tvmപെരുമാറ്റച്ചട്ടലംഘനത്തെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മിഷനുമുന്നിലേക്ക് പാഞ്ഞെത്തുന്ന പരാതികളേറെയും തിരുവനന്തപുരം മണ്ഡലത്തിൽനിന്നാണ്. ശബരിമല കർമസമിതിയുടെ നോട്ടീസുമുതൽ ശശി തരൂരിന്റെ ‘വൈ അയാം ഹിന്ദു’ എന്ന പുസ്തകത്തിന്റെ ഗണപതിചിത്രമുള്ള പുറംചട്ട പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടതുവരെ പരാതിപ്രളയത്തിനിടയാക്കി. വീറും വാശിയും ഇവിടെ തുടക്കത്തിൽത്തന്നെ പരകോടിയിലെത്തി. പിന്നിട്ട രണ്ട്‌ തിരഞ്ഞെടുപ്പിലും ദേശീയശ്രദ്ധയാകർഷിച്ച തിരുവനന്തപുരത്ത് ഇക്കുറി പോരാട്ടം തുടങ്ങിയതുതന്നെ തിളനിലയിലാണ്.
രാഷ്ട്രീയചരിത്രവും വോട്ടുകണക്കുമൊക്കെ ചികഞ്ഞുനോക്കിയാൽ മൂന്നുമുന്നണിക്കും ജയിക്കാനും തോൽക്കാനുമാവുന്ന മണ്ഡലങ്ങൾ തിരുവനന്തപുരംപോലെ അധികമില്ല. ഇത്തവണ മൂന്നുപേർക്കും ജയിച്ചേതീരൂ. അതുകൊണ്ട് പഴയകാല കാലാവസ്ഥാപ്രവചനംപോലെയേ മൂവരുടെയും ജയപരാജയസാധ്യതകൾ വിലയിരുത്താനാവൂ. 

വിശ്വപൗരൻ എന്ന പ്രതിച്ഛായയുള്ള ശശി തരൂർ യു.ഡി.എഫിനായി മൂന്നാംതവണയാണ് കളത്തിലിറങ്ങുന്നത്. 2009-ൽ ഇവിടെ തന്റെ കന്നിമത്സരത്തിൽ 99,998 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തോടെ അനായാസം ജയിച്ചു. 2014-ൽ ബി.ജെ.പി.യിലെ ഒ. രാജഗോപാൽ രണ്ടാംസ്ഥാനത്തെത്തിയ പൊടിപാറിയ ത്രികോണമത്സരത്തിൽ തരൂരിന്റെ ഭൂരിപക്ഷം 15,470 ആയി കുറഞ്ഞു. 
മത്സരിക്കുന്നവരുടെ പരിവേഷം അളന്നുതൂക്കുന്ന തിരുവനന്തപുരത്തിന് തരൂരിനോടുള്ള മമതയ്ക്ക് തെല്ലും കുറവില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതേതര രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ് തരൂർ. ശബരിമലയിൽ യുവതീപ്രവേശത്തെ എതിർത്ത കേരളത്തിലെ കോൺഗ്രസിന്റെ സമീപനത്തിന് ‘താത്ത്വികബലം’ നൽകിയതും അദ്ദേഹമാണ്. ആദ്യകാലത്ത് വരത്തന്റെ പ്രതിച്ഛായയായിരുന്നു തരൂരിനെങ്കിൽ ഇന്നദ്ദേഹം കേരളത്തിലെ കോൺഗ്രസിന് അനിവാര്യനാണ്.

കഴിഞ്ഞതവണ സാമുദായിക വോട്ടുകളിലൂടെ വിജയം മോഹിച്ച് ഡോ. ബെന്നറ്റ് എബ്രഹാമിനെയാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയാക്കിയത്. അതിനെതിരേ സി.പി.ഐ.യിലുണ്ടായ അന്തച്ഛിദ്രത്തിൽ അമ്പുകൊണ്ടയാളാണ് സി. ദിവാകരൻ. പതിവായി സി.പി.ഐ. തോൽക്കുന്നുവെന്ന അപഖ്യാതിയും കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായതിന്റെ അപമാനവും കഴുകിക്കളയാൻ ഇത്തവണ ശക്തനായ സ്ഥാനാർഥിയെയാണ് അവർ തേടിയത്. ഒടുവിൽ നറുക്കുവീണത് നെടുമങ്ങാട്ടെ എം.എൽ.എ. ദിവാകരനും. സി.ഡി. എന്നറിയപ്പെടുന്ന അദ്ദേഹത്തിന് പാർട്ടിഭേദമില്ലാതെ നല്ലൊരു സൗഹൃദവലയമുണ്ട്. സി.പി.എമ്മിനും അഭികാമ്യനാണ് അദ്ദേഹം. മുന്നണിയുടെ സർവസന്നാഹവും ഇത്തവണ ദിവാകരനുപിന്നിലുണ്ടാവും. 

