്തിന് കെല്പുണ്ടായിരുന്നെങ്കിൽ, അതിനെക്കാൾ സ്വീകാര്യമായ മറ്റൊന്നില്ല. പക്ഷേ, കേരളമല്ല ഇന്ത്യ.  ഇന്ത്യൻ യാഥാർഥ്യം മറ്റൊന്നാണ്

നെഹ്രുവിനോട് നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, ഇന്ത്യയെ കണ്ടെത്താൻ നെഹ്രു നടത്തിയ നിരങ്കുശമായ ആത്മാർപ്പണത്തെ അവഗണിക്കാൻ നിങ്ങൾക്കാവില്ല. ആ കണ്ടെത്തലിന്റെ സാരാംശംകണക്കെ നെഹ്രു പറഞ്ഞു: ‘മതേതരത്വം മരിച്ചാൽ ഇന്ത്യ മരിക്കും’. മതേതരത്വത്തോട് ആശയപരമായും രാഷ്ട്രീയമായും പൊരുത്തപ്പെടാനാവാത്ത ശക്തികളാണ്‌ ചരിത്രത്തിലെ നെഹ്രുവിന്റെ സ്ഥാനത്തെ ഭയപ്പെടുന്നത്. ഇടതുപക്ഷവും നെഹ്രുവും തമ്മിൽ കലഹിച്ച സന്ദർഭങ്ങൾ വിരളമല്ല. എന്നാൽ, ചരിത്രത്തിലെ നെഹ്രുവിന്റെ സ്ഥാനത്തെ തുടച്ചുമാറ്റി അവിടെ മറ്റാരെയെങ്കിലും പ്രതിഷ്ഠിക്കാനുള്ള തീവ്രവലതുപക്ഷത്തിന്റെ നീക്കങ്ങളോട് സന്ധിചെയ്യാൻ ഇടതുപക്ഷത്തിന് ഒരിക്കലും കഴിയില്ല. ഇന്ത്യയുടെ മതേതര, ജനാധിപത്യ അടിത്തറ പണിതതിലും അമൂർത്തമാണെങ്കിലും സോഷ്യലിസ്റ്റ് ലക്ഷ്യം പ്രഖ്യാപിച്ചതിലും നെഹ്രുവിന്റെ ചരിത്രവീക്ഷണവും ദർശനവുംവഹിച്ച പങ്ക് ആർക്കും അവഗണിക്കാൻകഴിയില്ല. നിർഭാഗ്യവശാൽ നെഹ്രു ജീവിതംകൊടുത്ത പാർട്ടി അദ്ദേഹത്തെ വിസ്മരിക്കുകയായിരുന്നു. അവിടെനിന്നാരംഭിക്കുന്നു കോൺഗ്രസിന്റെ ­അധഃപതനം.

നെഹ്രുവിനെ കൈവിട്ടവർ

മഹത്തായ ഒക്ടോബർ വിപ്ളവത്തിന്റെ പത്താം വാർഷിക വേളയിലാണ് നെഹ്രു സോവിയറ്റ് യൂണിയൻ സന്ദർശിക്കുന്നത്. ആ വിപ്ളവം ജന്മംകൊടുത്ത പുതിയ സമൂഹത്തെക്കുറിച്ച് അദ്ദേഹം എത്ര ഹൃദയാവർജകമായാണ് എഴുതിയിട്ടുള്ളത്. ആ സോവിയറ്റ് യൂണിയൻ ഇന്നില്ല. ആ സംഭവങ്ങൾ ചരിത്രഗതിയെ പിടിച്ചുലച്ചു എന്നതാണ് സത്യം. ലോകത്തെവിടെയും കമ്പോളത്തിനും ലാഭദൈവത്തിനുംവേണ്ടി സ്തുതിഗീതങ്ങൾ പാടാൻ ആളുകളുണ്ടായി. വലത്തേക്കുവീശിയ ആ കാറ്റ് ഇന്ത്യൻ രാഷ്ട്രീയത്തിലും ആഞ്ഞടിച്ചു. നവലിബറലിസത്തിന്റെ സ്വാധീനവലയത്തിൽ കോൺഗ്രസ്‌ അകപ്പെട്ടു. ആവഴിക്കുള്ള പ്രയാണത്തിന് അവർക്ക് നെഹ്രുവിനെ മറക്കേണ്ടത് ആവശ്യമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രകാശമാനമായ ഭാവിക്കുവേണ്ടി നെഹ്രു കരുതിവെച്ചവയെല്ലാം വിസ്മൃതിയിലാണ്ടു. മതേതരത്വം, ജനാധിപത്യം, പരമാധികാരം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ ലക്ഷ്യങ്ങളിൽനിന്ന് അകന്നുപോയപ്പോൾ നെഹ്രുവിനെയാണ് കോൺഗ്രസ്‌ കൈവിട്ടത്. സ്വതന്ത്രഭാരതത്തിന്റെ ശക്തിസ്തംഭമായി നെഹ്രുകണ്ട പൊതുമേഖല ഒറ്റുകൊടുക്കപ്പെട്ടു. ആ പാർട്ടിയിൽ പ്രതീക്ഷയർപ്പിച്ച ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളും കർഷകജനസാമാന്യവും പുതിയ ആശ്രയംതേടി പരക്കംപാഞ്ഞു, കോൺഗ്രസിനെ കൈവിട്ടു. 

