എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നാളെ ജന്മശതാഭിഷേകം. 1937 സെപ്റ്റംബർ 10-നാണ് ജനിച്ചത്. ചിങ്ങത്തിലെ 
വിശാഖമാണ് നക്ഷത്രം. അതിനാൽ 12-നാണ് പിറന്നാൾ. കോവിഡ് കാലമായതിനാൽ ആഘോഷങ്ങളൊന്നുമില്ല. ജീവകാരുണ്യ-സേവന പ്രവർത്തനങ്ങൾമാത്രം. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായി 25 വർഷം തികയ്ക്കുകയാണ് അദ്ദേഹം.  ജനറൽസെക്രട്ടറിപദത്തിന്റെ രജതജൂബിലിക്കൊപ്പമാണ് ജന്മശതാഭിഷേകവും എത്തുന്നത്. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടിൽ വെള്ളാപ്പള്ളി ‘മാതൃഭൂമി’ പ്രതിനിധി ജോസഫ്‌ മാത്യുവിനോട്‌ മനസ്സുതുറക്കുന്നു

നടേശനും നടരാജനും. ഇരട്ടസഹോദരങ്ങൾ-ശിവന്റെ പര്യായങ്ങളാണല്ലോ പേരുകൾ

ആദ്യത്തെയാൾ പെണ്ണായിരുന്നു. പിന്നെയൊരു ആൺ. തുടർന്ന് നാലുപെൺകുട്ടികൾ. ഒരു ആൺകുട്ടികൂടി വേണമെന്ന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് പ്രാർഥിച്ചു. വൈക്കം മഹാദേവക്ഷേത്രത്തിൽ ചോറൂട്ട് നേർന്നാൽ ഇഷ്ടസന്താലബ്ധിയുണ്ടാകുമെന്ന് ആരോ അമ്മ ദേവകിയമ്മയോട്‌ പറഞ്ഞു. എന്തായാലും അങ്ങനെത്തന്നെ സംഭവിച്ചു. ഒന്നല്ല, രണ്ടാൺമക്കൾ പിറന്നു. പക്ഷേ, അവിടെ ചോറൂണിന് സവർണർ സമ്മതിച്ചില്ല. അച്ഛൻ സമ്പന്നനും തന്റേടിയും ആൾബലവുമുള്ളയാളായിരുന്നു.  അച്ഛന്റെ ദൃഢനിശ്ചയത്തിനുമുന്നിൽ അവർക്ക്‌ വഴങ്ങേണ്ടിവന്നു. പിന്നാക്കസമുദായത്തിലെ രണ്ടുകുട്ടികൾ ആദ്യമായി അവിടെ ഊട്ടുപുരയിൽ ചോറുണ്ടു. ഞങ്ങൾക്ക്‌ പേരിട്ടപ്പോൾ ശിവന്റെ പര്യായങ്ങളെടുത്തു. വൈക്കത്തപ്പൻ അന്നദാനപ്രഭുവാണെന്നല്ലേ? ഇന്നുവരെ ഭക്ഷണത്തിന്‌ ബുദ്ധിമുട്ടുവന്നിട്ടില്ല.

