വാരാണസി നഗരഹൃദയത്തിൽനിന്ന് അരക്കിലോമീറ്റർ മാറിയാണ്   ശിവ്പുരയിലെ ജയപ്രകാശ് നഗർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്‌പര്യപ്രകാരം ഈയിടെ വിമാനത്താവളംപോലെ മുഖംമിനുക്കിയ മൺട്വാഡി റെയിൽവേ സ്റ്റേഷനടുത്താണിത്. 

തൊട്ടടുത്ത് മലിനജലം കെട്ടിക്കിടക്കുന്ന, പന്നികൾ മേയുന്ന പ്രദേശം. അവിടെ വർത്തമാനം പറഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരോട് എന്താണിവിടെ ഇങ്ങനെ എന്നുചോദിച്ചപ്പോൾ വാരാണസിയിൽ പ്രധാന നഗരത്തിൽ മാത്രമാണ് വികസനമെന്ന് മറുപടി. കുടിവെള്ളവും   കൃത്യമായ വഴികളും ഓടകളും ഇല്ലാതെ പന്നികളെപ്പോലെ ജീവിക്കുന്ന മനുഷ്യരെക്കൂടി കാണണമെങ്കിൽ വരൂ എന്നുപറഞ്ഞാണ് മൂവരും ജയപ്രകാശ് നഗർ കോളനിയിലെത്തിക്കുന്നത്.  കയറിച്ചെല്ലുമ്പോൾത്തന്നെ ഇടതുഭാഗത്തെ ഇടുങ്ങിയ തെരുവിൽ മലിനജലം നിറഞ്ഞ ഓടയ്ക്കരികിലെ വീട്ടുവരാന്തയിലിരുന്ന് ബൻകുമാരി എന്ന 55-കാരി കൃത്രിമപ്പൂക്കളുണ്ടാക്കുന്നു. ദിവസവും 12 മണിക്കൂർവരെ പണിയെടുത്താൽ മൂന്നുപാക്കറ്റ് പൂക്കളുണ്ടാക്കാം. ഒരു പാക്കറ്റിന് കൂലി നാലുരൂപ. മൂന്നെണ്ണത്തിനുംകൂടി 12 രൂപ. സംശയമായപ്പോൾ ‘പാക്കറ്റിന് ചാർ (നാല്)’ എന്നുതന്നെയല്ലേ പറഞ്ഞതെന്നുചോദിച്ചു. എൽഎൽ.ബി. പഠനം പാതിക്കുനിർത്തിയ മൊഹൻസരായ് എന്ന കോളനിവാസി അപ്പോൾ വ്യക്തമാക്കി, ‘‘സംശയിക്കേണ്ട നാലുരൂപതന്നെ’’. ബൻകുമാരിയെപ്പോലെ പൂക്കളുണ്ടാക്കുന്ന അഞ്ഞൂറോളം സ്ത്രീകളുണ്ടിവിടെ. എല്ലാവരുടെയും കൂലി ഇതുതന്നെ.

