അഞ്ചുവർഷം കാലാവധിയുള്ള ഒരു സർക്കാരിന്റെ ആദ്യ 100 ദിനത്തിന്‌ ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, കേരളത്തെ മുൻനിർത്തി പറയുമ്പോൾ രണ്ടു കാര്യങ്ങൾ കണക്കിലെടുക്കണം. ഒന്ന്: സംസ്ഥാനത്തുണ്ടായ ഭരണത്തുടർച്ച, രണ്ട്: തുടരുന്ന കോവിഡ് പ്രതിസന്ധി. തുടർച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധസമീപനവും സ്വീകരിക്കാനും തുടരാനുമുള്ള ലൈസൻസായാണ് പിണറായി സർക്കാർ കാണുന്നത്. .ഈ മഹാമാരിക്കാലത്ത് അടച്ചിടലും അനിശ്ചിതത്വവുമാണ് ജനങ്ങൾക്കു ചുറ്റും. ആധുനിക മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ ഈ പ്രതിസന്ധിയിൽ എന്താണ് കേരളത്തിലെ സർക്കാർ ചെയ്യുന്നത്? കോവിഡ് മരണക്കണക്കിൽപ്പോലും രാഷ്ട്രീയവും അസഹിഷ്ണുതയും സമം കലർത്തി യഥാർഥപ്രശ്നത്തിൽനിന്ന് ഒഴിഞ്ഞുമാറിയാൽ ആ സർക്കാരിനെക്കുറിച്ച് എന്തു പറയാനാണ്?

മഹാമാരിക്കാലത്ത് ജനങ്ങളുടെ ദുരിതം പഠിക്കാൻ കോവിഡ് ദുരന്തനിവാരണ കമ്മിഷൻ രൂപവത്‌കരിക്കണമെന്ന പ്രതിപക്ഷ നിർദേശത്തോടുപോലും തികഞ്ഞ അസഹിഷ്ണുതയാണ് സർക്കാർ പ്രകടിപ്പിച്ചത്. ജീവിതമാർഗം വഴിമുട്ടി 65 ദിവസത്തിനിടെ 35 പേർ ആത്മഹത്യ ചെയ്തെന്നാണ് അനൗദ്യോഗിക കണക്ക് (ഓഗസ്റ്റ് 24 വരെ). സർക്കാർ ആശുപത്രിയിലെ കോവിഡനന്തര ചികിത്സയ്ക്ക് പണം നൽകണമെന്ന ഉത്തരവും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. മഹാമാരിക്കാലത്ത് അന്നം തേടി ഇറങ്ങുന്നവരെ കൊള്ളയടിക്കുന്ന സമീപനമാണ് ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ട പോലീസ് ചെയ്യുന്നത്. ജീവിക്കാൻ നിവൃത്തിയില്ലാതെ ജനം നട്ടംതിരിയുമ്പോഴും അവരെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കണമെന്ന നിർദേശമാണ് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാർ പോലീസിന് നൽകിയിരിക്കുന്നത്.  

കേരളം കണ്ട ഏറ്റവും വലിയ മരം കൊള്ളയാണ് വയനാട് മുട്ടിലിൽ നടന്നത്. ഉദ്യോഗസ്ഥ, രാഷ്ട്രീയ, തടിവെട്ട് മാഫിയകൾ ഒത്തുചേർന്നു നടത്തിയ ഈ കൊള്ളയ്ക്ക് വഴിവെച്ച വിവാദ റവന്യൂ ഉത്തരവു മാത്രംമതി ഇതിന്റെ വേരുകൾ ഏതറ്റംവരെ നീളുന്നെന്ന് മനസ്സിലാക്കാൻ. കേസിലെ ധർമടം ബന്ധം എന്താണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. 
മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളർ കടത്തിയെന്ന, സ്വർണക്കടത്തു കേസ് പ്രതികളുടെ മൊഴിയിൽ ഒരു നിയമനടപടികളും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ഇതുവരെ സ്വീകരിക്കാത്തത് ജനാധിപത്യ വ്യവസ്ഥയിലെ അദ്‌ഭുതമാണ്. വിഷയത്തിൽ മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്. ഒരു തട്ടിപ്പുകേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ കേസെടുത്തയാളാണ് പിണറായി വിജയൻ. ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ ലഭിക്കും. 

കഴിഞ്ഞദിവസം കണ്ണൂർ കണ്ണവം വനമേഖലയിൽ മൊബൈലിൽ റേഞ്ചില്ലാത്തതിനാൽ പഠനാവശ്യത്തിനു മരത്തിനു മുകളിൽ കയറിയ വിദ്യാർഥി താഴെവീണ് ഗുരുതരമായി പരിക്കേറ്റ സംഭവം ഞെട്ടിക്കുന്നതാണ്. ഓൺലൈൻ അധ്യയനം ആരംഭിച്ച് ഒരുവർഷം കഴിഞ്ഞിട്ടും വനമേഖലകളിലുൾപ്പെടെ താമസിക്കുന്ന കുട്ടികൾ അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ ഭരണകൂടത്തിന് സാധിച്ചില്ല. ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. നേതാക്കൾ പ്രതികളാകില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. ഇത് കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പി.യും തമ്മിലുണ്ടാക്കിയ ധാരണയുടെ ഫലമാണ്.  നിയമസഭാ കൈയാങ്കളിക്കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിർദേശിച്ച വി. ശിവൻകുട്ടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറാകാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.  യുവതിയെ കടന്നുപിടിച്ച കേസ് ഒതുക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ നിഘണ്ടു ഉദ്ധരിച്ച് മന്ത്രി ശശീന്ദ്രനെ പോലീസ് കുറ്റവിമുക്തനാക്കി. 

പിണറായി സർക്കാർ അഞ്ചുവർഷത്തിനിടെ പാർട്ടി നേതാക്കളോ ബന്ധുക്കളോ ഉൾപ്പെട്ട കേസുകളിലെ പ്രതികളെ രക്ഷിക്കാൻ 19 കോടി രൂപയാണ് ഖജനാവിൽനിന്നു ചെലവഴിച്ചത്. ഇത് ജനങ്ങളോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. തൃശ്ശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ സി.പി.എം. ഭരണസമിതിയുടെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. സി.പി.എം. ജില്ലാ, ഏരിയാ കമ്മിറ്റികൾ തട്ടിപ്പുവിവരം തുടക്കം മുതൽക്കേ അറിഞ്ഞിട്ടും മറച്ചുവെക്കാനാണ് ശ്രമിച്ചത്. അതിനുശേഷവും 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നു.  
തുടക്കത്തിൽ പറഞ്ഞത് ആവർത്തിക്കട്ടേ, നൂറുദിവസമെന്നത് വലിയൊരു കാലയളവാണെന്നു ഞങ്ങൾ കരുതുന്നില്ല, പക്ഷേ, പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും തിരുത്തൽ ശക്തിയായിരുന്നു. സർഗാത്മക പ്രതിപക്ഷമെന്നത് പ്രവൃത്തിയിലൂടെ തെളിയിക്കുകയായിരുന്നു. ഞങ്ങൾ പ്രതിപക്ഷമല്ല, ജനപക്ഷമാണ്.