ഇടതുപക്ഷമുന്നേറ്റം കുറച്ചത് ഭിന്നിപ്പ്

കോൺഗ്രസിന്റെ സ്വാഭാവികബദലായി കമ്യൂണിസ്റ്റ് പർട്ടിയെ ജനങ്ങൾകണ്ട കാലമുണ്ടായിരുന്നു. ജനജീവിതത്തിന്റെ എല്ലാതലങ്ങളിലും നടത്തിയ ലക്ഷ്യബോധമുറ്റ ഇടപെടലുകളിലൂടെ കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെമ്പാടും പ്രഹരശേഷിയുള്ള പ്രസ്ഥാനമായി മുന്നോട്ടുകുതിച്ചു. 1964-ലെ നിർഭാഗ്യകരമായ ഭിന്നിപ്പ് ആ കുതിച്ചുകയറ്റത്തിന്റെ ഗതിവേഗം കുറച്ചു. പട്ടിണിക്കാരുടെയും പാവങ്ങളുടെയും പ്രതീക്ഷയുടെ പ്രതീകമായ പാർട്ടിയാണ് ഭിന്നിച്ചത്. അധ്വാനിക്കുന്ന ജനതകൾക്കിടയിൽ അതുളവാക്കിയ ആശയക്കുഴപ്പത്തിനിടയിലും സി.പി.ഐ.യും സി.പി.എമ്മും  സ്വാധീനമേഖലകൾ നിലനിർത്തി. രാഷ്ട്രീയമായ ശരിതെറ്റുകളെക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽനടന്ന സംവാദങ്ങളിലൂടെ പാർട്ടികൾ തമ്മിൽ വീണ്ടും അടുത്തടുത്തുവന്നു. ഇപ്പോഴും അഭിപ്രായഭിന്നതകളുണ്ടെങ്കിലും അവയെക്കാൾ എത്രയോ കൂടുതലാണ് സി.­പി.ഐ.യും സി.പി.എമ്മും തമ്മിലുള്ള അഭിപ്രായപ്പൊരുത്തത്തിന്റെ മേഖലകൾ. നെഹ്രൂവിയൻ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളുടെ വിലയിരുത്തലിലും ഇത്തരം വിയോജിപ്പുകളും യോജിപ്പുകളും പ്രകടമായിട്ടുണ്ട്.

