ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനാപ്രേമികളായ രണ്ട് ഭരണാധികാരികളുടെ പതനം ഇന്ത്യയ്ക്ക് ശുഭസൂചകമായിരിക്കുന്നു. മാലദ്വീപിൽ ഏകാധിപതിയായി ഭരണംനടത്തിയിരുന്ന അബ്ദുള്ള യമീൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം സോലിഹ്, ഇന്ത്യയെ ഏറ്റവും വലിയ സുഹൃത്തായി പ്രഖ്യാപിച്ചതും പെട്ടെന്നായിരുന്നു. ഇന്ത്യയുടെ ഇടപെടലില്ലാതെയാണ് ഈ മാറ്റമുണ്ടായതെങ്കിലും മാലദ്വീപിലെ ജനങ്ങൾ യമീന്റെ നയങ്ങളെ, വിശേഷിച്ചും അദ്ദേഹത്തിന്റെ ചൈനാനയത്തെ നിരാകരിക്കുകയായിരുന്നെന്ന് വ്യക്തമാണ്. അതുകൊണ്ട് ഇന്ത്യയും ചൈനയുമായി ഉടലെടുത്തിരുന്ന വടംവലിയിൽ ഇന്ത്യ വിജയിച്ചെന്നുവേണം കരുതാൻ.
പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യാതിഥിയായതും ചൈനീസ് പ്രതിനിധി ഒരു മന്ത്രിമാത്രമായിരുന്നു എന്നുള്ളതും ഭരണമാറ്റത്തെ തന്ത്രപരമായ ഒരു മാറ്റമായി കണക്കാക്കാം. പ്രസിഡന്റ് സോലിഹിന്റെ ഇന്ത്യാസന്ദർശനം വിജയകരമായത് ഇരുരാജ്യവും ഒരു മാറ്റം ആഗ്രഹിച്ചിരുന്നുവെന്നതിന്റെ തെളിവാണ്.ഇന്ത്യയും മാലദ്വീപുമായുള്ള രാഷ്ട്രീയവും സാമ്പത്തികവും സൈനികവും സാംസ്കാരികവുമായ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സോലിഹിന്റെ സന്ദർശനം വഴിതെളിച്ചു. ജനങ്ങൾ തമ്മിലുള്ള സൗഹൃദം വർധിപ്പിക്കാനുള്ള സോലിഹിന്റെ ആഗ്രഹപ്രകാരമാണ് വിസയുടെ കാര്യത്തിൽ ഒരു പുതിയ കരാർ രൂപവത്‌കരിക്കപ്പെട്ടത്. ഇന്ത്യയുടെ ഹെലികോപ്‌റ്ററുകൾ മാലദ്വീപിൽനിന്ന് മാറ്റണമെന്ന് യമീൻ ആവശ്യപ്പെട്ടിരുന്നത് ചൈനയുടെ സൈനികസഹായം നേടിയെടുക്കാനായിരുന്നു.
എന്നാൽ, ആ ഹെലികോപ്‌റ്ററുകൾ തന്റെ രാജ്യത്തെ സംരക്ഷിക്കാനുള്ളവയാണെന്ന് പുതിയ പ്രസിഡന്റ് പ്രഖ്യാപിക്കുകയുണ്ടായി.സാമ്പത്തികമായി ധാരാളം പ്രശ്നങ്ങളുള്ള രാജ്യമാണ് മാലദ്വീപ്. യമീൻ 6.5 മില്യൺ ഡോളർ മോഷ്ടിച്ചതിന് അന്വേഷണം നേരിടുകയാണിപ്പോൾ. ചൈനയുടെ സാമ്പത്തികസഹായം കുറയുമ്പോൾ ഇന്ത്യയിൽനിന്ന് സഹായം പ്രസിഡന്റ് സോലിഹ് പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യമായ സഹായം നൽകാൻ ഇന്ത്യ തയ്യാറാകുകയും ചെയ്തിരിക്കുന്നു. അങ്ങനെ, തന്ത്രപ്രധാനമായ മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു രാജ്യം ചൈനയുടെയും പാകിസ്താന്റെയും സൗദിഅറേബ്യയുടെയും സ്വാധീനവലയത്തിൽനിന്ന് അകന്ന് ഇന്ത്യയോട് സഹകരിക്കുന്നത് ഒരു വലിയ വിജയംതന്നെയാണ്. മാലദ്വീപിന്റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശക്തിയും ഇന്ത്യയ്ക്കുണ്ട്.
