മൂന്നുപതിറ്റാണ്ടിനുശേഷം ഗോരക്പുരിലെ ബി.ജെ.പി. കുത്തക തകർത്തപ്പോൾ രണ്ട് പതിറ്റാണ്ടിനുശേഷം ആദ്യമായി  മായാവതിയുടെ വസതിയിലേക്ക് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ കയറിച്ചെന്ന് സന്തോഷം പങ്കുവെച്ചു. ബദ്ധവൈരികൾ ഒരുമിച്ചുനിന്നപ്പോൾ കണക്ക് പിഴച്ചത് അമിത ആത്മവിശ്വാസത്തിൽ ഈസി വാക്കോവർ കാത്ത യോഗിയുടെ ടീമിനാണ്. ഭരണം തുടങ്ങി ഒരു വർഷം കഴിയുമ്പോൾ സംഭവിച്ച കനത്ത പരാജയം പലതരം ബോധ്യങ്ങളെയും പുതിയ സാധ്യതകളെയും മുന്നോട്ടുവെക്കുന്നു. യു.പി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുഫലം 2019-നെ നേരിടാൻ കൂടുതൽ രാഷ്ട്രീയസൂക്ഷ്മതയും കരുതലും കൂർമതയും ഇരുപക്ഷത്തിനും നൽകുമെന്നുറപ്പ്​

ലഖ്‌നൗ നോട്‌സ്​

വരാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സൽ എന്നായിരുന്നു ഉത്തർപ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനെ പ്രചാരണത്തിലുടനീളം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. യോഗിയുടെ വാക്കുകൾ ശരിവെച്ചുകൊണ്ട് വിലയിരുത്തിയാൽ ഈ റിഹേഴ്‌സൽ അത്ര ശുഭകരമല്ല ബി.ജെ.പി.ക്ക്‌ എന്ന സൂചന നൽകുകയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ഗോരക്പുർ എന്ന കാവി അനുഭാവം കുത്തകയാക്കിവെച്ച മണ്ഡലം മൂന്ന് പതിറ്റാണ്ടിനുശേഷം നഷ്ടമായതും ഭരണം തുടങ്ങി കൃത്യം ഒരു വർഷം പിന്നിടുമ്പോൾ വന്ന ഫലം എന്നതും യോഗി ആദിത്യനാഥിനും ബി.ജെ.പി.ക്കും ഒട്ടും മോശമല്ലാത്ത ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ത്രിപുര എന്ന ചെങ്കോട്ടപോലും കീഴടക്കാൻ കഴിഞ്ഞ ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം സ്വന്തം വരുതിയിൽ ഉള്ള രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അത്ര വലിയ വെല്ലുവിളിയായിരുന്നില്ല ഫലം വരുംവരെ എന്നതായിരുന്നു വസ്തുത. അതിനാൽത്തന്നെ യോഗിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘‘അമിതആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു’’ എന്നതാണ് സത്യം. മറ്റൊന്ന് അവസാനനിമിഷം കാൻഷിറാമിന്റെ ശിഷ്യ മായാവതി ബദ്ധവൈരികളായ സമാജ് വാദി പാർട്ടിക്ക്‌ നൽകിയ പിന്തുണയെ ഗൗരവത്തിലെടുക്കാനും ബി.ജെ.പി.ക്കായില്ല. അതിന്റെ ഫലം വോട്ടെണ്ണലോടെ അവർക്ക് ബോധ്യപ്പെടുകയും ചെയ്തു. 

ക്രെഡിറ്റ് മായാവതിക്ക്
മൂന്നുലക്ഷത്തിനുമേൽ വോട്ടിന് എം.പി.യായ മണ്ഡലം ഫുൽപുർ കൈവിട്ട ശേഷം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അക്കാര്യം മറച്ചുവെച്ചില്ല. ബി.എസ്.പി.യുടെ പിന്തുണയെ കാര്യമായെടുത്തില്ല എന്നതൊരു പോരായ്മയായി അദ്ദേഹം തുറന്നുസമ്മതിക്കുകയും വോട്ടുശതമാനം കുറഞ്ഞത് തിരിച്ചടിയായതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുശതമാനക്കണക്കുകൾ ഇത്തരം സഖ്യസാധ്യതയ്ക്ക് ചെയ്യാൻ കഴിയുന്നതിനെ വ്യക്തമാക്കിയിരുന്നു. നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നഗരപ്പഞ്ചായത്തുകളിൽ ഉൾപ്പെടെ മോശമല്ലാത്ത വോട്ടുശതമാനം നിലനിർത്താൻ ബി.എസ്.പി.ക്കും കഴിഞ്ഞിരുന്നു. ഇത് അവരെ സംബന്ധിച്ച് ആത്മവിശ്വാസം നൽകുന്ന വസ്തുതയുമായിരുന്നു. സ്വന്തം പോക്കറ്റിലേക്ക് സൂക്ഷ്മമായി നോക്കാൻ ഇരുപാർട്ടികളെയും നഗരസഭാ തിരഞ്ഞെടുപ്പുഫലം സഹായിച്ചു. അതിന്റെ തുടർച്ചയായാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കുക എന്ന തന്ത്രപരമായ സമീപനം ബി.എസ്.പി.യും എസ്.പി.യും തീരുമാനിച്ചത്. ഇതിന്റെ ക്രെഡിറ്റ് മായാവതിക്ക്‌ അവകാശപ്പെട്ടതാണ്.