സമ്പന്നകുടുംബത്തിൽപ്പിറന്ന താങ്കൾ എങ്ങനെയാണ് സംഘടനാപ്രവർത്തകനായത്

ഒന്നൊന്നേകാൽ ലക്ഷം നാളികേരം കിട്ടുന്ന കുടുംബത്തിലാണ് ജനിച്ചത്. 56-ാം വയസ്സിൽ അച്ഛൻ മരിച്ചു. പിന്നെ അമ്മയാണ് എല്ലാം നോക്കിനടത്തിയത്. ഞാൻ ഓരോ വീട്ടിലും കയറിയിറങ്ങും. കൊച്ചുമുതലാളീന്നാണ് ആളുകൾ വിളിച്ചിരുന്നത്. പുറത്ത് പായവിരിച്ചാണ് ഇരുത്തുക. കടുംകാപ്പിയും റെസ്കും തരും. 57 കൊല്ലം മുമ്പത്തെ കാര്യമാണ്. നാട്ടിൽ ബാങ്കോ സൊസൈറ്റിയോ ഇല്ല. അക്കാലത്ത് ഞാൻ കുടുംബയൂണിറ്റുണ്ടാക്കി-ഗ്രാമസ്വരാജ് സമിതി. കുടിയാൻമാർക്ക് ജന്മി അനുഭവത്തെങ്ങ് കൊടുക്കുന്ന ശീലമുണ്ട്. തെങ്ങിൻതോട്ടം സംരക്ഷിക്കുന്നതിന് പകരമായി രണ്ടോ മൂന്നോ തെങ്ങ് ആദായമെടുക്കാൻ കൊടുക്കുന്നതിനാണ് അനുഭവത്തെങ്ങെന്ന്‌ പറയുക. കൂടാതെ കടിഞ്ഞൂൽത്തെങ്ങുമുണ്ട്. കായ്ക്കാറാകുന്നതുവരെ സംരക്ഷിച്ചതിന് മൂന്നോ നാലോ കൊല്ലം ആദായമെടുക്കാൻ ഒന്നോ രണ്ടോ തെങ്ങുനൽകുന്നതാണ് കടിഞ്ഞൂൽത്തെങ്ങ്. അതിലൊരെണ്ണം ഗ്രാമസ്വരാജ് സമിതി ഏറ്റെടുത്ത്‌ കെട്ടിടും. 60 ദിവസത്തിനുള്ളിൽ ഇതിലെ തേങ്ങയിട്ട് ലേലംചെയ്യും. ഈ  സംഘത്തിലുള്ള ആർക്കെങ്കിലും പണം ആവശ്യമുണ്ടെങ്കിൽ അതുനൽകും. എടുക്കാത്തവർക്ക് അർത്തുങ്കൽ പെരുന്നാളും കണിച്ചുകുളങ്ങര ഉത്സവവും ആഘോഷിക്കാൻ കാശുനൽകും. അന്ന്‌ ഞാനുണ്ടാക്കിയ രണ്ടുകെട്ടിടങ്ങൾ ഇപ്പോഴുമുണ്ട്. അങ്ങനെ സാധാരണക്കാർക്കിടയിൽ പ്രിയങ്കരനായതോടെയാണ് 26-ാം വയസ്സിൽ കമ്യൂണിസ്റ്റ്‌പാർട്ടി സ്ഥാനാർഥിയായി പഞ്ചായത്തിലേക്ക്‌ മത്സരിച്ചത്. വീടുവീടാന്തരം കയറി വോട്ടുതേടാൻ ജന്മികൾ സമ്മതിച്ചില്ല. മെഗാഫോണായിരുന്നുപകരം മാർഗം. തോറ്റെങ്കിലും ജന്മികളെല്ലാം എനിക്കെതിരായി. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് നേതാക്കളെല്ലാം ഒളിവിൽപ്പോയപ്പോൾ നാട്ടിലെ പാർട്ടിക്കാര്യങ്ങൾ നോക്കിയത് ഞാനായിരുന്നു. കാശും കാറുമുള്ളതിനാൽ എല്ലാത്തിനും ആളുകൾ എന്നെ സമീപിക്കുമായിരുന്നു. ‘ഓരോ കാര്യവും നോക്കണേ’ എന്നൊക്കെപ്പറഞ്ഞ് ഗൗരിയമ്മ കത്തുകൊടുത്തുവിട്ടിട്ടുണ്ട്. അങ്ങനെയിരിക്കെ, കാരുവള്ളിൽ ദിവാകരൻ എന്നയാളെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിട്ടു. പാർട്ടി ലോക്കൽ നേതാവുതന്നെ വ്യാജ ആരോപണം ഉന്നയിച്ചപ്പോൾ ഇടതുപക്ഷവുമായി അകന്നു. സ്വകാര്യജീവിതത്തിലേക്കുമടങ്ങി.

കുമാരനാശാനും ആർ. ശങ്കറുമുൾപ്പെടെയുള്ള പ്രമുഖർ ഇരുന്ന കസേരയിലേക്കുവരുമ്പോൾ ആശങ്കയുണ്ടായിരുന്നോ

തീർച്ചയായും. ശാശ്വതീകാനന്ദസ്വാമിയുടെ ബുദ്ധിയും കൗശലവുമാണ് എന്നെ ഇതിലെത്തിച്ചത്. നിങ്ങളൊരു കാര്യം വേണ്ടെന്ന് ഉറച്ചുതീരുമാനിച്ചിരിക്കയാണെങ്കിലും സ്വാമിവന്ന്‌ സംസാരിച്ചുകഴിയുമ്പോൾ മനസ്സുമാറ്റും. എന്റെ ഗുണംകൊണ്ടല്ല, മറിച്ച് എതിരാളിയുടെ ദോഷംകൊണ്ടാണ് ആദ്യം ജയിച്ചത്. എനിക്കുമുമ്പിരുന്നവരെല്ലാം പ്രഗല്‌ഭരായിരുന്നു. എന്നെക്കാൾ അറിവും രാഷ്ട്രീയപിൻബലവുമുള്ളവർ. നന്നായി പ്രസംഗിക്കും. എനിക്കതത്ര വശമില്ല. ഞാനപ്പോൾ ചിന്തിച്ചത് ജനങ്ങളുടെ ആമാശയത്തെക്കുറിച്ചാണ്. മൈക്രോ ഫിനാൻസായി ഏഴായിരം കോടിയോളമല്ലേ കൊടുത്തിരിക്കുന്നത്. വേറെയാര് ഇങ്ങനെ ചെയ്തിട്ടുണ്ട്?   

