പ്രഥമദൃഷ്ട്യാ ഈ ബജറ്റ് പുതിയ പാത വെട്ടിത്തെളിക്കുന്ന മഹത്തായ ബജറ്റാണെന്ന് തോന്നുകയില്ല. വലിയ ആഘാതമുണ്ടാക്കുന്ന പ്രഖ്യാപനങ്ങൾ ഒന്നുംതന്നെയില്ല. മാത്രമല്ല നികുതി പിരിവു സംബന്ധിച്ച് ചില ലക്ഷ്യങ്ങൾ സാധ്യമാവുമോ എന്ന കാര്യത്തിൽ ആശങ്കയുമുണ്ട്. എങ്കിലും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ സാമ്പത്തികമേഖലയെ ദീർഘകാല സുസ്ഥിര വളർച്ചയിലേക്കു നയിക്കാവുന്ന ഒരു കാഴ്ചപ്പാട് ഈ ബജറ്റിലുണ്ടെന്നു കാണാം.
ജൂലായ്‌ നാലിന് അവതരിപ്പിക്കപ്പെട്ട സാമ്പത്തികസർവേ റിപ്പോർട്ട്‌ രാജ്യപുരോഗതിക്ക് വ്യക്തമായ മാർഗരേഖകളുള്ള ഉദ്യമമാണ്. 1991-ൽ നരസിംഹറാവുവിന്റെ നേതൃത്വത്തിൽ നടന്ന ഉദാരീകരണ നടപടികളാണ് ഇന്ത്യയെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രബലമായൊരു സാമ്പത്തികശക്തിയാക്കി മാറ്റിയത്. 1992 മുതൽ 2019 വരെയുള്ള 27 വർഷക്കാലം ഇന്ത്യ ലോകത്തിലെ അതിവേഗം വളർന്ന രണ്ടാമത്തെ സാമ്പത്തികശക്തിയായിരുന്നു എന്നത് നിസ്സാര നേട്ടമല്ല.

ജി.ഡി.പി. കറൻസി വിനിമയനിരക്കിൽ രേഖപ്പെടുത്തുമ്പോൾ ഇന്ത്യയ്ക്ക് ഇന്നു ലോകത്തിൽ ആറാം സ്ഥാനവും വാങ്ങൽശക്തി രേഖപ്പെടുത്തുമ്പോൾ ലോകത്ത് മൂന്നാംസ്ഥാനവുമുണ്ട്. എന്നാൽ, സമൂഹത്തിലെ ഉന്നത മധ്യവർഗങ്ങളിൽപ്പെട്ടവർക്കു മാത്രം ഗുണമുണ്ടാക്കിയ ഈ നേട്ടം വളരെ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരെയും പാർശ്വവത്‌കൃതരെയും പരിഗണിച്ചതേയില്ല. ലളിതമായിപ്പറഞ്ഞാൽ വളർച്ച എല്ലാവരെയും ഉൾക്കൊള്ളുന്നതായില്ല. വളർച്ച, രാഷ്ട്രീയവും സാമ്പത്തികവുമായി സുസ്ഥിരമാകണമെങ്കിൽ അതു സർവാശ്ളേഷീയമായിരിക്കണം. 

ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന രണ്ടു വിഷയങ്ങൾ സ്വച്ഛഭാരത്, ഉജ്ജ്വല പദ്ധതികളാണ്. അടിസ്ഥാന ആവശ്യങ്ങളായ ശൗചാലയങ്ങളും പാചകവാതകവും ഉറപ്പുനൽകുന്ന ഈ പദ്ധതികൾ സമൂഹത്തിലെ വളരെ പിന്നാക്കം നിൽക്കുന്ന അനേകകോടി ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഗുണകരമായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രവികസനത്തിന്റെ രാഷ്ടീയ ഫലങ്ങളിലൊന്നാണ് യു.പി.യിലെ ജാതിരാഷ്ട്രീയത്തിന്റെ തകർച്ച. നല്ല സാമ്പത്തിക നടപടികൾ നല്ല രാഷ്ട്രീയനടപടികളായി മാറുമ്പോൾ രാഷ്ട്രീയക്കാർ അവ കൂടുതൽ ഉത്സാഹത്തോടെ നടപ്പാക്കുന്നു. ഇതാണ് രണ്ടാം എൻ.ഡി.എ. സർക്കാർ ചെയ്യുന്നത്.

