ഈ മാസം പതിനൊന്നാം തീയതി അരുൺ ജെയ്റ്റ്‍ലിയെ ന്യൂഡൽഹിയിലെ ആശുപത്രിയിൽ സന്ദർശിക്കുമ്പോൾ അദ്ദേഹം അതിവേഗം തിരിച്ചുവരുമെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നു. എന്റെ കൈകളിൽ കരമമർത്തി എല്ലാം ശരിയാകുമെന്ന് അദ്ദേഹവും സ്വയം ആശ്വസിപ്പിച്ചു. എന്നാലത് ജെയ്റ്റ്‍ലിക്കുള്ള അവസാനത്തെ ഹസ്തദാനമായിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല ഇപ്പോഴും; അദ്ദേഹം വിടപറഞ്ഞുപോയെന്നും. പ്രതിസന്ധികളിൽ എന്നത്തെയുംപോലെ ജെയ്റ്റ്‍ലി ഞങ്ങൾക്കൊപ്പം ഇനി ഓടിയെത്തില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനുമാകുന്നില്ല.

ജെയ്റ്റ്‍ലിയെന്ന ബുദ്ധിമാനും നിപുണനുമായ അഭിഭാഷകനെ എല്ലാത്തിലും ഞാൻ ആശ്രയിക്കാൻ തുടങ്ങിയിട്ട് 40 കൊല്ലത്തിലേറെയാകുന്നു. കോളേജുകാലത്ത്‌ തുടങ്ങിയ ബന്ധം. 1974-ൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റുമാരുടെ കൺവെൻഷനിലാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. ‍ഡൽഹി സർവകലാശാലയെ പ്രതിനിധീകരിച്ച് ജെയ്റ്റ്‍ലിയും ആന്ധ്ര സർവകലാശാലയിൽനിന്ന്‌ ഞാനും. അന്നുമുതൽ ഇങ്ങോട്ട് രാഷ്ട്രീയയാത്രയുടെ വിശാലവും ഇടുങ്ങിയതുമായ വഴികളെല്ലാം ഞങ്ങളൊന്നിച്ചാണ് നടന്നുകയറിയത്. പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗത്തിൽ ചിതറിപ്പോയിരിക്കയാണ് ഞാൻ.

66 വയസ്സിനുള്ളിൽ ഇന്ത്യയുടെ മികച്ച രാഷ്ട്രീയശബ്ദങ്ങളിലൊന്നായി ജെയ്റ്റ്‍ലി മാറിയിരുന്നു. ചിന്തകളിലെ വ്യക്തതയും വിശ്വാസങ്ങളിൽ പുലർത്തിയിരുന്ന ശക്തിയും മികച്ച ആശയവിനിമയപാടവവും ജെയ്റ്റ്‍ലിയെ ഉന്നതങ്ങളിലേക്കെത്തിച്ചു. പാർട്ടിയുടെയും ഇന്ത്യയുടെയും മികച്ച വക്താവായി അദ്ദേഹം മാറി. ജെയ്റ്റ്‍ലി മറഞ്ഞതോടെ ഇന്ത്യയ്ക്ക്‌ നഷ്ടമായത് ആ ശബ്ദത്തെയാണ്.

പാർലമെന്റിലെ ചർച്ചകളിൽ ഇനി ജെയ്‍റ്റ്‍ലിയുടെ അഭാവം എല്ലാവർക്കും അനുഭവപ്പെടുമെന്നതിൽ തർക്കമില്ല. വിവിധ വിഷയങ്ങളിൽ വിജ്ഞാനപരമായ അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തുകളും ഇനിയില്ല.
ആ ബഹുമുഖപ്രതിഭയെ വളരെ വേഗമാണ് ലോകം തിരിച്ചറിഞ്ഞത്. 1977-ൽ അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാപാർട്ടി രൂപവത്കരിക്കപ്പെടുമ്പോൾ അതിന്റെ നാഷണൽ എക്സിക്യുട്ടീവിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു ജെയ്റ്റ്‍ലി. അന്നുമുതൽ രാജ്യത്തിന്റെ രാഷ്ട്രീയചക്രവാതങ്ങളിൽ കുലുങ്ങാതെ ജെയ്റ്റ്‍ലി നിവർന്നുനിന്നു. 1991 മുതൽ ബി.ജെ.പി.യുടെ ദേശീയ എക്സിക്യുട്ടീവംഗമായിരുന്നു. ഞാൻ പാർട്ടി അധ്യക്ഷനായിരുന്നപ്പോൾ സുഷമാ സ്വരാജിനൊപ്പം അദ്ദേഹത്തെയും പാർട്ടിയുടെ പാർലമെൻററി ബോർഡംഗമാക്കി.

