ധവളപത്രത്തിൽ പറയുന്നതുപോലെ കേരളത്തിൽ  ഒരു വികസനസ്തംഭനവുമില്ലകേരളത്തിലെ ധനസ്ഥിതിയെക്കുറിച്ച്‌ യു.ഡി.എഫ്‌.  പുറത്തിറക്കിയ ധവളപത്രത്തിലെ ആരോപണങ്ങൾക്ക്‌  ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌  മറുപടി പറയുന്നു 

യു.ഡി.എഫ്. അവതരിപ്പിച്ച ധവളപത്രം പുതുമയുള്ളതല്ല. കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ നടത്തിയ പ്രസംഗങ്ങളുടെ ആവർത്തനമാണ്. ‘അപകടകരമായ ധനസൂചിക’ എന്നുപറഞ്ഞ്‌ നൽകിയിരിക്കുന്ന കണക്കുകളും നേർവിപരീതമാണ് കാണിക്കുന്നത്‌. 2016-’17നും 2018-’19നും ഇടയിൽ  റവന്യൂക്കമ്മി  2.51 ശതമാനത്തിൽനിന്ന്‌ 1.68 ശതമാനമായി കുറഞ്ഞു . ധനക്കമ്മി  4.29 ശതമാനത്തിൽനിനിന്ന്‌ 3.06 ശതമാനമായി കുറഞ്ഞു. ഇക്കാലയളവിൽ  കടബാധ്യതയുടെ അനുപാതം 30 ശതമാനത്തിൽത്തന്നെ തുടർന്നു.
കടം പെരുകിയെന്ന് പറയുന്നത് ശരിയല്ല. കടം വാങ്ങുന്നതിന് പരിധിയുണ്ട്. ദേശീയ വരുമാനത്തിന്റെ മൂന്നുശതമാനംവരെമാത്രമേ കടംവാങ്ങാനാകൂ. യു.ഡി.എഫ്. കാലത്തും ഇത് ചെയ്തിട്ടുണ്ട്.

ഒരു വികസനസ്തംഭനവുമില്ല

ധവളപത്രത്തിൽ പറയുന്നതുപോലെ കേരളത്തിൽ ഒരു വികസനസ്തംഭനവുമില്ല. രൂക്ഷമായ ധനഞെരുക്കമുണ്ടായിട്ടും ഈ സർക്കാരിന്റെ ആദ്യത്തെ മൂന്ന് വർഷം മൊത്തം ചെലവ് ഏതാണ്ട് 16 ശതമാനംവീതം വളർന്നു. യു.ഡി.എഫ്. ഭരണകാലത്ത് ഈ വർധന 15 ശതമാനത്തിൽത്താഴെയായിരുന്നു. ധനപ്രതിസന്ധി ഏറ്റവും രൂക്ഷമായ നടപ്പുവർഷത്തിൽപ്പോലും സെപ്‌റ്റംബർവരെ മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർധന ചെലവിലുണ്ടായിട്ടുണ്ട്. പദ്ധതിച്ചെലവ് യു.ഡി.എഫ്. കാലത്തെ അപേക്ഷിച്ച് മെച്ചമാണ്.

മൂലധനനിക്ഷേപക്കുതിപ്പ്‌  ഉണ്ടായില്ലേ

ഇതിനുപുറമേയാണ് കിഫ്ബിവഴിയുള്ള അന്യാദൃശമായ മൂലധനമുതൽമുടക്ക്. 45,000 കോടി രൂപയുടെ പദ്ധതികൾക്ക്‌  അംഗീകാരംനൽകി നിർവഹണത്തിന്റെ  പല ഘട്ടത്തിലാണ്. ഏതുകാലത്ത് ഇതുപോലെ മൂലധനനിക്ഷേപക്കുതിപ്പ് കേരളത്തിലുണ്ടായിട്ടുണ്ട്? ഉമ്മൻചാണ്ടി സർക്കാരും അതിനുമുന്പുള്ള വി.എസ്. സർക്കാരും എ.കെ. ആന്റണി  സർക്കാരും ചേർന്ന്‌ കഴിഞ്ഞ 15 വർഷങ്ങളിൽ മൊത്തം ബജറ്റിൽനിന്നുള്ള മൂലധനമുടക്ക് ആകെ 40,000 കോടിയേ വരൂ.  ഈ സർക്കാരിന്റെ കാലത്ത്  ധവളപത്രപ്രകാരംതന്നെ ബജറ്റിൽനിന്ന്‌ ഇതുവരെയുള്ള മൂലധനച്ചെലവ് 35,000 കോടി വരും. ഇതിനുപുറമേയാണ് കിഫ്ബിവഴിയുള്ള 45,000 കോടി.