മാലദ്വീപ് ചൈനയെ മുഴുവനായി മാറ്റിനിർത്താൻ സാധ്യതയില്ല. സന്തുലിതമായ ഒരു സമീപനമായിരിക്കും ആ രാജ്യം സ്വീകരിക്കുക. ചൈന സ്ഥാപിച്ചിട്ടുള്ള സൗകര്യങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമൊക്കെ അവിടെ തുടരുകതന്നെ ചെയ്യും. എന്നാലും ഇന്ത്യയുടെ താത്‌പര്യങ്ങൾക്കെതിരായി മാലദ്വീപ് പ്രവർത്തിക്കുകയില്ലെന്നുവേണം കരുതാൻ. പുതിയ സർക്കാറിന് പഴയ പ്രസിഡന്റുമാരായ നഷിദിന്റെയും ഗയൂമിന്റെയും പിന്തുണ ലഭിക്കുമെന്നുള്ളതും ഇന്ത്യയ്ക്ക് സഹായകമായിരിക്കും.
ശ്രീലങ്കയിലെ സംഭവങ്ങൾ
ശ്രീലങ്കയിലെ പുതിയ സംഭവവികാസങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായി ഭവിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുമാസമായി അവിടെനടന്ന ഭരണഘടനാവിരുദ്ധമായ സംഭവങ്ങൾ പാർലമെന്റിന്റെയും കോടതിയുടെയും പ്രവർത്തനംകൊണ്ട് അവസാനിച്ചിരിക്കയാണ്. പ്രസിഡന്റ് സിരിസേന അദ്ദേഹത്തിന്റെ പ്രധാന ശത്രുവായിരുന്ന രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചത് എല്ലാവരെയും അദ്‌ഭുതപ്പെടുത്തി. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് പാർലമെന്റിൽ കൂടുതൽ പിന്തുണയുള്ള സമയത്താണ് സിരിസേന അദ്ദേഹത്തെ പുറത്താക്കിയത്. പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ കഴിയാത്തതുകൊണ്ട് പാർലമെന്റ് പിരിച്ചുവിടുകയുംചെയ്തു സിരിസേന. എന്നാൽ, പാർലമെന്റിൽ വിക്രമസിംഗെയുടെ ശക്തി തെളിയിക്കപ്പെട്ടതോടെ സിരിസേന, രാജപക്സെയോട് രാജിവെക്കാൻ ആവശ്യപ്പെടുകയും വിക്രമസിംഗയെ പ്രധാനമന്ത്രിയായി തിരിച്ചുകൊണ്ടുവരികയും ചെയ്തു. ഒരു ആഭ്യന്തരയുദ്ധത്തിന് വഴിതെളിക്കാവുന്ന കുറ്റകൃത്യമായിരുന്നു സിരിസേനയുടേത്. ഭരണഘടനയനുസരിച്ച് സർക്കാർ സ്ഥാപിക്കുകയും രാജപക്സെ പിൻവാങ്ങുകയുംചെയ്തതോടെ ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു.
സിരിസേന പ്രസിഡന്റായി തുടരുകയും രാജപക്സെ അദ്ദേഹത്തിന്റെ പ്രധാന ഉപദേഷ്ടാവാകുകയും ചെയ്തതുകൊണ്ട് സിരിസേനയുടെ ചൈനീസ് പക്ഷപാതം ഉടനെ മാറില്ല. ചൈനയുമായുള്ള സാമ്പത്തികകരാറുകളും സൈനികസഹായവുമെല്ലാം വർധിക്കാനാണ് സാധ്യത. എന്നാൽ, സിരിസേനയുടെയും രാജപക്സെയുടെയും രാഷ്ട്രീയഭാവിയെ അടുത്ത കാലത്തെ സംഭവങ്ങൾ ബാധിക്കാതിരിക്കില്ല. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ വിജയംവരിക്കാൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ പ്രതിസന്ധി അവസാനിപ്പിച്ചപ്പോൾ ഇന്ത്യ സ്വീകരിച്ച നിലപാട് തന്ത്രപരമായിരുന്നു.