ഫുൽപുരിൽ മൗര്യയ്ക്ക് മനസ്സിലാകാതെ പോയത്
ഫുൽപുർ പ്രമുഖ നേതാക്കളുടെ പേരുകൊണ്ട് പ്രസിദ്ധമായ മണ്ഡലമാണ്. നെഹ്രു, വിജയലക്ഷ്മി പണ്ഡിറ്റ്, റാം മനോഹർ ലോഹ്യ, വി.പി. സിങ് എന്നിവർ ഉൾപ്പെടെ മത്സരിച്ച് പേരുകേട്ട മണ്ഡലം. കോൺഗ്രസ്-സോഷ്യലിസ്റ്റ് ഗ്രുപ്പുകൾക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലം 2014-ൽ താമരയെ വിജയിപ്പിച്ചു. 2009-ൽ ബി.എസ്.പി. ജയിച്ച മണ്ഡലം 2014-ൽ കേശവ് പ്രസാദ് മൗര്യ മികച്ച വിജയത്തോടെ താമരയുടെ െെകയിൽ എത്തിച്ചു. രണ്ടാംസ്ഥാനത്ത് എത്തിയത് എസ്.പി.യും. ഒ.ബി.സി. വോട്ടുബാങ്കിനെ നല്ല പരിഗണനയിലെടുക്കേണ്ട മണ്ഡലത്തിൽ ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ള മൗര്യയെ നിർത്തിയാണ് അന്ന് ബി.ജെ.പി. മണ്ഡലം പിടിച്ചെടുത്തതും. ലോക്‌സഭയിലേക്ക് യു.പി. നൽകിയ അനിഷേധ്യമായ പിന്തുണയിൽ ഫുൽപുർ ബി.ജെ.പി.യുടെ ഷുവർ സീറ്റ് ബെൽറ്റ് ആയി മാറുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ 2014-ൽ കിട്ടിയതിനെക്കാൾ വോട്ട് ശതമാനം കുറഞ്ഞെങ്കിലും അലഹാബാദ് മേഖലയിൽ വിജയം ആവർത്തിക്കാൻ ബി.ജെ.പി.ക്കായി. എന്നാൽ, ഇത്തവണ ചിത്രം മാറി. ബി.എസ്.പി.യുടെ നിർണായക തീരുമാനമാണ് ബി.ജെ.പി.ക്ക്‌ ഇത്തവണ തിരിച്ചടിയായത്. കുർമി വിഭാഗം ധാരാളമായുള്ള മേഖലയിൽ ഇരുപാർട്ടികളും ഇവരിൽനിന്നുതന്നെ സ്ഥാനാർഥിയെ കണ്ടെത്തി. ബി.ജെ.പി.യുടെ വാരാണസി മുൻ മേയർ കൗശലേന്ദ്രസിങ് പട്ടേലും എസ്.പി.ക്കുവേണ്ടി നാഗേന്ദ്രപ്രതാപ് സിങ് പട്ടേലും. കോൺഗ്രസ് സ്വന്തം നിലയ്ക്ക് മത്സരിക്കുന്നതിനാൽ മനീഷ് മിശ്രയെ സ്ഥാനാർഥിയാക്കി. 

