ടോട്ടോപ്പാഡ(ബംഗാൾ): എണ്ണത്തിൽ നന്നേ കുറഞ്ഞ ജനവിഭാഗങ്ങൾക്കും അവരുടെ പ്രാതിനിധ്യം രേഖപ്പെടുത്താൻ അവസരമുണ്ട് എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. സമ്മതിദാതാക്കളിൽ കഷ്ടിച്ച് 1600 പേർമാത്രം വരുന്ന ടോട്ടോ ഗോത്രക്കാരും ഉൾപ്പെടുമ്പോൾ അത് പ്രാതിനിധ്യത്തിന്റെ മികച്ച ഉദാഹരണമാകുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഭൂട്ടാനിൽനിന്ന് ബംഗാളിലേക്ക് കുടിയേറിയതാണ് ടോട്ടോകൾ. ഇപ്പോൾ ഈ ഗോത്രം ആകെയുള്ളത് ഉത്തരബംഗാളിലെ ടോട്ടോപ്പാഡയിൽ മാത്രം. 450-ൽപ്പരം കുടുംബങ്ങളാണ് ടോട്ടോഗോത്രത്തിലുള്ളത്. ജൽദാപാഡ ദേശീയ വന്യജീവി ഉദ്യാനത്തിന്റെ തുടക്കസ്ഥലമായ മദാരിഹട്ടിൽനിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാൽ ടോട്ടോപ്പാഡയിലെത്താം. മാർഗമധ്യേയുള്ള രണ്ട് നദികൾ വരണ്ടുകിടക്കുന്നതിനാൽ വാഹനങ്ങളിൽത്തന്നെ സഞ്ചാരം സാധ്യമാണ്. തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളൊന്നുമില്ല ഇവിടെ. ഒരു കാലത്ത് ആർ.എസ്.പി.യെ പിന്തുണച്ചിരുന്ന ടോട്ടോപ്പാഡയിൽ ഇപ്പോൽ തൃണമൂലിനാണ് ശക്തി.

‘‘ഇവിടെ രണ്ട് ബൂത്തുണ്ട്. ഉച്ചയോടെ എല്ലാവരുംപോയി സമാധാനമായി വോട്ടുചെയ്തുപോരും. ആർക്ക് വോട്ടുചെയ്യണമെന്ന് എല്ലാവർക്കുമറിയാം. അതിനെച്ചൊല്ലി സംസാരമുണ്ടാകാറില്ല. അതൊരു പ്രശ്നവുമില്ല’’ -ടോട്ടോ ഭാഷയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സത്യജിത് ടോട്ടോ പറയുന്നു. നിലനിൽപ്പ് ഭീഷണിയിലായ ലോകഭാഷകളുടെ കൂട്ടത്തിലായിരുന്നു പത്തുവർഷം മുമ്പുവരെ ടോട്ടോ ഭാഷയുടെ സ്ഥാനം. സ്വന്തമായി ലിപിയില്ലാത്ത ടോട്ടാഭാഷ ബംഗാളിയിലാണ് എഴുതുന്നത്. ഇപ്പോൾ ധനിറാം ടോട്ടോ എന്നൊരാൾ ഒരു ലിപി രൂപപ്പെടുത്തിയിട്ടുണ്ട്.
പണ്ട് ടോട്ടാകളിൽനിന്ന് ബി.എ പാസായാൽ അത് പത്രവാർത്തയായിരുന്നു. ഇപ്പോൾ ബിരുദ, ബിരുദാനന്തരബിരുദധാരികൾ ധാരാളമുണ്ട്. ഇവർക്കൊന്നും ജോലി കിട്ടുന്നില്ല. ടോട്ടോകളെ പട്ടികവിഭാഗത്തിൽപ്പെടുത്തിയിട്ടില്ല. രേഖകളിൽ പ്രാകൃതവർഗമായാണ് (പ്രിമിറ്റീവ് ട്രൈബ്) ഇവരുള്ളത്.

‘‘ടോട്ടോകളുടേതായിരുന്ന 1999 ഏക്കർ ഭൂമിയിൽ 465 ഏക്കർ കൈയേറ്റക്കാരും വനംവകുപ്പും പിടിച്ചെടുത്തു. ഭൂരിഭാഗം കുടുംബങ്ങൾക്കും പട്ടയം നൽകാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. മണിപ്പുരിലെ ഗോത്രവർഗക്കാർക്ക് ജോലി ലഭിക്കുന്നുണ്ട്. അസമിലെ ബോഡോകൾക്ക് മൂന്നുബീഗാ ഭൂമിവെച്ച് പട്ടയം അനുവദിച്ചു. ഇതുവരെ ഞങ്ങൾ വോട്ട് ബഹിഷ്കരണത്തിനൊന്നും പോയിട്ടില്ല. ഇനി അതൊക്കെ വേണ്ടിവരുമെന്ന്‌ തോന്നുന്നു’’ -സത്യജിത്തിന്റെ വാക്കുകളിൽ നിരാശ.     

Content Highlights: Toto Tribals Election 2019