തിനേഴാം ലോക്‌സഭയ്ക്കുവേണ്ടിയുള്ള  തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ  ഇടതുചേരി ഇനി കമ്യൂണിസ്റ്റ് പാർട്ടികൾ നയിക്കേണ്ട എന്ന് ജനങ്ങൾ  തീരുമാനിച്ചു. ഇനി പാർലമെന്റിലെ ഇടതുനായകർ, സോഷ്യലിസ്റ്റ് ചേരിക്കാരാണ്. അവരിൽ പ്രമുഖർ പക്ഷേ, ബി.ജെ.പി.യുടെകൂടെ നിൽക്കുന്ന  ജനതാദൾ  യുണൈറ്റഡാണ് എന്നതാണ് വൈരുധ്യം. ഈ തിരഞ്ഞെടുപ്പോടെ കമ്യൂണിസ്റ്റ്പാർട്ടികൾക്ക്‌, ഒന്നാംപാർലമെന്റ്‌ മുതൽ നിലനിർത്തിവന്ന നേതൃസ്ഥാനം നഷ്ടമാവുകയാണ്. മേൽപ്പറഞ്ഞ സോഷ്യലിസ്റ്റ്‌ ചേരിക്കാകട്ടെ പതിനാറാം  ലോക്‌സഭയെക്കാൾ ആറുസീറ്റുകൾ കൂടുകയും ചെയ്തു.

കൈമോശം വന്ന നേതൃപദവി

ഇവിടെ ഇടതുചേരി എന്ന് വിശേഷിപ്പിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടികളെയും സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്ന് ഉരുവംകൊണ്ട ജനതാദൾ വിഭാഗങ്ങൾ, സമാജ്‌വാദി പാർട്ടി, ലോക് ജനശക്തി പാർട്ടി, ആർ.എസ്‌.പി. എന്നിവരെയുമാണ്. ഈ ചേരിയുടെ നേതൃത്വം കഴിഞ്ഞ ലോക്‌സഭയിൽ, പത്തുസീറ്റുകൾ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്കായിരുന്നു. പക്ഷേ, പതിനേഴാം സഭയിൽ പതിനേഴ് അംഗങ്ങളുള്ള ജനതാദൾ യുണൈറ്റഡ്‌ ആയിരിക്കും ഈ ചേരിയുടെ നേതാവ്. പക്ഷേ, അവരോ വലതുപക്ഷ ചേരിയുടെ വക്താക്കളായ ബി.ജെ.പി.യുടെ കൂടെയും.

ജനങ്ങൾ രണ്ടുസന്ദേശങ്ങൾ ഇതുവഴി ഇടതുപക്ഷത്തിന്‌ നൽകുന്നുണ്ടെന്ന് കരുതണം. ഒന്ന്, കമ്യൂണിസ്റ്റ് പാർട്ടികളുടെ  ഇടതുപക്ഷത്തെ നയിക്കാനുള്ള  ശക്തി അവസാനിച്ചിരിക്കുന്നു. ഇനിയുള്ളത് സോഷ്യലിസ്റ്റുകളുടേതാണ്. പക്ഷേ, അവരോ വലതുപക്ഷത്തിന്റെകൂടെ.   പത്തു മുതൽ ഇരുപതുശതമാനം വോട്ടുകൾ കിട്ടാറുണ്ടായിരുന്ന ഇടതുപക്ഷചേരി ഇന്ത്യൻ രാഷ്ട്രീയത്തിലെ അപ്രധാന ശക്തിയായി മാറിയിരിക്കുന്നു. (കേരളത്തിൽ 31 ശതമാനവുമായി കമ്യൂണിസ്റ്റ് പാർട്ടികളും ബിഹാറിൽ 21 ശതമാനവുമായി  ജനതാദൾ യുണൈറ്റഡും. രണ്ടക്കശതമാനം വോട്ട് ലഭിച്ചവർ).

ബംഗാളിലും ഒഡിഷയിലും ആന്ധ്രയിലും എന്തിന്‌ ബിഹാറിലെയും യു.പി.യിലെയും സർക്കാരുകൾ   ദരിദ്രരുടെ സമൃദ്ധിക്കുവേണ്ടിയാണു പ്രവർത്തിക്കുന്നത് എന്ന് ഉദ്‌ഘോഷിക്കുന്നു. അതുകൊണ്ടുതന്നെ അവർ സാമൂഹികനീതി, ദാരിദ്ര്യനിർമാർജനം എന്നത് അവരുടേതായ രീതിയിൽ നടപ്പാക്കുന്നു. അതായത് ഇടതുചേരി ഇല്ലാതെയും അവരുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ, എത്ര വികലമെങ്കിലും വലതുപക്ഷം എന്നുപറയുന്ന ബി.ജെ.പി. ഉൾപ്പെടെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും തയ്യാറാകുന്നു എന്നത് വാസ്തവം. കോൺഗ്രസ് അകട്ടെ, തങ്ങളുടെ ‘ന്യായ്‌’ പദ്ധതി വഴി  പാവങ്ങളുടെ രക്ഷകരാകാനും ശ്രമിക്കുന്നു.