സർക്കാർസർവീസിൽ പ്രവർത്തിക്കുന്ന ഒരു ചെറുപ്പക്കാരൻ പേരെഴുതരുതെന്ന ആമുഖത്തോടെ പറഞ്ഞു: ‘‘ഇവിടെയെല്ലാവരും എസ്.പി.-ബി.എസ്.പി. സഖ്യസ്ഥാനാർഥി ശാലിനി യാദവിനേ വോട്ടുചെയ്യൂ. പ്രധാനമന്ത്രിയോട്  വിരോധമുള്ളതിനാലല്ല. തൊട്ടപ്പുറത്ത് അടിസ്ഥാനസൗകര്യങ്ങളെല്ലാം ഒരുക്കുമ്പോൾ ഇവിടെ കൈയെത്തുംദൂരത്ത് അതൊന്നുമില്ലാത്ത മനുഷ്യരുണ്ട്. നിങ്ങളുടെ നാട്ടിലെ പത്രത്തിലിത് എഴുതുമ്പോൾ അവിടെയുള്ള ബി.ജെ.പി. നേതാക്കളിലൂടെയെങ്കിലും ഇത് പ്രധാനമന്ത്രി അറിയട്ടെ’’. വാരാണസി  നഗരത്തിലുള്ളവരോട് സംസാരിച്ചപ്പോൾ പത്തിൽ ഏഴുപേരും വോട്ട് മോദിക്ക് എന്നുപറഞ്ഞുകേട്ടുകൊണ്ടിരുന്ന അവസരത്തിലാണ് ഒരു പ്രദേശത്തെ വലിയൊരു വിഭാഗം എതിരുപറയുന്നത്. എസ്.പി.-ബി.എസ്‌.പി.ക്ക് പിന്നെന്തുകൊണ്ട്‌ വോട്ടുചെയ്യുന്നു എന്നുചോദിച്ചപ്പോൾ, പിന്നാക്കാവസ്ഥയിൽ നിവർന്നുനിൽക്കാൻ മനോധൈര്യമെങ്കിലും നൽകുന്നു എന്നാണ് പലരുടെയും ഉത്തരം. പുണ്യനഗരമായ വാരാണസിയിലുടനീളം വികസനത്തിന്റെ ഈ വൈരുധ്യം കാണാം. ഈ തോന്നൽ പുതുതായെത്തുന്നവർക്ക്  മാത്രമാണെന്നാണ് വാരാണസിയിലെ ഓയോ ഹോട്ടൽ ശൃംഖലയുടെ ജനറൽ മാനേജരായ ബബ്ബൻ സിങ്ങിന്റെ അഭിപ്രായം. 

വികസനത്തിലെ വ്യത്യാസം

‘‘വാരാണസിയെ താരതമ്യംചെയ്യേണ്ടത് നരേന്ദ്രമോദിക്ക് ശേഷവും മുമ്പും എന്ന അളവുകോലുപയോഗിച്ചാണ്. 2014-നുമുമ്പാണ് നിങ്ങൾ വന്നിരുന്നതെങ്കിൽ കാണാനാവുമായിരുന്നത്, കൈകൊണ്ട്‌ തൊടാനാവാത്തവിധം മലിനമായ ഗംഗാജലമാണ്. ഓരോ  തെരുവിന്റെയും ആകാശത്ത് കെട്ടുപിണഞ്ഞുകിടക്കുന്ന വൈദ്യുതവയറുകൾ, അഴുക്കുനിറഞ്ഞ ഓടകൾ, ദിവസത്തിൽ പകുതിസമയവും ഇല്ലാത്ത വൈദ്യുതി, മോശം റോഡുകൾ... അങ്ങനെ സമസ്തമേഖലകളിലും അക്ഷരാർഥത്തിൽ വളരെ പഴകിജീർണിച്ച മുഖമായിരുന്നു ഈ പൗരാണികനഗരത്തിന്. നരേന്ദ്രമോദി വന്നതിനുശേഷം  ഈയവസ്ഥയിൽ വളരെയധികം മാറ്റമുണ്ടായി. വൈദ്യുതക്കമ്പികൾ ഭൂമിക്കടിയിലൂടെയായി. 24 മണിക്കൂറിൽ വൈദ്യുതി ഇല്ലാതാവുന്നത് വിരളം. ഗംഗാജലം നിങ്ങൾക്ക് കൈകൊണ്ട്‌ തൊടാം. അസിഘട്ടിലും ദശാശ്വമേധ് ഘട്ടിലും ആരതിക്കായി നിങ്ങൾക്ക് മനഃപ്രയാസമില്ലാതെ പോകാം. എല്ലായിടത്തിലും വൃത്തിയായി. ഒട്ടേറെ കുറ്റങ്ങൾ കണ്ടുപിടിക്കാനാവും. എല്ലാ കുറവുകളും അഞ്ചുവർഷംകൊണ്ട് പരിഹരിക്കാനാവുന്നതല്ലല്ലോ. നഗരത്തിനുള്ളിൽ പലയിടത്തും ഗ്രാമങ്ങളിലും ഇനിയും പുരോഗതി വരാനുണ്ട്. മോദി വീണ്ടും വന്നാൽ അതെല്ലാം സാധ്യമാവുമെന്ന കാര്യത്തിൽ സംശയമില്ല’’ -താനൊരു ബി.ജെ.പി.ക്കാരനല്ല എന്ന ആമുഖത്തോടെ ബബ്ബൻ സിങ് പറഞ്ഞു. 

