സി.പി.എം. കർണാടകഘടകത്തിന്റെ അമരക്കാരനായിരുന്ന വി.ജെ.കെ. നായർ കോഴിക്കോട്‌ വിശ്രമജീവിതം നയിക്കുകയാണ്‌. മാവൂർ ഗ്വാളിയർ റയോൺസ് ജനറൽ മാനേജരായ മകൻ കേണൽ കെ.കെ. മനുവിനൊപ്പമാണ്‌ അദ്ദേഹമിപ്പോൾ. സമകാലീന രാഷ്ട്രീയത്തെക്കുറിച്ച് ‘മാതൃഭൂമി’ പ്രതിനിധി കെ.എം. ബൈജുവിന്‌ അദ്ദേഹമനുവദിച്ച അഭിമുഖത്തിൽ നിന്ന്‌ 

ഇന്ത്യയിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് അടവുനയത്തിന്റെ ഭാഗമായാണ് സി.പി.എം. കണ്ടിരുന്നത്. ഈ നിലപാടുമായാണോ പാർട്ടി മുന്നോട്ടുപോകുന്നത്
ഇന്ത്യൻ ജനാധിപത്യത്തെ അംഗീകരിക്കാത്ത ഒരുകാലം പാർട്ടിക്കുണ്ടായിരുന്നു. എന്നാൽ, 1978-ലെ  പാർട്ടി കോൺഗ്രസിൽ ജനാധിപത്യത്തെ അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചു. നിയന്ത്രിത മുതലാളിത്തവ്യവസ്ഥയാണ് നിലവിൽ ആവശ്യമെന്നാണ് എന്റെ വിശ്വാസം. ചൈനയെപ്പോലെ സോഷ്യലിസത്തോട് അടുത്തുനിൽക്കാൻ സഹായിക്കുന്ന നിയന്ത്രണങ്ങളുള്ള മുതലാളിത്തം. പത്തുമുപ്പതുവർഷമായി ഈ കാഴ്ചപ്പാട് വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഞാൻ. എന്റെ പാർട്ടി അതിനു തയ്യാറായിട്ടില്ല.

തുടർച്ചയായി 34 വർഷത്തെ ഭരണത്തിനുശേഷം ബംഗാളിൽ പാർട്ടി തകർന്നടിഞ്ഞു. എങ്ങനെ വിലയിരുത്തുന്നു?
ബംഗാളിൽ 1966മുതൽ '77വരെ നടന്ന തൊഴിലാളിവർഗ, കർഷകസമരങ്ങളുടെ ഫലമായാണ് പാർട്ടിക്ക് അധികാരത്തിലേറാനായത്. പിന്നീട് ഭരണം നിലനിർത്താനുള്ള പരിപാടികൾക്ക്‌ പ്രാധാന്യംലഭിച്ചു. വ്യവസായവളർച്ചയുടെ കേന്ദ്രമായിരുന്നു ബംഗാൾ. വ്യവസായവികസനത്തിന് പ്രാധാന്യം നൽകാതെ കർഷകസമരങ്ങളിലൂടെ, ഭൂപരിഷ്കരണ നടപടികളിലൂടെ പാർട്ടി വളർത്തിയെടുക്കാമെന്ന സമീപനമുണ്ടായി. ഭൂമി വിതരണത്തിന് പരിമിതിയുണ്ട്. വിതരണം ചെയ്തുകഴിഞ്ഞാൽ പിന്നെ ഭൂമിയില്ല. ഭൂമി ചിതറിപ്പോവും. വ്യവസായത്തിന് ഭൂമിയുടെ വലിയതോതിലുള്ള ഏറ്റെടുക്കൽ ആവശ്യമായിവരും. നന്ദിഗ്രാമിലും സിംഗൂരിലുമെല്ലാം ഇതിനുള്ള ശ്രമമുണ്ടായപ്പോൾ വൻ എതിർപ്പുണ്ടായി. പാർട്ടിക്ക് തിരിച്ചടിയേറ്റു. കേരളത്തിൽ ഭരണം മാറിമാറിവന്നു. ഇത് പാർട്ടിയിലെ ശുദ്ധീകരണപ്രക്രിയയെ സഹായിച്ചു. ബംഗാളിൽ അതുണ്ടായില്ല. അധികാരം ദുഷിപ്പിക്കും എന്നാണല്ലോ.

കേരളത്തിലെ പാർട്ടിയെ എങ്ങനെ കാണുന്നു?
രാജ്യത്ത് രാഷ്ട്രീയമായി ഏറ്റവും സക്രിയമായ പാർട്ടിഘടകം കേരളത്തിലേതുമാത്രമാണ്. പാളംതെറ്റിയ തീവണ്ടിയാണ് പാർട്ടിയെങ്കിൽ ട്രാക്ക് തെറ്റാതെ നിൽക്കുന്ന ഒരുബോഗിയാണ് കേരളം. 

വി.ജെ.കെ. നായർ

തിരുവല്ല സ്വദേശിയായ വി.ജെ. കൃഷ്ണൻകുട്ടി നായർ എന്ന വി.ജെ.കെ. നായർ ആറുപതിറ്റാണ്ടുമുമ്പ്‌ (1958-ൽ) ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിൽ(ബി.ഇ.എൽ.) ജോലിക്കാരനായിരുന്നു. സമരങ്ങൾക്ക് നേതൃത്വംകൊടുത്തതിന്റെ പേരിൽ 1967-ൽ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം കർണാടകയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായിരുന്നു. 40 വർഷക്കാലം സി.പി.എമ്മിന്റെ കർണാടക സംസ്ഥാനസമിതി അംഗമായി. 2014മുതൽ 2018വരെ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും.