വോട്ടെടുപ്പ്  നവംബർ 3‚ സത്യപ്രതിജ്ഞ ജനുവരി 20

കോവിഡ് മഹാമാരിക്കു നടുവിൽ നടക്കുന്ന മഹാ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് പദത്തിൽ തുടരാനാഗ്രഹിക്കുന്ന ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റ് ജോസഫ് (ജോ) ബൈഡനും തമ്മിലാണു മത്സരം. അമേരിക്കയുടെ നയതീരുമാനങ്ങൾ ലോകഗതിയെ സ്വാധീനിക്കുമെന്നതിനാൽ രാഷ്ട്രങ്ങൾ ആ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നു.
അധികാരം നിലനിർത്താമെന്ന് ഉറപ്പിച്ചിരുന്ന ട്രംപിനെ അപ്രതീക്ഷിതമായെത്തിയ കോവിഡ് കുഴപ്പത്തിലാക്കി. വൈറസ് ബാധയോടു കാട്ടിയ അലംഭാവം, ജോർജ് ഫ്ളോയ്ഡുൾപ്പെടെയുള്ള ആഫ്രിക്കൻ-അമേരിക്കൻ വംശജരുടെ കൊല, വംശീയതയ്ക്കുനേരെയുയർന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങൾ, അവയോടുള്ള പ്രസിഡന്റിന്റെ മനോഭാവം, രാജ്യത്ത് കുതിച്ചുയർന്ന തൊഴിലില്ലായ്മ, മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥ അങ്ങനെ കൂട്ടമായെത്തിയ പ്രതിസന്ധികൾക്കു നടുവിലും ജയമെന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് ട്രംപ്. ഇക്കാര്യങ്ങളിലും കാലാവസ്ഥാ പ്രതിസന്ധി, വിദേശനയം, നികുതിനയം തുടങ്ങിയവയിലും പ്രസിഡന്റിനെ കടുത്തഭാഷയിൽ വിമർശിച്ചാണ് ബൈഡന്റെ പ്രചാരണം. പുറത്തുവന്ന സർവേകളിലെല്ലാം ബൈഡനാണ് മുന്നിൽ. പ്രവചനങ്ങളെയും സർവേ ഫലങ്ങളെയും കാറ്റിൽപ്പറത്തി 2016-ൽ ജയം നേടിയ ട്രംപ്, അതേ നേട്ടം ആവർത്തിക്കുമോ? അതോ ബൈഡൻ അമേരിക്ക ഭരിക്കുമോ?

വോട്ടുചെയ്ത് 6.2 കോടിപ്പേർ
ഔദ്യോഗികമായി നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പെങ്കിലും വോട്ടെടുപ്പ് പ്രക്രിയ സെപ്റ്റംബർ ആദ്യ ആഴ്ചതന്നെ തുടങ്ങിക്കഴിഞ്ഞു. പോളിങ് ബൂത്തുകളിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ കഴിയാത്തവർക്കായി സംസ്ഥാനങ്ങളേർപ്പെടുത്തിയ തപാൽ വോട്ട് സൗകര്യവും വോട്ടിങ് ദിനത്തിലെ തിരക്കുകുറയ്ക്കാനുള്ള മുൻകൂർ വോട്ടിങ് സൗകര്യവും പ്രയോജനപ്പെടുത്തി ചൊവ്വാഴ്ചവരെ 6.2 കോടിപ്പേർ വോട്ട് ചെയ്തുകഴിഞ്ഞു. 2016-ൽ 4.7 കോടിപ്പേരുണ്ടായിരുന്ന സ്ഥാനത്താണിത്. മുമ്പില്ലാത്തവിധമാണ് തപാൽ വോട്ടിന് ആവശ്യക്കാർ. കോവിഡ് തന്നെ കാരണം.
ഓരോ സംസ്ഥാനത്തും ഓരോ രീതിയാണ് തപാൽ വോട്ടിന്. തലസ്ഥാനമായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും (വാഷിങ്ടൺ ഡി.സി.) മറ്റ് ഒമ്പതു സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്ത വോട്ടർമാർക്കെല്ലാം ബാലറ്റ് അയച്ചുകൊടുക്കും. മറ്റ് 36 സംസ്ഥാനങ്ങളിൽ ഏതു വോട്ടർക്കും തപാൽവോട്ട് ചെയ്യാം. ഇൻഡ്യാന, ലൂയിസിയാന, മിസിസിപ്പി, ടെന്നിസി, ടെക്സസ് എന്നിവിടങ്ങളിൽ സ്വീകാര്യമായ കാരണം കാണിക്കുന്നവരെയേ അതിന് അനുവദിക്കൂ.
പ്രചാരണം 1,194 ദിവസം
ലോകത്തിലെത്തന്നെ ഏറ്റവും നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നാണ് അമേരിക്കയിലേത്. സാങ്കേതികമായി നോക്കിയാൽ ഇത്തവണത്തെ പ്രചാരണം 1,194 ദിവസമാണ്. കഴിഞ്ഞതവണ 14,328 മണിക്കൂറായിരുന്നു. അത്രയും സമയം കഴിഞ്ഞപ്പോൾ അമേരിക്കൻ ജനത ഡൊണാൾഡ് ട്രംപിനെ 45-ാം പ്രസിഡന്റായി തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി സ്ത്രീയെ രാജ്യഭരണമേൽപ്പിക്കാൻ കിട്ടിയ അവസരം അവർ വേണ്ടെന്നുവെച്ചു.
ജനം അവസരം കളഞ്ഞുകുളിച്ചു എന്നു പറയുന്നത് ശരിയല്ല. കാരണം അവരിൽ ഭൂരിഭാഗവും വോട്ടുചെയ്തത് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായിരുന്ന ഹില്ലരി ക്ലിന്റണാണ്. പക്ഷേ, അമേരിക്കയിലെ സങ്കീർണമായ തിരഞ്ഞെടുപ്പു പ്രക്രിയ ഹില്ലരിയുടെ അവസരം ഇല്ലാതാക്കി. ജനത്തിന്റെ വോട്ട് കൂടുതൽ കിട്ടിയിട്ടും ഹില്ലരി തോറ്റു. കൂടുതൽ ഇലക്‌ട്രൽ വോട്ടുകൾ ഉറപ്പാക്കിയ ട്രംപ് ജയിച്ചു.
തിരഞ്ഞെടുപ്പ് ചൊവ്വ
വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനുമുള്ള തീയതികൾ ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്ന രാജ്യമാണ് അമേരിക്ക. നാലുവർഷം കൂടുമ്പോഴാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. എല്ലാ തിരഞ്ഞെടുപ്പ് വർഷവും നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുവരുന്ന ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. ഇത്തവണ നവംബർ മൂന്നിന്.പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം പാർലമെന്റ് സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നമ്മുടെ ലോക്‌സഭയ്ക്കു സമമാണ് അമേരിക്കയിലെ ജനപ്രതിനിധി സഭ. ആകെ 435 സീറ്റ്. ഇവയിലേക്ക് ഓരോ രണ്ടുവർഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ഇതുമുണ്ട്.ഉപരിസഭയായ സെനറ്റിലെ അംഗങ്ങളുടെ കാലാവധി ആറുവർഷമാണ്. ഓരോരുത്തരും ഓരോകാലത്ത് തിരഞ്ഞെടുക്കപ്പെടുന്നതിനാൽ പല സമയത്താവും സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്. അതായത് രണ്ടുവർഷം കൂടുമ്പോൾ ആകെയുള്ള 100 സെനറ്റ് സീറ്റുകളിൽ മൂന്നിലൊന്നിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. അതനുസരിച്ച് 33 സെനറ്റ് സീറ്റുകളിലേക്കും ഇത്തവണ തിരഞ്ഞെടുപ്പുണ്ട്.

ജനകീയവോട്ട് ജയിപ്പിക്കില്ല
അമേരിക്കൻ ഭരണഘടനപ്രകാരം, പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടുനേടുന്നയാൾത്തന്നെ പ്രസിഡന്റാവണം എന്നില്ല. കഴിഞ്ഞവണ ട്രംപിനെക്കാൾ 30 ലക്ഷത്തോളം പോപ്പുലർ വോട്ട്, അഥവാ ജനകീയ വോട്ടാണ് ഹില്ലരി ക്ലിന്റണ് കിട്ടിയത്. എന്നിട്ടും ഹില്ലരി തോറ്റു. അതെങ്ങനെ?
ജനങ്ങളുടെ വോട്ടിനെക്കാൾ ഇലക്‌ട്രൽ കോളേജ് എന്ന സംവിധാനത്തെയാണ് പ്രസിഡന്റിനെ നിശ്ചയിക്കാൻ അമേരിക്ക ആശ്രയിക്കുന്നത് എന്നതാണു കാരണം. ഭരണഘടനയിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്ന സംവിധാനമാണിത്. സ്ഥാനാർഥികളെപ്പറ്റി കാര്യമായ അറിവില്ലാത്ത ജനം യോഗ്യതയില്ലാത്തയാളെ തിരഞ്ഞെടുക്കാതിരിക്കാനാണ് ഇലക്‌ട്രൽ കോളേജുണ്ടാക്കിയത്. ഇന്ന് എല്ലാവർക്കും സ്ഥാനാർഥികളെപ്പറ്റി അറിയാവുന്ന സാഹചര്യമുണ്ടായിട്ടും ഈ സംവിധാനം നിലനിൽക്കുന്നു. ഇതു വേണ്ടെന്നുവെക്കാൻ ഇക്കാലത്തിനിടെ 700 തവണ യു.എസ്. കോൺഗ്രസിൽ നിർദേശം വന്നു. പക്ഷേ, അംഗീകരിക്കപ്പെട്ടില്ല.
വിധിനിശ്ചയിക്കുന്ന 538 പേർ
വാസ്തവത്തിൽ നവംബർ മൂന്നിലെ വോട്ടെടുപ്പിനുശേഷമാണ് യഥാർഥ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത് എന്നു പറയാം.
കാരണം, പൊതുതിരഞ്ഞെടുപ്പിൽ ജനം ചെയ്യുന്ന വോട്ട് പോകുന്നത് പ്രസിഡന്റ് സ്ഥാനാർഥിക്ക് നേരിട്ടല്ല. സ്ഥാനാർഥിയുടെ പാർട്ടി പ്രതിനിധിക്കാണ്. ഇലക്ടർ എന്നാണ് ഇയാളെ വിളിക്കുക. ഇലക്ടർമാരുടെ കൂട്ടായ്മയാണ് ഇലക്ടറൽ കോളേജ്.
ഇലക്ടർമാരെ ഓരോ തിരഞ്ഞെടുപ്പുകാലത്തും നിശ്ചയിക്കുകയാണ് പതിവ്. ഓരോ സംസ്ഥാനത്തിനും അവിടത്തെ പാർലമെന്റംഗങ്ങൾക്ക് തുല്യമായ ഇലക്ടർമാരുണ്ടാവും. കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും 538 ഇലക്ടർമാരാണുള്ളത്. ഇവരിൽ 270 പേരുടെയെങ്കിലും വോട്ടുകിട്ടുന്ന സ്ഥാനാർഥിയാണ് പ്രസിഡന്റാവുക.മെയ്നും നെബ്രാസ്കയും ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം കൂടുതൽ വോട്ടു നേടിയ സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടർമാരുടെയും വോട്ടും കിട്ടും. മെയ്നിലും നെബ്രാസ്കയിലും സ്ഥാനാർഥി നേടിയ വോട്ടിന് ആനുപാതികമായേ ഇലക്ടർമാരുടെ വോട്ടും കിട്ടൂ. ഇലക്ടർമാർ കൂറുമാറാറുമുണ്ട്.
 തിങ്കളാഴ്ച വോട്ട്
ഡിസംബറിലെ രണ്ടാമത്തെ ബുധനാഴ്ച കഴിഞ്ഞുവരുന്ന ആദ്യ തിങ്കളാഴ്ചയാണ് ഇലക്ടർമാർ വോട്ടുചെയ്യുക. ഇത്തവണ ഡിസംബർ 14-നാണത്. ഈ വോട്ടുകൾ എണ്ണുന്നത് ജനുവരി ആറിന് പാർലമെന്റിലാണ്. അപ്പോഴേക്കും പുതിയ സഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നിട്ടുണ്ടാകും. സെനറ്റ് അധ്യക്ഷൻ (വൈസ് പ്രസിഡന്റ്) രണ്ടുസ്ഥാനാർഥികൾക്കും കിട്ടിയ വോട്ട് പ്രഖ്യാപിക്കും. കേവലഭൂരിപക്ഷം കിട്ടിയയാൾ പ്രസിഡന്റാകും.
