ഉമ്മൻചാണ്ടിക്ക് നിയമസഭയിൽ നാളെ അഞ്ചു പതിറ്റാണ്ട്. അൻപതുവർഷം തുടർച്ചയായി നിയമസഭാംഗമായിട്ടും അദ്ദേഹത്തിന്റെ ഒരു വാക്കുപോലും സഭാരേഖകളിൽനിന്ന് നീക്കം ചെയ്യേണ്ടിവന്നിട്ടില്ല
1964-ൽ ഞാൻ കോട്ടയം എം.ടി. സെമിനാരി സ്കൂളിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് ആദ്യമായി ഉമ്മൻചാണ്ടിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം കെ.എസ്.യു.വിന്റെ പ്രമുഖ നേതാവാണ്. ഞാൻ ഒരു സാധാരണ കെ.എസ്.യു. പ്രവർത്തകനും. 1966 ആകുമ്പോഴേക്കും ഉമ്മൻചാണ്ടി കെ.എസ്. യു. പ്രസിഡന്റും ഞാൻ കോട്ടയം ജില്ലാ പ്രസിഡന്റുമായി. ആ കാലയളവിലെ ഇഴചേർന്ന പ്രവർത്തനമാണ് പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന ഞങ്ങളുടെ ആത്മാർഥബന്ധത്തിന് അടിത്തറ പാകിയത്. ഉമ്മൻചാണ്ടിയോടൊപ്പം പ്രവർത്തിക്കുമ്പോൾ ഉള്ള ഒരു പ്രധാന പ്രത്യേകത, സഹപ്രവർത്തകരോട് അദ്ദേഹം കാട്ടുന്ന സമഭാവനയാണ്.
ആയിരത്തിത്തൊള്ളായിരത്തി എഴുപതിലെ തിരഞ്ഞെടുപ്പുഫലംവന്ന ദിവസം എനിക്കിപ്പോഴും നന്നായി ഓർമയുണ്ട്. കോട്ടയത്താണ് പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടെണ്ണൽ. കോട്ടയത്തെ കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഞങ്ങളെല്ലാം രാവിലെമുതൽ ഉമ്മൻചാണ്ടിയോടൊപ്പമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഞങ്ങളെല്ലാം പുതുപ്പള്ളിയിൽ അഹോരാത്രം പണിയെടുത്തവരാണ്. അന്നേവരെയുള്ള ഞങ്ങളുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ ഏടായിരുന്നു ആ തിരഞ്ഞെടുപ്പ്. വൈകുന്നേരം ഫലം വന്നപ്പോൾ ഉമ്മൻചാണ്ടി 7288 വോട്ടുകൾക്ക് സി.പി.എം. സ്ഥാനാർഥിയും സിറ്റിങ് എം. എൽ.എ.യുമായ ഇ.എം. ജോർജിനെ പരാജയപ്പെടുത്തി. ഞങ്ങളുടെ ആവേശത്തിനും ആഹ്ലാദത്തിനും അതിരില്ലായിരുന്നു. നേതാവും സുഹൃത്തുമായ ആൾ എം.എൽ.എ. ആയി എന്നല്ലായിരുന്നു, മറിച്ച് ഞങ്ങളെല്ലാവരും എം.എൽ.എ. ആയി എന്ന വികാരമായിരുന്നു അന്നുണ്ടായിരുന്നത്. ചേർത്തലയിൽനിന്ന് എ.കെ. ആന്റണി സിറ്റിങ് അംഗമായ എൻ.പി. തണ്ടാരെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. കേരളത്തിലെ സാമൂഹികമാറ്റത്തിന് കാരണമായ തൊഴിലില്ലായ്മവേതനം ഉൾപ്പെടെയുള്ള ഒട്ടേറെ നടപടികൾക്ക് രൂപം നൽകാൻ കഴിഞ്ഞ എ.കെ. ആന്റണി, ഉമ്മൻചാണ്ടി കോമ്പിനേഷൻ അതോടെ നിയമസഭയിലും ശക്തമായ സാന്നിധ്യമായി.
കേരളത്തിലെ ജനാധിപത്യത്തിന് ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ സംഭാവന ജനങ്ങളും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധത്തിന് പുതിയ നിർവചനം നൽകി എന്നതാണ്. അതിന് മുമ്പ് ജനപ്രതിനിധികൾ പൊതുവേ ജനങ്ങൾക്ക് അപ്രാപ്യരായിരുന്നു. പിന്നീട് നിയമസഭാംഗങ്ങളായപ്പോൾ ഞങ്ങൾക്കെല്ലാം മാതൃകയായത് അദ്ദേഹത്തിന്റെ ശൈലിയാണ്.