വി.എസുമായി അടുപ്പമുണ്ടായിരുന്ന താങ്കൾ പിന്നീട് അകന്നു. എന്തായിരുന്നു കാരണം? പിന്നീടെപ്പോഴെങ്കിലും യോജിപ്പുണ്ടായോ

എന്നെ പഞ്ചായത്തിൽ മത്സരിപ്പിച്ചത് അദ്ദേഹമായിരുന്നു. ആത്മമിത്രങ്ങളായിരുന്നു. അദ്ദേഹം ഏൽപ്പിച്ച എത്രയോ ദൗത്യങ്ങൾ നിർവഹിച്ചിരിക്കുന്നു. അതൊന്നും പുറത്തുപറയില്ല.  കൊല്ലം എസ്.എൻ. കോളേജിൽ സമരമുണ്ടായി. കുഴപ്പംകാണിച്ച വിദ്യാർഥികളെ പുറത്താക്കിയതാണ്‌ വിഷയം. സമരക്കാർ കോളേജ് അടിച്ചുതകർത്തു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയായിരുന്ന നായനാരെ സമീപിച്ചത് വി.എസിന് ഇഷ്ടപ്പെട്ടില്ല.  വി. എസുമായി ഒത്തുതീർപ്പുണ്ടാക്കാൻ ശാശ്വതീകാനന്ദസ്വാമി ഉപദേശിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല. ഒരു സംഘമാളുകൾ എന്റെ വീടിനുമുന്നിലും സമരംതുടങ്ങി. വി.എസിനെക്കണ്ട് മാപ്പപേക്ഷിച്ച് സഹായം തേടിയെങ്കിലും പ്രയോജനമുണ്ടായില്ല. ആലപ്പുഴക്കാരനായ വി.എസിനെ മറികടന്ന് എന്തെങ്കിലും ചെയ്യാൻ പാർട്ടിക്കും പരിമിതികളുണ്ടായിരുന്നു. നായനാർ എന്നെവിളിച്ച് അതുപറഞ്ഞു.  ആ വൈരാഗ്യത്തിന്റെ പേരിൽ  പ്രതിപക്ഷനേതാവായിരിക്കുമ്പോൾ വി.എസ്. മൈക്രോഫിനാൻസിന്റെ പേരിൽ എന്റെപേരിൽ കേസുകൊടുത്തു. ഒരുരൂപ ഞാൻ സർക്കാരിന് അടയ്ക്കാനില്ല. കേസിപ്പോഴും അവിടെയുണ്ട്. ശിവഗിരി പ്രശ്നത്തിൽ ഒരു നിവേദനം നൽകാൻ സ്വാമി, വിദ്യാസാഗർ എന്നിവർക്കൊപ്പം നായനാരെയും പിണറായിയെയും കണ്ടതും വി.എസിന് ഇഷ്ടമായില്ല.

പിണറായി വിജയനുമായി എങ്ങനെയാണ് ബന്ധം

അങ്ങനെ വലിയ ബന്ധമൊന്നുമില്ല. ചില കാര്യങ്ങളൊക്കെ ബോൾഡായി പറയും. പറയുന്നതിൽ ഉറച്ചുനിൽക്കും. അതെനിക്ക് ഇഷ്ടമാ. എന്നെ പരിചയപ്പെടുത്തുന്നത് നായനാരാണ്. കാണാൻചെന്നു. വളരെ ശ്രദ്ധയോടെ കേട്ടു. വി.എസ്. ഉൾപ്പെടെ ഒരുപാടാളുകൾ ലാവ്‌ലിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടി. എന്നിട്ടുപോലും അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ ഭരണപരിഷ്കാര കമ്മിഷന്റെ ചെയർമാനാക്കി. നിങ്ങളോ ഞാനോ ആണെങ്കിൽ അങ്ങനെ ചെയ്യുമോ? അതൊരു ക്വാളിറ്റിയാണ്.