 ഭാവി നിശ്ചയിച്ച 537
ഇലക്‌ട്രൽ കോളേജ് സംവിധാനമൂലം സമീപകാലത്ത് രണ്ടുപേർക്കാണ് പ്രസിഡന്റ്പദം നഷ്ടമായത്. 2000-ൽ അൽ ഗോറിനും 2016-ൽ ഹില്ലരിക്കും. ബുഷിനെക്കാൾ അരലക്ഷം വോട്ട് കൂടുതൽ കിട്ടിയിട്ടും ഫ്ളോറിഡയിലെ 537 വോട്ടാണ് അൽ ഗോറിന്റെ ഭാവി നിർണയിച്ചത്. ആ 537 വോട്ടോടെ ഫ്ളോറിഡയിലെ മുഴുവൻ ഇലക്‌ട്രൽ കോളേജ് വോട്ടും കിട്ടിയ ബുഷ് വിജയിയായി. സുപ്രീം കോടതി കയറിയ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത് 36 ദിവസം കഴിഞ്ഞാണ്.
ഹില്ലരിയുടെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. ഇലക്ടർമാർ കൂടുതലുള്ള ഫ്ളോറിഡ, പെൻസിൽവേനിയ, വിസ്‌കോൺസിൻ, മിഷിഗൻ എന്നിവിടങ്ങളിൽ ട്രംപിന് മുൻതൂക്കം കിട്ടി. അതോടെ ഒറ്റയടിക്ക് 75 ഇലക്ടർമാരെയാണ് അദ്ദേഹത്തിനു കിട്ടിയത്.
അമേരിക്കയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് മൂന്നതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. 1824, 1876, 1888 വർഷങ്ങളിലും പോപ്പുലർ വോട്ട് നേടിയ വ്യക്തിക്ക് ഇലക്‌ട്രൽ കോളേജ് വോട്ടുകിട്ടിയില്ല.
ഇവിടെയാണ് ‘സ്വിങ് സ്റ്റേറ്റുകൾ’ അഥവാ ‘ബാറ്റിൽഗ്രൗണ്ട് സ്റ്റേറ്റുകൾ’ (ഇരുപാർട്ടികൾക്കും തുല്യശക്തിയുള്ള സംസ്ഥാനങ്ങൾ) പ്രാധാന്യമുള്ളവയാകുന്നത്. 
 എന്നറിയും ഫലം?
സാധാരണ വോട്ടെടുപ്പ് ദിനം പുറത്തുവരുന്ന എക്സിറ്റ് പോളിലൂടെത്തന്നെ പ്രസിഡന്റ് ആരെന്നറിയാനാകും. എന്നാൽ, ഇത്തവണ അതിനു സാധ്യത കുറവാണ്. അല്ലെങ്കിൽ 2000-ത്തിലേതിനു സമാനമായ ആശയക്കുഴപ്പങ്ങൾക്ക് സാധ്യതയേറെയാണ്. തപാൽ വോട്ട് എണ്ണുന്നതിൽ ഓരോ സംസ്ഥാനത്തിന്റെയും രീതികൾ മൂലം നവംബർ മൂന്നിന് അറിയുന്നതുതന്നെയാവണം അന്തിമ ഫലം എന്നുമില്ല. 
ഇന്ത്യയിലേതുപോലെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രീകൃത സംവിധാനമില്ല അമേരിക്കയിൽ. സംസ്ഥാനങ്ങൾക്കാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല. തപാൽ ബാലറ്റുകൾ സ്വീകരിക്കുന്നതിനുള്ള അന്തിമ തീയതി നിശ്ചയിക്കുന്നതും അവയാണ്. വോട്ടുരേഖപ്പെടുത്തി നവംബർ മൂന്നിനോ അതിനുമുമ്പോ എത്തുന്ന ബാലറ്റുകളേ 26 സംസ്ഥാനങ്ങളിൽ എണ്ണൂ. എന്നാൽ, വാഷിങ്ടൺ ഡി.സി.യുൾപ്പെടെ 24 സംസ്ഥാനങ്ങളിൽ വോട്ടിങ് ദിനം കഴിഞ്ഞെത്തുന്ന പോസ്റ്റൽ ബാലറ്റുകളും എണ്ണും. പക്ഷേ, നവംബർ മൂന്നിനുമുമ്പ് നൽകപ്പെട്ടതാവണം അവ. ഈ 24 സംസ്ഥാനങ്ങളിലാണ് 344 ഇലക്ടർമാരുമുള്ളത്. ഇവയിൽ ചില സംസ്ഥാനങ്ങൾ, തപാൽ വകുപ്പിന്റെ വീഴ്ചകൊണ്ട് ബാലറ്റെത്താൻ വൈകിയാൽ ഗ്രേസ് പിരീഡ് (അധികസമയം) നൽകുന്നുണ്ട്. ഏറ്റവും നീണ്ട ഗ്രേസ് പിരീഡ് നൽകുന്നത് വാഷിങ്ടൺ സംസ്ഥാനമാണ്. നവംബർ 23 വരെ ഇവിടെ തപാൽ ബാലറ്റ് സ്വീകരിക്കും. അതുകൊണ്ടുതന്നെ ആദ്യ ഫലസൂചനയനുസരിച്ചുള്ള വിജയി യഥാർഥ വിജയിയാകണമെന്നില്ല.

