‘‘നുസ്രത്ത് മുസ്‌ലിമാണ്. ഞാൻ ഹിന്ദുവും. പക്ഷേ, ഞങ്ങളുടെ രക്തം തമ്മിൽ വ്യത്യാസമില്ല. എന്നെപ്പോലെ രണ്ടുകൈയും രണ്ട് കാലും രണ്ട് കണ്ണും തന്നെയാണ് അവൾക്കുമുള്ളത്. ആകെയുള്ളത് ഒരു വ്യത്യാസം മാത്രം. നുസ്രത്ത് സുന്ദരിയാണ്, ഞാൻ സുന്ദരിയല്ല’’ -ബാസിർഹാട്ടിലെ ഹസ്‌നാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി, സ്ഥാനാർഥി നുസ്രത്ത് ജഹാനെക്കുറിച്ച് പറഞ്ഞ ഈ കമന്റ് എല്ലാവരെയും ചിരിയിലാഴ്ത്തി. സൗന്ദര്യ മത്സരത്തിൽ ഒന്നാമതെത്തിയശേഷം ബംഗാളി സിനിമയിലെ മുൻനിര നായികയായി മാറിയ നുസ്രത്തിനെ ബാസിർഹാട്ട് മണ്ഡലം നിലനിർത്താൻ മമത ഇറക്കിയതിന്റെ മുഖ്യകാരണവും സൗന്ദര്യവും ജനപ്രീതിയും തന്നെ.

കൊൽക്കത്ത പാം അവന്യൂവിലെ ഫ്ളാറ്റിൽനിന്ന് പകൽ രണ്ടരയോടെ പ്രചാരണത്തിനിറങ്ങുമ്പോഴും നുസ്രത്ത് സൗന്ദര്യസംരക്ഷണം മറക്കുന്നില്ല. അത്യാവശ്യം ആരോഗ്യസംരക്ഷണ സാമഗ്രികൾ നിറച്ച പെട്ടിയുമായി സഹായി ഒപ്പമുണ്ട്. മൂന്ന് യോഗങ്ങളാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് നുസ്രത്തിന്റെ പ്രചാരണത്തിന്റെ ചുമതലയുള്ള അഭിഷേക് മജുംദാർ പറഞ്ഞു. കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ രാജാർഹട്ട് ന്യൂടൗണിന് സമീപത്തുനിന്ന് ബംഗ്ളാദേശ് അതിർത്തിവരെ നീണ്ടുകിടക്കുന്ന വിസ്‌തൃതമായ മണ്ഡലമാണ് ബാസിർഹാട്ട്. 

ദീദിയെ പ്രധാനമന്ത്രിയാക്കാൻ

ഹസ്‌നാബാദിനടുത്തുള്ള രൂപ്മാരി പഞ്ചായത്തിലെ പ്രൈമറിസ്‌കൂളിന്റെ ഗ്രൗണ്ടിലാണ് ആദ്യ യോഗം. വേദിക്കുനേരെ എതിർവശത്ത് ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ നിർമിച്ച മൾട്ടിപർപ്പസ് ഷെൽട്ടർ. നുസ്രത്തിന് രാഷ്ട്രീയപ്രസംഗം വഴങ്ങില്ലെന്നറിയാവുന്നതുകൊണ്ട് വേദിയിൽ ഹിംഗൾഗഞ്ച് എം.എൽ.എ. ദേബേശ് മണ്ഡൽ ആ ജോലി ഏറ്റെടുത്തിരിക്കുകയാണ്. ‘‘സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ബാസിർഹട്ടിന് ആദ്യമായി ഒരു വനിതാ എം.പി. വരാൻപോകുന്നു. സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ ദീദി സ്ത്രീശക്തിക്ക് മുൻഗണന നൽകിയിരിക്കുന്നു. നിങ്ങൾ സഹായിച്ചാൽ ദീദിയിലൂടെ നമുക്ക് ആദ്യത്തെ ബംഗാളി പ്രധാനമന്ത്രിയായി കിട്ടും’’ -സ്ത്രീവോട്ടർമാരെ ലക്ഷ്യമിട്ട് മണ്ഡലിന്റെ പ്രലോഭനം. തുടർന്ന് മൈക്ക് നുസ്രത്തിന് കൈമാറിയതോടെ വൻകൈയടി.

