മോദി സർക്കാർ ഏഴുവർഷം പൂർത്തിയാക്കുമ്പോൾ കല്ലേറുകളും പൂമാലകളും ഒപ്പത്തിനൊപ്പം. കോവിഡ് വ്യാപനത്തിന്റെ കെടുതികളിൽ രാജ്യം ശ്വാസംകിട്ടാതെ പിടയുന്നതിനിടയിലാണ് വാർഷികം കടന്നുപോകുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് ബി.ജെ.പി.യും സർക്കാരും ആഘോഷങ്ങൾ ഉപേക്ഷിച്ചു. ഒരു സർക്കാരിന്റെ ഭരണം വിചാരണ ചെയ്യപ്പെടുന്ന ഘട്ടമാണ് അതിന്റെ 
വാർഷിക കാലം. മോദിസർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തി, വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മാതൃഭൂമി പ്രതിനിധി മനോജ് മേനോൻ നടത്തിയ അഭിമുഖത്തിൽനിന്ന്

നരേന്ദ്രമോദി സർക്കാർ ഏഴുവർഷം പിന്നിടുന്നു. പത്തുവർഷത്തെ കോൺഗ്രസ് ഭരണത്തിന് തിരശ്ശീല വീഴ്ത്തിയാണ് 2014-ൽ മോദിസർക്കാർ അധികാരത്തിലെത്തിയത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളോട് എത്രമാത്രം നീതിപുലർത്താൻ മോദി സർക്കാരിന് കഴിഞ്ഞു?

അഴിമതിരഹിത ഭരണം കാഴ്ചവെക്കാൻ കഴിഞ്ഞു എന്നതു തന്നെയാണ് ഏഴുവർഷത്തെ എൻ.ഡി.എ. ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം. രാജ്യത്തെ വിറ്റ് കാശാക്കിക്കൊണ്ടിരുന്ന കളങ്കിത രാഷ്ട്രീയചരിത്രം ഇപ്പോൾ പഴങ്കഥയായി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളോട് ഗൗരവതരമായ സമീപനം സ്വീകരിച്ചു. അതിന്റെ മികച്ച ഉദാഹരണമാണ് സ്വച്ഛഭാരത് അഭിയാൻ. ശൗചാലയങ്ങൾ എന്നത് മനുഷ്യന് അന്തസ്സായും ആരോഗ്യത്തോടെയും ജീവിക്കാൻ അനിവാര്യമാണെന്ന യാഥാർഥ്യം അംഗീകരിക്കപ്പെട്ടു.  ഉജ്ജ്വലയോജന വഴി രാജ്യത്തെ സ്ത്രീകളുടെ ജോലിഭാരം കുറച്ചു. മുത്തലാഖ് സംബന്ധിച്ച സർക്കാർ നിലപാട് മുസ്‌ലിം വനിതകളുടെ ആത്മാഭിമാനം  ഉയർത്തുന്നതായി. മുദ്രാവായ്പകൾ എത്രയോ കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രതയേകി. ജൻധൻ അക്കൗണ്ടുകൾ പാവപ്പെട്ടവന് ആത്മവിശ്വാസം പകർന്നു. എല്ലാത്തിനുമുപരി രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചു. രണ്ടാം മോദിസർക്കാരും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുമായി മുന്നോട്ടുപോയി. രാജ്യത്ത് പട്ടിണി മരണങ്ങൾ ഇല്ലാതായി എന്നതാണ് ഒരു പ്രധാനനേട്ടം. കോവിഡ് മഹാമാരിയിൽ ഇന്ത്യയിൽ പട്ടിണിമരണങ്ങളുണ്ടാകുമെന്ന് രാജ്യാന്തരമാധ്യമങ്ങൾ ഒന്നടങ്കം പറഞ്ഞു. പ്രധാൻമന്ത്രി ഗരീബ് കല്യാൺയോജന വഴി 80 കോടി കുടുംബങ്ങൾക്കാണ് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും സൗജന്യമായി എത്തിച്ചത്. ആത്മനിർഭർ പാക്കേജുകൾ അഞ്ച് മിനി ബജറ്റുകൾ തന്നെയായിരുന്നു. ലോകത്ത് ഒരു നേതാവും വെല്ലുവിളിയെ നേരിടാൻ സ്വയംപര്യാപ്തമായ രാജ്യം എന്നൊരു ആശയവുമായി മുന്നിട്ടിറങ്ങിയിട്ടില്ല. വിവിധമേഖലകളെ ഉത്തേജിപ്പിക്കാൻ ആത്മനിർഭർ പാക്കേജുകൾക്കായി. കോവിഡ് രണ്ടാംതരംഗം വീശുമ്പോഴേക്കും രണ്ട് വാക്സിനുകൾ സജ്ജമാക്കാൻ ഇന്ത്യക്ക്‌ കഴിഞ്ഞത് കേന്ദ്രസർക്കാരിന്റെ ക്രിയാത്മകമായ ഇടപെടൽകൊണ്ടാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ രാജ്യത്തിന്റെ അഭിമാനമായി.  കോവിഡ് പോരാളികളും മുതിർന്നപൗരന്മാരുമടക്കമുള്ളവർക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ സൗജന്യമായി വാക്സിൻ നൽകാനായതും സർക്കാരിന്റെ നേട്ടമാണ്.

