* സത്യപ്രതിജ്ഞ ഇന്ന്        
* ഇന്ത്യൻ സമയം  രാത്രി 10:00-ന്‌  ട്രംപ് വരില്ല

രണ്ടാഴ്ചമുമ്പ് കലാപകാരികൾ ഇരച്ചുകയറിയ പാർലമെന്റ് മന്ദിരത്തിന്റെ പടിഞ്ഞാറേനടയിൽനിന്ന് അമേരിക്കയുടെ നാല്പത്തിയാറാം പ്രസിഡന്റായി ജോസഫ് ആർ. ബൈഡൻ (ജോ ബൈഡൻ) ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വാഷിങ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ ആഹ്ലാദാരവവും കരഘോഷവും മുഴങ്ങില്ല.

ഇക്കാലമത്രയും പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങു കാണാൻ ജനം കുതൂഹലത്തോടെ കാത്തുനിന്ന അവിടെ ബുധനാഴ്ച ആളൊഴിഞ്ഞുകിടക്കും. ഓരോ നാലുവർഷം കൂടുമ്പോഴും അമേരിക്കയും ലോകവും ടെലിവിഷനിലൂടെ കണ്ടിരുന്ന നോക്കെത്താദൂരം പരന്നുകിടക്കുന്ന ജനസമുദ്രത്തിന്റെ ദൃശ്യം ഇത്തവണയുണ്ടാവില്ല.

 കോവിഡ് മഹാമാരിയും കാപ്പിറ്റോളിലുണ്ടായ മഹാനാണക്കേടും ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയ്ക്ക് ജനക്കൂട്ടമില്ലാതാക്കിയിരിക്കുന്നു.
പകരം, വാഷിങ്ടണിന്റെ വീഥികളിലും കാപ്പിറ്റോൾ കുന്നിന്റെ പരിസരത്തും കാൽലക്ഷം നാഷണൽ ഗാർഡ് സൈനികർ കണ്ണും കാതും കൂർപ്പിച്ചുനിൽക്കും. പ്രശ്നരഹിതമായി ചടങ്ങ് പൂർത്തിയാകുന്നുവെന്നുറപ്പാക്കാനുള്ള കാവൽ.

 മുഖംകൊടുക്കാതെ ട്രംപ്‌
ബൈഡന്റെ ജയം ട്രംപ് ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ഒരിക്കൽപ്പോലും അദ്ദേഹത്തെ അനുമോദിച്ചിട്ടില്ല. അധികാരക്കൈമാറ്റപ്രക്രിയ ഒട്ടും സുഗമമായിരുന്നില്ല. സത്യപ്രതിജ്ഞാച്ചടങ്ങിന് ട്രംപ് എത്തുകപോലും ചെയ്യില്ല. 150 വർഷത്തിനിടെ അമേരിക്കയിൽ മുൻപ്രസിഡന്റിന്റെ സാന്നിധ്യമില്ലാതെ സത്യപ്രതിജ്ഞ നടന്നിട്ടില്ല എന്നറിയുമ്പോഴേ ഈ മാറിനിൽക്കലിന്റെ ഗൗരവം വ്യക്തമാകൂ.

ബൈഡന്റെ ജയം ഏതുവിധേനയും അട്ടിമറിക്കണമെന്ന ട്രംപിന്റെ ആവശ്യം കേൾക്കാതിരുന്ന, അദ്ദേഹത്തിന്റെ അണികളിൽനിന്ന് രാജ്യദ്രോഹിയെന്ന വിളികേട്ട വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വേദിയിലുണ്ടാകും. ഒപ്പം മുൻ പ്രസിഡന്റുമാരായ ജോർജ് ബുഷും ബിൽ ക്ലിന്റനും ബരാക് ഒബാമയും. ട്രംപിനെക്കാൾ 70,59,741 ജനകീയവോട്ടും 74 ഇലക്ടറൽവോട്ടും (ബൈഡൻ 306, ട്രംപ് 232) കൂടുതൽ നേടിയുള്ള ആധികാരിക ജയമായിരുന്നു ബൈഡന്റേത്. എന്നിട്ടും തന്റെ ജയം ബൈഡൻ കട്ടെടുത്തുവെന്ന് ട്രംപ് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ വിവിധ കോടതികളിലായി 61 കേസുകൊടുത്തു. ഒന്നൊഴികെ എല്ലാം തെളിവില്ലെന്ന കാരണംപറഞ്ഞ് തള്ളിപ്പോയി. ജനുവരി ആറിന് ഇലക്ടറൽ വോട്ടെണ്ണി ബൈഡന്റെ ജയം ഔദ്യോഗികമായി അംഗീകരിക്കാൻ ചേർന്ന പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിലേക്ക് ട്രംപിന്റെ പ്രേരണയിൽ അദ്ദേഹത്തിന്റെ അനുകൂലികൾ അതിക്രമിച്ചുകയറി.  ആ കലാപത്തിൽ സൈനികരും പങ്കാളികളായിരുന്നു. അതുകൊണ്ടുതന്നെ എഫ്.ബി.ഐ. സൂക്ഷ്മപരിശോധനയ്ക്കുശേഷം തിരഞ്ഞെടുത്തവരാണ് വാഷിങ്ടണിൽ കാവലിനുള്ള പട്ടാളക്കാർ.