കോൺഗ്രസ് എസ്.പി.യെ പിന്തുണച്ചിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനേ എന്ന് പൊതുവേ തോന്നാമെങ്കിലും കോൺഗ്രസുമായി മാത്രം എസ്.പി. ചേരുമ്പോൾ വോട്ട് ചോർച്ച സംഭവിക്കുന്നുവെന്ന തിരിച്ചറിവ് എസ്.പി. സംബന്ധിച്ച് കഴിഞ്ഞ വിധാൻസഭാ തിരഞ്ഞെടുപ്പ് നൽകി എന്നതാണ് സത്യം. അതിനാൽ എസ്.പി. കോൺഗ്രസിനെ മാത്രം കൂടെ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കമായിരുന്നില്ല. രണ്ടിടത്തും കോൺഗ്രസ് സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് നഷ്ടമായി എന്നതും ഇതിനൊപ്പം ചേർത്തുവായിക്കുക. അവിടെയാണ് കോൺഗ്രസിൽനിന്ന് ബി.എസ്.പി.യിലേക്ക് സഖ്യദിശ മാറ്റാൻ അഖിലേഷ് തയ്യാറായത്. നീക്കം വിജയിച്ചതോടെ കാര്യങ്ങൾ എളുപ്പമാകുകയും ചെയ്തു. മൂന്നുലക്ഷത്തിന് മുകളിൽ വോട്ടിന് കേശവ് പ്രസാദ് മൗര്യ വിജയിച്ച മണ്ഡലമാണ് ഇപ്പോൾ 59,613 വോട്ടിന് താമരയെ കൈവിട്ടത്. അലഹാബാദ് നോർത്ത്, സൗത്ത് നിയമസഭാ മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിൽ കനത്ത ഇടിവുമുണ്ടായി. ഇതിന്റെ കാരണവും ബി.ജെ.പി. പരിശോധിക്കേണ്ടിവരും. 

അധോലോക പശ്ചാത്തലമുള്ള മുൻ എം.പി. അതീഖ് അഹമ്മദ് ഫുൽപുരിൽ സ്വതന്ത്രനായിനിന്ന് 49,000 വോട്ട് പിടിച്ചിട്ടും കോൺഗ്രസ് 19,000 വോട്ട് പിടിച്ചിട്ടും എസ്.പി. ജയിച്ചുവെന്നതാണ് ശ്രദ്ധേയം. എസ്.പി.യുടെ വോട്ട് ഭിന്നിപ്പിനായി അതീഖ് മത്സരിക്കേണ്ടത് ബി.ജെ.പി.യുടെ ആവശ്യമായിരുന്നു. മുസ്‌ലിം മേഖലയിൽ വോട്ട് സ്വാധീനമുള്ള മുൻ എസ്.പി. നേതാവ് കൂടിയായ അതീഖ് അരലക്ഷം വോട്ട് പിടിച്ചിട്ടും എസ്.പി. ജയിച്ചത് ബി.എസ്.പി.യുടെ പിന്തുണ ശക്തമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.  

മഹാസഖ്യത്തിന് കീ കൊടുക്കുന്ന വിജയം
1995-ൽ മായാവതിക്ക്‌ നേരെയുണ്ടായ െെകയേറ്റത്തിൽ തുടങ്ങിയ കടുത്ത ശത്രുതയ്ക്ക് വിരാമമിട്ട് 23 വർഷത്തിനുശേഷം വോട്ടെണ്ണൽ പൂർത്തിയായ മാർച്ച് 14-ന് വൈകുന്നേരം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മായാവതിയുടെ വീട്ടിലെത്തി നേരിട്ട് ആശംസകളും നന്ദിയും അറിയിച്ചു. പൂർവഭിന്നതകൾ മറക്കേണ്ട കാലമായെന്നും ബി.എസ്.പി.യുമായി ഇപ്പോൾ നല്ല ബന്ധമാണെന്നും മായാവതിയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും മടിയില്ലാതെ അഖിലേഷ് വ്യക്തമാക്കി. 21,881 വോട്ടിന് ഗോരക്പുരിൽ എസ്.പി. സ്ഥാനാർഥി ജയിച്ചതിന് പിന്നിൽ ബി.എസ്.പി.യുടെയും