ഭരണ നേട്ടങ്ങൾക്കപ്പുറം രാഷ്ട്രീയ നേട്ടങ്ങൾക്കാണ് മോദിസർക്കാർ ഊന്നൽ നൽകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാമക്ഷേത്ര നിർമാണംമുതൽ പൗരത്വനിയമ ഭേദഗതിവരെ രാഷ്ട്രീയ അജൻഡയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്തു പറയുന്നു?

രാമക്ഷേത്ര നിർമാണം 2014-ലെ പ്രകടനപത്രികയിൽത്തന്നെ ബി.ജെ.പി. വ്യക്തമാക്കിയതാണ്. ആ പ്രകടനപത്രികയ്ക്ക് തന്നെയാണ് ഇന്ത്യയിലെ ജനങ്ങൾ അംഗീകാരം നൽകിയത്. നിയമപരമായ മാർഗത്തിലൂടെ ഇസ്‌ലാം സഹോദരങ്ങളെക്കൂടി വിശ്വാസത്തിലെടുത്താണ് സർക്കാർ രാമക്ഷേത്ര നിർമാണത്തിലേക്ക് കടന്നത്. ശ്രീരാമന്റെ ആദർശവും ചിന്തയും ഇന്ത്യയുടെ ആത്മാവാണ്. അദ്ദേഹത്തിന്റെ ജന്മഭൂമിയിൽ ഹിന്ദുക്ഷേത്രം പണിയണമെന്നത് ഇന്ത്യയുടെ വികാരമാണ്. അതിനാണ് സുപ്രീംകോടതി അനുമതി നൽകിയത്. രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നതായി രാഹുൽഗാന്ധി പറഞ്ഞിട്ടില്ലല്ലോ. ഭൂമിപൂജയെ പ്രിയങ്കാ ഗാന്ധി സ്വാഗതം ചെയ്യുകയാണുണ്ടായത്. അവിശ്വാസികളായ കമ്യൂണിസ്റ്റുകൾക്ക് രാമക്ഷേത്രത്തിൽ എന്തു കാര്യം. അവരെപ്പോലുള്ളവർ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചെങ്കിലും അയോധ്യയിൽ ഒന്നും സംഭവിച്ചില്ല. സരയൂനദി ഇന്നും ശാന്തമായി ഒഴുകുന്നു.
ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് പൗരത്വനിയമ ഭേദഗതി. ഇതും 2014-ലെ പ്രകടനപത്രികയിൽ ഞങ്ങൾ പറഞ്ഞിരുന്നതാണ്. ഇന്ത്യൻ പൗരന്മാരായ മുസ്‌ലിങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത നിയമം അവർക്കെതിരേയാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചത് പ്രതിപക്ഷമാണ്. അയൽരാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷജനതയെ സഹായിക്കാനാണ് നിയമം കൊണ്ടുവന്നത്. സി.എ.