സ്വകാര്യ മൂലധനമേറി സമഗ്രവളർച്ച

2024-’25-ഓടെ ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളർ സമ്പദ്ഘടനയായി മാറ്റുന്നതിന് ലക്ഷ്യംവെച്ചുകൊണ്ട് മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ എട്ടുശതമാനം വളർച്ച എന്ന ലക്ഷ്യം മുന്നിൽക്കാണുന്ന സാമ്പത്തിക സർവേയുടെ തത്ത്വശാസ്ത്രമാണ് 2019-’20 ബജറ്റ് പ്രതിഫലിപ്പിക്കുന്നത്. ഇതൊരു വലിയ വെല്ലുവിളിയാണെങ്കിലും ശരിയായ നയങ്ങളിലൂടെ സാധ്യവുമാണ്. രണ്ടാം ലോക യുദ്ധാനന്തര യൂറോപ്പിലെ ചില രാജ്യങ്ങളിൽനിന്നും ഏഷ്യൻ കടുവകളിൽനിന്നും ചൈനയിൽനിന്നും അടുത്തകാലത്തുള്ള ഇന്ത്യയുടെ സ്വന്തം അനുഭവത്തിൽനിന്നും പാഠംപഠിച്ചുകൊണ്ട് സർക്കാർ ക്രമീകരണത്തോടെ പ്രധാനമായും സ്വകാര്യമൂലധനത്താൽ നയിക്കപ്പെടുന്ന സമഗ്രവളർച്ചയാണ് സാമ്പത്തികസർവേ ശക്തമായി ശുപാർശ ചെയ്യുന്നത്. ഈ ദിശയിലുള്ള അനേകം നയപരമായ പരിഷ്കരണ നടപടികൾ സർവേ ശുപാർശ ചെയ്യുന്നുണ്ട്. സർവേയിൽനിന്ന്‌ മുന്നോട്ടു പോയി കൂടുതൽ നയപരമായ നടപടികൾ ബജറ്റിന്‌ പുറത്തുനിന്നുണ്ടാകുമെന്ന സൂചനയും നൽകുന്നു.

അതിസമ്പന്നരുടെ നികുതിഭാരം കുത്തനെ കൂട്ടി എന്നതാണ് ബജറ്റിലെ പ്രധാന നടപടികളിലൊന്ന്. പ്രതിവർഷം രണ്ടു മുതൽ അഞ്ചു കോടി വരെ സമ്പാദിക്കുന്നവരും അതിനുമുകളിൽ നേട്ടമുണ്ടാക്കുന്നവരും വർഷം 39, 42 ശതമാനം വീതം നികുതി നൽകേണ്ടിവരും. ഇതിൽനിന്ന് വൻതോതിൽ പണമുണ്ടാക്കാൻ സർക്കാരിന്‌ കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ, സർവാശ്ലേഷീയ വികസനത്തിന്റെ കാഴ്ചപ്പാടിൽ നോക്കിയാൽ ഈ നീക്കം ഉചിതമാണ്.

സർക്കാരിന്റെ പ്രധാന പദ്ധതികളായ 2022-ഓടെ എല്ലാവർക്കും വീട്, എല്ലാവർക്കും വൈദ്യുതി എന്നിവ അഭിലഷണീയവും പ്രശംസാർഹവുമാണ്. ഫലപ്രദമായും സമയബന്ധിതമായും ഈ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞാൽ സമഗ്രവളർച്ചയിലേക്കുള്ള വലിയ ചുവടുകളായിരിക്കും അത്.

തന്ത്രം പിഴച്ചാൽ തിരിച്ചടി

സർവേയിൽ നിർദേശിക്കപ്പെടുകയും ബജറ്റിൽ ഇടം കണ്ടെത്തുകയും ചെയ്ത മറ്റൊരു പ്രധാന പദ്ധതിയാണ് സോവറിൻ ബോണ്ടുകളുടേത്; ലളിതമായി പറഞ്ഞാൽ സർക്കാരിന്റെ ബാഹ്യകടമെടുക്കൽ. ഇന്ത്യയുടെ ബാഹ്യകടം മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ അഞ്ചുശതമാനം എന്ന നിലയിൽ തുലോം കുറവാണ്. ആഗോള പലിശനിരക്കുകൾ കുറവായ ഈ സമയത്ത് ഇന്ത്യയ്ക്ക് ബോണ്ടുകൾ ഇറക്കി കുറഞ്ഞ പലിശ നിരക്കിൽ പണം സ്വരൂപിക്കാൻ കഴിയും. ബജറ്റിലെ ഈ പരാമർശം കൊണ്ടുതന്നെ സർക്കാരിന്റെ പത്തുവർഷ ബോണ്ട് യീൽഡ് 6.6 ശതമാനത്തിലേക്കു വീണു.

