അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യകരമായ സംഭവങ്ങളാണ് ജനുവരി ആറാംതീയതി പാർലമെന്റിന്റെ ആസ്ഥാനമായ ക്യാപിറ്റൽ ഹില്ലിൽ അരങ്ങേറിയത്. അമേരിക്കൻ ഭരണഘടനയ്ക്കെതിരായുള്ള 9/11 ആക്രമണംതന്നെയായിരുന്നു നടന്നത്. പക്ഷേ, ഇത് അപ്രതീക്ഷിതമായിരുന്നെന്ന്‌ പറയാനാവില്ല. അവസാനംവരെ പൊരുതുമെന്നും അനുയായികൾ തയ്യാറായിരിക്കണമെന്നും ട്രംപ് പലവട്ടം പ്രഖ്യാപിച്ചിട്ടുള്ളതാണ്. മറ്റുതലങ്ങളിലെല്ലാം പരാജയപ്പെട്ടതിനാൽ തന്റെ ശക്തി പ്രകടിപ്പിക്കാനുള്ള അവസാന അവസരമാണ് അദ്ദേഹം ഉപയോഗിച്ചത്. അമേരിക്കൻ കോൺഗ്രസിന്റെ ആസ്ഥാനംതന്നെ ആക്രമിച്ചതുവഴി ട്രംപ് അമേരിക്കൻ ജനാധിപത്യത്തെ ചോദ്യംചെയ്യുകയായിരുന്നു. എന്നാൽ, ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ തകർക്കാനാവുന്നതല്ല അമേരിക്കൻ ജനാധിപത്യം.  ജനാധിപത്യം നിലനിർത്താനായി ഒരു യുദ്ധത്തിനുതന്നെ തയ്യാറായ രാജ്യമാണ് അമേരിക്ക.

ഇരുളുമോ, ട്രംപിന്റെ രാഷ്ട്രീയഭാവി? 

ഫലപ്രഖ്യാപനത്തിനുശേഷം പുതിയ പ്രസിഡന്റിനെ അവരോധിക്കുകമാത്രമല്ല അദ്ദേഹത്തിന് പ്രവർത്തിക്കാനുള്ള അവസരം നൽകുകയുമാണ് അമേരിക്കയ്ക്ക് അത്യാവശ്യം. എന്നാലും ട്രംപ് പ്രസിഡന്റ്‌സ്ഥാനത്ത് രണ്ടാഴ്ചകൂടി തുടരും. അമേരിക്കയുടെ സ്ഥിതി കൊറോണയുടെ കാര്യത്തിലും സാമ്പത്തികകാര്യങ്ങളിലും പരിതാപകരമായ അവസ്ഥയിലാണ്. നിർണായകമായ തീരുമാനങ്ങളെടുക്കാൻ കഴിവുള്ളയാളാണ് ജോ ബൈഡൻ എന്നത് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. ട്രംപ്  വിധ്വംസകപ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് അമേരിക്കൻ രാഷ്ട്രീയത്തിൽ തുടരണമെങ്കിൽ അദ്ദേഹം തോൽവി അംഗീകരിക്കുകയും ബൈഡന് പിന്തുണ പ്രഖ്യാപിക്കേണ്ടതുമാണ്. എന്നാൽ, പ്രവചനാതീതനായി പ്രവർത്തിക്കുന്ന വ്യക്തിയായതുകൊണ്ട് എന്തുസംഭവിക്കുമെന്ന് ആർക്കും അറിഞ്ഞുകൂടാ.

ട്രംപിനെ ഏറ്റവുമധികമായി വിഷമിപ്പിക്കുന്ന പ്രശ്നം അദ്ദേഹത്തിനെതിരേയുള്ള കേസുകളാണ്. അടുത്തദിവസങ്ങളിൽ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടിയെടുക്കാൻ കഴിയുമെന്നതായിരിക്കും അദ്ദേഹം പ്രതീക്ഷിക്കുന്നത്. പക്ഷേ, അങ്ങനെയുള്ള ഉറപ്പൊന്നും നൽകാൻ കഴിയുകയില്ല. റിപ്പബ്ളിക്കൻ നേതാക്കൾ അതിനായി ശ്രമിക്കുകയും അങ്ങനെ ട്രംപിനെ അനുനയിപ്പിക്കുകയും ചെയ്തേക്കാം. കഴിഞ്ഞദിവസമുണ്ടായ മറ്റൊരു സംഭവം. ജോർജിയ സ്റ്റേറ്റിൽ ഉപതിരഞ്ഞെടുപ്പുനടന്ന സെനറ്റ് സീറ്റുകളും ഡെമോക്രാറ്റിക് പാർട്ടി നേടിയെടുത്തു എന്നതാണ്. ജോർജിയയിലെ പരാജയത്തിനുകാരണം ട്രംപിന്റെ പെരുമാറ്റമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ഇരുപതുവർഷത്തിൽ ആദ്യമായാണ് ഡെമോക്രാറ്റിക് പാർട്ടി ജോർജിയയിൽ വിജയിക്കുന്നത്.