എ. വായിച്ച് പഠിക്കാത്തവരാണ് പലപ്പോഴും എതിർപ്പുമായി രംഗത്തിറങ്ങുന്നത്. മറ്റുചിലരാവട്ടെ ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. പക്ഷേ, പൗരത്വനിയമം ഏറ്റവുമധികം ബാധിക്കുന്ന അസം ഇക്കുറിയും ബി.ജെ.പി.ക്കൊപ്പം നിന്നു. ബംഗാളിൽ ബി.ജെ.പി. നില മെച്ചപ്പെടുത്തി. അതിനർഥം ജനങ്ങൾക്ക് കാര്യം ബോധ്യപ്പെട്ടിട്ടുണ്ട് എന്നതാണ്. പിണറായി വിജയനും രമേശ് ചെന്നിത്തലയും കൈകോർത്ത് സമരം നടത്തിയാൽ ഇല്ലാതാവുന്നതല്ല നരേന്ദ്രമോദിസർക്കാരിന്റെ തീരുമാനങ്ങൾ.
 രണ്ടാം മോദിസർക്കാർ നേരിടുന്ന വലിയ വെല്ലുവിളി കാർഷിക നിയമങ്ങൾക്കെതിരേയുള്ള കർഷക സമരമാണ്. സമരം ആറുമാസം പിന്നിട്ടിരിക്കുന്നു. ഇനിയും പരിഹാരമായില്ല. ഇത് ഭരണവീഴ്ചയല്ലേ?
 കർഷകരോട് ഏറ്റവും അനുഭാവപൂർണമായ സമീപനം സ്വീകരിച്ചിട്ടുള്ള സർക്കാരാണിത്. കാർഷിക കടങ്ങൾ എഴുതിത്തള്ളി. പി.എം. കിസാൻ സമ്മാൻ നിധി വഴി അക്കൗണ്ടുകളിൽ പണമെത്തി. ഫസൽ ബീമയോജന നടപ്പാക്കി. വിള ഇൻഷുറൻസ് ആനുകൂല്യം ചെറുകിട കർഷകന് ലഭ്യമാക്കി. എന്നിട്ടും കോവിഡ്കാലത്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ബോധപൂർവം സൃഷ്ടിച്ചതാണ് കർഷകസമരം. രാജ്യത്തെ ചെറുന്യൂനപക്ഷം കർഷകർ മാത്രമാണ് കാർഷിക നിയമങ്ങളെ എതിർക്കുന്നത്. പുതിയ വിപണികൾ കണ്ടെത്താൻ കർഷകരെ സഹായിക്കുന്നവയാണ് ഈ നിയമങ്ങൾ. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാകും. കാർഷികമേഖലയിൽ വലിയ നിക്ഷേപങ്ങൾ വരും. ഇതെല്ലാമുണ്ടായിട്ടും സമരക്കാരുമായും പ്രതിപക്ഷവുമായും ചർച്ചയ്ക്ക് കേന്ദ്രം തയ്യാറായി. നിയമം തത്‌കാലം മരവിപ്പിച്ച് നിർത്താമെന്നു പറഞ്ഞു. എന്നിട്ടും സമരം അവസാനിപ്പിക്കുന്നില്ലെങ്കിൽ അതിന് രാഷ്ട്രീയ താത്‌പര്യങ്ങളാവാം കാരണം. ടൂൾ കിറ്റുകൾ പുറത്തുവന്നതാണല്ലോ. സമരത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കാൻ കേരളത്തിലേക്ക് നോക്കിയാൽ മതി.  എ.പി.എം.സി.കൾ ഇല്ലാത്ത കേരളത്തിൽ എന്തിനാണ് സമരം.

