ത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാവാൻ യോഗി ആദിത്യനാഥ് 2017-ൽ രാജിവെച്ച ലോക്‌സഭാമണ്ഡലമാണ് ഗോരഖ്പുർ. നിയമസഭാ  തിരഞ്ഞെടുപ്പിലെ വൻവിജയത്തിന്റെ ആലസ്യം വിട്ടുമാറുംമുമ്പ് കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ ഞെട്ടിച്ച് ഇവിടെ ജയിച്ചത് എസ്.പി. സ്ഥാനാർഥിയും നിഷാദ് പാർട്ടി സ്ഥാപകൻ ഡോ. സഞ്ജയ് നിഷാദിന്റെ മകനുമായ പ്രവീൺകുമാർ നിഷാദ്. യോഗി ആദിത്യനാഥിന്റെ ഗുരു മഹന്ത് അവൈദ്യനാഥ് 1989-ൽ  കോൺഗ്രസിൽനിന്ന് സീറ്റ് കൈക്കലാക്കിയശേഷമുള്ള ബി.ജെ.പി.യുടെ ആദ്യ തോൽവി. ഉത്തർപ്രദേശിൽ ബി.ജെ.പി.ക്കെതിരേയുള്ള  സഖ്യത്തിന്റെ ആദ്യ പരീക്ഷണശാലകൂടിയായിരുന്നു ഗോരഖ്പുർ. 

‘‘ആ അവസ്ഥ ഇപ്പോൾ മാറി. ഗോരഖ്നാഥ് മഠത്തിനും ക്ഷേത്രത്തിനും മണ്ഡലത്തിൽ ഏറെ സ്വാധീനമുണ്ട്. അവിടത്തെ മുഖ്യപുരോഹിതനെന്ന നിലയിൽ ആദിത്യനാഥിന് ആജ്ഞാശക്തിയുമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ആദിത്യനാഥിനോട്‌ ആലോചിക്കാതെ സ്ഥാനാർഥിയെ നിർത്തിയതിൽ അദ്ദേഹത്തിന് അമർഷമുണ്ടായിരുന്നു. താനാണ് ഗോരഖ്പുരിലെ പ്രധാനി എന്ന് പാർട്ടിയെ ബോധ്യപ്പെടുത്തേണ്ടത് അന്ന്‌ അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. ഇക്കുറി തട്ടകം വീണ്ടെടുക്കേണ്ടത് മുഖ്യമന്ത്രി എന്ന നിലയിൽ യോഗിയുടെ ഉത്തരവാദിത്വമാണ്. അവിടെ രൂപപ്പെട്ടിട്ടുള്ള ജാതിസമവാക്യങ്ങളും അടിയൊഴുക്കുകളും പക്ഷേ, ബി.ജെ.പി.യെ അലോസരപ്പെടുത്തുന്നു. ഉത്തർപ്രദേശിൽ വാരാണസിയെക്കാൾ ബി.ജെ.പി.ക്ക് മുഖ്യപ്രശ്നമാവുക ഗോരഖ്പുർ തന്നെയാണ്’’ -ബനാറസ് ഹിന്ദു സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡോ. ആർ.പി. പഥക് പറയുന്നു.

2018-ലെ ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയസ്ഥിതിയല്ല ഇപ്പോൾ ഗോരഖ്പുരിൽ. ജാതിസമവാക്യങ്ങൾ കൃത്യമാക്കാനുള്ള തന്ത്രങ്ങളും മറുതന്ത്രങ്ങളും പയറ്റിയായിരുന്നു എല്ലാവരുടെയും സ്ഥാനാർഥിപ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പിൽ മഹാസഖ്യം സ്ഥാനാർഥിയായി വിജയിച്ച പ്രവീൺകുമാർ നിഷാദിപ്പോൾ ബി.ജെ.പി. പാളയത്തിലാണ്. നിഷാദ് വിഭാഗത്തിന്റെ വോട്ടുമുഴുവൻ ബി.ജെ.പി. പാളയത്തിലെത്തിക്കാനാണ് പ്രവീണിന്റെ ശ്രമം. ഇതിനെ മറികടക്കാൻ മഹാസഖ്യം, എസ്.പി. സ്ഥാനാർഥിയായി നിർത്തിയത് നിഷാദ് വിഭാഗത്തിൽതന്നെയുള്ള രാം ബുവൽ നിഷാദിനെ. 

