റിസർവ് ബാങ്കിന്റെ നിർദേശം എങ്ങനെയാണ് സർക്കാർ കാണുന്നത്
= റിസർവ് ബാങ്കിന്റെ നടപടിയിൽ പലകാര്യങ്ങളുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ച് സർവീസ് സഹകരണ ബാങ്കുകൾക്ക് ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ ഉപയോഗിക്കാൻ പാടില്ലെന്നാണ് പറയുന്നത്. 2020 സെപ്‌റ്റംബറിലുണ്ടായ ഭേദഗതിക്കുശേഷമാണ് സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ലെന്നാണ് റിസർവ് ബാങ്ക് നിർദേശിച്ച മറ്റൊരുകാര്യം. ഒരു സഹകരണസംഘത്തിലെ അംഗങ്ങളെ, അവർ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നു നോക്കി തരംതിരിച്ചുകണക്കാക്കേണ്ടതില്ലെന്ന് ആദായനികുതി ഇളവ് അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ടുസാഹചര്യങ്ങളും കണക്കിലെടുക്കാതെയാണ് റിസർവ് ബാങ്ക് പുതിയ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ട്, കേരളത്തിലെ സാഹചര്യങ്ങൾ വിശദീകരിച്ച് ഈ നിബന്ധനകളിൽനിന്ന് ഇളവുനേടാനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. 

കേരളത്തിനു മാത്രമായി റിസർവ് ബാങ്ക് ഇളവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ 
= കേരളത്തിനെ മാത്രമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് റിസർവ് ബാങ്ക് നിർദേശിച്ചവയിൽ ഏറെയുമെന്നതാണ് കാണേണ്ടത്. സംസ്ഥാനവിഷയമെന്ന് സുപ്രീംകോടതി തീർത്തുപറഞ്ഞിട്ടും സംസ്ഥാന സഹകരണ നിയമത്തിന് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളിലെ അംഗങ്ങളെ വിഭജിച്ചുകാണാൻ റിസർവ് ബാങ്ക് തയ്യാറാകുന്നത് നിയമപരമായിത്തന്നെ ശരിയല്ല. കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമത്തിൽ സംസ്ഥാനനിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളിലെ അംഗങ്ങളെക്കുറിച്ച് പറയുന്നില്ല. അങ്ങനെയൊരു നിർവചനം കേന്ദ്രനിയമത്തിൽ നൽകാനുമാവില്ല. അത് ഫെഡറലിസത്തിന് എതിരാണ്. രണ്ടാമത്തെ കാര്യം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിലാണ്. കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾ എന്നാൽ, സേവനവും വായ്പയും ഒരേസമയം നാടിനു നൽകുന്ന സഹകരണസ്ഥാപനമാണ്. അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്നതിനൊപ്പം, ആംബുലൻസുകൾ, നീതി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, ലാബുകൾ എങ്ങനെ ഒട്ടേറെ നാട്ടുസേവനങ്ങളും ഒരുക്കുന്നുണ്ട്. വിത്ത്‌ നൽകുന്നതിൽ തുടങ്ങി വിളകൾക്ക്‌ വിപണി ഒരുക്കുന്നതുവരെ കർഷകർക്ക്‌ ഒപ്പം നിൽക്കുന്ന സ്ഥാപനമാണിത്‌. ഇത് റിസർവ് ബാങ്ക് വിവക്ഷിക്കുന്ന ബാങ്കുകളല്ല. കോർപ്പറേറ്റ് ബാങ്കുകളെപ്പോലെ പ്രവർത്തിക്കാനും അവയ്ക്കാവില്ല. സാധാരണക്കാരന് ആശ്രയിക്കാൻ പാകത്തിൽ ബാങ്കുകളായും സേവനകേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന സംവിധാനമാണിത്. സർവീസ് ബാങ്കുകൾ എന്നത് വെറും വിളിപ്പേരു മാത്രമല്ല. മറ്റൊരു സംസ്ഥാനത്തും ഈ രീതിയില്ല. ഇക്കാര്യം റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്താനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

