വിവാദമായ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള തീരുമാനം മോദിസർക്കാർ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻരാഷ്ട്രീയം അക്ഷരാർഥത്തിൽ ഞെട്ടി. നിയമനിർമാണത്തിന് പാർലമെന്റിൽ അനാവശ്യ ധൃതികൂട്ടുകയും മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് വിയോജിപ്പുകളെ അടിച്ചമർത്തുകയുമാണ് അവർ ചെയ്തത്. കർഷകപ്രക്ഷോഭം രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ചപ്പോൾപ്പോലും വിമർശനങ്ങളോട് മുഖംതിരിച്ച ഭരണകൂടം വളരെ പെട്ടെന്നാണ് അവരുടെ നിലപാടിൽനിന്ന് കരണംമറിഞ്ഞത്. അങ്ങനെ ആദ്യമായി ഒരു പൊതുവിഷയത്തിൽ വീണ്ടുവിചാരത്തിന് സർക്കാർ തയ്യാറായി. 

കാര്യകാരണങ്ങൾ
 സർക്കാരിന്റെ ഈ പിൻവാങ്ങലിന് പ്രധാന പ്രേരണ രാഷ്ട്രീയ സ്ഥിതിവിശേഷമാണെന്ന് സ്പഷ്ടം. കർഷകസമരം ആഴത്തിൽ സ്വാധീനിച്ച അഞ്ചുസംസ്ഥാനങ്ങളിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഈ ഘട്ടത്തിൽ കർഷകരും പൊതുസമൂഹവും ഒന്നിച്ച് അണിനിരന്നാലുണ്ടാകുന്ന വെല്ലുവിളികൾ ചെറുതല്ലെന്ന് ഭരണകക്ഷി തിരിച്ചറിഞ്ഞിരിക്കുന്നു. വോട്ടുബാങ്കിൽനിന്നുള്ള ചോർച്ച തടയാൻ വലിയ രാഷ്ട്രീയനീക്കം ബി.ജെ.പി.ക്ക് അനിവാര്യമായി. നിയമം പിൻവലിക്കാനുള്ള തീരുമാനംകൊണ്ട്, ഭരണവിരുദ്ധവികാരം ശക്തമായ മറ്റുരണ്ട് സംസ്ഥാനങ്ങളിലും താത്കാലികാശ്വാസം ലഭിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. പഞ്ചാബിലെ സിഖ് കർഷകരെ കൈയിലെടുക്കാനുദ്ദേശിച്ചുള്ള തന്ത്രവും തീരുമാനത്തിന് പിന്നിലുണ്ടാകാം. സിഖ് കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട, ഗുരു നാനാക്കിന്റെ ജന്മവാർഷികദിനമായ ഗുർപരാബിന്റെ അന്നാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സിഖ് സമൂഹത്തെ ഒറ്റപ്പെടുത്താനും അവരെ ഖലിസ്താനികളെന്ന് മുദ്രകുത്താനും ബി.ജെ.പി. വക്താക്കൾ മുമ്പ് നടത്തിയ ശ്രമങ്ങൾ അങ്ങേയറ്റം പ്രകോപനപരമായിരുന്നു. ഭരണകക്ഷിയുടെ സിഖ്‌വിരുദ്ധ മനോഭാവം പഴയ വിഘടനവാദികൾക്ക് തിരിച്ചുവരവിനുള്ള കച്ചിത്തുരുമ്പാകുമോ എന്നുപോലും ഒരുഘട്ടത്തിൽ ആശങ്കപ്പെടേണ്ടിവന്നു. പാകിസ്താൻ ഉൾപ്പെടെ അങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കയാണ്. കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള നീക്കം സിഖുകാരുടെ ഹൃദയത്തിലെ മുറിവുണക്കാൻ സഹായിക്കുമെന്ന് ബി.ജെ.പി. കരുതുന്നു; പ്രത്യേകിച്ച് പഞ്ചാബ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലത്ത്. 

