മുഖ്യമന്ത്രിയെ ന്യായീകരിക്കാനുള്ള വാദങ്ങൾ നനഞ്ഞ പടക്കം രമേശ്‌ ചെന്നിത്തല

മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ നിയമസഭയിൽ നടത്തുന്ന വാദങ്ങൾ നനഞ്ഞ പടക്കമാണ്‌. ഭരണകക്ഷിയംഗങ്ങൾ മുഖ്യമന്ത്രിക്ക് മംഗളപത്രമെഴുതുകയാണ്‌. മുഖ്യമന്ത്രി കല്‌പിക്കുന്നു. തിരുവായ്ക്ക് എതിർവായില്ല. ഭരണത്തെപ്പറ്റി ചുക്കുംചുണ്ണാമ്പും അറിയാത്ത പാർട്ടിസെക്രട്ടറി നോക്കുകുത്തിയായി. സ്വർണക്കടത്തുകേസ് വലിയ അപമാനമായി. 

മന്ത്രിമാർ ഒന്നുംഅറിയുന്നില്ല. യഥാർഥ മന്ത്രിമാർ ശിവശങ്കറും സ്വപ്നയുമാണ്. ഇടതുമുന്നണി യോഗംപോലും പേരിനുമാത്രമായി. ഇടതുമുന്നണിയോ മന്ത്രിസഭയോ അറിയാതെയായിരുന്നു സ്‌പ്രിംക്ലർ കരാർ. ബിവറേജസ് കോർപ്പറേഷൻ എന്ന പൊൻമുട്ടയിടുന്ന താറാവിനെ കൊന്നു. കൺസൽട്ടൻസി രാജല്ലേ ഇവിടെ നടക്കുന്നത്‌. മുഖ്യമന്ത്രിയുടെ നാവും വലംകൈയുമായിരുന്നു മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ. ശിവശങ്കർ കുറ്റക്കാരനായത് ഞങ്ങളുടെ കുറ്റമല്ല. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നു കണ്ടപ്പോഴാണ് ശിവശങ്കറിനെ മാറ്റിയത്. 

കെ.ടി. ജലീലിന്റെ ഒാരോ അഴിമതിയും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എല്ലാ വൃത്തികേടുകളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടോ? അഴിമതി വ്യാപകമാണ്. കോവിഡിലും സർക്കാർ പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ കൈകൾ പരിശുദ്ധമല്ലെന്നു കരുതേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി രാജിവെച്ചൊഴിയുകയാണ് വേണ്ടത്.

മുഖ്യമന്ത്രിക്ക് ഭരണത്തിൽ നിയന്ത്രണമില്ല വി.ഡി. സതീശൻ 

ഈ സർക്കാരിന്റെ മുന്നിൽ എൻ.ഐ.എ.യും ഇടത്ത് കസ്റ്റംസും വലത്ത് എൻഫോഴ്‌സ്‌മെന്റും മുകളിൽ സി.ബി.ഐ.യുമാണ്‌. സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിലാണ്. എന്നാൽ, മാർക്ക് ആന്റണി സീസറിനെക്കുറിച്ചു പറഞ്ഞത് അനുകരിച്ച് ‘ചീഫ് മിനിസ്റ്റർ ഈസ് ആൻ ഓണറബിൾ മാൻ’ എന്നുപറയാം. പക്ഷേ, ഭരണത്തിൽ അദ്ദേഹത്തിനു നിയന്ത്രണമില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെത്തന്നെ വരുതിയിലാക്കിയാണ് സ്വർണക്കടത്ത് സംഘം പ്രവർത്തിച്ചത്. മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ കൈക്കൂലി മിഷനായി. മന്ത്രി കെ.ടി. ജലീൽ തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ മതഗ്രന്ഥത്തെ മറയാക്കി. 
തിരുവനന്തപുരം വിമാനത്താവളത്തിന് സർക്കാർ േക്വാട്ട് ചെയ്തതുക അദാനിയുമായി ബന്ധമുള്ള കൺസൽട്ടൻസി അവർക്ക് ചോർത്തിനൽകി. എല്ലാം അറിയാവുന്ന ധനമന്ത്രി തോമസ് ഐസക്കാകട്ടെ മന്ത്രിസഭയുടെ ഫുട്‌ബോർഡിലാണ് നിൽക്കുന്നത്‌.