മൂലധനത്തിന്റെ ചെലവു കുറയുന്നത് സാമ്പത്തികവളർച്ചയ്ക്ക് അങ്ങേയറ്റം അനുകൂലമാണ്. എന്നാൽ, ഈ നയം സുചിന്തിതമായും ശ്രദ്ധയോടെയും വേണം ഉപയോഗിക്കാൻ. ഇപ്പോഴത്തെ നിലയിൽ ആകർഷകമായൊരു തന്ത്രമായി ഇതു കാണപ്പെടുന്നുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടങ്ങളിൽ മോശമായ പ്രത്യാഘാതങ്ങളോടെ ഇവ തിരിച്ചടിക്കാൻ സാധ്യതയുണ്ട്. ബ്രസീൽ, അർജന്റീന, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളുടെയും 1991-ലെ ഇന്ത്യയുടെയും അനുഭവപാഠങ്ങൾ മനസ്സിലാക്കിവേണം ഇത്തരം ഒരു നടപടിയിലേക്ക് എടുത്തുചാടാൻ.

ഗുണങ്ങളുംദോഷങ്ങളും

എല്ലാ ബജറ്റുകൾക്കും അവയുടെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഈ ബജറ്റും വ്യത്യസ്തമല്ല. പെട്രോളിനും ഡീസലിനും ചുമത്തിയ അധികസെസ്സും എക്സൈസ് ഡ്യൂട്ടിയും ഒഴിവാക്കാമായിരുന്നു. ധനക്കമ്മി 3.3 ശതമാനമാക്കുക എന്ന ലക്ഷ്യംനേടുക പ്രയാസകരമായിരിക്കും. പൊതുഉടമയിൽ തുടരുന്നതിന് ഒരു ന്യായീകരണവുമില്ലാത്ത ഒട്ടേറെ സ്ഥാപനങ്ങൾ സ്വകാര്യവത്‌കരിക്കുന്നതിന് ഒരു ഉറച്ച നടപടികളുമില്ല. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ വർധിപ്പിച്ചത് കള്ളക്കടത്തു പ്രോത്സാഹിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. പട്ടിക നീട്ടാവുന്നതാണ്.

തൊഴിൽപരിഷ്കരണം ആവശ്യം

ഒട്ടും വൈകിക്കാൻ പാടില്ലാത്ത സുപ്രധാനമായ നടപടിയാണ് തൊഴിൽപരിഷ്കരണം. തൊഴിലാളികളുടെ വർധിച്ച വേതനം തുണിവ്യവസായംപോലെ ധാരാളം തൊഴിലാളികളെ ആവശ്യമുള്ള തൊഴിൽരംഗങ്ങളിൽനിന്നു പിൻവാങ്ങാൻ ചൈനയെ പ്രേരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യം സൃഷ്ടിക്കുന്നത് വലിയ അവസരങ്ങളാണ്. ബംഗ്ളാദേശും വിയറ്റ്‌നാമും ഫിലിപ്പീൻസുമെല്ലാം ആയിരക്കണക്കിനു തൊഴിലാളികൾ പണിയെടുക്കുന്ന പടുകൂറ്റൻ ഫാക്ടറികൾ തുറക്കുകയാണ്. വൻതോതിൽ തൊഴിൽ നൽകാൻ കഴിയുന്ന ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഇന്ത്യയ്ക്കു കഴിയാത്തത് നമ്മുടെ തൊഴിൽ നിയമങ്ങൾ വഴിമുടക്കികളായി നിൽക്കുന്നതുകൊണ്ടാണ്. രാജ്യത്തു നിലനിൽക്കുന്ന നിയമമനുസരിച്ച് നൂറിൽ കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന ഒരു ഫാക്ടറിയുടെ ഉടമയ്ക്ക് അത്‌ പൂട്ടാനോ തൊഴിലാളികളെ ഒഴിവാക്കാനോ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണ്. ബിസിനസ് പരാജയങ്ങൾ ബിസിനസ് വിജയങ്ങളെക്കാൾ എത്രയോ കൂടുതലാണെന്നോർക്കണം.

മാന്ദ്യകാലത്ത് തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനോ ബിസിനസ് പൊളിഞ്ഞാൽ പൂട്ടാനോ ഉള്ള സ്വാതന്ത്ര്യം ഉടമയ്ക്കില്ലെങ്കിൽ വൻതോതിലുള്ള മുതൽമുടക്കുകൾ ഉണ്ടാവുകയില്ല. ട്രേഡ് യൂണിയനുകൾ തൊഴിലാളിവിരുദ്ധമെന്നു മുദ്രകുത്തുന്ന തൊഴിൽപരിഷ്കാരങ്ങൾ വൻതോതിലുള്ള തൊഴിലവസരങ്ങളിലൂടെ തൊഴിലാളികൾക്കു ഗുണകരമായിത്തീരുന്നു എന്നതാണ് സാമ്പത്തികരംഗത്തെ അനുഭവം. ഈ ദിശയിലാണ് ഇന്ത്യ നീങ്ങേണ്ടത്. സമഗ്രപുരോഗതി ലക്ഷ്യംവെക്കുന്ന സമൂഹത്തിൽ മറ്റൊരു മുഖ്യസ്തംഭം ആയിത്തീരും അത്.
(ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്‌, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)