രാജ്യത്തെ ഏറ്റവും ജനോപകാരപ്രദമായ സർക്കാർ ഇടപെടലുകളിൽ ഒന്നാണ് തൊഴിലുറപ്പുപദ്ധതി. ആ പദ്ധതിക്ക് കഴിഞ്ഞവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേന്ദ്രസർക്കാർ അനുവദിച്ചത് 61,084 കോടി രൂപയായിരുന്നു. രണ്ടാം എൻ.ഡി.എ. സർക്കാർ ഇത്തവണത്തെ ബജറ്റിൽ അറുപതിനായിരം കോടി രൂപയാണ് തൊഴിലുറപ്പുപദ്ധതിക്ക് നീക്കിവെച്ചത്. 1084 കോടി രൂപ വെട്ടിക്കുറച്ചു. നൂറുദിവസത്തെ തൊഴിൽ കൊടുക്കാനുള്ളതാണ് പദ്ധതിയെങ്കിലും ഇതുവരെ ശരാശരി ഒരാൾക്ക് നാല്പത്തിയാറു ദിവസത്തെ തൊഴിൽ മാത്രമാണ് കൊടുത്തിട്ടുള്ളത്. 

 പരമ്പരാഗത വ്യവസായമേഖലയ്ക്ക്‌ തിരിച്ചടി 
ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളെയോ രാജ്യത്തിന്റെ ആവശ്യങ്ങളെയോ അഭിസംബോധനചെയ്യുന്നതല്ല കേന്ദ്രബജറ്റ്. എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത അവഗണന. പരമ്പരാഗത വ്യവസായ മേഖലയായ കയർരംഗത്ത്, കയർ ബോർഡിനുവേണ്ടി കഴിഞ്ഞ സാമ്പത്തികവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൂന്നുകോടിരൂപ ഉണ്ടായിരുന്നെങ്കിൽ  ഈ ബജറ്റിൽ അത് ഒരു കോടിയാണ്. ദേശീയ ബാംബൂമിഷന്റെ വിഹിതം മുന്നൂറുകോടിയിൽനിന്ന് നൂറ്റമ്പതുകോടിയാക്കി. റബ്ബർ ബോർഡിന് കഴിഞ്ഞവർഷം 172.22 കോടി ഉണ്ടായിരുന്നത് 170  കോടിയാക്കി. കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗൺസിലിന്‌ 2018-'19 ബജറ്റ് അടങ്കൽ നാലുകോടിയായിരുന്നു. ഇത്തവണ അത് ഒരുകോടി രൂപമാത്രം.

 കാർഷികമേഖലയെ തകർക്കും
റബ്ബർക്കർഷകർക്കുവേണ്ടി കേരളം സഹായം ആവശ്യപ്പെട്ടിരുന്നു. റബ്ബറിന്റെ മിനിമം താങ്ങുവില 200 രൂപയാക്കുന്നത് ഇവിടത്തെ കർഷകരുടെ നിലനിൽപ്പിനു പ്രധാനമാണ്. ബജറ്റ് അത്‌ നിരസിക്കുക മാത്രമല്ല, റബ്ബർക്കർഷകരെ ആശ്വസിപ്പിക്കാനുള്ള ചെറിയ നടപടിപോലും ഉണ്ടായില്ല. റബ്ബർ ബോർഡിനുള്ള വിഹിതം കുറച്ചത് അതിനുദാഹരണം. നാളികേര ബോർഡ്, സ്പൈസസ് ബോർഡ് എന്നിവയ്ക്കും സഹായമില്ല. ടീ ബോർഡിനുള്ള ബജറ്റ് വിഹിതം കഴിഞ്ഞവർഷം 160.2 കോടിയായിരുന്നത് ഇത്തവണ 150 കോടി മാത്രമാണ്.കാർഷികമേഖലയെ പരിപൂർണമായി അവഗണിക്കുന്നതാണ് ബജറ്റ്. കാർഷികോത്‌പന്നങ്ങൾക്കുള്ള വിപണിപ്രോത്സാഹനമോ കാർഷികകടാശ്വാസമോ ഉത്‌പന്നങ്ങളുടെ താങ്ങുവിലയോ ബജറ്റിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. പെട്രോൾ, ഡീസൽ വിലവർധനയിലൂടെ വൻ വിലക്കയറ്റത്തിന് തീകൊളുത്തുന്ന ബജറ്റ് സാമൂഹ്യസുരക്ഷാ പദ്ധതികളെ അവഗണിക്കുന്നു. പൊതുമേഖലയുടെ ഓഹരിവിൽപ്പനപോലെ സാമൂഹ്യസുരക്ഷാ പദ്ധതികളെ വാണിജ്യവത്‌കരിക്കാനുള്ളതാണ് സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്ന സങ്കല്പം. സംസ്ഥാനങ്ങൾക്ക് പ്രതികൂലമാണ് ബജറ്റിലെ പൊതുസമീപനം. കേന്ദ്രവരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കാനുള്ള ഫെഡറൽ കാഴ്ചപ്പാടിൽ വെള്ളംചേർക്കുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നു.

 ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടില്ല; എയിംസും
കേരളം അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഏറെനാളായി ശ്രമിക്കുകയാണ്. നമ്മുടെ മഹത്തായ ചികിത്സാപാരമ്പര്യത്തിന്റെയും തനതായ ഔഷധങ്ങളുടെയും സംരക്ഷണവും പ്രചാരണവും ലക്ഷ്യമിടുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു പൈസപോലും നീക്കിവെക്കാനുള്ള സന്മനസ്സ് ബജറ്റിലുണ്ടായില്ല.
എയിംസ് എന്നത് കേരളത്തിന്റെ എക്കാലത്തെയും ആവശ്യമാണ്. എയിംസിനുതുല്യമായി ഒരു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നപ്പോഴാണ് കോഴിക്കോട്ട് അതിനായി ഇരുനൂറ് ഏക്കർ സ്ഥലം ഏറ്റെടുത്തുനൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തത്. അത്തരമൊരു സന്നദ്ധത കേരളം പ്രകടിപ്പിച്ചിട്ടും അവഗണനയാണ് കേന്ദ്രത്തിന്റെ മറുപടി. ബജറ്റിൽ അക്കാര്യത്തെക്കുറിച്ച് മിണ്ടുന്നതേയില്ല.

 ജലത്തിലും പാളത്തിലും അവഗണന
കേരളത്തിന്റെ ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള ബദൽമാർഗങ്ങളിലൊന്ന് ജലപാതകളാണ്. ദേശീയ ജലപാതയുടേത് ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നുണ്ട്. ജലജീവൻ മിഷൻ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം കേരളത്തിലെ ഉൾനാടൻ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും ഒരു സഹായവും ചെയ്യുന്നില്ല. വെറ്റ്‌കോസ്റ്റ്‌ ജലപാത ഈ ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവർത്തിച്ച് ആവശ്യപ്പെട്ടതാണ്. അതും പരിഗണിച്ചില്ല.
റെയിൽവേ രംഗത്തെ അവഗണന പതിവുപോലെ തുടരുകയാണ്. തെക്കുവടക്ക് റെയിൽവേപ്പാത ഇരട്ടിപ്പിക്കാനുള്ള അനുമതിയും ഫണ്ടും ആവശ്യപ്പെട്ടെങ്കിലും ബജറ്റ് മൗനം പാലിക്കുന്നു. വ്യവസായരംഗത്ത് ചെന്നൈ-ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടണമെന്നാണ് നാം ആവശ്യപ്പെട്ടത്. അതിനോട് ബജറ്റ് പ്രതികരിക്കുന്നതേയില്ല. കോച്ചി ഷിപ്‌യാർഡിനുള്ള വിഹിതം കഴിഞ്ഞവർഷം 660 കോടിയായിരുന്നത് 495 കോടിയായി കുറച്ചു. കൊച്ചി പോർട്ട് ട്രസ്റ്റിന്റേത് 67 കോടിയായിരുന്നത് 46 കോടിയാക്കി. കേന്ദ്രസർക്കാരിന്റെ സുപ്രധാന പദ്ധതിയായ രാഷ്ട്രീയ ആരോഗ്യനിധിയിൽ മലബാർ കാൻസർ സെന്റററിനെ ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

 നിഷേധിക്കരുത്‌ അർഹമായ ഓഹരി
കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി വിനിയോഗിക്കാൻപറ്റാത്ത സാഹചര്യം കേരളത്തിലുണ്ട്. നാം നേടിയ പുരോഗതിയാണ് അതിനുകാരണം. കൂടുതൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം കിട്ടുമ്പോൾ കേരളം അവഗണിക്കപ്പെടുന്നു. കേന്ദ്രത്തിന്റെ ഒരേതരത്തിലുള്ള മാനദണ്ഡങ്ങൾ മാറ്റുക എന്നത് കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യമാണ്. അത് പരിഗണിച്ചില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ട ഓഹരി നിഷേധിക്കുന്ന സമീപനം തുടരുകയും ചെയ്യുന്നു.ആരോഗ്യമേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. ആ രംഗത്ത് കേരളം നേടിയ നേട്ടങ്ങൾ സംരക്ഷിക്കാനും പുതിയ തലമുറയിൽപ്പെട്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കേന്ദ്രസഹായം ലഭ്യമായേ  തീരൂ. എന്നാൽ, ആരോഗ്യമേഖലയോട് സമ്പൂർണ അവഗണനയാണ് കേന്ദ്രബജറ്റ് കാണിച്ചത്. സംസ്ഥാനസർക്കാരിന്റെ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുത്ത് കേന്ദ്രത്തിന്റെ ആശ്രിതരാക്കിമാറ്റാനുള്ള ശ്രമമാണ് ബജറ്റിൽ തെളിഞ്ഞുകാണുന്നത്.

പുനരുജ്ജീവന ശ്രമത്തോട്‌ മുഖംതിരിച്ചു
സംസ്ഥാനങ്ങൾക്കുള്ള വായ്പാപരിധിക്കു പുറത്തുനിന്ന് പ്രളയപുനർനിർമാണത്തിന് വായ്പയെടുക്കാൻ അനുവദിക്കുക എന്നത് കേരളം കേന്ദ്രത്തിനുമുന്നിൽവെച്ച സുപ്രധാന ആവശ്യങ്ങളിലൊന്നാണ്. അത് അനുവദിച്ചില്ലെന്നു മാത്രമല്ല, കേരളത്തിന്റെ പുനരുജ്ജീവനത്തിനാവശ്യമായ സഹായങ്ങളോടാകെ മുഖംതിരിച്ചു. പ്രകൃതിദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ വായ്പയെടുക്കാൻ അനുമതിനൽകണമെന്ന സുശീൽകുമാർ മോദി സമിതിയുടെ നിർദേശംപോലും കേരളത്തിന്റെ കാര്യത്തിൽ പരിഗണിക്കപ്പെട്ടില്ല.