ഇടതുവിരുദ്ധദുഷ്ടസഖ്യം എം. സ്വരാജ്

കേരളത്തിൽ ഇടതുവിരുദ്ധദുഷ്ടസഖ്യം പ്രവർത്തിക്കുന്നു. യു.ഡി.എഫും ബി.ജെ.പി.യും ഒന്നിച്ച് അണിനിരന്ന അവിശ്വാസ പ്രമേയമാണിത്. നല്ല രീതിയിൽ അവതരിപ്പിക്കാൻ പ്രാപ്തിയുണ്ടായിട്ടും വി.ഡി. സതീശന്റെ  അവതരണം നനഞ്ഞ പടക്കമായി. പരാജയപ്പെടാൻ മാത്രം ഉയർത്തുന്ന വാദങ്ങളിൽ പ്രതിപക്ഷത്തിന് നാണക്കേട് തോന്നേണ്ട കാര്യമില്ല.  ഇടതുസർക്കാരിനെതിരേ നിയമസഭയിൽ അവിശ്വാസം കൊണ്ടുവരുമ്പോൾ  ഡൽഹിയിലും മറ്റൊരു അവിശ്വാസം ചർച്ചയാവുകയാണ്. ഡൽഹിയിൽ സോണിയാ ഗാന്ധിക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നു.

വഴിയേപോയവർ മുഖ്യമന്ത്രിയുടെ കസേരയിൽ നിരങ്ങിയ കാലമല്ലിത്. യു.ഡി.എഫുകാർ അഴിമതിക്കേസിൽ ജയിലിലേക്ക്‌ ഘോഷയാത്രയായി പോകുന്ന കാഴ്ചയാണ് വരാൻ പോകുന്നത്.  വെറും കൊള്ളയല്ല, തീവട്ടിക്കൊള്ളയാണ് യു.ഡി.എഫ്‌. കാലത്തു നടന്നത്. തീവട്ടിക്കൊള്ള എന്ന വാക്ക് പിണറായി വിജയൻ സർക്കാരിനെതിരേ ഉപയോഗിക്കാത്തതിൽ സതീശനോട് നന്ദിയുണ്ട്. ടൈറ്റാനിയം, പാമോലിൻ അടക്കം അഴിമതിക്കേസുകൾ  ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരേ ദുരാരോപണങ്ങൾ ഉയർത്തുകയാണ്.