അഹങ്കാരത്തിനുള്ള പിഴയൊടുക്കൽ
പ്രധാനമന്ത്രിയുടെ പ്രസ്താവന വളരെ വൈകിയുള്ള കുറ്റസമ്മതമാണെന്ന് കരുതുന്നവർ കുറവല്ല. എന്നാൽ, കർഷകരെ ആക്രമിക്കാനും അറസ്റ്റുചെയ്യാനും അധിക്ഷേപിക്കാനും വഴിതടയാനും തെമ്മാടികളെന്നും ദേശദ്രോഹികളെന്നും മുദ്രകുത്താനും ഒട്ടും മടിക്കാണിക്കാത്ത ഒരു ഭരണകൂടത്തെ സംബന്ധിച്ച് ഇതുതന്നെ വലിയ ഉദാരതയാണ്. സമരംചെയ്ത കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി നാലുപേരുടെ ജീവനെടുത്തതിന്റെ ഞെട്ടലിൽനിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ലെന്നുകൂടി ഓർക്കണം. 
കർഷകരോട് കൂടിയാലോചിക്കാതെ നിയമം പാസാക്കിയതിന്റെ ദോഷം മറയ്ക്കാൻ ഇതിനിടയിൽ ഒട്ടേറെ ശ്രമങ്ങൾ സർക്കാർ നടത്തി. സബ്‌സിഡികളും താങ്ങുവിലയും ഉയർത്തി. പാകിസ്താനിലെ സിഖ് ക്ഷേത്രത്തിലേക്ക് കർത്താപ്പുർ ഇടനാഴി തുറന്നുകൊടുത്തു. എന്നാൽ, അതുകൊണ്ടൊന്നും പാർലമെന്റിലെ അഹങ്കാരത്തിന് പിഴയൊടുക്കാനായില്ല.  ആസന്നമായ രാഷ്ട്രീയദുരന്തത്തിൽനിന്ന് രക്ഷപ്പെടാൻ നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റുവഴിയില്ലെന്ന് ബി.ജെ.പി. മനസ്സിലാക്കി. സർക്കാർ എല്ലാതലത്തിലും പരാജയപ്പെട്ട് നിൽക്കുമ്പോഴാണ് കർഷകരെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് സമ്മതിക്കേണ്ടിവരുന്നത്. അമിതമായ ഇന്ധനനികുതിമൂലം രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരിക്കയാണ്. തൊഴിലില്ലായ്മയുടെ കണക്കുകളാകട്ടെ റെക്കോഡുകൾ ഭേദിച്ചിരിക്കുന്നു. സാമ്പത്തികവളർച്ചയിലുണ്ടായിട്ടുള്ള ഇടിവ് വാചാടോപങ്ങൾകൊണ്ട് മറച്ചുപിടിക്കാവുന്നതിലും അപ്പുറമാണ്. ഇതിനിടയിൽ കാർഷികനിയമങ്ങളുടെ കാര്യത്തിലെ നിലപാടുമാറ്റം മോദിയുടെ സ്തുതിപാഠകർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കപടപ്രതിച്ഛായക്കേറ്റ കനത്ത തിരിച്ചടിയാകും. 

പരാജയപ്പെടുന്ന പരിഷ്കാരങ്ങൾ
വലിയ മാറ്റങ്ങളെന്ന് അവകാശപ്പെടുന്ന പല പരിഷ്കാരങ്ങളും രാജ്യത്തെ ബോധിപ്പിക്കുന്നതിലോ പ്രതിപക്ഷത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിലോ ബി.ജെ.പി. തുടരെ പരാജയപ്പെടുന്നുവെന്നതിന്റെ തെളിവാണ് പുതിയ സംഭവവികാസങ്ങൾ. ഗുണഭോക്താക്കൾ എന്ന് പറയുന്നവരെപ്പോലും വിശ്വാസത്തിലെടുക്കാതെയും വേണ്ടത്ര ചർച്ചകൾ നടത്താതെയും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റികളെ നോക്കുകുത്തികളാക്കിക്കൊണ്ടും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഭരണകൂടരീതിയുടെ മുനയൊടിഞ്ഞിരിക്കുന്നു. 
സാമ്പത്തികപരിഷ്കരണവാദികളെന്ന് അവകാശപ്പെടുന്നവർ പറയുന്നു, കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് തെറ്റായ സൂചനയാണെന്ന്. നിശ്ചയദാർഢ്യമില്ലായ്മ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാകുന്നുവെന്നാണ് അവരുടെ പരാതി. കുറച്ചാളുകൾ അവരുടെ നിക്ഷിപ്തതാത്പര്യത്താൽ ഇറങ്ങിപ്പുറപ്പെടുമ്പോൾ മൊത്തം രാജ്യത്തിന് ലഭിക്കേണ്ട ഗുണങ്ങൾപോലും നഷ്ടമാകുമെന്നതാണ് അവസ്ഥ. ഒരു നാഷണൽ ഹൈവേ ഉപരോധിക്കാൻ ആയിരംപേരെ സംഘടിപ്പിക്കാൻ കഴിയുന്ന ആർക്കും ഭൂരിപക്ഷസർക്കാരിന്റെപോലും തീരുമാനം അട്ടിമറിക്കാൻ കഴിയുമെന്ന് അവർ പരിതപിക്കുന്നു. 

