കമ്യൂണിസ്റ്റുകാരെ ഉന്മൂലനം െചയ്യാൻ പുറപ്പെട്ട ഹിറ്റ്‌ലർക്കും മുസോളിനിക്കും ഇക്കാര്യത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ത്രിപുരയിലെ ഇപ്പോഴത്തെ അഴിഞ്ഞാട്ടങ്ങൾക്കു മുന്നിൽ തോറ്റുകൊടുക്കാൻ ജനാധിപത്യബോധമുള്ള ഇന്ത്യയും ത്രിപുരയും തയ്യാറാവില്ല

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മുന്നണി വിജയിച്ചതോടുകൂടി മാർച്ച് മൂന്നാംതീയതി മുതൽ തുടർച്ചയായ അക്രമങ്ങളും കൊലപാതകപരമ്പരകളും നടത്തി ആർ.എസ്.എസ്., ബി.ജെ.പി.സംഘം നടത്തുന്ന ഭീകരതാണ്ഡവത്തിന്റെ വാർത്തകളാണ് ദിവസേന വന്നുകൊണ്ടിരിക്കുന്നത്. ഒരു ജനാധിപത്യരാജ്യത്തും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ആർ.എസ്.എസ്. നേതൃത്വത്തിൽ ജനാധിപത്യത്തെ മറയില്ലാതെ പിച്ചിച്ചീന്തുകയാണ്.

സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും  പ്രവർത്തകരെയും അനുഭാവികളെയും ബി.ജെ.പി. ഇതരരായ എല്ലാവരെയും ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. മൂന്നുദിവസങ്ങളിൽ പൂർണഗർഭിണിയുൾപ്പെടെ രണ്ട്‌ സ്ത്രീകളെയും മറ്റൊരാളെയും കൊലപ്പെടുത്തി. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു. ലെനിന്റെ പ്രതിമകൾ തകർത്തു. 1600 വീടുകൾക്കു നേരെ ആക്രമണമുണ്ടായി. 200-ഓളം വീടുകൾ തീയിട്ടു. 135 പാർട്ടി ഓഫീസുകൾ തകർത്തു. ദശരഥദേവ് സ്മാരക കോളേജ് അടിച്ചുതകർത്തു. കമാൽപുരിൽ കോൺഗ്രസ് ഓഫീസ് കൈയേറി.


ലക്ഷ്യം ഉന്മൂലനം
ഇത്തരം ആക്രമണങ്ങളെ തടയാനുത്തരവാദപ്പെട്ട ഗവർണർ തഥാഗത്‌റോയ് സംഭവങ്ങളെ ന്യായീകരിച്ചുവെന്നത് അത്യന്തം ഗൗരവതരമായ കാര്യമാണ്. ബി.ജെ.പി.യുടെ മുൻ ബംഗാൾ പ്രസിഡന്റായ സംഘപരിവാറുകാരനാണിദ്ദേഹമെങ്കിലും തന്റെ പദവി ഗവർണറുടേതാണെന്ന് അദ്ദേഹം മറന്നുപോയിരിക്കുന്നു. അക്രമികൾ അഴിഞ്ഞാടുന്നത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ തണലിലാണെന്നു വ്യക്തമായിരിക്കുകയാണ്.

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യുക എന്ന ദൗത്യമാണ് നരേന്ദ്രമോദി ഏറ്റെടുത്തിട്ടുള്ളതെന്നും ആഗോളതലത്തിൽ റൊണാൾഡ് റീഗനും മാർഗരറ്റ് താച്ചറും നടപ്പിലാക്കിയ പദ്ധതിയുടെ തുടർച്ചയാണിതെന്നും ബി.ജെ.പി. ജനറൽ സെക്രട്ടറി രാംമാധവ് അഭിപ്രായപ്പെട്ടിരിക്കുകയാണ്. ത്രിപുരയിലെ ബി.ജെ.പി. അധികാരലബ്ധിയെ കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യുന്നതിനുള്ള അവസരമായി സംഘപരിവാർ ഉപയോഗിക്കാൻ നോക്കുകയാണ്.

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം െചയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരുന്ന ഹിറ്റ്‌ലർക്കും മുസോളിനിക്കും ഇക്കാര്യത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ത്രിപുരയിലെ ഇപ്പോഴത്തെ അഴിഞ്ഞാട്ടങ്ങൾക്കു മുന്നിൽ തോറ്റുകൊടുക്കാൻ ജനാധിപത്യബോധമുള്ള ഇന്ത്യയും ത്രിപുരയും തയ്യാറാവില്ല.