ബി.ജെ.പി.യെക്കാൾ ആർ.എസ്.എസിന്റെ സ്വന്തം സേനാനായകനായാണ് മിസോറം ഗവർണർസ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരൻ എത്തുന്നത്. വിജയം കൈയെത്തുംദൂരത്താണെന്ന് ബി.ജെ.പി. ഉറച്ചുവിശ്വസിക്കുന്നു. പാർട്ടിയിലെ ഒരുവിഭാഗം മോഹിച്ചതുപോലെ നടൻ മോഹൻലാൽ വന്നില്ലെങ്കിലും ഒരു താരത്തെത്തന്നെ അവർക്ക് കിട്ടി. കുമ്മനം മത്സരിക്കാനെത്തിയതും ജയത്തിൽക്കുറഞ്ഞ മറ്റൊന്നിനുമല്ല. മണ്ഡലത്തിൽ ഉൾപ്പെടുന്ന വട്ടിയൂർക്കാവിൽ 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തായിരുന്നു കുമ്മനം. കേരളത്തിൽ ബി.ജെ.പി. വിജയിച്ച ഏക നിയമസഭാമണ്ഡലമായ നേമവും ഇവിടെയാണ്. സ്ഥാനാർഥി മികച്ചതാണെങ്കിൽ ബി.ജെ.പി.ക്ക് തിരുവനന്തപുരത്ത് വോട്ടുകൂടും. ഒ. രാജഗോപാൽ ഇത് തെളിയിച്ചതാണ്. കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തെത്തിയ സ്ഥിതിക്ക് ഇപ്പോഴത്തെ രാഷ്ട്രീയധ്രുവീകരണം ആശിക്കാൻ വകനൽകുമെന്ന് ബി.ജെ.പി. കരുതുന്നു.


ടേണിങ് പോയന്റ്

1. ശബരിമല
ഹിന്ദുത്വരാഷ്ട്രീയത്തെ എതിർത്തും അനുകൂലിച്ചുമുണ്ടാകാവുന്ന അടിയൊഴുക്കുകളാവും വിജയിയെ നിർണയിക്കുന്നത്. ഇത് പ്രധാനമായും ശബരിമലയെ ചുറ്റിത്തിരിയാനാണ് സാധ്യത.  അതുകൊണ്ടുതന്നെ വിശ്വാസികൾക്കെതിരല്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിൽ സ്ഥാനാർഥികളുടെ ക്ഷേത്രസന്ദർശനങ്ങൾ മുറയ്ക്ക്‌ നടക്കുന്നുണ്ട്. നിലയ്ക്കൽ സമരനായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കുമ്മനത്തെ ഉപയോഗിച്ച് ശബരിമല പ്രശ്നത്തെ വോട്ടാക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. ഹിന്ദുത്വരാഷ്ട്രീയത്തെ ശക്തമായി എതിർക്കുമ്പോഴും ശബരിമലയിലെ യുവതീപ്രവേശത്തെ ന്യായീകരിക്കാൻ  ശശി തരൂർ തയ്യാറാകാത്തതിനാൽ വിശ്വാസികളുടെ പ്രതിഷേധം ബാധിക്കാനിടയില്ലെന്ന് കോൺഗ്രസ് കരുതുന്നു. രാഷ്ട്രീയവോട്ടുകളിലും വ്യക്തിയെന്നനിലയിൽ സി. ദിവാകരന് കിട്ടാവുന്ന വോട്ടുകളിലുമാണ് എൽ.ഡി.എഫിന്റെ വിജയപ്രതീക്ഷ. ശബരിമലപ്രശ്നത്തിൽ സർക്കാർ സ്വീകരിച്ച പുരോഗമനനിലപാടിന് വോട്ടുവീഴുമെന്നും അവർ പ്രതീക്ഷിക്കുന്നു. 

2. വിമാനത്താവളം സ്വകാര്യവത്കരണം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിച്ചതാണ് അന്തരീക്ഷത്തിലെ പ്രധാന പ്രാദേശികവിഷയം. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനാണ് കിട്ടിയത്. സ്വകാര്യവത്കരണത്തിനെതിരേ സമരപാതയിലാണ് എൽ.ഡി.എഫ്. സ്വകാര്യവത്കരണത്തെ അനുകൂലിക്കുന്ന തരൂരിനും കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്ന ബി.ജെ.പി.ക്കുമെതിരേ ഇരുതലമൂർച്ചയുള്ള ആയുധമായി എൽ.ഡി.എഫ്. ഇത് ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. 

ശക്തി
 യു.ഡി.എഫ്.: രണ്ടുതവണ വിജയിച്ച തരൂരിന്റെ പരിവേഷം, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേയുള്ള വികാരം, ദേശീയതലത്തിൽ കോൺഗ്രസിന്റെ ഉണർവ് 
എൽ.ഡി.എഫ്.: ഉറച്ച ഇടതുപക്ഷവോട്ടുകൾ, എൽ.ഡി.എഫ്. നയത്തിനുള്ള പിന്തുണ, മണ്ഡലത്തിൽ സി. ദിവാകരന്റെ സ്വീകാര്യത
എൻ.ഡി.എ.: ബി.ജെ.പി.ക്കുള്ള ശക്തമായ സാന്നിധ്യം, കുമ്മനത്തിന്റെ സ്ഥാനാർഥിത്വം, വിശ്വാസികളുടെ പിന്തുണ

ദൗർബല്യം
യു.ഡി.എഫ്.: ത്രികോണമത്സരത്തിൽ വോട്ട് ഭിന്നിക്കാനുള്ള സാധ്യത, ശബരിമല പ്രശ്നത്തിൽ വോട്ട് മറിയുമോയെന്ന ആശങ്ക
എൽ.ഡി.എഫ്.: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൂന്നാംസ്ഥാനം, ശബരിമല പ്രശ്നം തിരിച്ചടിയാകുമോയെന്ന ആശങ്ക 
എൻ.ഡി.എ.: ഇരുമുന്നണികളെയും അതിജീവിക്കുന്നവിധം വോട്ടുകിട്ടാനുള്ള സാധ്യത എത്രത്തോളം, ന്യൂനപക്ഷ വോട്ടുകളിലുണ്ടാകാവുന്ന കുറവ്