ഷി ജിൻപിങ്ങിനെ മാവോ സെ തുങ്ങിന് തുല്യനാക്കിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊമ്പതാം കോൺഗ്രസ് കഴിഞ്ഞതേയുള്ളൂ. അപ്പോഴേക്കും തെക്കുകിഴക്കൻ ഏഷ്യയെ വാർത്തയിൽ നിറച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തി. ഈ മേഖലയിലെ അദ്ദേഹത്തിന്റെ ആദ്യസന്ദർശനം ശനിയാഴ്ച തുടങ്ങി. ജപ്പാൻ, ദക്ഷിണകൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് അദ്ദേഹത്തിന്റെ സന്ദർശനപ്പട്ടികയിലുള്ളത്. 

ഉത്തരകൊറിയയുമായുള്ള യുദ്ധം ആസന്നമെന്ന പ്രതീതിക്കിടെയാണ് ആ രാജ്യത്തിന്റെ അയൽരാജ്യങ്ങളിലേക്കും സുഹൃദ്‌രാജ്യത്തേക്കും ട്രംപ് എത്തുന്നത്. അതും 12 ദിവസം നീളുന്ന സന്ദർശനത്തിന്. ജോർജ് എച്ച്. ഡബ്ല്യു ബുഷിനുശേഷം ഇത്ര നീണ്ടനാൾ ഏഷ്യയിൽ തങ്ങുന്ന യു.എസ്. പ്രസിഡന്റ് ട്രംപാണ്. ഏഷ്യാ പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (അപെക്) യോഗത്തിലും അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ (ആസിയാൻ) ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. 

കൊറിയൻ മുനമ്പിലെ സ്ഥിതിഗതികളുടെയും ഷി ജിൻപിങ് പുത്തൻകരുത്ത് നേടിയതിന്റെയും പശ്ചാത്തലത്തിൽ സവിശേഷ പ്രാധാന്യമാണ് ട്രംപിന്റെ വരവിന് ലഭിച്ചിരിക്കുന്നത്. അധികാരത്തിലേറി ദിവസങ്ങൾക്കകം ട്രാൻസ് പസഫിക് പാർട്ണർഷിപ്പിൽ (ടി.പി.പി.) നിന്ന് പിൻമാറ്റം പ്രഖ്യാപിച്ചു ട്രംപ്. ഈ പ്രഖ്യാപനത്തിന്റെ ശേഷിപ്പ് ഈ യാത്രാവേളയിൽ അദ്ദേഹത്തെ പിന്തുടർന്നേക്കാം. 12 അംഗ ടി.പി.പി.യിൽ അമേരിക്കയുടെ സഖ്യരാജ്യങ്ങളായിരുന്നു ജപ്പാനും വിയറ്റ്‌നാമും. അമേരിക്കയില്ലാത്ത ടി.പി.പി.യെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബാക്കി രാജ്യങ്ങൾ. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് ഇതിനു ചുക്കാൻപിടിക്കുന്നത്. 

ആതിഥ്യത്തിന്റെ മാനങ്ങൾ
ഉത്തരകൊറിയയുടെ ഭീഷണിക്കെതിരേ ശക്തമായ നിലപാടെടുത്ത്, കാലാവധി പൂർത്തിയാക്കുംമുമ്പ് തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിൽ തുടരുന്നതിന്റെ ഊർജവുമായാണ് ആബെ ട്രംപിനെ സ്വീകരിക്കുന്നത്. ട്രംപിനെയും ആബെയെയും ഇപ്പോൾ ഒരുമിച്ചുനിർത്തുന്ന മുഖ്യവിഷയം ഉത്തരകൊറിയയാണ്. അമേരിക്കയെ ‘തകർക്കാനായി’ ഉത്തരകൊറിയ വികസിപ്പിച്ച മിസൈലുകളിൽ രണ്ടെണ്ണം ജപ്പാന്റെ ഹൊക്കൈഡോ ദ്വീപിനുമുകളിലൂടെ പറന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 