നികുതിക്കുടിശ്ശിക പകുതിമാത്രം

നികുതിപിരിവിന്റെ പാളിച്ചകളെക്കുറിച്ച്  പറഞ്ഞതിൽ നല്ലപങ്കും നികുതി ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഞാൻ നടത്തിയ പ്രസംഗത്തിൽനിന്നുള്ളതാണ് . ധവളപത്രക്കാരുടെ സംഭാവന ഊതിപ്പെരുപ്പിക്കലും ഇതിന്റെ ഭാരം മുഴുവൻ ധനമന്ത്രിയുടെ തലയിൽ കെട്ടിവെക്കലുമാണ്.
 ആദ്യം അംഗീകരിക്കേണ്ട കാര്യം യു.ഡി.എഫിന്റെ അവസാന മൂന്നുവർഷം ഇതേ നികുതിവർധനയേ ഉണ്ടായിട്ടുള്ളൂ എന്നതാണ്. ഈ വരുമാനത്തകർച്ചയിൽനിന്ന്‌ കേരളത്തെ രക്ഷപ്പെടുത്താൻ  ഇനിയും കഴിഞ്ഞിട്ടില്ലെന്ന വിമർശനം ന്യായമാണ്.
എന്നാൽ, നികുതികുടിശ്ശികയുടെ കണക്ക് പെരുപ്പിച്ചതാണ്. 5000 കോടി കുടിശ്ശികയുണ്ടെന്നാണ് പറയുന്നത്. അതിന്റെ പകുതി മാത്രമേയുള്ളൂ എന്നതാണ് വാസ്തവം. പിരിച്ചെടുക്കാൻ നിർവാഹമില്ലെന്ന് കളക്ടർമാർ പറഞ്ഞ തുകയുംകൂടി ഉൾപ്പെടുത്തിയാലേ കുടിശ്ശിക 5000 കോടിയിലെത്തൂ.

ഊർജിതമായി നികുതി പിരിക്കും

പിരിച്ചെടുക്കാവുന്ന തുക തിട്ടപ്പെടുത്തുന്നുണ്ട്. അടുത്ത വർഷം ഊർജിതമായി നികുതി ക്കുടിശ്ശിക പിരിക്കും. തുക പിരിക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തിവരികയാണ്. ഇക്കൊല്ലം റവന്യൂ റിക്കവറി നോട്ടീസ് നൽകും. അടുത്തവർഷം പിരിവുനടത്തും. നികുതിവരുമാനം കുറഞ്ഞതിന്റെ  അടിസ്ഥാനകാരണം  ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യമാണ്. മറ്റുസംസ്ഥാനങ്ങളിൽമാത്രമല്ല കേന്ദ്രസർക്കാരിന്റെ നികുതി വരുമാനവും താഴേക്കാണ് . രണ്ടാമത്തെ കാരണം, ജി.എസ്.ടി. നികുതിചോർച്ച തടയുന്നതിന് ആവശ്യമായ മിനിമം സംവിധാനം ഒരുക്കാൻ ഇനിയും കേന്ദ്രസർക്കാരിന്  കഴിയാത്തതാണ്. വാർഷികറിട്ടേണുകൾ നൽകാനുള്ള തീയതി അനന്തമായി നീണ്ടുപോകുകയാണ്. ഇതുമൂലം ഈ വർഷവും ജി.എസ്.ടി. കോമ്പൻസേഷൻ പരിധിക്ക് മുകളിലേക്കുപോകാൻ നമുക്കാവില്ല. അങ്ങനെയൊരു സാഹചര്യം വന്നിട്ട് വാറ്റ്കുടിശ്ശിക പിരിക്കാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം കുടിശ്ശിക പിരിച്ചതെല്ലാം കോമ്പൻസേഷനിൽ തട്ടിക്കിഴിച്ചുപോകും. അതുകൊണ്ട് 30 ശതമാനം വർധനയെന്നത് അടുത്ത വർഷത്തേക്ക് മാറ്റിെവച്ചിരിക്കയാണ് .
ജി.എസ്.ടി. വരുമാനത്തിൽ ഇക്കൊല്ലം  14 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും അത്  ചുരുങ്ങി. 6000 കോടി രൂപയുടെയെങ്കിലും  കുറവ് ഇതുമൂലമുണ്ടാകും. അടുത്ത വർഷം ജി.എസ്.ടി. വരുമാനത്തിൽ നഷ്ടപരിഹാരപരിധിക്ക്‌ പുറത്തുപോകാൻ പറ്റുമെന്നാണ് കരുതുന്നത്. അപ്പോൾ നികുതിക്കുടിശ്ശികവരുമാനം സംസ്ഥാനത്തിന് അധികവരുമാനമായി കിട്ടും.
ജി.എസ്.ടി. പിരിക്കണമെങ്കിൽ അടിസ്ഥാനപരമായി വാർഷിക റിട്ടേൺ കിട്ടണം. അത് കിട്ടിയാൽമാത്രമേ രാജ്യമെമ്പാടുമുള്ള കച്ചവടക്കാർ തമ്മിലുള്ള ഇടപാടുകൾ ഒത്തുനോക്കി നികുതിവെട്ടിപ്പ് തടയാൻപറ്റൂ.
ജി.എസ്.ടി. തുടങ്ങിയതുമുതൽ ഇങ്ങനെ നടത്തിയ നികുതിവെട്ടിപ്പിന്റെ നല്ലൊരു ഭാഗം പിരിച്ചെടുക്കാൻ ഡിസംബർ മാസത്തിൽ വാർഷികറിട്ടേണുകൾ ആദ്യമായി കിട്ടുമ്പോൾ സാധിക്കുമെന്നാണ്  കരുതുന്നത്. വാർഷികറിട്ടേൺ പരിശോധിച്ച് അസസ്‌മെന്റ് നോട്ടീസ് നൽകും. ധനവകുപ്പിലെ പകുതി ജീവനക്കാരെ ഇതിനായി നിയോഗിച്ചുകഴിഞ്ഞു. 