ലെനിന്റെ പ്രതിമ തകർത്തതിനെ ന്യായീകരിച്ചുകൊണ്ട് ബി.ജെ.പി.യുടെ ഒരു ദേശീയ നേതാവ് ഉയർത്തിയവാദം റഷ്യക്കാരനായ ലെനിന് ഇന്ത്യയിലെന്തുകാര്യം എന്നാണ്. ഇത് അംഗീകരിച്ചുകൊടുത്താൽ ഇന്ത്യയിൽ ജനിച്ച ശ്രീബുദ്ധന്റെ പ്രതിമ ശ്രീലങ്ക, ജപ്പാൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സ്ഥാപിക്കാൻ കഴിയുമോ. ഒരു വലിയ വിഭാഗം ജനങ്ങൾ ദൈവമായി ആരാധിക്കുന്ന യേശുക്രിസ്തുവിന്റെ പ്രതിമ ഇന്ത്യയുൾപ്പെടെ എത്രയോ രാജ്യങ്ങളിലുണ്ട്. മദർ തെരേസയുടെ  പ്രതിമകൾ െകാൽക്കത്തയിലടക്കമുണ്ട്. ശ്രീനാരായണഗുരുവിന്റെ പ്രതിമ മറ്റു നാട്ടിലുമുണ്ട്. ലെനിന്റെ പ്രതിമ തകർത്തതിൽനിന്ന് ആവേശമുൾക്കൊണ്ടുകൊണ്ടാണ് ബി.ജെ.പി.യുടെ മറ്റൊരു ദേശീയ സെക്രട്ടറി എച്ച്. രാജ സാമൂഹിക പരിഷ്കർത്താവായ ഇ.വി. രാമസ്വാമി നായിക്കരുടെ പ്രതിമ തകർക്കാൻ ആഹ്വാനം ചെയ്തത്.

നവോത്ഥാനനായകരെയും സാമൂഹികനീതിക്കുവേണ്ടി പോരാടിയവരെയും ചരിത്രത്തിൽനിന്ന്‌ തുടച്ചുനീക്കുകയെന്ന ആർ.എസ്.എസ്. അജൻഡയുടെ ഭാഗമാണിപ്പോൾ നടക്കുന്ന അക്രമസംഭവങ്ങൾ.
കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യുക എന്നത് ഇപ്പോൾ ആർ.എസ്.എസുകാർ മുന്നോട്ടുവയ്ക്കുന്ന ഒരാശയം അല്ല. ആർ.എസ്.എസ്. ആചാര്യനായിരുന്ന ഗുരുജി ഗോൾവാൾക്കർ 1966-ൽ പ്രസിദ്ധീകരിച്ച ‘ബെഞ്ച് ഓഫ് തോട്ട്‌സ്’ (വിചാരധാര) എന്ന പുസ്തകത്തിൽ ആഭ്യന്തരഭീഷണികൾ ഒന്ന് മുസ്‌ലിം, രണ്ട് ക്രിസ്ത്യാനികൾ, മൂന്ന് കമ്യൂണിസ്റ്റുകാർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആഭ്യന്തരഭീഷണികൾ ‘3’ എന്ന 21-ാം അധ്യായത്തിൽ രേഖപ്പെടുത്തിയ കാര്യം ഇപ്പോൾ പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു, ‘നമ്മുടെ രാജ്യത്തിന്റെ ഗുരുതരമായ പരാജയം ജനാധിപത്യ നടപടിക്രമങ്ങളുടെ പ്രഖ്യാപിത ശത്രുവായ കമ്യൂണിസത്തിന്റെ വിസർപ്പവ്യാധിയാണ്.’ എന്നാൽ, ഇപ്പോൾ ആരാണ് ജനാധിപത്യ നടപടിക്രമങ്ങളുടെ ശത്രുവെന്ന് ആർ.എസ്.എസ്. സ്വീകരിക്കുന്ന നിലപാടുകളിലൂടെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്.


ജനാധിപത്യത്തിനേറ്റ തിരിച്ചടി

ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ പരാജയം ഇന്ത്യയിലെ ജനാധിപത്യമതനിരപേക്ഷ ജനാധിപത്യ ശക്തികൾക്കേറ്റ ഒരു തിരിച്ചടിയാണ്. എന്നാൽ, ത്രിപുരയിൽ ആദ്യമായല്ല പരാജയപ്പെടുന്നത്. 1978-ൽ സി.പി.എം. നേതൃത്വത്തിലുള്ള സർക്കാർ ത്രിപുരയിൽ ആദ്യമായി അധികാരത്തിൽ വന്നതിനുശേഷം 10 വർഷം തികഞ്ഞപ്പോൾ 1988-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിൽ ആദിവാസി വിഭാഗത്തിലെ തീവ്രവാദസംഘടനയായ ത്രിപുര ഉപജാതി ജൂപാസമിതിയുമായി മുന്നണിയുണ്ടാക്കി. കേന്ദ്രഭരണം ഇടപെട്ട് തിരഞ്ഞെടുപ്പിൽ അട്ടിമറി കാണിച്ചുകൊണ്ട് എൽ.ഡി.എഫിനെ പരാജയപ്പെടുത്തി.