‘‘ബംഗാളികളുടെ അഭിമാനം സംരക്ഷിക്കാൻ ദീദി യുദ്ധം ചെയ്യുകയാണ്. ഈ യുദ്ധത്തിൽ പിന്തുണ നൽകേണ്ട ബാധ്യത നമുക്കെല്ലാമുണ്ട്. ദീദി നമ്മുടെ സംസ്ഥാനത്തിനുവേണ്ടി പ്രയത്നിച്ചപോലെ മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ല. കന്യാശ്രീ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാണ് ഞാൻ. ഇത്തരം പദ്ധതികൾ കൊണ്ട് പെൺകുട്ടികൾ സാമൂഹികമായി ഏറെ മുന്നോട്ടുവന്നുകഴിഞ്ഞു.’’ -ദീദിയുടെ നേട്ടങ്ങൾ പറയുന്നതിനോടൊപ്പം ബാസിർഹട്ടിലെ അശാന്തമായ കാലത്തെപ്പറ്റിയും ഒരോർമപ്പെടുത്തൽ. ‘‘നമ്മൾ ബംഗാളികൾ എപ്പോഴും സമാധാനം ആഗ്രഹിക്കുന്നവരാണ്. സമാധാനം ഉണ്ടായാലേ വികസനം വരൂ. ദീദിയുടെ കരങ്ങൾക്ക് ശക്തിനൽകാൻ 19-ന് നിങ്ങൾ വോട്ടുചെയ്യണം.''

ദക്ഷിൺ ബാസിർഹട്ടിലെ അടുത്ത യോഗവേദിയിലെത്തുമ്പോൾ ഫുട്‌ബോൾ താരവും സ്ഥലം എം.എൽ.എ.യുമായ ദീപേന്ദു ബിശ്വാസും നുസ്രത്തിനൊപ്പമെത്തി. ‘‘ഹിന്ദുമതത്തിന്റെ പേറ്റന്റ് മോദി എടുക്കാൻ നോക്കേണ്ട. നരേന്ദ്ര മോദിയിൽ നിന്നല്ല, വിശക്കുന്ന വയറിനോട് മതം പറയരുതെന്ന് പറഞ്ഞ നരേന്ദ്ര ദത്ത എന്ന സ്വാമി വിവേകാനന്ദനിൽനിന്നാണ് ഞങ്ങൾ മതം പഠിച്ചത്’’ -പ്രാദേശിക നേതാക്കളിലൊരാൾ ബി.ജെ.പി.യെ കടന്നാക്രമിക്കുന്നു. ഇവിടെയും നുസ്രത്ത് അഞ്ച് മിനിറ്റിനുള്ളിൽ പ്രസംഗം തീർത്തു. ‘‘ദീദിയുടെ പ്രതിനിധിയാണ് ഞാൻ. 42 മണ്ഡലങ്ങളിലും ദീദി തന്നെയാണ് പ്രധാന സ്ഥാനാർഥി’’ -എന്ന ഓർമപ്പെടുത്തലും.
പ്രചാരണത്തിന് സമാപനംകുറിച്ച് വാർഡ് കൗൺസിലറുടെ വീട്ടിൽ വിശ്രമം. ഇതിനിടെ നുസ്രത്ത് ‘മാതൃഭൂമി’യോട് സംസാരിച്ചു. 

സിനിമ തുടരും

സ്ഥാനാർഥിയാകാൻ ഉദ്ദേശിച്ചിരുന്നോ 

ഒന്നും നേരത്തേ തീരുമാനിച്ചതല്ല. ദീദി പേര് പ്രഖ്യാപിച്ചപ്പോഴാണ് ഞാൻ അറിയുന്നത്. 

ജനങ്ങളോട് എന്താണ് പറയാൻ ശ്രമിക്കാറുള്ളത്

അവർക്കെന്നെ ദീർഘകാലമായി അറിയാം എന്നതാണ് ഒരു സൗകര്യം. പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. രാഷ്ട്രീയക്കാരിയായി സംസാരിക്കേണ്ട കാര്യവുമില്ല. ജയിച്ചാൽ പല നല്ലകാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്നുറപ്പുണ്ട്.