നിഷാദ്പാർട്ടിയുടെയും പങ്ക് വലുതാണ്. ഒ.ബി.സി. വിഭാഗത്തിന്റെ  വോട്ട് ദളിത്-മുസ്‌ലിം വോട്ടിനൊപ്പം ചേർക്കാൻ അവർക്ക് കഴിഞ്ഞു. യോഗിസർക്കാർ ഭരണം തുടങ്ങി ഒരു വർഷം പിന്നിടുകയാണ്. ക്രമസമാധാനപ്രശ്നം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും കുറ്റകൃത്യങ്ങൾക്ക് കുറവുവന്നിട്ടില്ല. സ്ത്രീകൾക്കെതിരായ അക്രമവും ദളിത്പീഡനവും തുടരുന്നുണ്ട് യു.പി.യിൽ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി മാസത്തിൽ 22 ദിവസത്തിനുള്ളിൽ അഞ്ച്‌ ദളിതരാണ് യു.പി.യിൽ പലയിടത്തായി മർദനമേറ്റുമരിച്ചത്. ഇത് മാധ്യമങ്ങളുടെ ശ്രദ്ധയിൽവന്ന സംഭവങ്ങൾ മാത്രം. സഹാരൻപുരിലും കാസ്ഗഞ്ചിലും ഉൾപ്പെടെ കലാപങ്ങൾ ഉണ്ടായെങ്കിലും മുഖ്യമന്ത്രി പറയുന്നത് സർക്കാർ വന്നതിന് ശേഷം ഒരു കലാപം പോലും ഉണ്ടായില്ലെന്നാണ്. എന്നാൽ, ഏറ്റവും അധികം കലാപമുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ യു.പി.യാണ് ഇപ്പോൾ മുന്നിൽ എന്നതാണ് വസ്തുത. കർഷകരുടെ വായ്പ എഴുതിത്തള്ളിയതിൽ നല്ലൊരു ശതമാനം നാമമാത്ര തുക മാത്രമായിപ്പോയതിൽ കർഷകർക്ക് പ്രതിഷേധമുണ്ടെന്നതും ഗോരക്പുരിലെ ശിശുമരണം ഉണ്ടാക്കിയ ഞെട്ടലും വിവാദങ്ങളും ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾക്കിടയിലാണ് തിരഞ്ഞെടുപ്പ് വന്നത് എന്നതും വിസ്മരിക്കാവുന്ന കാര്യങ്ങളല്ല. 

ഏതായാലും മോദി-അമിത് ഷാ-യോഗി കൂട്ടുകെട്ടിനെതിരായ വിശാല സഖ്യത്തിലൂടെ ശക്തമായ സമാന്തരധാര സൃഷ്ടിക്കാൻ മറ്റ് പാർട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇരുവിജയങ്ങളും. 2019-ലെ പൊതുതിരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കണമെങ്കിൽ മോദിയുടെ ടീമിന് കൂടുതൽ ഹോംവർക്കുകൾ വേണ്ടിവരുമെന്ന് കുത്തകമണ്ഡലം കൈവിട്ട് ഗോരക്പുരിൽ ഉൾപ്പെടെ യു.പി.യിലെ രണ്ട് മണ്ഡലങ്ങളിലെ ജനം മോദിയുടെ പാർട്ടിക്ക്‌ നൽകിയ ചെറുതല്ലാത്ത ഷോക്ക് ട്രീറ്റ്‌മെന്റ് വ്യക്തമാക്കുന്നു. അഖിലേഷിനെക്കാൾ മായാവതിക്ക്‌ അവകാശപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ്. 

*******************************

യോഗിയുടെ തട്ടകം പറഞ്ഞുവെക്കുന്നത്

ഗോരക്പുർ ഫലം വ്യക്തമാക്കുന്നവ ഇത്രയുമാണ്. പരമ്പരാഗത വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക്‌ വേണ്ടി ഭിന്നിപ്പിക്കപ്പെട്ടപ്പോൾ നഷ്ടമായത് എസ്.പി.ക്കും ബി.എസ്.പി.ക്കുമായിരുന്നുവെങ്കിൽ ഇത്തവണ പരമ്പരാഗത വോട്ട് ബാങ്കിനെ ഒരുപരിധിവരെ പിടിച്ചുനിർത്താൻ എസ്.പി.-ബി.എസ്.പി. കൂട്ടുകെട്ടിന് കഴിഞ്ഞു. 
ബ്രാഹ്‌മണ-ക്ഷത്രിയവോട്ടുകൾക്ക് നിർണായകസ്വാധീനമുള്ള ഗോരക്പുരിൽ കഴിഞ്ഞ 29 വർഷത്തിനിടെ ഗോരക്‌നാഥമഠത്തിൽ നിന്നുള്ള മഹന്ത് (മുഖ്യപുരോഹിതൻ) അല്ലാതെ ഒരാളും എം.പി.യായി പാർലമെന്റിലെത്താൻ ഡൽഹിക്ക്‌ ഇവിടെനിന്ന് വണ്ടി കയറിയിട്ടില്ല. ആ പതിവ് പിന്നാക്ക സമുദായവോട്ട് സമാവാക്യത്തിലൂടെ പ്രവീൺ നിഷാദിലൂടെ എസ്.പി.യും ബി.എസ്.പി.യും തെറ്റിച്ചു. മഠത്തിന് പുറത്തുനിന്നുള്ള ഒരാളെ ജയിപ്പിക്കാൻ മഠം നിൽക്കുന്ന ഗോരക്പുർ അർബൻ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി. വോട്ടർമാർപോലും മടി കാണിച്ചുവെന്ന് ബി.ജെ.പി. നേതാക്കൾ പോലും രഹസ്യമായി സമ്മതിക്കുന്നു. എന്നാൽ, മഠത്തിൽ നിന്നുള്ളവർ മാത്രം ജയിക്കുക എന്നതൊരു നല്ല കീഴ്‌വഴക്കമല്ല ജനാധിപത്യത്തിൽ എന്ന വിമർശനം മറ്റ് പാർട്ടികളും ഉന്നയിക്കുന്നുണ്ട്. 