 ബൈഡന്‌ കാതോർത്ത്‌
‘അമേരിക്ക ഒറ്റക്കെട്ട്’ എന്നതാണ് ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന്റെ പ്രമേയം. പക്ഷേ, രാജ്യം ഭിന്നിച്ചുനിൽക്കുകയാണെന്ന യാഥാർഥ്യം കഴിഞ്ഞയാഴ്ചത്തെ പ്രസംഗത്തിലും ബൈഡൻ അംഗീകരിച്ചതാണ്. ആ അമേരിക്കയെ എങ്ങനെ ഒന്നിപ്പിക്കുമെന്നതിന്റെ രേഖാചിത്രമാകുമോ തന്റെ അഭിസംബോധനയിൽ ബൈഡൻ വരയ്ക്കുക. ഇത്തവണ ബൈഡൻ പറയുന്നത് എന്തായിരിക്കും?


2 ലക്ഷം കൊടികൾ 56 ദീപസ്തംഭങ്ങൾ

പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങുകാണാൻ അമേരിക്കയുടെ വിവിധഭാഗങ്ങളിൽനിന്ന് സാധാരണ രണ്ടുലക്ഷംപേരെങ്കിലും എത്താറുണ്ട്. കോവിഡ്മൂലം ഇത്തവണ എത്താനാകാത്തവരെ പ്രതിനിധാനംചെയ്ത് തിങ്കളാഴ്ച നാഷണൽ മോളിൽ ‘കൊടിപ്പാടം’ തീർത്തു സത്യപ്രജ്ഞാസമിതി. 1,91,500 യു.എസ്. പതാകളാണ് ഇവിടെ നാട്ടിയത്. അമേരിക്കൻ സംസ്ഥാനങ്ങളെയും ഭരണപ്രദേശങ്ങളെയും പ്രതിനിധാനംചെയ്ത് 56 വിളക്കുമാടങ്ങളും ഒരുക്കി. 46-ാം ാം പ്രസിഡന്റാകുന്ന ജോ ബൈഡനോടുള്ള ആദരമായി പ്രാദേശികസമയം തിങ്കളാഴ്ച സന്ധ്യക്ക് ഇവ 46 സെക്കൻഡ് തെളിച്ചു.

ചടങ്ങുകൾ ഇങ്ങനെ

 • അതിഥികൾ 1000, നൃത്തവിരുന്നില്ല.
 • വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം. ലാറ്റിനോ വംശജയായ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയർ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്ന് കരുതുന്നു.
 • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്‌സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുക്കും.
 • ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
 • കാപ്പിറ്റോളിന്റെ കിഴക്കേനടയിലെത്തി സൈന്യത്തെ അഭിവാദ്യം ചെയ്യും.
 • പ്രസിഡന്റും വൈസ് പ്രസിഡന്റും ചടങ്ങിനെത്തിയ മുൻ പ്രസിഡന്റുമാരും ഭാര്യമാരും ആർലിങ്ടൺ ദേശീയ സെമിത്തേരിയിലെത്തി രക്തസാക്ഷികളായ, അറിയപ്പെടാത്ത സൈനികരുടെ ശവകുടീരത്തിൽ പുഷ്പചക്രമർപ്പിക്കും.
 • സൈനിക അകമ്പടിയോടെ പ്രസിഡന്റ് വൈറ്റ്ഹൗസിലേക്ക്.
 • പ്രസിഡന്റും പ്രഥമവനിതയും പങ്കെടുക്കുന്ന നൃത്തവിരുന്ന് ഇത്തവണയില്ല.
 • പകരം ഹോളിവുഡ് നടൻ ടോം ഹാങ്ക്‌സ് അവതാരകനാകുന്ന ‘സെലിബ്രേറ്റിങ് അമേരിക്ക’ എന്ന 90 മിനിറ്റ് പ്രത്യേക ടി.വി. പരിപാടിയുണ്ടാവും.
 • പ്രസിഡന്റും വൈസ് പ്രസിഡന്റും ഈ പരിപാടിയിൽ സംസാരിക്കും.
 • പോപ് താരം ലേഡി ഗാഗ ദേശീയഗാനം ആലപിക്കും. ജെന്നിഫർ ലോപ്പസ്, ഗാർത് ബ്രൂക്‌സ് എന്നിവരും സെലിബ്രേറ്റിങ് അമേരിക്ക പരിപാടിയിലെത്തും.

ചരിത്രത്തിലേക്ക്‌ കമല

kamala

"അമേരിക്കൻ ജനാധിപത്യത്തിന്റെ കരുത്ത്‌ -യു.എസ്.എ. ടുഡേ ദിനപത്രം"

 • രാജ്യത്തെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി ജമൈക്കൻ-ഇന്ത്യൻ വംശജ കമലാ ഹാരിസ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 231 വർഷത്തെ അമേരിക്കൻ ചരിത്രം വഴിമാറും
 • ആ പദവിയിലെത്തുന്ന ആദ്യ
 • കറുത്തവർഗക്കാരി, ആദ്യ ഇന്ത്യൻവംശജ
 • കമലയ്‌ക്കൊപ്പം ഭർത്താവ് ഡഗ് എംഹോഫും ചരിത്രത്തിൽ ഇടംനേടും. ‘സെക്കൻഡ് ജെന്റിൽമാൻ’ എന്ന പുതിയ വിശേഷണം അദ്ദേഹത്തിനൊപ്പം ചേരും. അമേരിക്കയുടെ ആദ്യ ‘സെക്കൻഡ് ജെന്റിൽമാൻ’