പ്രാഥമിക സഹകരണബാങ്കുകളിൽ നിക്ഷേപിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഈ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗാരന്റി കോർപ്പറേഷന്റെ പരിരക്ഷയില്ലെന്നാമാണ് 
ആർ.ബി.ഐ.യുടെ മുന്നറിയിപ്പ്
= അത് മറ്റൊരു തെറ്റിദ്ധാരണയാണ്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലേത് മാത്രമല്ല, എല്ലാ സഹകരണ സംഘങ്ങളുടെയും നിക്ഷേപത്തിന് പരിരക്ഷയുണ്ട്. അത് കേന്ദ്ര നിക്ഷേപ ഗാരന്റി കോർപ്പറേഷന്റേതല്ല. 
സംസ്ഥാനത്ത് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് എന്ന ഒരു പ്രത്യേകസ്ഥാപനമുണ്ട്. കേന്ദ്ര കോർപ്പറേഷന്റെ പരിരക്ഷ ഒരുലക്ഷം രൂപയായിരുന്നപ്പോൾ, സംസ്ഥാനത്ത് അത് രണ്ടുലക്ഷമായിരുന്നു. കേന്ദ്രം ഇപ്പോൾ അഞ്ചുലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്തും ഈ പരിധി ഉയർത്താനുള്ള നടപടി സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതു മാത്രമല്ല, ഒരു സഹകരണ സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായാൽ, അവിടെ നിക്ഷേപിച്ചവർക്ക് ബോർഡിന്റെ പരിരക്ഷയുള്ള പണം താമസമില്ലാതെ ലഭ്യമാക്കാനുള്ള കാലോചിത പരിഷ്കാരവും ഇതിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ബാങ്കുകളിലേതുപോലെ ആരാണെന്നുപോലും അറിയാത്ത മുതലാളിമാരും, മുഖപരിചയം പോലുമില്ലാത്ത ജീവനക്കാരുമല്ല, സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമുള്ളത്. ഇടപാടുകാർക്ക് പേരെടുത്തു വിളിക്കാൻ കഴിയുന്നവരാണ്. ആ വിശ്വാസം, ആർ.ബി.ഐ. നൽകുന്ന ഉറപ്പിനെക്കാളും വലുതാണ്. 

ഇനി എന്തു നടപടിയാണ് സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് 
= കേരളത്തിന്റെ സാഹചര്യങ്ങളടക്കം ചില കാര്യങ്ങൾ റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതു ചെയ്യും. സർവീസും ബാങ്കിങ്ങും ഒരേപോലെ നിർവഹിക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ സഹകരണബാങ്കുകളെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിന് കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം, റിസർവ് ബാങ്കിന്റെ നിർദേശങ്ങളും കേന്ദ്രനിയമത്തിന് അനുസരിച്ചുവരുന്ന ചില പരിഷ്കാരങ്ങളും മറ്റു സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളെയും  ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമാന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാൻ അവരുമായി കൂടിയാലോചിച്ച് ഒരു കൂട്ടായശ്രമം നടത്തും. ചിലത് നിയമപരമായ പരിഹാരം തേടേണ്ടതുണ്ടാകും. അതിനുള്ള നടപടി സ്വീകരിക്കും. ജനകീയമായുംനേരിടേണ്ടതുണ്ട്. സഹകരണ വിഷയത്തിൽ രാഷ്ട്രീയം മറന്ന് ഒന്നിക്കുന്നതാണ് കേരളത്തിന്റെ അനുഭവം. നോട്ട് നിരോധനഘട്ടത്തിൽ അത് കണ്ടതാണ്. അത്തരത്തിൽ സഹകാരി കൂട്ടായ്മകളുടെ പ്രതിരോധവും തീർക്കും. ജനങ്ങളുടെ അനുഭവത്തിന്റെ കരുത്തും വിശ്വാസവുമാണ് സഹകരണമേഖലയുടെ നട്ടെല്ല്. അതിന് ഒന്നും സംഭവിക്കില്ല. സർക്കാരിന് ഒട്ടും ആശങ്കയുമില്ല. ഏത്‌ പ്രതിസന്ധിയും അതിജീവിക്കാനുള്ളശേഷി കേരളത്തിലെ സഹകരണപ്രസ്ഥാനത്തിനുണ്ട്‌.