രണ്ടാം കോവിഡ് വ്യാപനത്തിനിടയിലാണ് സർക്കാരിന്റെ ഏഴാം വാർഷികം. രണ്ടാം വ്യാപനം തടയുന്നതിൽ സർക്കാർ അലംഭാവം കാട്ടിയെന്ന് പ്രതിപക്ഷം മാത്രമല്ല, ആർ.എസ്.എസും വിമർശിക്കുന്നു. ഓക്സിജൻ ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന്റെ പാളിച്ചയായി എണ്ണപ്പെടുന്നു. ഒന്നാം വ്യാപനം കഴിഞ്ഞ് ആവശ്യമായ മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായില്ലേ ?

കോവിഡ് രണ്ടാംതരംഗം ലോകത്താകെ ആഞ്ഞുവീശിയത് പ്രതീക്ഷിച്ചതിലും ശക്തമായാണ്. പ്രത്യേകിച്ചും ഇന്ത്യയിൽ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കേന്ദ്രസർക്കാർ കൈകാര്യം ചെയ്യേണ്ടിവന്നത്. ഓരോപ്രശ്നവും മറികടക്കാൻ സർക്കാർ ആഞ്ഞുപരിശ്രമിക്കുമ്പോൾ വിഷലിപ്തമായ പ്രചാരണങ്ങളുമായി പ്രതിപക്ഷം രംഗത്തിറങ്ങി. വർഷാരംഭത്തിൽത്തന്നെ വാക്സിൻ വികസിപ്പിക്കാൻ രാജ്യത്തിന് കഴിഞ്ഞത് കേന്ദ്രസർക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണ്. ലോകത്താകെത്തന്നെ വാക്സിൻ ക്ഷാമമുണ്ട്. പരിമിതമായ ഉത്‌പാദനമാണ് നടക്കുന്നത്. ഈവർഷം അവസാനത്തോടെ ഇന്ത്യയുടെ വാക്സിൻ യജ്ഞം പൂർണവിജയം കാണും. ഇത് സങ്കീർണമായ നടപടിയാണെന്ന് അറിയാഞ്ഞിട്ടല്ല വിമർശിക്കുന്നത്. വാക്സിൻ രാഷ്ട്രീയത്തിലൂടെ പത്തുവോട്ടുണ്ടാക്കാനാണ് രാഹുൽ ഗാന്ധിയടക്കം ശ്രമിക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി പൊരുതേണ്ടസമയത്ത് പ്രധാനമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുകയാണ്. ആരോഗ്യം സംസ്ഥാനങ്ങളുടെകൂടി ഉത്തരവാദിത്വമാണെന്ന് മറക്കരുത്. വാക്സിനും ഓക്സിജനുമടക്കം എല്ലാം മോദി തരട്ടെ എന്ന സമീപനമാണ് പല മുഖ്യമന്ത്രിമാരും സ്വീകരിച്ചത്. എന്നിട്ടും മുൻഗണനാ വിഭാഗങ്ങൾക്ക് പൂർണമായും സൗജന്യവാക്സിൻ നൽകുകയാണ് കേന്ദ്രം. ഓക്സിജനുമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിയെത്തുന്നു. വിദേശത്തുനിന്നടക്കം ഓക്സിജൻ എത്തിക്കുന്നതിൽ കർമനിരതരാണ് നമ്മുടെ സൈന്യം. സർക്കാരിനെ ആക്രമിക്കുന്നതു വഴി അവരുടെയെല്ലാം സേവനങ്ങളെക്കൂടിയാണ് ഇകഴ്ത്തിക്കാട്ടുന്നത്.

മോദിഭരണത്തിനു കീഴിൽ ജനാധിപത്യം തകർന്നതായും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായും അഭിപ്രായസ്വാതന്ത്ര്യം തകർന്നതായും കടുത്ത വിമർശനമുണ്ട്. എന്താണ് പ്രതികരണം?