ഭോജ്പുരി നടനും ബ്രാഹ്മണനുമായ 49-കാരൻ രവികിഷൻ ശുക്ലയാണ് ഇവിടെ ബി.ജെ.പി. സ്ഥാനാർഥി. നിഷാദ് വിഭാഗത്തെ തൃപ്തിപ്പെടുത്താൻ പ്രവീൺകുമാർ നിഷാദിന് തൊട്ടടുത്ത മണ്ഡലമായ സന്ത് കബിർ സീറ്റും നൽകി. സി.പി.ഐ. സ്ഥാനാർഥിയായി ഡോ. ആശിഷ് സിങ്ങും മത്സരരംഗത്തുണ്ട്. 

താരത്തെ നിർത്തിയ യോഗി തന്ത്രം

ഗോരഖ്പുരിൽ 18,48,102 വോട്ടർമാരുണ്ട്. 50 ശതമാനത്തോളം പോളിങ്ങാണ് ശരാശരി നടക്കാറ്. ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത് 48.87 ശതമാനംപേർ. ഇതിൽ ഏറ്റവുംവലിയ ജാതിവിഭാഗം നിഷാദ് തന്നെയാണ്. 3.50 ലക്ഷത്തോളം വോട്ടർമാരുണ്ട് ഇവർക്ക്. ദളിതർക്ക് 2.6 ലക്ഷവും യാദവർക്ക് 2.40 ലക്ഷവും വോട്ടർമാരുണ്ട്. അതേസമയം, മുന്നാക്ക ജാതിക്കാരെല്ലാം ചേർന്ന് 7.5 ലക്ഷം വോട്ടുവരും. 13 ശതമാനത്തോളം മുസ്‌ലിംവോട്ടുമുണ്ട്. നിലവിലുള്ള എം.പി. പ്രവീൺകുമാർ നിഷാദിന് ഗോരഖ്പുർ സീറ്റ് യോഗി നൽകാത്തതിനുകാരണം ബ്രാഹ്മണവോട്ടിൽ കണ്ണുവെച്ചുള്ള ബി.ജെ.പി.യുടെ നീക്കമാണ്. 

‘‘യോഗി ആദിത്യനാഥ് ബ്രാഹ്മണരോട് താത്‌പര്യം കാട്ടുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. ഇത്തവണ അതുപരിഹരിക്കുകയും നിഷാദിനെ ഒപ്പംകൂട്ടുകയുമെന്ന ‘ഒരുവെടിക്ക് രണ്ടുപക്ഷി’ തന്ത്രമാണ് യോഗി പയറ്റിയത്. നിഷാദ് വിഭാഗത്തിന്റെ സാന്നിധ്യമാണ് ഉപതിരഞ്ഞെടുപ്പിൽ യോഗിക്ക് അപമാനമുണ്ടാക്കിയത്. അവരുടെ പ്രധാനിയെത്തന്നെ ഒപ്പംകൂട്ടി  തൊട്ടപ്പുറത്തെ സീറ്റിലേക്ക് മാറ്റാൻ യോഗിക്കായി. തനിക്കൊരിക്കലും ഭീഷണിയാവില്ലാത്ത നടനെ സ്വന്തം തട്ടകത്തിൽ നിർത്താനും അദ്ദേഹത്തിന്‌ സാധിച്ചു’’ -സിവിൽ സർവീസിന് പരിശീലിക്കുന്ന ബലിയയിലെ രാഷ്ട്രീയനിരീക്ഷകൻകൂടിയായ വിക്രാന്ത് പറഞ്ഞു. 

യോഗി ഇച്ഛിച്ചതുപോലെ മാധ്യമപ്രവർത്തകരോടെല്ലാം രവികിഷൻ എപ്പോഴും പറയുന്ന മന്ത്രമിതാണ്: ‘‘ഞാൻ വോട്ടുചോദിക്കുന്നത് മോദിയുടെയും യോഗിയുടെയും നാമത്തിലാണ്. അവരുടെ പ്രതിനിധി മാത്രമാണ് ഞാൻ. എങ്കിലും ഭാവിയിൽ എൻ.ടി. റാമറാവുവിനെയും വിനോദ് ഖന്നയെയും പോലുള്ള ഗൗരവമുള്ള രാഷ്ട്രീയക്കാരനായി മാറണമെന്നാണാഗ്രഹം’’.