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പല വികസനപദ്ധതികളും പ്രതിഷേധങ്ങളെത്തുടർന്ന് നിർത്തിവെക്കേണ്ടിവരുകയോ അനിശ്ചിതമായി നീണ്ടുപോവുകയോ ചെയ്തിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ഫോസിൽ ഇന്ധനങ്ങൾക്കുപകരമായി ആണവോർജം ഉപയോഗിക്കുന്നതിന് എവിടെയൊക്കെ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ടോ അവിടെയൊക്കെ ജനങ്ങളുടെ എതിർപ്പ് ഉയർന്നിട്ടുണ്ട്. പാറപൊട്ടിക്കലിനോടും മണൽഖനനത്തിനോടും വിയോജിപ്പുള്ളവരുടെ വെറുപ്പ് സമ്പാദിച്ചുകൊണ്ടാണ് നിർമാണപ്രവൃത്തികൾ എക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്. വൻകിട പദ്ധതികൾക്കെതിരേ പരിസ്ഥിതിപ്രവർത്തകർ കോടതിയെയും ഹരിതട്രിബ്യൂണലിനെയും സമീപിക്കുന്നത് അസാധാരണമല്ല. എന്നാൽ, ബഹുസ്വരരാഷ്ട്രീയത്തെ ഉൾക്കൊള്ളുന്ന സജീവ ജനാധിപത്യത്തിൽ ഇത്തരം എതിർപ്പുകൾ ഒഴിച്ചുകൂടാനാവാത്തതാണ്. 
അർഥവത്തായ ഏതൊരു പദ്ധതി നടപ്പാക്കുമ്പോഴും എതിർശബ്ദമുയർത്തുന്നവരെ ചർച്ചകളിലൂടെയും മറ്റും കാര്യങ്ങൾ ബോധിപ്പിക്കാനുള്ള ശ്രമമുണ്ടാകണം. ജനാധിപത്യമെന്നാൽ കേവലം തിരഞ്ഞെടുപ്പു വിജയമല്ലെന്നും തിരഞ്ഞെടുപ്പിലെ ജയം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്നും മോദി സർക്കാർ ഇനിയെങ്കിലും പഠിക്കുമെന്ന് കരുതാം. ജനാധിപത്യമെന്നാൽ തിരഞ്ഞെടുപ്പുകൾക്കിടയിൽ എന്തുസംഭവിക്കുന്നു എന്നതാണ്. നിരന്തരമായ ആശയവിനിമയത്തിലൂടെയും ചർച്ചകളിലൂടെയും പരസ്പര ധാരണയിലൂടെയുംമാത്രമേ ജനാധിപത്യപരമായ മാറ്റങ്ങൾ സാധ്യമാകൂ. 

തിരുത്താനാവാത്ത തെറ്റുകൾ
ഇക്കാര്യങ്ങൾ മനസ്സിലാക്കാൻ മോദിസർക്കാരിന് ഏഴുവർഷം വേണ്ടിവന്നുവെന്നത് പരിതാപകരം. കാർഷികനിയമങ്ങൾ പിൻവലിച്ചു, എന്നാൽ, വർഷംനീണ്ട സത്യാഗ്രഹത്തിൽ നഷ്ടപ്പെട്ട 700 ജീവനുകൾക്ക് ആരാണ് ഉത്തരംപറയുക. ഇതുപോലെ തിരുത്താനാവാത്ത തെറ്റുകൾ വേറെയുമുണ്ട്. വൻദുരന്തത്തിൽ കലാശിച്ച നോട്ടുനിരോധനം, ചരക്ക്-സേവന നികുതിയുടെ വികലമായ നടപ്പാക്കൽ എന്നിങ്ങനെ ആ പട്ടിക നീളുന്നു. കാർഷികനിയമങ്ങൾ പിൻവലിക്കുന്നതുകൊണ്ടുമാത്രം കർഷകരുടെ വിശ്വാസം വീണ്ടെടുക്കാനോ സിഖ് ജനതയുടെ വികാരം തണുപ്പിക്കാനോ മോദി സർക്കാരിന് കഴിയുമോ എന്നത് വ്യക്തമല്ല. 2024-ലെ പൊതുതിരഞ്ഞെടുപ്പിന് രണ്ടരവർഷം ശേഷിക്കേ, ജനപ്രീതിയിലുണ്ടാകുന്ന ഇടിവിന്റെ തോത് കുറയ്ക്കാൻ 
ഈ തീരുമാനം ചിലപ്പോൾ അവരെ സഹായിച്ചേക്കാം. തെളിവുസഹിതം വീഴ്ചകൾ നിരത്തിയിട്ടും അത് അംഗീകരിക്കാനോ തെറ്റുതിരുത്താനോ തയ്യാറാകാതിരുന്ന സർക്കാരിന് ഒടുവിൽ മുട്ടുവളയ്ക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങളെ അശാക്തീകരിക്കുന്ന പൗരത്വനിയമഭേദഗതി ഉൾപ്പെടെ ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങൾക്കെതിരേ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾക്ക് ഇത് ആവേശംപകരും. അടുത്ത രണ്ടരവർഷം മോദിസർക്കാരിന് കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പ്.