ജനാധിപത്യപരമായിത്തന്നെയാണ് വൻ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി രണ്ടാമതും അധികാരത്തിലേറിയത്. ജനങ്ങളാണ് അധികാരത്തിലേറ്റിയത്. പ്രതിപക്ഷ പാർട്ടിപദവി ലഭിക്കാനുള്ള സീറ്റുകൾപ്പോലും കോൺഗ്രസിന് ജനം നൽകാതിരുന്നത് എന്താണ്. മാധ്യമസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന കമ്യൂണിസ്റ്റുകാരാണ് നരേന്ദ്രമോദിയെ ജനാധിപത്യം പഠിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് എന്നതാണ് തമാശ. പിണറായി വിജയന് അഹിതമായ ചോദ്യം ചോദിക്കാൻ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ധൈര്യമുണ്ടോ. ഇടത് ഫാസിസം അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന കേരളത്തിലിരുന്നാണ് ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും കുറിച്ച് പറയുന്നത്. അഭിനവ ബുദ്ധിജീവികൾ പടച്ചുവിടുന്ന വ്യാജപ്രചാരണങ്ങൾ മറുപടി അർഹിക്കുന്നില്ല. ബി.ജെ.പി. ആരുടെയും അഭിപ്രായസ്വാതന്ത്ര്യത്തെയോ പൗരാവകാശങ്ങളെയോ ഹനിക്കുന്ന പാർട്ടിയല്ല.

രാജ്യത്തിന്റെ വളർച്ചനിരക്കിലെ ഇടിവ്, തൊഴിലില്ലായ്മയുടെ രൂക്ഷമായ വർധന, എണ്ണവിലയുടെ അനിയന്ത്രിതമായ കുതിച്ചുകയറ്റം തുടങ്ങിയ ഘടകങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടുമ്പോഴാണ് സർക്കാരിന്റെ വാർഷികം കടന്നുപോകുന്നത്. ഇവയെ മറികടക്കാൻ എന്താണ് ആയുധങ്ങൾ?

ധനമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതുപോലെ ഇത് ഹ്രസ്വകാല പ്രതിസന്ധിയാണ്. അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് ഐ.എം.എഫ്. പറയുന്നത്. വർഷാവസാനം വാക്സിനേഷൻ പൂർത്തിയാവുന്നതോടെ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് മടങ്ങിവരും. ആത്മനിർഭർ പാക്കേജുകളിലൂടെ പ്രതിസന്ധിഘട്ടത്തിലും സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ തകരാതെ പിടിച്ചുനിർത്താൻ സർക്കാരിനായി. സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താൻ രണ്ടു വർഷമെടുത്തേക്കും. കാർഷിക, വ്യാവസായിക മേഖലകൾ അടുത്ത രണ്ടു വർഷത്തിനുള്ളിൽ മികച്ച വളർച്ച കൈവരിക്കും. തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചത് സർക്കാരിന്റെ നേട്ടമാണ്. ഗ്രാമീണമേഖലയിൽ തൊഴിൽരഹിതരുടെ എണ്ണം കുറഞ്ഞുവരുകയാണ്. അടുത്തവർഷം ഗ്രാമീണ തൊഴിൽ മേഖലയ്ക്കായി കൂടുതൽ പണം ചെലവഴിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. ഇന്ധനവില വർധന പരിഹരിക്കണമെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പരിശ്രമിക്കണം. ഇന്ധനവില ജി.എസ്.ടി.യിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയതാണ്. സംസ്ഥാനങ്ങളുടെ സഹകരണമാണ് പ്രശ്നം.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെചൊല്ലി രൂക്ഷമായ തർക്കങ്ങളുയരുന്നുണ്ട്. ബംഗാൾ, ഡൽഹി സർക്കാരുകൾ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഫെഡറലിസത്തിനോടുള്ള മോദി സർക്കാരിന്റെ സമീപനം ചോദ്യം ചെയ്യപ്പെടുന്നു. എന്താണ് പ്രതികരണം?