എതിർക്കേണ്ടതാരെ

ഇതിന്റെയെല്ലാം നടുവിലൂടെയാണ് തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയശബ്ദമായി ബി.ജെ.പി. ശക്തിപ്രാപിച്ചത്. ഹിറ്റ്‌ലറൈറ്റ് ഫാസിസത്തോട് മറച്ചുവെക്കാത്ത കൂറുപുലർത്തിയ ആർ.എസ്.എസ്. ആണ് അതിന്റെ തലച്ചോറും നട്ടെല്ലും. വംശമേധാവിത്വത്തോടുള്ള ഇളകാത്ത പ്രതിബദ്ധതയും ഫിനാൻസ്‌ മൂലധനത്തോടുള്ള അളവറ്റ വിധേയത്വവുമാണ് 1925-ൽ സ്ഥാപിതമായ ആർ.എസ്.എസിന്റെ  ലോകവീക്ഷണത്തിന്റെ അടിസ്ഥാനം. അതിന്മേൽ ചവിട്ടിനിന്നുകൊണ്ടാണ് അവർ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം വൈദേശികമാണെന്ന് മുദ്രകുത്തിയത്. ലോകമാകെ ആഞ്ഞുവീശിയ വലതുപക്ഷ അനുകൂലതരംഗവും നെഹ്രൂവിയൻ മൂല്യങ്ങളിൽ വെള്ളംചേർത്ത കോൺഗ്രസിന്റെ ചാഞ്ചാട്ടങ്ങളും ഇടതുപക്ഷം നേരിട്ട ശക്തിക്ഷയവും എല്ലാംചേർന്ന് അവരുടെ വളർച്ചയ്ക്ക് മണ്ണൊരുക്കി.  പൗരന്റെ സ്വാതന്ത്ര്യങ്ങളും കാമ്പസുകളുടെ സർഗാത്മകതയും സ്വകാര്യതയ്ക്കുള്ള പൗരന്റെ അവകാശങ്ങളും എല്ലാം ചവറ്റുകൊട്ടയിലായി. സമ്പന്നരും ദരിദ്രരും തമ്മിലുള്ള പെരുകുന്ന അന്തരമാണ് ബി.ജെ.പി.യുടെ ‘അച്ഛാദിൻ’ ഇന്ത്യക്ക് നൽകിയ സമ്മാനം.
ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കുതിരപ്പുറമേറി ഭരണം കൈയാളുന്ന ഒരു പാർട്ടിയാണ് ഈ ദുരന്തങ്ങളിലേക്ക് ഇന്ത്യയെ നയിക്കുന്നത്.  ദൈവവും വിശ്വാസങ്ങളുമെല്ലാം അവർക്ക് അതിനുള്ള ചവിട്ടുപടികൾ മാത്രം. മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ആഭ്യന്തരശത്രുക്കളായാണ് അവർ കാണുന്നത്. ഫാസിസം കടംകൊടുത്ത രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരാണ് ബി.ജെ.പി.  അതുകൊണ്ടാണ് അവരെ മുഖ്യ എതിരാളികളായി ഇടതുപക്ഷം കാണുന്നത്. ഫാസിസത്തിന്റെ പാത പിൻപറ്റുന്ന തീവ്രവലതുപക്ഷശക്തികളെ പരാജയപ്പെടുത്തിക്കൊണ്ടേ ഇന്ത്യക്ക് മുമ്പോട്ടുപോകാൻ പറ്റൂ. അതിന്റെ വഴികൾ ആരായുമ്പോഴാണ്, മതേതര, ജനാധിപത്യ, ഇടതുപക്ഷ ശക്തികളുടെ വിശാലമായ ഐക്യത്തിന്റെ ആവശ്യകത സി.പി.ഐ. ചൂണ്ടിക്കാട്ടിയത്. 