സമുദായനേതാക്കൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് താങ്കൾ പറയുന്നു. എന്നാൽ, എസ്.എൻ.ഡി.പി.യോഗത്തിന്റെ അനുഗ്രഹത്തോടെയല്ലേ ബി.ഡി.ജെ.എസ്. ഉണ്ടായത്

തുറന്നുപറയാമല്ലോ, രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കുന്നതിന് ഞാൻ അന്നും ഇന്നും എതിരാണ്. യോഗം പാർട്ടിയുണ്ടാക്കാൻ പാടില്ല. എല്ലാ പാർട്ടിക്കാരുമുള്ള സംഘടനയാണിത്. സാമൂഹികനീതിക്കായി ഒരു പാർട്ടിയുണ്ടാക്കണമെന്ന് കുറെപ്പേർ ആവശ്യപ്പെട്ടപ്പോൾ ‘നിങ്ങളുണ്ടാക്കിക്കോ, ഞാനുണ്ടാകില്ല’ എന്നാണുപറഞ്ഞത്. ബി.ഡി.ജെ.എസ്. വന്നത് യോഗത്തിന്റെ നേതൃത്വത്തിലല്ല. ഒരു സമത്വമുന്നേറ്റയാത്ര നടന്നു. അതിൽ മുസ്‌ലിമും ക്രിസ്ത്യാനിയും നായരുമൊക്കെ ഉണ്ടായിരുന്നു. ഞാനുമുണ്ടായിരുന്നു. അത്‌ സാമൂഹികനീതിക്കുവേണ്ടിയായിരുന്നു. ബി.ഡി.ജെ.എസ്. പിന്നീട് ബി.ജെ.പി.യുമായി ഐക്യമുണ്ടാക്കി. അവരുപറഞ്ഞതുപോലെ വല്ലതും ചെയ്തുകൊടുത്തോ? പരസ്പരവിശ്വാസത്തോടെ പ്രവർത്തിച്ചോ? ഏറ്റവും വോട്ടുകിട്ടിയതാർക്കാ, ശ്രീധരൻ സാറിന്. പിന്നെ സിനിമാനടന്(സുരേഷ് ഗോപി). പിന്നെ പോലീസുകാരന്(ജേക്കബ് തോമസ്). ഇവർ മൂന്നുപേരും ബി.ജെ.പി.ക്കാരായിരുന്നോ?

ബി.ജെ.പി.യുമായി അകൽച്ചയുണ്ടോ

ബി.ജെ.പി. ഒരു മോശം പാർട്ടിയാണെന്ന്‌ ഞാൻ പറയില്ല. അഖിലേന്ത്യാലെവലിൽ അവർ ഏറ്റവും മിടുക്കരായതുകൊണ്ടാണല്ലോ നരേന്ദ്രമോദി ഇപ്പോഴും ഭരിക്കുന്നത്. കോൺഗ്രസ് അഖിലേന്ത്യാതലത്തിലും കേരളത്തിലും തകർന്നു. രാജ്യത്തിപ്പോൾ ഭരിക്കാൻ കൊള്ളാവുന്ന ഒരു പാർട്ടി ബി.ജെ.പി.യല്ലേയുള്ളൂ. പക്ഷേ, ഇവിടെ അവർ രക്ഷപ്പെടണമെങ്കിൽ നയം മാറണം. സവർണതയാണ് മനസ്സിലുള്ളത്. ഹിന്ദുക്കളെ ഒരുമിച്ചുനിർത്തണമെന്ന് മോദിയും അമിത് ഷായും എത്രതവണ പറഞ്ഞിട്ടും ഇവർ കേൾക്കുന്നുണ്ടോ?  ഇത്തവണ ശബരിമലവിഷയം പറഞ്ഞിട്ട് എന്താണ് വോട്ടുകിട്ടാഞ്ഞത്? ഞാൻ അന്നും അതിനെതിരായിരുന്നു. മതിലിനൊപ്പമായിരുന്നു. ആദ്യം കോടതിവിധി വന്നപ്പോൾ സ്വാഗതംചെയ്തവരല്ലേ പിന്നീട് എതിരായത്. വിധിവന്നപ്പോൾ നിരാശാജനകം എന്നാണ് ഞാൻ പ്രതികരിച്ചത്.   

ശബരിമല യുവതീപ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ

ഇല്ല. വിശ്വാസികളായ യുവതികൾ പോകില്ല. പക്ഷേ, സമരത്തിന്റെ ആവശ്യമില്ല. ഇതൊന്നും രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കാൻ പാടില്ല.