ഇതേ ഉത്തരകൊറിയതന്നെയാവും ദക്ഷിണകൊറിയൻ സന്ദർശനവേളയിലും ചർച്ചയാവുക. യാത്രയ്ക്ക് ദിവസങ്ങൾക്കു മുമ്പാണ് ദക്ഷിണകൊറിയ ഉത്തരകൊറിയയെ പ്രീണിപ്പിക്കുകയാണെന്ന് ട്രംപ് ആരോപിച്ചത്. 67 വർഷമായി  അമേരിക്കയുടെ സുഹൃത്തായ രാജ്യത്തെയാണ് ട്രംപ് കുറ്റപ്പെടുത്തിയത്. ഉത്തരകൊറിയയോട് കടുത്തനിലപാട് സ്വീകരിക്കുന്നില്ലെന്നതായിരുന്നു കാരണം. ശത്രുതയിലെങ്കിലും ഉത്തരകൊറിയയെ ചർച്ചയിലൂടെ അനുനയിപ്പിക്കാമെന്നു സ്വപ്നം കാണുന്ന ദക്ഷിണകൊറിയൻ പ്രസിഡന്റ് മുൻ ജെ ഇന്നിനെ വ്യക്തിപരമായി അധിക്ഷേപിക്കൽ കൂടിയായി അത്. ഉത്തരകൊറിയയ്ക്കുനേരേ സൈനികനടപടി സ്വീകരിക്കില്ലെന്ന് നിലപാടെടുത്തിരിക്കുന്ന മുന്നുമായാണ്, അതാണ് മുമ്പിലുള്ള പോംവഴിയെന്ന് കരുതുന്ന ട്രംപിന്റെ കൂടിക്കാഴ്ച. ദക്ഷിണകൊറിയയുടെ അനുമതിയില്ലാതെ കൊറിയൻ മുനമ്പിൽ സൈനികനടപടി പാടില്ലെന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുൻ പാർലമെന്റിൽ പ്രഖ്യാപിച്ചത്.

ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കേണ്ട മുഖ്യ ഉത്തരവാദിത്വം ചൈനക്കാണെന്നാണ് ആബെയുടെയും ട്രംപിന്റെയും പക്ഷം. ഉത്തരകൊറിയയുടെ വാണിജ്യത്തിന്റെ 90 ശതമാനവും നടക്കുന്നത് ചൈനയുടെ അതിർത്തിവഴിയാണെന്നതാണ് ഇതിനുകാരണമായി പറയുന്നത്. പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കും എന്ന നയമാണ് മുന്നും ഷിയും സ്വീകരിച്ചിരിക്കുന്നത്. ദക്ഷിണകൊറിയയിൽ അമേരിക്ക താഡ് (തെർമൽ ഹൈ ഓൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്) മിസൈൽ പ്രതിരോധസംവിധാനം സ്ഥാപിച്ചതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യം നിലനിന്നിരുന്നു. ‘താഡ്’ സ്വന്തം സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമായിരുന്നു ചൈനയ്ക്ക്. ഇതേച്ചൊല്ലിയുള്ള പ്രശ്നം പരിഹരിച്ചെന്നാണ് ഇരുരാജ്യങ്ങളും പറയുന്നത്. ഈ പുതിയ ചങ്ങാത്തവും ഉത്തരകൊറിയയോട് കടുത്ത നിലപാടുവേണമെന്ന ട്രംപിന്റെ ആഗ്രഹത്തിനു തടസ്സമാകും. 

ചൈനയിലെ ചർച്ച
ലോകത്തിന്റെ നിയന്ത്രണം സ്വന്തമാക്കാൻ മോഹിക്കുന്ന രണ്ടുനേതാക്കളുടെ കണ്ടുമുട്ടലാവും എട്ടിന് ബെയ്ജിങ്ങിൽ നടക്കുക. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ വൈറ്റ് ഹൗസിൽ സ്വീകരിക്കാതെ മാർ എ ലാഗോയിലെ സ്വന്തം ആഡംബര റിസോർട്ടിൽ ആതിഥ്യമരുളി ട്രംപ് സൗഹൃദം പങ്കിട്ടിട്ട് മാസം ആറ്്‌ കഴിഞ്ഞു. അതിനുശേഷമുള്ള ട്രംപിന്റെ ചെയ്തികൾ അദ്ദേഹത്തെ പലപ്പോഴും വിവിധരാജ്യങ്ങൾക്ക് അനഭിമതനാക്കി. ഷിയാകട്ടെ, പൂർവാധികം ശ്രദ്ധേയനായി. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നുള്ള ട്രംപിന്റെ പിൻമാറ്റ പ്രഖ്യാപനത്തെ സ്വന്തം വാക്കുകൾകൊണ്ട് മുതലെടുക്കാൻ അദ്ദേഹത്തിനായി.