എന്നാൽ, അഞ്ചുവർഷത്തിനുശേഷം 1993-ൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നതിനെത്തുടർന്ന് കഴിഞ്ഞ കാൽനൂറ്റാണ്ടായി ത്രിപുര ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബി.ജെ.പി.ക്കു തനിച്ചുസാധ്യമല്ല എന്നു ബോധ്യപ്പെട്ടപ്പോൾ ത്രിപുരയെ വിഭജിച്ചു ‘തിപാര ലാൻഡ്‌’ എന്ന പേരിൽ പ്രത്യേക സംസ്ഥാനം വേണമെന്നു വാദിക്കുന്ന തീവ്രവാദ വിഘടന സംഘടനയായ ഐ.പി.എഫ്.ടി.യുമായി മുന്നണിയുണ്ടാക്കിയാണ് ബി.ജെ.പി. ഇലക്‌ഷനെ നേരിട്ടത് എന്ന് ബി.ജെ.പി.യുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 52 ശതമാനം വോട്ടുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 8.04 ലക്ഷം വോട്ടുലഭിച്ച (36.53 ശതമാനം), കോൺഗ്രസിന് ഇക്കുറി ലഭിച്ചത് 41,000 (1.8) ശതമാനം  മാത്രമാണ്. ഐ.പി.എഫ്.ടി.ക്ക്‌ അതിന്റെ മുൻഗാമിയായ ടി.യു.ജെ.എസിന് അന്നും ഇന്നും 7.8 ശതമാനം വോട്ടാണ് ലഭിച്ചത്.

എന്നാൽ, തനിച്ചു മത്സരിച്ചപ്പോൾ ഒരു സീറ്റും കിട്ടാത്ത സംഘടന ബി.ജെ.പി.യുടെ കൂടെ കൂടിയപ്പോൾ എട്ടു സീറ്റു നേടി. കോൺഗ്രസിന്റെ കൂടെയുണ്ടായിരുന്ന 34 ശതമാനം  വോട്ടർമാർ ബി.ജെ.പി. പക്ഷത്തേക്ക്‌ കൂറുമാറിയപ്പോൾ കൈപ്പത്തിയിൽ താമര വിരിയുകയാണുണ്ടായത്. സി.പി.എമ്മിന് 9,92,574 വോട്ടുനേടാനായപ്പോൾ, 9,99,093 വോട്ട് ബി.ജെ.പി. നേടി. സി.പി.എമ്മിനേക്കാൾ 6,518 വോട്ടാണ് ബി.ജെ.പി. അധികം നേടിയത്. 12  അസംബ്ലി മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. പരാജയപ്പെട്ടത് 200 വോട്ടിനും 800 വോട്ടിനും ഇടയിലാണ്. ബി.ജെ.പി. സ്ഥാനാർഥികൾ 36 പേർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചവരാണ്. കഴിഞ്ഞ നിയമസഭയിലെ ഏഴു കോൺഗ്രസ് എം. എൽ.എ.മാരും ഇത്തവണ ബി.ജെ.പി. എം.എൽ.എ.മാരാണ്. ത്രിപുരയിലെ ബി.ജെ.പി. പേരുമാറ്റിയ കോൺഗ്രസാണെന്ന്‌ പലരും വിശേഷിപ്പിക്കുന്നത് ഈ കാരണത്താലാണ്.

 ത്രിപുരയിൽ തോറ്റുവെന്നതുകൊണ്ടോ, കുറെ പ്രതിമകളും ഓഫീസുകളും തകർത്തതുകൊണ്ടോ സി.പി.എമ്മിനെ ഇല്ലാതാക്കാൻ സാധിക്കുകയില്ല. തിരഞ്ഞെടുപ്പു പരാജയത്തിൽനിന്ന്‌ പാഠങ്ങൾ ഉൾക്കൊണ്ട് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ബഹുജന പിന്തുണ വർധിപ്പിക്കാൻ പാർട്ടി ക്ഷമാപൂർവം പ്രവർത്തിക്കും. ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനത്തെ ഒരുതിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ എഴുതിത്തള്ളാൻ കഴിയുന്നതല്ല. പാർലമെന്ററി പ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ വിജയവും പരാജയവും സർവസാധാരണമാണ്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം മുൻകാലങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്, തിരിച്ചുവന്നിട്ടുമുണ്ട്.
കൂടുതൽ ജാഗ്രതയോടെ മതനിരപേക്ഷ ജനാധിപത്യശക്തികൾ പ്രവർത്തിക്കണമെന്ന സന്ദേശമാണ് ത്രിപുര തിരഞ്ഞെടുപ്പുഫലം നൽകുന്നത്.