ടി.കെ. ദിവാകരന്റെ ജന്മശതാബ്ദി ദിനം ഇന്ന്‌

തൊഴിലാളിപ്രവർത്തകൻ, രാഷ്ട്രീയനേതാവ്, ഭരണതന്ത്രജ്ഞൻ, തനിയെ വായിച്ചും പഠിച്ചും നേടിയ അറിവും അനുഭവജ്ഞാനവും കൈമുതലാക്കി പൊതുരംഗത്ത് തിളങ്ങിനിന്ന നിയമസഭാ സാമാജികൻ, മന്ത്രി തുടങ്ങി ഒട്ടേറെ വ്യക്തിഗത വിശേഷണങ്ങൾക്കർഹനായ വ്യക്തി.  ടി.കെ. ദിവാകരൻ. പ്രത്യയശാസ്ത്രപരമായ നയങ്ങളും നിലപാടുകളും അധികാര രാഷ്ട്രീയത്തിനായി വഴിമാറുന്ന ഈ കാലഘട്ടത്തിൽ ടി.കെ. ദിവാകരന്റെ രാഷ്ട്രീയപ്രതിബദ്ധതയും വർഗതാത്‌പര്യവും പ്രവർത്തനശൈലിയും കൂടുതൽ പഠനത്തിന് വിധേയമാക്കേണ്ടതാണ്. 

രാഷ്ട്രീയവും ട്രേഡ് യൂണിയൻ പ്രവർത്തനവും ഇന്നത്തേതുപോലെ അത്ര സുഖകരമല്ലാത്ത കാലഘട്ടത്തിലാണ് ടി.കെ.  തൊഴിലാളിപ്രവർത്തനം കൊല്ലം കേന്ദ്രീകരിച്ച് ആരംഭിച്ചത്. ജീവിതത്തിന്റെ വസന്തകാലഘട്ടത്തിലെ 30 മാസത്തോളം പല ഘട്ടങ്ങളിലുള്ള ജയിൽവാസത്തിന്‌ അദ്ദേഹത്തിന്റെ സമരവീര്യത്തെയും രാഷ്ട്രീയ ഇച്ഛാശക്തിയെയും തളർത്താനായില്ല. ശാസ്ത്രവും വിനിമയസംവിധാനങ്ങളും ഇത്രയേറെ സജ്ജമല്ലാത്ത സാഹചര്യത്തിലാണ് ടി.കെ. പൊതുപ്രവർത്തനം നടത്തിയത്.   പറയുന്നതും പ്രവർത്തിക്കുന്നതും  ഒന്നായിരിക്കുക. തൊഴിലാളികളുടെ ജീവിതത്തിന്റെ ക്ഷേമവും ഐശ്വര്യവും അഭിവൃദ്ധിയും മുന്നിൽക്കണ്ടുകൊണ്ടുമാത്രം ചിന്തിക്കുക, ചിന്തിക്കുന്നത് പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുക, എന്തു വിലകൊടുത്തും വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലൂടെ അതു നടപ്പാക്കുക. ടി.കെ. യുടെ ഈ പ്രവർത്തന ശൈലിക്ക്‌ ആധുനിക വിനിമയ സംവിധാനത്തെക്കാൾ വേഗവും ഊർജവും കാര്യക്ഷമതയും ഉണ്ടായിരുന്നു. തങ്ങൾക്കുവേണ്ടി ജീവിക്കുന്ന നേതാവിന്റെ വാക്കുകൾ വൈദ്യുത കാന്തിക തരംഗങ്ങളെക്കാൾ വേഗത്തിൽ  ജനമനസ്സുകളിലേക്ക്‌ ആഴത്തിൽ പ്രവേശിച്ചു.  ടി.കെ.യുടെ വാക്കുകളും പ്രവൃത്തികളും കെ.എസ്.പി.ക്കും ആർ.എസ്.പി.ക്കും മുതൽക്കൂട്ടായി.   സംവിധാനങ്ങളല്ല, സൗകര്യങ്ങളല്ല മറിച്ച് ആശയങ്ങളും അതിലുള്ള ആത്മാർഥതയുമാണ് പൊതുപ്രവർത്തനത്തിനും രാഷ്ട്രീയപ്രവർത്തനത്തിനും അനിവാര്യമെന്ന് പുതുതലമുറയ്ക്ക് വിവേകത്തിന്റെ പുതിയ ദിശാബോധം നൽകിയ കരുത്തനായ നേതാവ്.