 ബി.ഡി.ജെ.എസ്.-ബി.ജെ.പി. ബന്ധത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് തുഷാർ വെള്ളാപ്പള്ളിയുമായി എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ
ഞങ്ങൾ രാഷ്ട്രീയകാര്യങ്ങൾ സംസാരിക്കാറില്ല. അവർ അവരുടെ വഴിക്ക്. സമുദായത്തിൽ അവരുടെ ഐഡിയ നടപ്പാക്കാൻ ഞാൻ സമ്മതിക്കില്ല. അങ്ങോട്ടോ ഇങ്ങോട്ടോ ഇടപെടില്ല.

 അടിസ്ഥാനപരമായി ഇടതുപക്ഷക്കാരനാണോ
മനസ്സുകൊണ്ട്‌ അങ്ങനെയാണ്. ഈഴവസമുദായത്തിലെ ഭൂരിപക്ഷവും ഇടതുപക്ഷചിന്താഗതിക്കാരാണല്ലോ. ആ വിഭാഗത്തിനെ സംരക്ഷിക്കാൻ അവരോടൊപ്പം ഞാൻ നിന്നല്ലേപറ്റൂ.

 മദ്യം വിഷമാണ്. ഉണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത് എന്നല്ലേ ഗുരു പറഞ്ഞിരിക്കുന്നത്
നിങ്ങളെന്താണ് ഗുരുവിന്റെ കാര്യംമാത്രം പറയുന്നത്. മറ്റുസമുദായങ്ങളുടെ ആരാധ്യപുരുഷൻമാരും അതുതന്നെയല്ലേ പറഞ്ഞത്. ഗുരുദേവന്റെ കാര്യംപറഞ്ഞ് ഞങ്ങളുടെ വായടപ്പിക്കാൻ നോക്കരുത്. ജാതിയെപ്പറ്റി പറഞ്ഞാലും ഗുരുവിനെ കൊണ്ടുവരും. ഈഴവനുമാത്രം ജാതി പറയാൻ പാടില്ലേ? ജാതിയും മതവും പറയണം. അതനുസരിച്ചുള്ള നീതി എല്ലാവർക്കും കൊടുക്കണം.

 രാവിലെ മുതലുള്ള സന്ദർശകർ. തുടരൻ യാത്രകൾ. ഒഴിവുസമയത്ത് എന്തു ചെയ്യും
സിനിമ, നാടകം ഒന്നും കാണാറില്ല. ടി.വി.യിലും ഇതൊന്നും കാണില്ല. ‘ഭരതം’ സിനിമയാണ് അവസാനമായി തിയേറ്ററിൽപ്പോയി കണ്ടത്. ടി.വി.യിൽ വാർത്തകാണലാണ് പ്രധാനം. എല്ലാ ചാനലും മാറിമാറിക്കാണും. രാത്രിച്ചർച്ചകൾ കാണില്ല. രാവിലെ ആറിന് എണീക്കും. വീടിനുചുറ്റും പത്തുറൗണ്ട്‌ നടന്നുവരുമ്പോൾ അരമണിക്കൂറാകും. തുടർന്ന് ഏഴുപത്രങ്ങൾ വായിക്കും. ഉച്ചയ്ക്ക് അരമണിക്കൂർ ഉറക്കം. ബാക്കി എപ്പോഴും തിരക്കായിരിക്കും. രാത്രിയിൽ കിടക്കുന്നതിന് കൃത്യസമയമൊന്നുമില്ല. ബൈപ്പാസ് കഴിഞ്ഞതാണെങ്കിലും ഭക്ഷണത്തിന് വലിയ ചിട്ടയൊന്നുമില്ല. ഇറച്ചിയോട്‌ വലിയ താത്പര്യമില്ല. മുട്ട വലിയ ഇഷ്ടം. മീനും കഴിക്കും.

 മിമിക്രിക്കാർ അനുകരിക്കുന്നത് ശ്രദ്ധിക്കാറുണ്ടോ
ചിലപ്പോഴൊക്കെ ടി.വി.യിൽ കാണും. അതിലൊന്നും എനിക്കുവിരോധമില്ല. ഞാൻ ആസ്വദിക്കാറുണ്ട്. അതുകൊണ്ട് എന്നെ കൂടുതൽ ആളുകൾ അറിഞ്ഞു. എന്റെ തറവേലകളാണല്ലോ അവർ പറയുന്നത്. എന്തെങ്കിലും കറക്ട്ചെയ്യണമെങ്കിൽ എനിക്കും അതുചെയ്യാമല്ലോ.