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തികഫോറം ഉച്ചകോടിയിൽ ആഗോളവത്കരണത്തെ തുണച്ചും കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചും അദ്ദേഹം നടത്തിയ പ്രസംഗത്തിന് ചെവികൊടുത്തവർ ലോകത്തെ സമ്പദ്ശക്തികളുടെ നേതാക്കളായിരുന്നു. കഴിഞ്ഞമാസം മൂന്നര മണിക്കൂർ നീണ്ട മറ്റൊരു പ്രസംഗത്തിലൂടെ ‘പുതിയ യുഗ’ത്തിലെ ചൈനയുടെ നിലപാടുകൾ അദ്ദേഹം അക്കമിട്ടു നിരത്തി. 
പലനിലയ്ക്കും ഏഷ്യാ-പസഫിക് മേഖലയിൽ കരുത്തനായ ഷിയുമായാണ് ട്രംപ് ചർച്ച നടത്തുക. ചൈനയിൽനിന്നുള്ള ചില ഇറക്കുമതികൾക്ക് ചുങ്കം കൂട്ടിയ ട്രംപ് എങ്ങനെയാവും ഈ സന്ദർശനത്തെ ഉപയോഗപ്പെടുത്തുക എന്നതാണ് ശ്രദ്ധേയമായ കാര്യം. 

പരമ്പരാഗത സുഹൃത്തായ അമേരിക്കയിൽ നിന്നകന്ന് ചൈനയോടടുക്കാൻ താത്പര്യം കാട്ടിയ റോഡ്രിഗോ ഡ്യൂട്ടർട്ടാണ് ഫിലിപ്പീൻസിൽ ട്രംപിനെ സ്വീകരിക്കാൻ കാത്തിരിക്കുന്നത്. രാജ്യത്തെ മയക്കുമരുന്നിൽനിന്നു മുക്തമാക്കാൻ അതു വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കൊന്നൊടുക്കാൻ ഉത്തരവിട്ടതിന് ആഗോളവിമർശം നേരിടുകയാണ് ഡ്യൂട്ടർട്ട്. മനുഷ്യാവകാശങ്ങളുടെ ശ്മശാനഭൂമിയാക്കി ഫിലിപ്പീൻസിനെ മാറ്റിയ ഡ്യൂട്ടർട്ടിന്റെ ചെയ്തിയെ ‘ലഹരിയെന്ന പ്രശ്നം പരിഹരിക്കുന്നതിനുള്ള അവിശ്വസനീയമായ പ്രവൃത്തി'യെന്നു പ്രകീർത്തിച്ചയാളാണ് ട്രംപ്. 

ഷിയ്ക്ക് നൽകുന്ന അവസരം
ഫിലിപ്പീൻസിലാണ് കിഴക്കനേഷ്യാ ഉച്ചകോടി നടക്കുന്നത്. അതിൽ പങ്കെടുക്കാതെയാണ് ട്രംപ് മടങ്ങുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഏഷ്യാ-പസഫിക് മേഖലയിൽ കരുത്തുകാട്ടാനൊരവസരം വെള്ളിത്താലത്തിൽവെച്ചു നൽകുകയാണ് ട്രംപ് എന്ന ആക്ഷേപമുയരുന്നുണ്ട്. 2011-ൽ കിഴക്കനേഷ്യാ ഉച്ചകോടിക്കെത്തിയ ഒബാമയാണ് ഈ ഒത്തുചേരലിൽ പങ്കാളിയായ ആദ്യ യു.എസ്. പ്രസിഡന്റ്. അന്ന് ഇൻഡൊനീഷ്യയിലെ ബാലിയിലായിരുന്നു ഉച്ചകോടി. തൊട്ടടുത്തവർഷവും ഒബാമയെത്തി. 2013-ൽ ബ്രൂണൈയിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിനായില്ല. ആ അവസരം ഷി മുതലെടുത്തു.

ആ വർഷം കസാഖ്‌സ്താൻ സന്ദർശിച്ചപ്പോൾ ചൈനയും മധ്യേഷ്യൻ രാഷ്ട്രങ്ങളും ചേർന്ന് ‘പട്ടുപാതയിലൂടെ പുതിയ സാമ്പത്തികമേഖല’യുണ്ടാക്കുക എന്ന നിർദേശം ഷി മുന്നോട്ടുവെച്ചിരുന്നു. ആ അജൻഡ ഷി ഉച്ചകോടിയിലും അവതരിപ്പിച്ചു. ഈ പുതിയ പട്ടുപാതയുൾപ്പെടുന്ന ‘ഒരുമേഖല ഒരുപാത’ പദ്ധതിയാണ് ഇന്ന് ചൈനയെ ലോകത്തിനുമുമ്പിൽ ശ്രദ്ധേയമാക്കുന്ന കാര്യങ്ങളിലൊന്ന്. ഈ സംഭവത്തിന്റെ ഓർമയിൽനിന്നാണ് ഉച്ചകോടിയിൽ പങ്കെടുക്കാതെയുള്ള ട്രംപിന്റെ മടക്കം ചർച്ചയാകുന്നത്‌.