കെ എം മാണി ഇടത്തോട്ടു തിരിയുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ എന്തു സംഭവിക്കും? അര നൂറ്റാണ്ടിലേറെക്കാലമായി കേരള രാഷ്ട്രീയത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കരിങ്ങോഴക്കല്‍ മാണി മാണി എന്തു പറഞ്ഞാലും എന്തു ചെയ്താലും കേരള രാഷ്ട്രീയത്തില്‍ അതിനു വലിയ പ്രാധാന്യം ഉണ്ട്. രണ്ടു മുന്നണികളില്‍ നിന്നും അകലം പാലിച്ചു മാറി നില്‍ക്കുന്ന മാണി ഇടതു മുന്നണിയിലേക്ക് തന്നെ എന്നാണ് സൂചന. വരാന്‍  പോകുന്ന ചെങ്ങന്നൂര്‍  ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്ക് മാണിക്ക്  ഒരു തീരുമാനം എടുക്കേണ്ടി വരും.  രാഷ്ട്രീയത്തില്‍ കളികളേറെ കളിച്ചിട്ടുള്ള മാണിക്ക് ഇത് കനത്ത പരീക്ഷണത്തിന്റെ കാലം. ഇനി കാല്‍ വഴുതിക്കൂടാ. തീരുമാനം തികച്ചും ശരിയായിരിക്കണം. പാര്‍ട്ടി ഒറ്റക്കെട്ടായി കൂടെ നില്‍ക്കണം.

ശക്തമായ ഐക്യമുന്നണി സംവിധാനം നിലനില്‍ക്കുന്ന കേരളത്തില്‍ ഏതെങ്കിലും ഒരു മുന്നണിയില്‍ ചേര്‍ന്നു നില്‍ക്കാതെ തനിച്ചു നില്ക്കാന്‍ കേരളാകോണ്‍ഗ്രസിനാവില്ല തന്നെ. കെ എം മാണിയെ അങ്ങനെ അങ്ങ് വിട്ടുകളയാന്‍ യുഡിഎഫിന് തീരെ താല്‍പ്പര്യം ഇല്ല താനും. പക്ഷെ മാണി യുഡിഎഫില്‍ നിന്ന് വളരെ അകന്നു കഴിഞ്ഞു എന്നതാണ് വാസ്തവം. മാണിയെ മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ ശേഷിയുള്ള നേതാക്കള്‍ യുഡിഎഫില്‍ ഇല്ല. മാണിയുടെ അടുപ്പക്കാരുമായി യുഡിഎഫ് പ്രതിനിധികള്‍ പല തവണ ബന്ധപ്പെട്ടതാണ്. ഒരു പാക്കേജുമായി വന്നാല്‍ സംസാരിക്കാം, അല്ലാതെ എങ്ങനെ മാണിസാറിനോട് ഇക്കാര്യം പറയും എന്നാണ് അവര്‍ യുഡിഎഫ് പ്രതിനിധികളോട് ചോദിച്ചത്. സീറ്റുകളുടെ  എണ്ണം മുതല്‍ ലോക്‌സഭാ സീറ്റുകളുടെ കാര്യം വരെ പല കാര്യങ്ങളിലും ഉറപ്പുകിട്ടാതെ സംസാരിക്കാനാവില്ല എന്നായിരുന്നു മാണിയുടെ അടുപ്പക്കാര്‍ സ്വീകരിച്ച നിലപാട്.