സിനിമാജീവിതം തുടരുമോ

തീർച്ചയായും. എന്നെ ഞാനാക്കിയതും ഇവിടെ വരെ എത്തിച്ചതും സിനിമയാണ്. എന്റെ ഉപജീവനമാർഗവുമാണത്. അത് തുടരുകതന്നെ ചെയ്യും. 

മലയാള സിനിമയിൽനിന്ന് ഓഫറുകൾ വന്നാൽ സ്വീകരിക്കുമോ 

ഉറപ്പായും. എനിക്ക് ഒരു ഓഫർ വന്നിരുന്നു. പക്ഷേ, ഇവിടത്തെ തിരക്കുകാരണം സ്വീകരിക്കാനായില്ല. പല തെക്കേ ഇന്ത്യൻ സിനിമകളും ഇവിടെ ഞങ്ങൾ റീമേക്ക് ചെയ്യാറുമുണ്ട്. മലയാളത്തെക്കുറിച്ചുള്ള സംസാരം കേട്ടതോടെ ദീപേന്ദു ബിശ്വാസ് അടുത്തുവന്നു. ‘‘എന്റെ അമ്മ മലയാളിയാണ്. തലശ്ശേരിയാണ് വീട്. അഞ്ചുമാസം മുൻപ് അമ്മ മരിച്ചു’’ -മുൻ മന്ത്രി എ.സി. ഷൺമുഖദാസിന്റെ സഹോദരീപുത്രൻകൂടിയായ ദീപേന്ദു പറഞ്ഞു. നുസ്രത്ത് സിനിമ വിടാത്തതുപോലെ ദീപേന്ദു ഫുട്‌ബോളും വിട്ടിട്ടില്ല. മുഹമ്മദൻ സ്‌പോർട്ടിങ്ങിനുവേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്.

വെല്ലുവിളി ഉയർത്തുന്ന ബി.ജെ.പി.

രണ്ടുവർഷംമുൻപ് ബാസിർഹട്ടിലെ ബാദുരിയയിൽ ഉണ്ടായ വർഗീയ അസ്വാസ്ഥ്യങ്ങൾ ഈ പ്രദേശത്ത് വലിയതോതിൽ മതധ്രുവീകരണത്തിനിടയാക്കിയിട്ടുണ്ട്. ഈ തരംഗത്തിൽ ബി.ജെ.പി.ക്ക് ശക്തിയുമേറിയിട്ടുണ്ട്. ദക്ഷിൺ ബാസിർഹാട്ട് ബി.ജെ.പി.ക്ക് നിർണായകമായ ശക്തിയുള്ള മേഖലയാണ്. സ്വന്തം നിലയിൽ ബി.ജെ.പി.ക്ക് ആദ്യ എം.എൽ.എ.യെ നൽകിയ ഇവിടെ 2015-ലെ ഉപതിരഞ്ഞെടുപ്പിൽ സമിക് ഭട്ടാചാര്യ ജയിച്ചത് ദീപേന്ദു ബിശ്വാസിനെ രണ്ടായിരത്തഞ്ഞൂറോളം വോട്ടിന് തോൽപ്പിച്ചാണ്. പക്ഷേ, 2016-ൽ ദീപേന്ദു കാൽലക്ഷം വോട്ടിന് മണ്ഡലം തൃണമൂലിനുവേണ്ടി തിരിച്ചുപിടിച്ചു. ബി.ജെ.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ സ്ഥാനാർഥി സായന്തൻ ബസു കനത്ത വെല്ലുവിളിയാണ് നുസ്രത്തിന് ഉയർത്തുന്നത്. സി.പി.ഐ.യുടെ പല്ലബ് സെൻ ഗുപ്ത ഇടതുമുന്നണിക്കുവേണ്ടിയും അബ്ദുർറഹിം കാസി കോൺഗ്രസിനുവേണ്ടിയും രംഗത്തുണ്ട്.