ക്വാറന്റീൻ മുൻപേ കണ്ടുപിടിച്ചു  കെ.എം. ഷാജി

കോവിഡ് വരുന്നതിനുമുൻപേ പിണറായി വിജയൻ കോവിഡ് കണ്ടുപിടിച്ചു. ആദ്യം വി.എസ്. അച്യുതാനന്ദനെ ക്വാറന്റീനിലാക്കി. രണ്ടാമത് പാർട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും. ഇവിടെ വേറെ രണ്ടുമന്ത്രിമാരുണ്ട്. ശൈലജ ടീച്ചറും ഇ.ചന്ദ്രശേഖരനും. വൈകുന്നേരങ്ങളിലെ പത്രസമ്മേളനങ്ങളിൽ രണ്ടു മന്ത്രിമാരെ ഇടവും വലവും ഇരുത്തിയിട്ട് മിണ്ടാൻ അനുവദിക്കില്ല. പ്രാണായാമം പരിശീലിപ്പിക്കുകയാണ്. അവസാനം കളത്തിലിറങ്ങിയ മന്ത്രി ജി. സുധാകരൻ ദുർഗന്ധമൊക്കെ പോയെന്നാണ് പറയുന്നത്.  മദ്യപിച്ച് മദോന്മത്തനായ  ഒരാൾ കാറോടിച്ച് കയറ്റിക്കൊന്ന കെ.എം. ബഷീറിനെ ഓർമയുണ്ടോ? കോവിഡിന്റെ മറവിൽ ആ ഉദ്യോഗസ്ഥനെ നിങ്ങൾ പുനഃപ്രതിഷ്ഠിച്ചു. ബഷീറിന്റെ കുടുംബത്തിന്റെ കണ്ണീരിൽ നിങ്ങൾക്കെതിരേയുള്ള അവിശ്വാസമുണ്ട്. ഖുർആന്റെ പ്രചാരണത്തിന് വിശ്വാസികൾക്ക് വിവിധമാർഗങ്ങളുണ്ട്.  മറ്റൊരാൾ  കള്ളക്കടത്തുവഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച ആദ്യ മന്ത്രിയാണ്. മന്ത്രി ആത്മീയ കള്ളക്കടത്തിന്റെ തിരക്കിലാണ്. വിശുദ്ധ ഖുർആൻ കൊണ്ടുപോയത് എടപ്പാളിലേക്കാണ്. എടപ്പാളിൽനിന്ന് അല്പം നടന്നാൽ സി.എച്ച്. പ്രസുണ്ട്. അവിടെ അച്ചടിച്ച ഖുർആനാണ് ലോകത്ത്‌ പലസ്ഥലങ്ങളിലേക്കും കയറ്റി അയയ്ക്കുന്നത്.

മുഖ്യമന്ത്രി ഗോഡ്ഫാദർ ഷാഫി പറമ്പിൽ

ഒരുസർക്കാരും ഇതുപോലെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായിട്ടില്ല. എൻ.ഐ.എ. അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദറാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവർ ഇന്ന് മാധ്യമപ്രവർത്തകരെ കടന്നാക്രമിക്കുന്നു.  ചോദ്യങ്ങളോട് ഇത്രയേറെ അസഹിഷ്ണുത വേറാർക്കുമില്ല.  ചോദ്യങ്ങൾക്ക് കൃത്യമായ  മറുപടി ഇല്ലാത്തതുകൊണ്ടാണ് ബഹിഷ്‌കരണം.   കേരളത്തിലെ എല്ലാ ചെറുപ്പക്കാർക്കും സ്വപ്നയാകാനാകില്ല. എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പൻ ഇ.പി. ജയരാജനുമല്ല. എല്ലാവരുടെയും കൊച്ചാപ്പ കെ.ടി. ജലീലുമല്ല. ജോലി ബക്കറ്റിലെടുത്തു വെച്ചിട്ടുണ്ടോയെന്നാണ് പി.എസ്.സി. ചോദിക്കുന്നത്.

വീടിനായിപിരിച്ച കോടികൾ എവിടെ? ഗണേഷ് കുമാർ

1000 വീടുെവച്ചുകൊടുക്കാൻ കെ.പി.സി.സി. പിരിച്ച കോടികൾ എവിടെ. ഒരു വീടെങ്കിലും ആർക്കെങ്കിലും െവച്ചു കൊടുത്തോ? ഇതിനെപ്പറ്റി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാൻ തയ്യാറുണ്ടോ? മീനില്ലാതെ മീൻകറിയും നെയ്യില്ലാതെ നെയ്‌റോസ്റ്റു ഉണ്ടാക്കുകയാണ് പ്രതിപക്ഷം. സിമന്റും കമ്പിയും ഇല്ലാതെ പാലം പണിയാനും ശ്രമിക്കുന്നു.യു.ഡി.എഫിലുള്ളപ്പോൾ താൻ അന്നത്തെ  മന്ത്രിക്കെതിരേ തെളിവുകൾ നിരത്തി നിയമസഭയിൽ ആരോപണം ഉന്നയിച്ചു. അര മണിക്കൂറിനുള്ളിൽത്തന്നെ മുന്നണിയിൽനിന്ന് പുറത്താക്കിയവരാണ് ഇപ്പോൾ അഴിമതിവിരുദ്ധ പ്രസംഗം നടത്തുന്നത്. അഴിമതിയുടെ അപ്പോസ്തലന്മാരായ യു.ഡി.എഫുകാർ മറ്റുള്ളവരും അങ്ങനെയാകണമെന്ന് ശഠിക്കരുത്. ഇത് വേറെ മുന്നണിയാണ്. ഇത് ജനകീയ സർക്കാരാണ്. നാലുവർഷത്തിനിടെ വികസന ക്ഷേമപ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായ സർക്കാരാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയ സർക്കാരാണ് പിണറായിയുടേത്. കെ. കരുണാകരനെ ചാരനെന്ന് വിളിച്ച് ആക്ഷേപിച്ചയച്ചവരാണ് യു.ഡി.എഫിലും കോൺഗ്രസിലും ഇപ്പോൾ നേതൃത്വത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റു കോടുത്തു പി.ടി. തോമസ്