സിപിഎം നിലപാട് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. മുന്നണിയുടെ  അടിത്തറ ശക്തമാക്കുക എന്നത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നു സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്‍ തൃശൂരില്‍ സംസ്ഥാന സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. കേരളാ കോണ്‍ഗ്രസ്, ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം എന്നീ പാര്‍ട്ടികളെ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയും കോടിയേരി ചൂണ്ടിക്കാട്ടി. കോട്ടയം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളില്‍ കേരളാ കോണ്‍ഗ്രസിനെ കൂട്ടണമെന്ന ആവശ്യം ഉയരുകയും ചെയ്തു. സിപിഐ ഏതറ്റം വരെ പോയാലും പ്രശ്‌നമില്ലെന്ന സൂചനയാണ് സിപിഎം നേതൃത്വം നല്‍കുന്നത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടാണ് സിപിഎം ആലോചന നടത്തുന്നത്. ജനതാദള്‍  കൂടെ കൂടിയാല്‍ കോഴിക്കോട്, വടകര സീറ്റുകളില്‍ മാറ്റമുണ്ടാക്കാമെന്നു സിപിഎം കണക്കു കൂട്ടുന്നു. കുറെയൊക്കെ വയനാട്ടിലും. കേരളാ കോണ്‍ഗ്രസ് ഉണ്ടെങ്കില്‍ കോട്ടയം, പത്തനംതിട്ട സീറ്റുകളിലും മാറ്റമുണ്ടാക്കാമെന്നു അവര്‍ കണക്കാക്കുന്നു. രണ്ടു സീറ്റും കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനും സിപിഎം തയ്യാറായേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റെങ്കിലും കിട്ടണമെന്ന ആവശ്യവും കേരളാ കോണ്‍ഗ്രസ് പ്രതിനിധികള്‍ സിപിഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ ഉന്നയിച്ചിട്ടുണ്ട്.

മാണി അപ്പുറത്തേക്ക് പോകുന്നത് യുഡിഎഫിന് കനത്ത ക്ഷീണമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാണി അകന്നു നില്‍ക്കുന്നതു കൊണ്ടു മാത്രമാണ് വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ടതെന്നും ഓര്‍ക്കണം. മുന്നണി സംവിധാനത്തില്‍ നേതൃപാര്‍ട്ടിയും ഘടക കക്ഷികളും പ്രധാനപ്പെട്ടത് തന്നെ. ഒന്‍പതു അംഗങ്ങളുടെ നേതാവായി കേരളനിയമസഭയില്‍ എത്തിയ കെ കരുണാകരന്‍ ഐക്യ ജനാധിപത്യ മുന്നണി തുന്നിക്കൂട്ടിയത് ഘടകകക്ഷികള്‍ക്കെല്ലാം പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെയാണ്. 1995 -ല്‍ ഉമ്മന്‍ ചാണ്ടി മുന്നണി പുനഃസംഘടിപ്പിച്ചപ്പോഴും ഘടകകക്ഷികള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം പികെ കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും മുന്നണിയുടെ ആണിക്കല്ലുകളായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്നണിക്ക് നഷ്ടമായത് ഈ നേതൃത്വമാണ്. പ്രതിപക്ഷനേതാവായി ഉയര്‍ന്ന രമേശ് ചെന്നിത്തല പുതിയ ഒരു മുന്നണി നേതൃത്വത്തിന്  വഴി ഒരുക്കിയുമില്ല.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വളരെ ശോഷിച്ചിരിക്കുന്നു. ഹൈ കമാണ്ടിനു പഴയ കരുത്തില്ല. കേരളത്തിലും കോണ്‍ഗ്രസിന്റെ ശക്തി ചോരുകയാണ്. മാണി ചെന്നാല്‍ സിപിഐ യുഡിഎഫിലേക്ക് പോരുമെന്നു കരുതുന്നവര്‍ ഉണ്ട്. കരുത്തില്ലാത്ത ഒരു മുന്നണിയില്‍ ചേരാന്‍ സിപിഐ തയ്യാറാവുമോ എന്നതാണ് ചോദ്യം.

എന്തായാലും മാണി ഇടത്തോട്ടു തിരിഞ്ഞാല്‍ അത്  സംസ്ഥാനരാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങളുണ്ടാക്കും. കേരളാ കോണ്‍ഗ്രസില്‍ തന്നെ ഉള്‍പിരിവുകള്‍ രൂപം കൊള്ളുന്നുണ്ട്. മറ്റു കേരളാകോണ്‍ഗ്രസ് വിഭാഗങ്ങളിലും മാറ്റങ്ങളുണ്ടായേക്കും. കെഎം മാണി എങ്ങോട്ട് തിരിയുന്നു എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്.