ഇപ്പോൾ സെനറ്റിൽ 50 ഡെമോക്രാറ്റുകളും 50 റിപ്പബ്ളിക്കൻ പാർട്ടിക്കാരുമാണുള്ളത്.  വൈസ് പ്രസിഡന്റ് കമലാഹാരിസിന് കാസ്റ്റിങ് വോട്ടുള്ളതുകൊണ്ട് പുതുവർഷത്തിൽ ആദ്യമായി പ്രസിഡന്റിന് രണ്ടുസഭകളിലും ആധിപത്യമുണ്ടായിരുന്നു. അതിനാൽ ശക്തമായ തീരുമാനങ്ങളെടുക്കാനും പ്രായോഗികമാക്കാനും ജോബൈഡന്‌ കഴിയും.

കോൺഗ്രസിലുണ്ടായ കലാപത്തിലും അതിനുശേഷമുണ്ടായ തീരുമാനങ്ങളിലും ജനാധിപത്യത്തിനുവേണ്ടി ഉറച്ചുനിന്ന ഒരു വ്യക്തി വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ്. ട്രംപ് അദ്ദേഹത്തിൽ ധാരാളം സമ്മർദമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം വഴങ്ങിയില്ലെന്നുമാത്രമല്ല അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുകയുംചെയ്തു. പ്രശ്നമുണ്ടായപ്പോൾ യോഗം പിരിച്ചുവിടുകയും കൂടുതൽസമയം തേടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കഴിയുന്നത്ര വേഗം കോൺഗ്രസിന്റെ പങ്ക് ചെയ്തുതീർക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

പുതിയ ടിബറ്റൻ നയവും ഇന്ത്യയും

ഇതിനിടയിൽ  ഇന്ത്യക്ക് സഹായകമായ ഒരു നിയമനിർമാണവും നടക്കുകയുണ്ടായി.  ട്രംപ് വെച്ചുതാമസിപ്പിച്ചിരുന്ന ധനബില്ലിൽ ടിബറ്റൻനയവും സഹായവും എന്ന ഒരു നിയമവുംകൂടി ഉൾപ്പെട്ടിരുന്നു. അമേരിക്ക എല്ലാ കാലത്തും ടിബറ്റിനും ദലൈലാമയ്ക്കും സഹായധനവും രാഷ്ട്രീയപിന്തുണയും നൽകിയിട്ടുണ്ട്. എന്നാൽ, ഈ വർഷത്തെ നിയമത്തിൽ പ്രധാനമായ ചില ആവശ്യങ്ങൾ ചൈനയ്ക്കുമുമ്പിൽ വെച്ചിരിക്കയാണ് അമേരിക്ക. ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിച്ച രാജ്യമാണ് അമേരിക്കയെങ്കിലും ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ ഒരു അമേരിക്കൻ കോൺസുലേറ്റ് സ്ഥാപിക്കാൻ അനുവാദം നൽകണമെന്നും ഇല്ലെങ്കിൽ ചൈനയ്ക്ക് അമേരിക്കയിൽ പുതിയ കോൺസുലേറ്റുകൾ സ്ഥാപിക്കാൻ അനുവദിക്കുകയില്ല എന്നും ഈ നിയമത്തിൽ പറയുന്നു.

അതിലും പ്രധാനമായി ഇന്നത്തെ ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ ചൈന ഇടപെടരുതെന്ന് ശക്തമായി നിഷ്കർഷിച്ചിരിക്കുന്നു. അങ്ങനെയൊരു ശ്രമമുണ്ടാകുകയും ആ കാരണംകൊണ്ട് ഇന്ത്യയും ചൈനയുമായി സംഘർഷം  ഉണ്ടാകുകയും ചെയ്യുെമന്നുള്ള ഭയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. അതുപോലെ ടിബറ്റിൽനിന്ന് ഒഴുകുന്ന നദികളിൽ ഡാമുകൾ നിർമിക്കുകയോ പരിസ്ഥിതിക്കുനാശമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുകയോ പാടില്ല എന്നും അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നു.  ഇതെല്ലാം ഇന്ത്യക്ക് സഹായകമാണ്. ചൈന ഇതൊന്നും അംഗീകരിച്ചിട്ടില്ലെങ്കിലും ഈ നിയമം നൽകുന്ന സന്ദേശം ടിബറ്റിന്റെ കാര്യത്തിൽ അമേരിക്ക ഇന്ത്യയുടെ വശത്താണെന്നതുതന്നെയാണ്.

അമേരിക്കൻ കോൺഗ്രസിലുണ്ടായ സംഭവങ്ങൾ അമേരിക്കക്കാരുടെയും വിദേശസർക്കാരുകളുടെയും കണ്ണുതുറപ്പിക്കുമെന്നും ട്രംപും അനുയായികളും അവരുടെ വിധ്വംസകപ്രവർത്തനങ്ങളിൽനിന്ന് പിൻവാങ്ങുമെന്നും പ്രതീക്ഷിക്കാം. അമേരിക്കൻ ജനാധിപത്യത്തിന് സംഭവിച്ചിരിക്കുന്ന ആഘാതത്തിൽനിന്ന് കരകയറാനുള്ള ശക്തി ആ രാജ്യത്തിന് ഉണ്ടാകേണ്ടതാണ്.

ബൈഡന്റെ ദൗത്യം

കോവിഡിനോടുള്ള യുദ്ധം ശക്തിപ്പെടുത്തുകയും വാക്സിൻവിതരണം ഭംഗിയായി നടത്തുകയുമാണ് ബൈഡന്റെ ഏറ്റവും പ്രധാന ദൗത്യം. പുതിയതരം കൊറോണ വൈറസ് പ്രചരിക്കുകയും യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ ഗുരുതരമായിരിക്കയാണ്. 

ഏറ്റവുമധികം ജീവിതങ്ങൾ നഷ്ടപ്പെട്ട ദിവസംതന്നെയായിരുന്നു കോൺഗ്രസിലെ ആക്രമണം. ആഭ്യന്തരകാര്യങ്ങളിൽ മാത്രമല്ല വിദേശനയത്തിലും ബൈഡൻ ഇടപെട്ടുതുടങ്ങിയിരിക്കുന്നു. പശ്ചിമേഷ്യയിലെ പുതിയ സൗഹൃദങ്ങൾക്കുപിന്നിൽ ട്രംപായിരുന്നു എന്നതിൽ സംശയമില്ല. ഇസ്രയേൽ ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപം വർധിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ ഖത്തറിനുള്ള ഉപരോധവും ഇറാൻ ആണവക്കരാറിന്റെ പതനവും അപകടകരമാണെന്ന് ബൈഡൻ മനസ്സിലാക്കി. സൗദി അറേബ്യയുംമറ്റും മന്നോട്ടുവെച്ച ഉപാധികളൊന്നും പാലിക്കാതെതന്നെയാണ് ഖത്തർ ഉപരോധങ്ങളിൽനിന്ന് രക്ഷപ്പെട്ടത്. ഇറാന്റെ കാര്യത്തിൽ 2015-ലെ കരാറുകൾ അംഗീകരിക്കുമെങ്കിൽ  ഇറാനെതിരേയുള്ള ഉപരോധം പിൻവലിക്കാൻ തയ്യാറാണെന്ന് ബൈഡൻ അറിയിച്ചുകഴിഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തിലും അദ്ദേഹം പ്രധാന തീരുമാനങ്ങളെടുത്തു.

ബൈഡൻ ഭരണത്തിലേക്ക് പ്രധാന നിയമനങ്ങളെല്ലാം നടത്തിക്കഴിഞ്ഞു. ഒബാമ ഭരണകൂടത്തിൽ പ്രവർത്തിച്ച് പരിചയസമ്പന്നരായവരാണ് ഇതിൽ ഭൂരിപക്ഷവും. അതിനാൽ, എല്ലാ മേഖലകളിലും പെട്ടെന്ന് ഇടപെടാൻ ബൈഡനുകഴിയും. അത് അമേരിക്കയ്ക്കും  ഇന്ത്യക്കും ലോകത്തിനുതന്നെയും സഹായകമായിരിക്കും.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു ലേഖകൻ)