ശിഖണ്ഡിയെ മുന്നിൽനിർത്തി യുദ്ധം ചെയ്തു തന്നെ തോൽപ്പിക്കാൻ അർജുനനെ ഉപദേശിച്ച ഭീഷ്മരെപ്പറ്റി കേട്ടിട്ടുണ്ട്. എന്നാൽ, അദാനി മാമനോട് മരുമകളെ മുൻനിർത്തി തന്നെ തോൽപ്പിക്കാൻ പറഞ്ഞ മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. യേശുവിനെ ഒറ്റുകൊടുത്ത പണം യൂദാസ് വലിച്ചെറിഞ്ഞ അക്കൽദാമയെപ്പോലെയായി തിരുവനന്തപുരം വിമാനത്താവളം.

കൊണ്ടുവന്നത് സ്വർണം പി.സി. ജോർജ്

ഖുർആനെന്ന പേരിൽ വിദേശത്തുനിന്ന് കൊണ്ടുവന്നത് മുഴുവൻ സ്വർണമായിരുന്നു ഇക്കാര്യത്തിൽ നുണ പറയരുത്, നടപടിയുണ്ടാകണം. ഖുർആനെ പിടിച്ച്, അള്ളാഹുവിനെ ഓർത്ത്, ജലീൽ സാഹിബേ, നിങ്ങൾ മണ്ടത്തരം പറഞ്ഞ് നടക്കരുത്. തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാൻ നോക്കരുത്. ബി.ജെ.പി.യല്ല, അതിന്റെ അപ്പുറത്തെ പാർട്ടി നോക്കിയാലും അത് നടക്കില്ല. ശത്രുസംഹാരപൂജയ്ക്കായി അദാനിയുടെ ഭാര്യ എന്തിനാണ് കണ്ണൂരിൽ വന്നത്? അതിന് തൊട്ടുപിന്നാലെയാണ് വിമാനത്താവളം അവർക്ക് കിട്ടിയതെന്നും ജോർജ്‌ പറഞ്ഞു.

കോൺഗ്രസിനു ശാപമുണ്ട്  മുല്ലക്കര

പാഞ്ചാലിയുടെ മുറിയിൽ അഞ്ചുപേരിൽ ആരെങ്കിലുമുണ്ടെങ്കിൽ മുറിക്ക് പുറത്ത് ചെരിപ്പ് െവക്കണമെന്നാണ് നിബന്ധന. ഒരിക്കൽ അർജുനൻ വന്നപ്പോൾ പുറത്ത് ചെരിപ്പ് കണ്ടില്ല. പക്ഷേ അകത്ത് യുധിഷ്ഠിരൻ ഉണ്ടായിരുന്നു. ചെരിപ്പ് കടിച്ചുകൊണ്ടുപോയത് ഒരു നായയായിരുന്നു. നിന്റെ പ്രണയം നാട്ടുകാരറിഞ്ഞ് നിന്നെ എറിഞ്ഞോടിക്കുമെന്ന് അർജുനൻ നായയെ ശപിച്ചു. കോൺഗ്രസിനും ഇങ്ങനെയൊരു ശാപമുണ്ട്. ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ടതിനാണ്‌ ഈ ശാപം.

Content Highlights: udf's no-confidence motion against the ldf government