ലോക്‌സഭയ്ക്ക് കീഴിലെ ഈ നിയമസഭാ മണ്ഡലത്തിൽ ഇത്തവണത്തെ വോട്ട് ശതമാനവും അത് വ്യക്തമാക്കുന്നു. 38 ശതമാനം വോട്ടർമാർ മാത്രമേ ഉപതിരഞ്ഞെടുപ്പിൽ മഠം നിലനിൽക്കുന്ന നിയമസഭാ മണ്ഡലത്തിൽ നിന്ന് വോട്ട് ചെയ്തുള്ളൂ. അഞ്ചുതവണ യോഗിയും മൂന്നു തവണ മഹന്ത് അവൈദ്യനാഥും ഒരു തവണ മഹന്ത് ദിഗ്‌വിജയാനന്ദും ലോക്‌സഭയിലെത്തിയ മണ്ഡലമാണ് ഗോരക്പുർ. ഹിന്ദുമഹാസഭ വഴി ബി.ജെ.പി.യുടെ െെകയിൽ ഭദ്രമായ മണ്ഡലം പിന്നീട് ആരെയും വിജയിപ്പിച്ച ചരിത്രമില്ല. അതിനാൽ തന്നെ പിന്തുണയുടെ നീണ്ട ചരിത്രവും മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന നിലയ്ക്കും ഗോരക്പുരിലെ തോൽവിയാണ് ഫുൽപുരിനെക്കാൾ മോദിയെയും അമിത് ഷായെയും അലട്ടുക. ഈ പരാജയം ഒരു പാഠമാണ്-യോഗി ആദിത്യനാഥിന്റെ ഈ പ്രതികരണത്തിൽ നിന്ന് ബി.ജെ.പി. ഗൗരവമായി കാണുമെന്ന് വ്യക്തം. 

എന്നാൽ, നോട്ട് അസാധുവാക്കൽ, തൊഴില്ലില്ലായ്മ, പിന്നാക്കവിഭാഗത്തോടുള്ള അവഗണന, ആരോഗ്യമേഖലയുടെ തകർച്ച എന്നിവയോടുള്ള ജനത്തിന്റെ പ്രതികരണം ഇപ്പോഴാണ് പുറത്തുവന്നതെന്നാണ് നിഷാദ് പാർട്ടി നേതാവ് ഡോ. സഞ്ജയ് നിഷാദ് പറഞ്ഞത്. 20-ഓളം പിന്നാക്ക സമുദായങ്ങളുടെ പിന്തുണയുള്ള പാർട്ടിയാണ് നിഷാദ് പാർട്ടി. കിഴക്കൻ യു.പി.യിൽ നിഷാദ് പാർട്ടിക്ക്‌ ബി.എസ്.പി.യുടെ കൂടി പിന്തുണ ലഭിക്കുകയും എസ്.പി.യുടെ വോട്ടുകൾ ചേരുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. സ്ഥലത്തെ അറിയപ്പെടുന്ന ഡോക്ടർ ആയിട്ടും കോൺഗ്രസിന്റെ സുർഹിത ചാറ്റർജി കരീമിന് പ്രതീക്ഷിച്ച തോതിൽ വോട്ട് സമാഹരിക്കാനായില്ല. ഏതായാലും ‘ബുവ-ബതീജ’ കൂട്ടുകെട്ട് ഇരുമണ്ഡലത്തിലും വിജയം കൊണ്ടുവന്നതിൽ യു.പി.യിലെ ബി.ജെ.പി. ഇതര പാർട്ടികൾ ആഹ്ലാദത്തിലാണ്.