അവകാശസമരപ്പോരാളി
ഭരണമികവിന്റെയും ആസൂത്രണത്തിന്റെയും ക്രിയാത്മകമായ നിർവഹണത്തിന്റെയും അടിസ്ഥാനസൂചിക കലാലയവിദ്യാഭ്യാസം മാത്രമല്ല എന്നതിന് തെളിവാണ് ടി.കെ. ദിവാകരൻ എന്ന മന്ത്രി, ഭരണാധികാരി. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസയോഗ്യത ഉണ്ടായിരുന്ന ടി.കെ.യുടെ ഗവേഷണകൗതുകവും ദീർഘവീക്ഷണവും കേരളത്തിന്റെ അടിസ്ഥാന വികസനത്തിന്റെ അടിക്കല്ലാണ്. ഇ.എം.എസ്. മന്ത്രിസഭയിൽ 1969-’70-ലും  അച്യുതമേനോൻ മന്ത്രിസഭയിൽ ’70 മുതൽ ’76-ലും മരണംവരെ  മന്ത്രിസ്ഥാനം വഹിച്ചിരുന്നു. പൊതുമരാമത്തു വകുപ്പിനും വിനോദസഞ്ചാര വകുപ്പിനും ദീർഘകാല വികസനത്തിന്റെ തറക്കല്ലിട്ടത് ടി.കെ. ദിവാകരനായിരുന്നു.
2019 ജനുവരിയിൽ കൊല്ലം ബൈപ്പാസ്  പൊതുഗതാഗതത്തിനായി തുറന്നു കൊടുത്തപ്പോൾ യാഥാർഥ്യമായത് 47 വർഷങ്ങൾക്കുമുമ്പ് ടി.കെ. ദിവാകരൻ എന്ന ദീർഘദർശിയായ ഭരണാധികാരിയുടെ സ്വപ്നങ്ങളായിരുന്നു.   ഇന്നത്തെ ബൈപ്പാസിന്റെ  രൂപരേഖ തയ്യാറാക്കിയതും ബൈപ്പാസ് എന്ന ആശയം മുന്നോട്ടുവെച്ചതും തുടക്കംകുറിച്ചതും ടി.കെ. ആയിരുന്നു. കൊല്ലം-കോവളം ദേശീയപാത, സംസ്ഥാനത്തെ പ്രധാനപാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ അവയുടെയൊക്കെ ഫയലുകൾ പരിശോധിച്ചാൽ മനസ്സിലാകും അതൊക്കെ ടി.കെ. ദിവാകരൻ എന്ന മന്ത്രിയുടെ കാലത്ത് തുടക്കംകുറിച്ച പദ്ധതികൾ ആയിരുന്നു.   

കശുവണ്ടിത്തൊഴിലാളികളുടെ ദുരിതപൂർണമായ ജീവിതയാതനകൾക്ക് പരിഹാരം കാണുന്ന തിരക്കിൽ സ്വന്തം കുടുംബത്തോടൊപ്പം ചെലവാക്കാൻ പോലും ടി.കെ.യ്ക്ക് സമയം ലഭിച്ചിരുന്നില്ല.  ടി.കെ.യുടെ തൊഴിലാളി സ്നേഹത്തിന്റെയും ആത്മാർഥതയുടെയും അതിലേറെ കഴിവിന്റെയും പ്രാഗല്‌ഭ്യത്തിന്റെയും തിളങ്ങുന്ന തെളിവാണ്  കാഷ്യു അവാർഡ്.  കശുവണ്ടിത്തൊഴിലാളികളുടെ മാഗ്‌നാകാർട്ട.
വ്യവസായികളുടെയും തൊഴിലുടമകളുടെയും ഭാഗം വാദിക്കാൻ നിയമബിരുദധാരികളായ പ്രഗല്‌ഭരായ അഭിഭാഷകർ ഒരു ഭാഗത്തും  മറുഭാഗത്ത് പത്താംക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള ടി.കെ.യും.  തൊഴിലാളികളുടെ ജീവിതപ്രാരബ്ധങ്ങളെക്കുറിച്ചും  അവകാശങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും അറിവും ആത്മാർത്ഥയുമുള്ള മറ്റൊരു അഭിഭാഷകൻ ഉണ്ടാവില്ല എന്ന ഉറച്ച ബോധവും ആത്മവിശ്വാസവും കാരണം തൊഴിലാളികൾക്കുവേണ്ടി ടി.കെ. ദിവാകരൻ നേരിട്ട് വാദിച്ചു. വസ്തുതകളെ നിരാകരിക്കാൻ ട്രിബ്യൂണലിനോ എതിർഭാഗത്തിനോ കഴിഞ്ഞില്ല.  കശുവണ്ടിത്തൊഴിലാളികളുടെ അവകാശസമര പോരാട്ടത്തിന്റെ നാഴികക്കല്ലായ കാഷ്യു അവാർഡ് നേടിയെടുത്തത് ടി.കെ. എന്ന  പത്താം ക്ലാസുകാരന്റെ വക്കാലത്തില്ലാത്ത വാദങ്ങളാണ്.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന് സാമാന്യവിദ്യാഭ്യാസം മാത്രം നേടിയ ടി.കെ. ദിവാകരന്റെ ഭരണവൈദഗ്‌ധ്യവും നിയമസഭാരംഗത്തെ പ്രവർത്തനവും ആരെയും അദ്‌ഭുതപ്പെടുത്തും. 1962-ൽ കൊല്ലം നഗരസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1967-ലെ ഇ.എം.എസ്. മന്ത്രിസഭയിൽ പൊതുമരാമത്തു മന്ത്രിയാകുന്നതുവരെ കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്നു.