സഹകരണ ഫെഡറലിസം തന്നെയാണ് കേന്ദ്രസർക്കാരിന്റെ നയം. സംസ്ഥാനങ്ങളോട് സമ്പൂർണസഹകരണം തന്നെയാണ് വഴി. കോവിഡ്കാലത്തെ ഉദാഹരണം മാത്രംമതി. ഓരോ വിഷയങ്ങളിലും മുഖ്യമന്ത്രിമാരുമായി ആലോചിച്ചാണ് പ്രധാനമന്ത്രി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്. എത്രയോ ഓൺലൈൻ യോഗങ്ങളാണ് ഇക്കാലയളവിൽ നടന്നത്. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിൽ സംസ്ഥാനങ്ങൾക്ക് നിർലോഭമായ പിന്തുണയാണ് കേന്ദ്രം നൽകിയിട്ടുള്ളത്. ടൗട്ടേ ചുഴലിക്കാറ്റ് വെല്ലുവിളി ഉയർത്തിയപ്പോൾ ബംഗാൾ, ഒഡിഷ മുഖ്യമന്ത്രിമാരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറായി. ഒഡിഷയുടെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മുഴുവൻസമയവും യോഗത്തിൽ പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി പങ്കെടുത്തില്ല. ചീഫ് സെക്രട്ടറി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കേന്ദ്രം സംസ്ഥാനങ്ങളോട് അങ്ങോട്ട് ഏറ്റുമുട്ടാറില്ല. സംസ്ഥാനങ്ങളാണ് കേന്ദ്രത്തെ വെല്ലുവിളിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയടക്കം ഈ വെല്ലുവിളിയുമായി തെരുവിലിറങ്ങിയത് രാജ്യം കണ്ടതാണ്.

ലക്ഷദ്വീപിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന തർക്കങ്ങളും ഇതുമായി ചേർത്ത് ഉന്നയിക്കാവുന്നതാണ്. ദ്വീപ് നിവാസികൾക്ക് വേണ്ടാത്ത ഭരണ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാണ് ആക്ഷേപം. ദ്വീപ് സമൂഹത്തെ വിശ്വാസത്തിൽ എടുക്കേണ്ടതല്ലേ?

ലക്ഷദ്വീപിലെ പ്രശ്നങ്ങൾ പെരുപ്പിച്ചു കാട്ടുന്നതാണ്. ചിലയാളുകളുടെ രാഷ്ട്രീയലക്ഷ്യങ്ങളും അതിനു പിന്നിലുണ്ട്. ദ്വീപിന്റെ സമഗ്രവികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒന്നും നടപ്പാക്കില്ല.

സർക്കാർ ഏഴുവർഷം പൂർത്തിയാകുമ്പോൾ, ബി.ജെ.പി. കടുത്ത രാഷ്ട്രീയ നഷ്ടം നേരിടുന്നുണ്ട്. ബംഗാളിൽ ഭരണം പിടിക്കാൻ കഴിഞ്ഞില്ല. കേരളത്തിൽ ഉണ്ടായിരുന്ന സീറ്റുപോലും നഷ്ടമായി. ഉത്തർപ്രദേശിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ക്ഷീണം - കേന്ദ്ര ഭരണത്തിന്റെകൂടി വിലയിരുത്തൽ ഈ ജനവിധികളിൽ ഇല്ലേ?

പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കേന്ദ്രഭരണത്തിന്റെ വിലയിരുത്തലല്ല. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ വ്യത്യസ്തമാണ്. കേരളത്തിൽ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിക്കാൻ ഇടത്-വലത് മുന്നണികൾ ഒറ്റക്കെട്ടായാണ് അണിനിരന്നത്. പാർട്ടിപ്രവർത്തനത്തിന് കോവിഡ് സൃഷ്ടിച്ച പരിമിതികൾ ഏറെയായിരുന്നു. അതേസമയം, അസമിൽ ഭരണം നിലനിർത്താൻ കഴിഞ്ഞു, ബംഗാളിൽ പാർട്ടി നില മെച്ചപ്പെടുത്തി. കേന്ദ്രഭരണത്തെ ജനം വിലയിരുത്തുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്. ആ വിലയിരുത്തൽ ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമാവും എന്നതിൽ ഞങ്ങൾക്ക് സംശയമില്ല.