ലിച്മാൻ പറയുന്നു ട്രംപ് തോൽക്കും

2016-ൽ ട്രംപ് ജയിക്കുമെന്ന് ആരും പറയാഞ്ഞപ്പോൾ അങ്ങനെ പറഞ്ഞയാളാണ് പ്രൊഫസർ അലൻ ലിച്മാൻ. 1984 മുതലുള്ള തിരഞ്ഞെടുപ്പു ഫലങ്ങൾ തെറ്റാതെ പ്രവചിച്ച ചരിത്രകാരൻ. ഇത്തവണ ട്രംപ് തോൽക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. അങ്ങനെയെങ്കിൽ ജോർജ് ബുഷ് സീനിയറിനു ശേഷം ഭരണത്തുടർച്ച ലഭിക്കാത്ത ആദ്യ പ്രസിഡന്റാകും ട്രംപ്.

ഫ്ളോറിഡ വിധി നിശ്ചയിക്കുമോ
1928 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ രണ്ടെണ്ണത്തിലേ ഫ്ളോറിഡ വിജയിക്കൊപ്പം നിൽക്കാതിരുന്നിട്ടുള്ളൂ. 2000-ത്തിൽ ‘താര’ സംസ്ഥാനവുമായി. കഴിഞ്ഞതവണ ഹില്ലരിക്കെതിരേ ജയം നേടാൻ ട്രംപിനു കഴിഞ്ഞതും ഇവിടത്തെ 29 ഇലക്‌ട്രൽ കോളേജ് വോട്ടും കിട്ടിയതിനാലാണ്.2016-ൽ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം നിന്ന ചെറു സംസ്ഥാനങ്ങൾ ബൈഡൻ പിടിച്ചാൽ, ട്രംപിന് ജയിക്കാൻ ഫ്ളോറിഡയുടെ പിന്തുണ കൂടിയേതീരൂ. കഴിഞ്ഞകൊല്ലം ഹില്ലരിയെക്കാൾ 1.2 ശതമാനം മാത്രം വോട്ടിനാണ് ട്രംപ് ഇവിടെ ജയിച്ചത്. ഈ ജയം ആവർത്തിക്കാനായില്ലെങ്കിൽ ട്രംപ് പുറത്താകുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്‌ധർ പറയുന്നത്.

സ്വിങ് സ്റ്റേറ്റുകൾ 
ഇലക്‌ട്രൽ കോളേജ് വോട്ട്
[ബ്രാക്കറ്റിൽ]
1.അരിസോണ [11]
2.ഫ്ളോറിഡ [29]
3.ജോർജിയ  [16] *
4.അയോവ [6]
5.മിഷിഗൻ [16]
6.മിനെസോട്ട  [10]
7.നെവാഡ [6]
8.ന്യൂ ഹാംഷർ [4]
9.നോർത്ത് കരൊലൈന [15]
10.ഒഹായോ [18] *
11.പെൻസിൽവേനിയ [20]
12.ടെക്സസ്  [38] *
13.വെർജിനിയ [13]
14.വിസ്കോൺസിൻ [10]

മുന്നിൽ ബൈഡൻ
: വിവിധ എക്സിറ്റ് പോളുകൾ പ്രകാരം ബൈഡൻ ട്രംപിനെക്കാൾ ശരാശരി പത്തുശതമാനം വോട്ടിനു മുന്നിലാണ് (ബൈഡൻ-52 ശതമാനം, ട്രംപ്-42 ശതമാനം). 14 ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളിൽ 11-ലും ബൈഡനാണ് മുൻതൂക്കം.

Content Highlight: US President Election 2020