ഭീഷണിയായി യുവവാഹിനിഭാരത്

യോഗിയുടെ കുതിപ്പിനുതടയിടാൻ പക്ഷേ, അദ്ദേഹത്തിന്റെതന്നെ പഴയ പടക്കുതിരകൾ രംഗത്തുണ്ട്. പശുസംരക്ഷണത്തിന്റെയും മുസ്‌ലിം വിദ്വേഷത്തിന്റെയും ഹിന്ദുസംരക്ഷണത്തിന്റെയും പ്രായോക്താക്കളായ യോഗിയുടെ സ്വകാര്യസേന ഹിന്ദുയുവവാഹിനിയിൽനിന്ന് തെറ്റിപ്പിരിഞ്ഞ്‌ സുനിൽസിങ് രൂപംനൽകിയ ഹിന്ദുയുവവാഹിനി ഭാരത് അദ്ദേഹത്തിനെതിരേ പ്രവർത്തിക്കുകയാണിപ്പോൾ. ആദിത്യനാഥിന്റെ വലംകൈയായിരുന്ന സുനിൽസിങ് നിയമസഭാതിരഞ്ഞെടുപ്പിൽ ഹിന്ദുയുവവാഹിനിനേതാക്കൾക്ക് സീറ്റ് നിഷേധിച്ചപ്പോഴാണ് വിമതനായത്. പന്ത്രണ്ടോളം പ്രവർത്തകർക്കൊപ്പംചേർന്ന് യോഗിയെ ‘ഭസ്മാസുരൻ’ എന്നുവിളിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയപ്പോൾ സുനിൽസിങ് അറസ്റ്റിലായി; അതും ദേശീയ സുരക്ഷാനിയമമനുസരിച്ച്. സുനിൽസിങ് സ്വതന്ത്രനായി നാമനിർദേശപത്രിക നൽകിയെങ്കിലും തള്ളി. 

നിഷാദ് വോട്ടിൽ തൂങ്ങാൻ നിഷാദ്

സിനിമാതാരം എതിരാളി ആയതിലൊന്നും ഭയമില്ലെന്നാണ് മഹാസഖ്യം സ്ഥാനാർഥി രാം ബുവൽ നിഷാദിന്റെ പക്ഷം. എല്ലാ മതത്തിലും ജാതിയിലും പെട്ട താഴെത്തട്ടിലുള്ളവരുടെ ഉറച്ച പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. നിഷാദ് പാർട്ടിയുടെ പ്രമുഖനേതാവ് ബി.ജെ.പി. പാളയത്തിൽ പോയത് രാഷ്ട്രീയവഞ്ചനയാണെന്നും നിഷാദ് വോട്ടുകളിൽ വലിയവിഭാഗം ഇത്തവണ തനിക്കുലഭിക്കുമെന്നുമാണ് രാംബുവൽ നിഷാദിന്റെ വിലയിരുത്തൽ. ഈ ചിന്താഗതി വലിയ വിഭാഗം നിഷാദ് വിഭാഗക്കാരിൽ രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രൊഫ. ആർ.പി. പഥക്കും ചൂണ്ടിക്കാട്ടുന്നു. 

കാർഡിറക്കി കോൺഗ്രസും

ജാതിക്കളിയിൽ ഒരു കൈനോക്കാൻ കോൺഗ്രസും അരയും തലയും മുറുക്കി രംഗത്തുണ്ട്. പ്രമുഖ അഭിഭാഷകനും പ്രശസ്ത ബ്രാഹ്മണമുഖവുമായ മധുസൂദനൻ ത്രിപാഠിയാണ് കോൺഗ്രസിന്റെ തുരുപ്പുചീട്ട്. ക്ഷത്രിയനായ യോഗിയോട് ബ്രാഹ്മണർക്കുള്ള വൈമുഖ്യം മുതലെടുക്കുന്നതിനൊപ്പം മുസ്‌ലിംവോട്ടുകളിൽ കുറച്ചും നേടാനായാൽ അവസ്ഥ മെച്ചപ്പെടുത്താമെന്നാണ് കോൺഗ്രസിന്റെ ചിന്ത.