സ്പീക്കർ എന്ന വാക്കിന്റെയർഥം സംസാരിക്കുന്നയാൾ അഥവാ വക്താവ് എന്നാണ്. സഭയിലെ ചർച്ചകളിലൊന്നും പങ്കെടുക്കാത്ത സ്പീക്കർ വക്താവാകുന്നത് ഒരു വൈരുധ്യം തന്നെ. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസിൽനിന്നു വന്നതാണീ വാക്ക്. എ.ഡി. 1376 മുതൽ സ്ഥിരമായി സഭയുടെ അധ്യക്ഷനെ സ്പീക്കർ എന്നു വിളിച്ചിരുന്നുവെന്ന് പാർലമെന്റിന്റെ ചരിത്രം വ്യക്തമാക്കുന്നു. സ്പീക്കർ അഥവാ വക്താവ് എന്നുള്ള വാക്ക് ഉപയോഗിക്കാൻ കാരണമുണ്ട്. 

രാജാധികാരം ശക്തമായി നിലനിന്നിരുന്ന ബ്രിട്ടനിൽ ജനങ്ങളുടെ സഭയായ ഹൗസ് ഓഫ് കോമൺസിന് തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി രാജാവിനോട് നിരന്തരം പോരാടേണ്ടിവന്നിരുന്നു എന്നത് ചരിത്രസത്യം. അംഗങ്ങളുടെ അവകാശങ്ങളും പരിദേവനങ്ങളും രാജാവിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്ന ചുമതല സഭയുടെ അധ്യക്ഷനായ സ്പീക്കറിലാണ് നിക്ഷിപ്തമായിരുന്നത്. അങ്ങനെയാണ് സഭാധ്യക്ഷൻ സ്പീക്കർ അഥവാ വക്താവായത്. പാർലമെന്ററി വ്യവസ്ഥ നിലനിൽക്കുന്നിടത്തെല്ലാം അധ്യക്ഷനെ സ്പീക്കറെന്നുതന്നെയാണ് വിളിക്കുന്നത്.

നിഷ്പക്ഷനാകേണ്ടത് എവിടെ?

സ്പീക്കറുടെ ഭരണഘടനാപരമായ ചുമതല സഭ നടത്തുക എന്നുള്ളതാണ്. നിഷ്പക്ഷതയോടുകൂടി, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സഭാനടപടികൾ നടത്തുക എന്നുള്ളതാണാ ചുമതല. അപ്പോൾ നിഷ്പക്ഷത എന്നുള്ളത്‌ തന്റെ ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിന് അനിവാര്യമായ ഒരു ഘടകമായിത്തീരുന്നു. സ്പീക്കറുടെ ഭരണഘടനാപരമായ ചുമതല സഭയ്ക്കുള്ളിലാണ്. സഭയ്ക്കുപുറത്ത് പ്രത്യേകമായ ചുമതലകളദ്ദേഹത്തിനില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂളനുസരിച്ച് കൂറുമാറ്റങ്ങളിൽ തീർപ്പുകല്പിക്കുന്ന ഒരു ചുമതലമാത്രമാണ് സഭയ്ക്കു പുറത്ത് അദ്ദേഹത്തിന്‌ ചെയ്യേണ്ടതായിട്ടുള്ളത്. അപ്പോൾ നിഷ്പക്ഷത എന്നുള്ളത് പൂർണമായ അർഥത്തിൽ പാലിക്കപ്പെടേണ്ടത് സഭാനടപടികളുടെ നടത്തിപ്പിലാണ്.  

ഔചിത്യത്തിന്റെ രാഷ്ട്രീയം

സഭയ്ക്കുപുറത്ത് സ്പീക്കർക്ക് അഭിപ്രായപ്രകടനം നടത്തുന്നതിന് സഭയിൽ പാലിക്കേണ്ട നിഷ്പക്ഷത വിഘാതമാകുന്നില്ല. പുറത്ത് അഭിപ്രായങ്ങൾ പറയാതിരിക്കുകയും എന്നാൽ, സഭാനടപടികളിൽ നിഷ്പക്ഷത പാലിക്കാതിരിക്കുകയും ചെയ്യുന്ന അനേകം സ്പീക്കർമാർ ഈ രാജ്യത്തുണ്ട്. 

