കെ.എസ്.യു. എന്ന ത്രയക്ഷരിക്കു ജന്മംനൽകിയ യുവാവ്.  എം.കെ. രവീന്ദ്രൻ എന്ന വയലാർ രവി. കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്ക് സാധ്യമാക്കാനുള്ള മഹാനദിയായി കെ.എസ്.യു.വിനെ വളർത്തുന്നതിന്‌ അദ്ദേഹം ചാലുകീറി. അതിനുള്ള തെളിവാണ് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, എ.സി. ജോസ്, വി.എം. സുധീരൻ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ, പി.ടി. തോമസ് തുടങ്ങി അഭിജിത് വരെയുള്ള കോൺഗ്രസ് നേതൃനിര. ഒരുപറ്റം ചെറുപ്പക്കാർ വയലാർ രവിയുടെ നേതൃത്വത്തിൽ 1957-ൽ ആലപ്പുഴയിലെ താണു അയ്യർ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന നാഷണൽ ട്യൂട്ടോറിയൽ കോളേജിൽ ഒത്തുകൂടി. അങ്ങനെ കെ.എസ്.യു. എന്ന വിദ്യാർഥിസംഘടന പിറവികൊണ്ടു. 

സ്വന്തം ജീവിതത്തിലെ ലാളിത്യവും സഹപ്രവർത്തകരോടുള്ള അനുകമ്പയും അവരുടെ ആവശ്യമറിഞ്ഞു സഹായിക്കാനുള്ള മനസ്സുമാണ് വയലാർജിയെ മറ്റു നേതാക്കളിൽനിന്ന്‌ വ്യത്യസ്തനാക്കുന്നത്. എന്തെങ്കിലും കാര്യത്തിനായി അദ്ദേഹത്തെ സമീപിക്കുന്നവരോട് ആദ്യം ക്ഷോഭിക്കും. വയലാർജിയുടെ സ്വഭാവം അറിയാവുന്ന കേരളത്തിലെ നേതാക്കൾ എത്ര വഴക്കുകേട്ടാലും പോകാതെ അവിടെയെവിടെങ്കിലുമൊക്കെ നിൽക്കും. അവർക്കറിയാം കുറച്ചുകഴിയുമ്പോൾ അവരെ തിരിച്ചുവിളിക്കാൻ ആളെ വിടുമെന്ന്. പിന്നെ വന്നകാര്യം സാധിക്കുകയും ചെയ്യും. 1972-ൽ എ.ഐ.സി.സി.യുടെ പരമോന്നത സമിതിയായ പ്രവർത്തക സമിതിയിലേക്ക് ഇന്ദിരാജിയോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട വയലാർജിക്കു കേന്ദ്രമന്ത്രിയാകാൻ 2006 വരെ കാത്തിരിക്കേണ്ടിവന്നത് തന്റെ സുഹൃത്തുക്കൾക്കുവേണ്ടി ഇന്ദിരാഗാന്ധിയിൽനിന്നു അകന്നുനിന്നതിന്റെ പരിണതഫലമായിരുന്നു.

രണ്ടുപ്രാവശ്യം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തര മന്ത്രിയുമായി. പിന്നീട് രണ്ടുപ്രാവശ്യം ലോക്‌സഭയിലേക്കും നാലുപ്രാവശ്യം രാജ്യസഭയിലേക്കും. ചുരുങ്ങിയ കാലംകൊണ്ട് അറിയപ്പെടുന്ന മികച്ച പാർലമെന്റേറിയനാകാനും മാധ്യമങ്ങൾ ഒന്നാകെ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്ന് വിശേഷിപ്പിക്കപ്പെടാനും ഇടയാക്കിയത് അദ്ദേഹത്തിന്റെ  നേതൃപാടവം ഒന്നുകൊണ്ടു മാത്രമായിരുന്നു. 
കെ.പി.സി.സി.യുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാകാനും തന്റെ ഉറ്റചങ്ങാതിയെ തോൽപ്പിക്കാനും കഴിഞ്ഞത് ചരിത്ര നിയോഗമായിരിക്കാം.  എ.ഐ.സി.സി.യുടെ ജനറൽ സെക്രട്ടറി ആയും ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കാൻ കഴിഞ്ഞതും അപൂർവമായി ലഭിക്കുന്ന അംഗീകാരമായിരുന്നു.  

ഇന്ത്യയിൽ ആദ്യമായി രൂപവത്‌കരിച്ച പ്രവാസികാര്യ വകുപ്പിന്റെ കാബിനറ്റ് മന്ത്രിയായ അദ്ദേഹം പ്രവാസികൾക്കുവേണ്ടി ഉണ്ടാക്കിയ നിയമങ്ങളും രാജ്യങ്ങൾ തമ്മിലുണ്ടാക്കിയ കരാറുകളും ഇപ്പോഴും ഫലപ്രദമാണ്. വിദേശത്തു വീട്ടുജോലിക്ക് പോകുന്ന സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ ചൂഷണത്തിൽനിന്ന്‌ രക്ഷിക്കാനും കഴിഞ്ഞു. പ്രവാസികളുടെ വോട്ടവകാശം യാഥാർഥ്യമാക്കാനുമായി. 
വ്യോമയാന മന്ത്രിയായിരിക്കെ ട്രേഡ് യൂണിയൻ രംഗത്തെ പരിചയം വിനിയോഗിച്ച്‌ എയർ ഇന്ത്യയിലെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ മനസ്സിലാക്കി പ്രാവർത്തികമാക്കി. 
നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ലാഭത്തിലേക്കു കൊണ്ടുവരാൻ എല്ലാവിഭാഗം ജോലിക്കാരുടെയും പൂർണ സഹകരണം ഉറപ്പാക്കാൻ സാധിച്ചത് ഏറേ പ്രശംസനേടി. ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും ചെറുകിട വ്യവസായ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായും അദ്ദേഹം കഴിവ് തെളിയിച്ചു. 

തന്റെ ഭാര്യയും സുഹൃത്തും ഉപദേശകയുമായിരുന്ന ജീവിതപങ്കാളിയുടെ വേർപാടും വിദേശ യാത്രയ്ക്കിടെ ലൈബീരിയയിൽ വെച്ചുണ്ടായ വാഹനാപകടവും അദ്ദേഹത്തിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. 
അരനൂറ്റാണ്ട് നീണ്ട പാർലമെന്ററി ജീവിതത്തിനും ആറു പതിറ്റാണ്ടിലേറെ ആയ സജീവ രാഷ്ട്രീയത്തിനും വിരാമമിട്ടുകൊണ്ട് തന്റെ തട്ടകമായ എറണാകുളത്തു വിശ്രമജീവിതം നയിക്കുകയാണ് വയലാർജി. എന്നാൽ, ഈ സമയത്തും രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിരീക്ഷിച്ചും ജീവവായു പോലെ കൊണ്ടുനടന്ന പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകിയും സജീവമായിത്തന്നെ അദ്ദേഹം നമ്മോടൊപ്പം നിൽക്കുന്നു. 
 
(വയലാറിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ലേഖകൻ 30 വർഷത്തോളം വയലാർ രവിയുടെ സെക്രട്ടറിയായിരുന്നു)