പതറിയതെവിടെ

എവിടെയാണ് ഇടതുചേരിയുടെ ജയവും പരാജയവും.  അവരുടെ അജൻഡ രാഷ്ട്രീയമായി മറ്റുള്ളവർ അംഗീകരിക്കുന്നു. പക്ഷേ, അവരെ അംഗീകരിക്കാൻ തയ്യാറല്ല.  ഇടതുപക്ഷത്തിന് ഈ അവസ്ഥയ്ക്ക്‌ പരിഹാരം കാണേണ്ടതുണ്ട്.  ഇടതു കക്ഷികൾ പോരാട്ടത്തിന്റെ പ്രതീകമായി ഉയർത്തിക്കൊണ്ടുവന്ന കനയ്യകുമാർ, ബിഹാറിലെ ബിഗുസാരയിൽ തോൽവി അടഞ്ഞു. പഴയ തീപ്പൊരി  യുവസോഷ്യലിസ്റ്റായിരുന്ന ലാലുവിന്റെ ജനതാദൾവിഭാഗം കനയ്യയെ അവഗണിച്ചു എന്നതാണ് സത്യം. 

ഏതൊരു തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷവും ഇന്ത്യയിലെ ഇടതുചേരിയുടെ പഴയ നേതാക്കളായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറി കമ്യൂണിസ്റ്റ്‌   പാർട്ടികളുടെ  ഐക്യത്തെപ്പറ്റി  സംസാരിക്കാറുണ്ട്. പക്ഷേ, തങ്ങളുടെ ബംഗാളിലെയും കേരളത്തിലെയും ശക്തി ചൂണ്ടിക്കാണിച്ച്‌, സി.പി.എം. ആകട്ടെ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ പാർലമെന്റിൽ  മൂന്ന് സീറ്റ് നേടിയ സി.പി.എം., രണ്ടു സീറ്റ് നേടിയ സി.പി.ഐ.യെ കുറച്ചുകൂടി ഗൗരവമായി കാണുമെന്നു കരുതുന്നു. പരാജിതരുടെ ക്യാമ്പിൽ ഒരുമിച്ചിരിക്കുമ്പോൾ, പുതിയ ആശയങ്ങൾ, വഴികൾ കാണാൻ ഇടയുണ്ട് എന്നുകരുതട്ടെ.

ഇടതുചേരി എന്നാൽ, സോഷ്യലിസ്റ്റ് ചേരിയും ദേശീയമായി ഉണ്ട് എന്നത് ഒഴിച്ചുകൂടാനാവാത്ത സത്യമാണ്. അത് കേരളത്തിലെ ജനതാദൾ പാർട്ടികൾ കാണിച്ചുകൊണ്ടിരിക്കുകയാണ്. അതേപാത ദേശീയാടിസ്ഥാനത്തിലും പ്രാവർത്തികമാവണം എന്നല്ലേ   ജനങ്ങൾ ദേശീയ ഇടതുപക്ഷത്തോട് ഈ തിരഞ്ഞെടുപ്പുഫലങ്ങൾ വഴി അവശ്യപ്പെടുന്നത്. ഈ ചേരിയുടെ പുറംമ്പോക്കിൽ നിൽക്കുന്ന ഒരു വിഭാഗവുമുണ്ട്. നക്സലൈറ്റ്, മാവോവാദി വിഭാഗങ്ങൾ. അവരുടെ വിദ്യാർഥിവിഭാഗമായ ഐസ (AISA) വർഷങ്ങളായി ഇടതുചേരിയുടെ പതാക  ജവാഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ ഉയർത്തുന്നവരാണ്. ഇതു കാണിക്കുന്നത്  ഈവിഭാഗത്തെ ഇടതു ചേരിയിൽ കൊണ്ടുവരേണ്ട അവശ്യകതയാണ്. 

കനയ്യ സി.പി.ഐ.യുടെ വിദ്യാർഥി നേതാവാണ്. എന്നാൽ, അദ്ദേഹത്തിന് ശക്തമായ പിന്തുണ നൽകിയത്  ഐസയുടെ വിദ്യാർഥി നേതാക്കളായിരുന്നു എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇടതുചേരി അത് അവഗണിച്ചെങ്കിലും സംഘ്പരിവാർ അപകടം മണത്ത് ഈ കൂട്ടരെ അർബൻ നക്സൽ എന്നുവിളിച്ചു.സംഘപരിവാർ നേതൃത്വം കൊടുക്കുന്ന സർക്കാർ ഡൽഹിയിൽ വരുമ്പോൾ, ഇത്തരം ഇടതു തുരുത്തുകളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക്‌ ആക്കം കൂടും. ജെ.എൻ.യു. അവർക്ക്‌ ഒരു ഉന്നമായിരിക്കും. അതുവഴി  ഇടതുചേരിയെത്തന്നെ അപ്രസക്തമാക്കാനാവും അവർ ശ്രമിക്കുക. അപ്പോൾ വിഘടിച്ചു നിൽക്കുന്ന ഇടതുചേരിക്ക്‌ ഒരു പ്രസക്തിയുമുണ്ടാവില്ല. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇടതിന് വ്യക്തമായ  ഒരു സന്ദേശം  നൽകുന്നുണ്ട്. നിങ്ങൾക്ക് നിലനിൽക്കണമെങ്കിൽ, ഒന്നാകുക. ഇല്ലെങ്കിൽ  കാലഹരണപ്പെടും എന്ന്. അത് ഉൾക്കൊള്ളാനുള്ള  നേതൃപാടവം അവർക്കുണ്ടാകുമെന്ന്‌ കരുതാം. ഇല്ലെങ്കിൽ ഇടതുചേരിതന്നെ അടുത്ത തിരഞ്ഞെടുപ്പോടെ, ഇന്ത്യൻ പാർലമെന്റിൽനിന്ന് അപ്രത്യക്ഷമാകും.
(ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ)

Content Highlights: Indian Left, Politics, BJP