നിയമസഭയ്ക്കുള്ളിലെ ഉമ്മൻചാണ്ടിയുടെ പ്രവർത്തനം ഏറ്റവും ഉദാത്തമായ ‘കോപ്പി ബുക്ക്’ ശൈലിയിലുള്ളതാണ്. സഭയ്ക്ക് ഉള്ളിൽ ശബ്ദഘോഷങ്ങളുടെ ആവരണമില്ലാതെ യഥാർഥ ജനകീയപ്രശ്നങ്ങളിലേക്ക് ചൂഴ്ന്ന് ഇറങ്ങുന്ന പ്രസംഗശൈലിയാണ് അദ്ദേഹത്തിന്റെത്. പക്ഷേ, ഒരിക്കൽപ്പോലും ഒരാളെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതോ മുറിവേൽപ്പിക്കുന്നതോ ആയ ഒരു പരാമർശവും അദ്ദേഹത്തിൽ നിന്നുമുണ്ടായിട്ടില്ല. അൻപതുവർഷം തുടർച്ചയായി നിയമസഭാംഗമായിട്ടും അദ്ദേഹത്തിന്റെ ഒരു വാക്കുപോലും സഭാരേഖകളിൽനിന്ന് നീക്കം ചെയ്തിട്ടില്ല.
വികസനവും കരുതലുമെന്നത് ഉമ്മൻചാണ്ടിയെ സംബന്ധിച്ചിടത്തോളം ഒരു പരസ്യവാചകമോ, രാഷ്ട്രീയ മുദ്രാവാക്യമോ ആയിരുന്നില്ല, മറിച്ച് ഭരണസംവിധാനം വഹിക്കേണ്ട പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഫിലോസഫിയായിരുന്നു. അതേസമയം, തന്റെ മുന്നിലെത്തുന്ന പരശ്ശതം മുഖങ്ങളിൽനിന്ന് ഏറ്റവും ദൈന്യതയാർന്ന മുഖത്തെ തിരിച്ചറിയാനായി. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി.
വിശ്രമരഹിതമായ കഠിനാധ്വാനമാണ് ഉമ്മൻചാണ്ടിയുടെ മുഖമുദ്ര. തുടർച്ചയായി ഇരുപതുമണിക്കൂറോളം ഒരു ഇടവേളയുമില്ലാതെ അദ്ദേഹം ജോലി ചെയ്യുന്നത് ജനസമ്പർക്ക പരിപാടിയുടെ വേദികളിൽ കേരളം നേരിട്ട് ദർശിച്ചിട്ടുള്ളതാണ്. അപാരമായ ആത്മവിശ്വാസമാണ് ഉമ്മൻചാണ്ടിയെ നയിക്കുന്നത്. അധികാരത്തിന്റെയോ പദവിയുടെയോ പേരിലല്ല ജനങ്ങൾ തന്നെ വിലയിരുത്തുന്നതെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ട്.
പുതുപ്പള്ളിയും ഉമ്മൻചാണ്ടിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് പറയാതെ അദ്ദേഹത്തെക്കുറിച്ചുള്ള ഏതു കുറിപ്പും അപൂർണമാവും. കഴിഞ്ഞ അൻപതുവർഷമായി ഉമ്മൻചാണ്ടിയും പുതുപ്പള്ളിയും വേർപിരിക്കാൻ കഴിയാത്തവിധം ഒന്നുചേർന്നിരിക്കുന്നു. പുതുപ്പള്ളിക്കാരുടെ നിത്യജീവിതത്തിന്റെ സമസ്തമേഖലകളിലും ഉമ്മൻചാണ്ടിയുടെ സാന്നിധ്യമുണ്ട്. നിയമസഭയിൽ മറ്റൊരു പ്രതിനിധിയെക്കുറിച്ച് അവർക്ക് സങ്കല്പിക്കാൻ പോലും കഴിയില്ല. ഇനിയും കേട്ടു കൊതിതീർന്നിട്ടില്ലാത്ത, എത്ര കേട്ടാലും മതിവരാത്ത ഗന്ധർവസംഗീതം പോലെയാണ് പുതുപ്പള്ളിയെ സംബന്ധിച്ചിടത്തോളം ഇതിഹാസതുല്യനായ ഉമ്മൻചാണ്ടി.
(സുവർണജൂബിലി കമ്മിറ്റി ചെയർമാൻ)
content highlights: thiruvanchoor radhakrishnan on oommen chandy