വൃത്തി നമ്മുടെ ഉള്ളിൽനിന്ന് വരണമെന്നാണ് വാരാണസി ജില്ലാകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. നീലേഷ് ശ്രീവാസ്തവയുടെ പക്ഷം. ‘‘മോദി വന്നതിനുശേഷം മിക്കയിടത്തും റോഡ് വീതികൂട്ടി വൃത്തിയിൽ ടാർചെയ്തു. വിവിധ സ്നാനഘട്ടുകളിലായി ഒട്ടേറെ  ശൗചാലയങ്ങൾ സ്ഥാപിച്ചു. ഗംഗയിൽ  വെള്ളംകയറുമ്പോൾ നമുക്കെടുത്ത്‌ മാറ്റാവുന്ന തരത്തിലുള്ളതാണിത്.  നാട്ടുകാരിൽ പലരും ഇത് വീടുകളിലേക്ക്‌ എടുത്തുകൊണ്ടുപോയി. ഇവിടെയുള്ള ഒട്ടേറെ ജീർണിച്ച ക്ഷേത്രങ്ങൾ വീടുകളാക്കി താമസിക്കുന്ന ആയിരങ്ങളുണ്ടിപ്പോൾ. ഇതൊക്കെ ഒഴിപ്പിക്കാനുള്ള പദ്ധതികളിപ്പോൾ നടക്കുന്നു. മാലിന്യനിർമാർജനം, ശൗചാലയം തുടങ്ങിയ കാര്യങ്ങളിലൂടെ മോദി കൊണ്ടുവന്ന വിപ്ലവം ജനങ്ങൾകൂടി ഏറ്റെടുക്കേണ്ടതുണ്ട്’’ -ശ്രീവാസ്തവ പറഞ്ഞു. 

വാരാണസിയിലെ മാറ്റം വരുമാനത്തിൽ വർധനയുണ്ടാക്കിയതായി ദശാശ്വമേധ് ഘട്ടിലെ തോണിക്കാരൻ രാജീവ് പറയുന്നു. ‘ഘട്ടിപ്പോൾ വളരെയധികം വൃത്തിയായി. ഇവിടെയെത്തുന്നവരുടെ എണ്ണത്തിൽ വളരെയധികം വർധനയുണ്ട്. 30-40 ശതമാനംവരെ. വരുമാനവും അതിനനുസരിച്ചുകൂടി’’ -രാജീവ് പറഞ്ഞു. 

മദൻപുരയിലെ സാരിവിൽപ്പനക്കാരനായ സാഹിദ് സഫറിന്റെ അഭിപ്രായം മറ്റൊന്നാണ്. ‘‘മോദി വികസനമുണ്ടാക്കി എന്നത്‌ നേരാണ്. ഇവിടെ നെയ്ത്തുതൊഴിലാളികൾ പണ്ട് 12-13 മണിക്കൂർ വൈദ്യുതിമുടക്കം അനുഭവിച്ചതുകാരണം തൊഴിലെടുക്കാനാവാതെ കഷ്ടപ്പെട്ടിരുന്നു.  ഇപ്പോൾ വൈദ്യുതിയുണ്ട്. പക്ഷേ, നെയ്തുണ്ടാക്കിയ സാരി  വിൽക്കാനാവുന്നില്ല. ജി.എസ്.ടി.യും നോട്ടുനിരോധനവും ഒക്കെ അത്രയധികം കച്ചവടത്തെ ബാധിച്ചു. ഈ തകർച്ചയൊക്കെയുണ്ടാക്കിയതിനുപിന്നിൽ മോദിതന്നെയാണ്. ഈപ്രദേശത്തെ മുസ്‌ലിങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസ് അനുഭാവികളാണിപ്പോൾ’’ -സാഹിദ് സഫർ പറഞ്ഞു.