വായ്പ വെട്ടിക്കുറച്ചത്  പ്രതികാരബുദ്ധിയോടെ

ഇന്നത്തെ രൂക്ഷമായ  പ്രതിസന്ധിക്കുകാരണം കേന്ദ്രസർക്കാർ  6500 കോടി രൂപ വായ്പ വെട്ടിക്കുറച്ചതാണ് . യു.ഡി.എഫ്. കാലത്തും പബ്ലിക് അക്കൗണ്ടിൽനിന്നുള്ള നിക്ഷേപം വർധിച്ചിട്ടുണ്ട്. അന്നൊന്നും വായ്പ വെട്ടിക്കുറച്ചിട്ടില്ല. ഇന്ന് ഏതാണ്ട് പ്രതികാരബുദ്ധിയോടെയാണ് പ്രളയത്തിൽത്തതകർന്ന  കേരളത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നത്. കേന്ദ്രനികുതി വിഹിതത്തിൽ  5600 കോടി രൂപയാണ് ബജറ്റിൽ പറഞ്ഞതിനെക്കാൾ  കുറയുന്നത്. ഇതിനുപുറമേയാണ് ഡിസംബർ മാസത്തിലേതടക്കം 3200 കോടി രൂപ നഷ്ടപരിഹാരം താമസിപ്പിക്കുന്നത്. ഇത്ര ഭീമമായ കേന്ദ്രസഹായ ഇടിവിനെ താങ്ങിനിർത്താൻ  ഏതെങ്കിലും സംസ്ഥാനസർക്കാരിന് കഴിയുമോ? നമ്മുടെ തനതുവരുമാനത്തിലും മാന്ദ്യംമൂലം 5000 കോടിയിൽപ്പരം രൂപ കുറവുണ്ടാവുമെന്നാണ് കരുതുന്നത്.

ചെലവുചുരുക്കാൻ പുനർവിന്യാസമുണ്ടാകും

ചെലവുചുരുക്കാൻ ജീവനക്കാരെ പുനർവിന്യസിക്കും. ഉദ്യോഗസ്ഥ പുനർവിന്യാസമടക്കം െചലവുചുരുക്കാൻ പല നടപടിയും ആലോചനയിലുണ്ട്. ഇതിന്റെ ഭാഗമായി ഡി.ആർ.ഡി.എ., പെർഫോമൻസ് ഓഡിറ്റ് വിഭാഗം എന്നിവിടങ്ങളിലെ ആയിരത്തോളം ജീവനക്കാരെ പുനർവിന്യസിക്കും. തദ്ദേശ സ്വയംഭരണവകുപ്പിലേക്കാണ് ഇവരെ വിന്യസിക്കുന്നത്. മറ്റുചില വകുപ്പിലെ ജീവനക്കാരെയും ഇതേ മാതൃകയിൽ പുനർവിന്യസിക്കാൻ ആലോചിക്കുന്നുണ്ട്.

ക്ഷേമപെൻഷൻകാർക്കായി നടത്തിയ മസ്റ്ററിങ്ങും സർക്കാർ ചെലവുചുരുക്കുന്നതിന്റെ ഭാഗമായി നടത്തിയതാണ്.  ഇതുമൂലം അനധികൃതമായി സർക്കാർ പെൻഷനുകൾ വാങ്ങിയിരുന്ന അഞ്ചുലക്ഷംപേരെ ഒഴിവാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതേവരെ 80 ശതമാനം പേരാണ് മസ്റ്ററിങ്‌ നടത്തിയത്. നിശ്ചിതദിവസത്തിനകം അഞ്ചുശതമാനംപേർകൂടി രജിസ്റ്റർ ചെയ്തേക്കാം. എന്നാലും 15 ശതമാനംപേർ പട്ടികയ്ക്കുപുറത്ത് പോകുമെന്നാണ് കരുതുന്നത്. അങ്ങനെവന്നാൽ പെൻഷൻ തുകയിൽ 800 കോടി രൂപയുടെ വ്യത്യാസമുണ്ടാകും.