സ്പീക്കർ രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുന്നത് ശരിയാണോ എന്നത് പ്രസക്തമായ ചോദ്യംതന്നെയാണ്. ഒരു രാജ്യത്തിന്റെ ഭരണസംവിധാനവുമായി ബന്ധപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും രാഷ്ട്രീയത്തിന്റെ പരിധിയിൽ വരുന്നു. സ്പീക്കർ ഒരിക്കലും രാഷ്ട്രീയകക്ഷികളുടെ പോരിൽ പങ്കുചേരുകയോ അഭിപ്രായം പറയുകയോ ചെയ്യാൻ പാടില്ല എന്നുള്ളത് എല്ലാവരും അംഗീകരിക്കുന്ന ഒരു ആചരണതത്ത്വമാണ്. എന്നാൽ, ഉദാഹരണത്തിന്, ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രശ്നത്തെപ്പറ്റിയോ, പൗരത്വ നിയമത്തെക്കുറിച്ചോ, മഹാമാരിയെക്കുറിച്ചോ ഒക്കെ സ്പീക്കർ അഭിപ്രായം പറയരുതെന്ന് ചിന്തിക്കുന്നത് ശരിയല്ല. പക്ഷേ, അഭിപ്രായം പറയുമ്പോൾ സഭയുടെ അന്തസ്സ്, സ്പീക്കറുടെ പദവിയുടെ ഔന്നത്യം എന്നിവ മനസ്സിൽ വെക്കേണ്ടതാവശ്യമാണ്. സ്പീക്കർ അഭിപ്രായങ്ങൾ പറയുമ്പോൾ അവ സമൂഹത്തിന്റെ ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുന്നതും അറിവിനെ വർധിപ്പിക്കുന്നതുമായിരിക്കണം. പക്ഷേ, സ്പീക്കർ സർവസംഗപരിത്യാഗിയായ ഒരു മഹർഷിയെപ്പോലെയായിരിക്കണമെന്ന് ചിന്തിക്കുന്നതിലർഥമില്ല.

എ.ഡി. 1642-ൽ ചാൾസ് ഒന്നാമനെന്ന പ്രതാപിയായ ഇംഗ്ളീഷ്‌ രാജാവ് അഞ്ച് പാർലമെന്റംഗങ്ങൾക്കെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തി അവരെ അറസ്റ്റുചെയ്യാൻ ആയുധധാരിയായ അംഗരക്ഷകരോടുകൂടി ഹൗസ് ഓഫ് കോമൺസിന്റെ വാതിൽ തുറന്ന് അകത്തുകയറി, അംഗങ്ങളെ വിട്ടുതരാൻ സ്പീക്കറോട് ആജ്ഞാപിച്ചപ്പോൾ അന്നത്തെ സ്പീക്കറായിരുന്ന വില്യം ലംഥാൾ രാജാവിനോടു പറഞ്ഞ വാക്കുകൾ പാർലമെന്റിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടവയത്രെ. സ്പീക്കർ ഇപ്രകാരം പറഞ്ഞു: ‘‘പ്രഭോ, തിരുവുള്ളക്കേടുണ്ടാകരുത്. ഈ സഭയിൽ എനിക്കു കാണാൻ കണ്ണുകളോ, കേൾക്കാൻ ചെവികളോ ഇല്ല. ഈ സഭ ആജ്ഞാപിക്കുന്നതുപോലെ മാത്രമേ, ഇതിന്റെ സേവകനായ എനിക്കു പ്രവർത്തിക്കാനാകൂ. എനിക്ക് ഇതല്ലാതെ മറ്റൊരു മറുപടിയും അങ്ങേയ്ക്കു നൽകാനില്ല. എന്നോടു ദയവായി ക്ഷമിക്കുക.’’ സഭ ഒന്നടക്കം നീരസത്തോടുകൂടിയുള്ള നിശ്ശബ്ദത പാലിച്ചു. രാജാവ് വിഷണ്ണനായി തിരികെ പോകുകയും ചെയ്തു. ധീരമായ അഭിപ്രായപ്രകടനത്തിന്റെയും നിലപാടിന്റെയും ഉജ്ജ്വലമായ ഒരുദാഹരണമാണിത്.

 പക്ഷേ, അഭിപ്രായപ്രകടനങ്ങൾ സ്പീക്കർ എന്ന സ്ഥാപനത്തിന്റെ ഔന്നത്യവും സഭയുടെ അന്തസ്സും പരിപാലിച്ചുകൊണ്ടായിരിക്കണം നടത്തേണ്ടത്. സ്പീക്കർ സഭയുടെ പരമാധികാരത്തിന്റെയും ധാർമികതയുടെയും അന്തസ്സിന്റെയും പ്രതീകമാണ്. ഒരിക്കൽ സ്പീക്കർ മാവ്‌ലങ്കാർ പ്രധാനമന്ത്രി നെഹ്രുവിനെ എന്തോ കാര്യം ചർച്ചചെയ്യാൻ കാണാൻ വരാമെന്ന് ഒരാൾവഴി ഒരു കുറിപ്പുകൊടുത്തയച്ചു. അന്ധാളിച്ച നെഹ്രു സ്പീക്കറുടെ മുറിയിലേക്ക് ഓടിച്ചെന്നിട്ടു പറഞ്ഞു: ‘‘ഒരിക്കലും ചിന്തിക്കാൻപോലും പാടില്ലാത്ത കാര്യമാണങ്ങു പറഞ്ഞത്, അങ്ങ് പരമാധികാര സഭയുടെ അധ്യക്ഷനാണ്‌. ഒരിക്കലും അങ്ങ്‌ പ്രധാനമന്ത്രിയെക്കാണാൻ പോകരുത്. പ്രധാനമന്ത്രി അങ്ങയെക്കാണാൻ ഇങ്ങോട്ടുവരുകയാണ് വേണ്ടത്.’’ ഇങ്ങനെയുള്ള കീഴ്‌വഴക്കങ്ങൾ നമ്മുടെ ജനാധിപത്യസംസ്കാരത്തെ സമ്പുഷ്ടമാക്കുന്നു, സഭയുടെയും സഭാധ്യക്ഷന്റെയും ഔന്നത്യത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. 

ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ ലേഖകൻ