‘ഒരു അയൽരാജ്യവും യഥാർഥസുഹൃത്തും എന്നനിലയിൽ ശ്രീലങ്കയിലെ രാഷ്ട്രീയപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതിനെ ഇന്ത്യ സ്വാഗതംചെയ്യുന്നു’ എന്നും ‘ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിച്ചത് അവിടത്തെ രാഷ്ട്രീയപ്പാർട്ടികളുടെ പക്വതയുടെയും ഉത്‌പതിഷ്ണുത്വത്തിന്റെയും പ്രതിഫലനമാണ്’ എന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. ശ്രീലങ്കയിലെ ജനങ്ങൾക്കുവേണ്ടി ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും ശ്രീലങ്കയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുമെന്നും ഇന്ത്യ വിശ്വാസംപ്രകടിപ്പിച്ചു. ശ്രീലങ്കയിലെ സംഭവവികാസങ്ങളെ ഒരു ഭരണഘടനാപ്രതിസന്ധിയായി വിശേഷിപ്പിക്കാത്തത് സിരിസേനയോടുള്ള മൃദുസമീപനത്തിന്റെ ഭാഗമായിരുന്നു. ശ്രീലങ്കയിലെ തിരഞ്ഞെടുപ്പിനുമുമ്പ് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുള്ളതും ഇന്ത്യൻ പ്രതികരണത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു.
ശ്രീലങ്കയിലെ അസ്ഥിരത അടുത്ത തിരഞ്ഞെടുപ്പുവരെയും അതിനുശേഷവും തുടരാനാണ് സാധ്യത. രാജപക്സെ ഇപ്പോൾ ക്ഷീണിതനാണെങ്കിലും അദ്ദേഹമോ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള രാഷ്ട്രീയ നേതാക്കന്മാരിലൊരാളോ പ്രസിഡന്റായിക്കൂടെന്നില്ല. പ്രധാനമന്ത്രിയായശേഷം ഭരണഘടന മാറ്റി പ്രസിഡന്റാകാനാണ് രാജപക്സെ ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ ഭരണഘടന അനുസരിച്ച് അദ്ദേഹത്തിന് മൂന്നാംവട്ടം പ്രസിഡന്റാകാൻ സാധ്യമല്ല. വിക്രമസിംഗെയ്ക്ക് പ്രസിഡന്റാകാനുള്ള സാധ്യത അനിശ്ചിതമായി തുടരും. ഇന്ത്യ ആഗ്രഹിക്കുന്നതുപോലെ തമിഴ് വംശജരുടെ പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ വിക്രമസിംഗെയ്ക്കും ശക്തിയില്ലാത്തതുകൊണ്ട് തമിഴ്‌വംശജരുടെ പൂർണപിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല എന്നുവരാം.
ശ്രീലങ്കയിലും മാലദ്വീപിലുമുണ്ടായ പ്രതിസന്ധി സമയത്ത് ഇന്ത്യ സംയമനം പാലിക്കുകയായിരുന്നു. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ത്യ ഇടപെടണമെന്നുള്ള അഭിപ്രായം ഇന്ത്യയിൽ മാത്രമല്ല പുറത്തും ഉണ്ടായിരുന്നു. ഇന്ത്യയുടെ ഇടപെടൽ ഉടൻതന്നെ ചൈനയെയും ആ രാജ്യങ്ങളെയും പ്രകോപിക്കുമായിരുന്നു. അതില്ലാതെത്തന്നെ രണ്ടിടത്തും ഇന്ത്യയ്ക്ക് സഹായകമായ ഒരു അന്തരീക്ഷം രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രണ്ടുരാജ്യങ്ങളുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും ചൈനയുടെ സ്വാധീനം വർധിക്കാതെ സൂക്ഷിക്കുകയും നമ്മുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ ഇന്ത്യ പ്രയത്നിക്കേണ്ടതുണ്ട്.
(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)