2009-ൽ രാജ്യസഭയിലെ പ്രതിപക്ഷനേതൃസ്ഥാനം ആര്‌ ഏറ്റെടുക്കുമെന്ന ചോദ്യമുയർന്നപ്പോൾ ജെയ്റ്റ്‍ലിയാകട്ടെയെന്ന്‌ ഞാനും ഞാനാകട്ടെ എന്ന് ജെയ്റ്റ്‍ലിയും ഉറച്ചുനിന്നു. ഒടുവിൽ ഒട്ടേറെ നിർബന്ധങ്ങൾക്കുശേഷമാണ് നേതൃത്വമേറ്റെടുക്കാൻ അദ്ദേഹം സന്നദ്ധനായത്. ആ ചുമതല ഭംഗിയായി നിർവഹിക്കുകയും ചെയ്തു. വനിതാസംവരണബിൽ പാസാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ഉപരിസഭയുടെ നേതാവായി ഞാൻ നിയമിക്കപ്പെട്ടപ്പോഴും അതിന്റെ ചെയർമാനെന്ന നിലയിൽ ജെയ്റ്റ്‍ലി നൽകിയ പിന്തുണയും വിലമതിക്കാനാകാത്തതാണ്.

ദേശീയ-അന്താരാഷ്ട്ര വിഷയങ്ങളിലെ അഗാധമായ അറിവാണ് ജെയ്റ്റ്‍ലിയെ  വ്യത്യസ്തനാക്കുന്നത്. ആനുകാലികവിഷയങ്ങൾ പിന്തുടരാൻ അദ്ദേഹം കഠിനശ്രമങ്ങളാണ് നടത്തിയിരുന്നത്. ഒരു വിഷയത്തെ പുറമേ അറിഞ്ഞുപോകുകയല്ല, അതിന്റെ ഉറവിടവും അതുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക-ഭൗമ-രാഷ്ട്രീയ അനുരണനങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു. ഏതുവിഷയത്തിലുമുള്ള ആഴത്തിലുള്ള ഈ അറിവും വിശകലനബുദ്ധിയും ജെയ്റ്റ്‍‍ലിയെ അവഗണിക്കാനാകാത്ത ശബ്ദമായി ഉയർത്തിക്കാട്ടി. ആ ശബ്ദമാണ് നിലച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ പാരമ്പര്യം നമുക്ക് മാർഗദർശിയായി തുടരുകതന്നെ ചെയ്യും.

വ്യക്തിപരമായി ഓർമിക്കുമ്പോൾ, ഞങ്ങൾ രണ്ടുപേരും വലിയ ഭക്ഷണപ്രിയരാണ്. തുടക്കകാലത്ത് എല്ലാ പ്രശസ്തമായ ഭക്ഷണശാലകളിലും അവിടങ്ങളിലെ വ്യത്യസ്തമായ രുചികളറിയാൻ ഞങ്ങൾ പതിവായി പോയിരുന്നു. എന്റെ വീട്ടിലെ എല്ലാ ചടങ്ങിലും ജെയ്റ്റ്‌ലി പതിവായെത്തും. സാമൂഹിക-സാംസ്കാരിക ഉത്സവാവസരങ്ങളിലെല്ലാം ഞാനും മുടങ്ങാതെ പോയ ഒരേയൊരു വീട് ജെയ്റ്റ്‍ലിയുടേതാണ്. ഊണുമേശയിലെ ഞങ്ങളുടെ ചർച്ചയിൽ എല്ലാവിഷയവും ഉൾപ്പെടും. ഞങ്ങളുടെ പതിവുകൂടിക്കാഴ്ചകളെല്ലാം ഭക്ഷണത്തിനുവേണ്ടിയും ഭക്ഷണം ചിന്തകൾക്കുവേണ്ടിയുമായിരുന്നു.

ഈ ഓഗസ്റ്റ്‌ എന്നെ സംബന്ധിച്ച് ഓർക്കാനിഷ്ടപ്പെടാത്തതാണ്. ജയ്‍പാൽ റെഡ്ഡിയും സുഷമാ സ്വരാജും അരുൺ ജെയ്റ്റ്‍ലിയും വളരെപ്പെട്ടെന്ന് നമ്മെ വിട്ടുപോയി. മികച്ച പാർലമെന്റേറിയൻമാരെന്നതിനുപുറമേ സമൂഹത്തിന് ഒട്ടേറെ സംഭാവനകൾ നൽകുകയും പൊതുജീവിതത്തിൽ  തങ്ങളുടെ കഴിവുതെളിയിക്കുകയും ചെയ്തവരാണ് ഇവർ മൂവരും. വ്യക്തിപരം മാത്രമല്ല ദേശീയതലത്തിലുണ്ടായ നഷ്ടം കൂടിയാണ് ജെയ്റ്റ്‍ലിയുടെ മരണം. അദ്ദേഹം നിത്യതയിൽ ലയിക്കട്ടെ.

content highlights: venkaiah naidu remembers arun jaitley