ഒരേപോലെ കാണാനാവില്ല
വിസ്തൃതമായ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേരൂപത്തിലും ഉള്ളടക്കത്തിലും ഇത് സാധ്യമാകണമെന്നില്ല. കേരളത്തിലേതുപോലെ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണി ഇന്ത്യയിലാകെ ശക്തമായിരുന്നെങ്കിൽ എന്ന് നമുക്കു ചിന്തിക്കാം. സങ്കീർണമായ ഇന്ത്യൻ രാഷ്ട്രീയസാഹചര്യങ്ങളിൽ അത് എത്രമാത്രം പ്രായോഗികമാണെന്ന് ആലോചിക്കാനും രാഷ്ട്രീയയാഥാർഥ്യങ്ങൾ ഇടതുപക്ഷത്തോട് ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ സാമ്പത്തികനയങ്ങളോട് ഇടതുപക്ഷത്തിന് തീർച്ചയായും വിയോജിപ്പുണ്ട്. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയ മൃദുഹിന്ദുത്വ സമീപനത്തോടും അതേ വിയോജിപ്പുകളുണ്ട്. എന്നാൽ, കോൺഗ്രസിനെയും ഫാസിസ്റ്റ് ആശയങ്ങളുടെ രാഷ്ട്രീയകുന്തമുനയായ ബി.ജെ.പി.യെയും ഒരുപോലെ കാണാൻ ഇടതുപക്ഷദർശനം അനുവദിക്കുന്നില്ല. രാഷ്ട്രീയപോരാട്ടത്തിന്റെ നിർണായകഘട്ടങ്ങളിൽ രണ്ട് മുഖ്യശത്രുക്കൾ ഉണ്ടാകുന്നത് സമരവിജയത്തെ പ്രതികൂലമായി ബാധിക്കും. 
ബി.ജെ.പി. ഒരു ബൂർഷ്വാ പാർട്ടി മാത്രമല്ല. ആർ.എസ്‌.എസ്‌. പ്രതിനിധാനംചെയ്യുന്ന ഫാസിസ്റ്റ് ആശയങ്ങളുടെ രാഷ്ട്രീയവാഹനമാണത്. ഇന്ത്യക്കുമേൽ പിടിമുറുക്കാൻ അവരെ അനുവദിക്കുക എന്നുപറഞ്ഞാൽ മതേതരജനാധിപത്യത്തെ കൊലയ്ക്കുകൊടുക്കുന്നു എന്നതാണ് അർഥം. എന്തു വിലകൊടുത്തും വിജയിപ്പിക്കേണ്ട ആർ.എസ്.എസ്., ബി.ജെ.പി.വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസ്‌ അടക്കമുള്ള എല്ലാ ജനാധിപത്യമതേതര ശക്തികൾക്കും പങ്കുവഹിക്കാനുണ്ട്. ആ പങ്കിനെ മാനിച്ചുകൊണ്ടാണ് സി.പി.ഐയും സി.പി.എമ്മും ഒന്നാം യു.പി.എ. സർക്കാരിനെ  പിന്തുണച്ചത്. ആ ദിനങ്ങളിലേതിനെക്കാൾ ബി.ജെ.പി. ശക്തിപ്പെട്ടോ ഇല്ലയോ എന്നത് ആർക്കും സ്വയം ചോദിക്കാം.

കേരളമല്ല ഇന്ത്യ

ഇടതുപക്ഷത്തിന് യോജിക്കാനാകാത്ത ഒട്ടേറെ തെറ്റുകുറ്റങ്ങളുള്ള പാർട്ടിയാണ് കോൺഗ്രസ്. പക്ഷേ, ഇന്ത്യയിലാകമാനം സാന്നിധ്യമുള്ള ഏറ്റവും വലിയ മതേതരപ്പാർട്ടി ഇന്നും അതുതന്നെയാണ്. ആ പാർട്ടി തകർന്നാലുണ്ടാകുന്ന ശൂന്യതനികത്താൻ ഇടതുപക്ഷത്തിന് കെല്പുണ്ടായിരുന്നെങ്കിൽ, അതിനെക്കാൾ സ്വീകാര്യമായ മറ്റൊന്നില്ല. പക്ഷേ, കേരളമല്ല ഇന്ത്യ.  ഇന്ത്യൻ യാഥാർഥ്യം മറ്റൊന്നാണ്. കോൺഗ്രസ്‌ തകർച്ചയുണ്ടാക്കിയ ശൂന്യതയിലേക്ക് കടന്നുവരുന്നത് നിർഭാഗ്യവശാൽ  ബി.ജെ.പി.യാണ്. അതുകൊണ്ടാണ് ഫാസിസത്തെ ഒന്നാംനമ്പർ ശത്രുവായിക്കാണുന്ന ഇടതുപക്ഷക്കാർ കോൺഗ്രസ്‌ തകരരുതെന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മതേതരജനാധിപത്യവും സാമ്രാജ്യത്വവിരോധവും പൊതുമേഖലയോട് കൂറും ഭൂമിയോട് കരുതലും സൂക്ഷിച്ച നെഹ്രുവിനെ വീണ്ടും കണ്ടെത്താൻ അവർ കോൺഗ്രസിനോട് പറയുന്നത്. ചില സന്ദിഗ്ധഘട്ടങ്ങളിൽ തീരുമാനങ്ങൾ വൈകിയാൽ രാജ്യം വലിയ വിലകൊടുക്കേണ്ടിവരും. ആർ.എസ്.എസ്.,  ബി.ജെ.പി. തേർവാഴ്ചയ്ക്കുമുമ്പിൽനിൽക്കുന്ന ഇന്ത്യ ആ സത്യം മറന്നുകൂടാ.

(മുതിർന്ന സി.പി.ഐ. നേതാവും രാജ്യസഭാംഗവുമാണ്‌ ലേഖകൻ)