അഫ്ഗാനിസ്താനിൽ അഷ്‌റഫ് ഗനി സർക്കാരിലെ ഗ്രാമവികസന മന്ത്രാലയത്തിൽ സിറ്റിസൺസ് ചാർട്ടർ നാഷണൽ പ്രയോറിറ്റി പ്രോഗ്രാം ആക്ടിങ് ഡയറക്ടർ ജനറലായിരുന്നു അഹമ്മദ് മുക്താർ സബ്രി. താലിബാൻ കീഴടക്കിയ രാജ്യത്ത് ജീവനുതന്നെ ഭീഷണി നേരിടുന്ന സബ്രി, സുരക്ഷിത താവളംതേടി താമസംമാറുകയും പിടികൊടുക്കാതിരിക്കാനായി വീണ്ടും പലയിടത്തേക്ക് മാറിക്കൊണ്ടിരിക്കുകയുമാണ്. സ്വസുരക്ഷയിലും മാതൃരാജ്യത്തിന്റെ അവസ്ഥയിലും ആശങ്കപ്പെടുന്ന അദ്ദേഹം അഫ്ഗാനിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ അഭ്യർഥിക്കുന്നു. മാതൃഭൂമി പ്രതിനിധി കെ.സി. രഹ്‌നയ്ക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്

രാജ്യത്ത് പുതിയ സാഹചര്യമാണുള്ളത്. താങ്കളും കുടുംബവും അഫ്ഗാനിൽത്തന്നെ തുടരുകയാണെന്നും സുരക്ഷിതരാണെന്നും കരുതുന്നു. കഴിഞ്ഞ സർക്കാരിലെ ഉന്നതോേദ്യാഗസ്ഥനെന്നനിലയിൽ താങ്കളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?

ഞങ്ങൾ ഇപ്പോഴും അഫ്ഗാനിൽത്തന്നെയാണ്. എനിക്കുമാത്രമല്ല, മുൻസർക്കാരിൽ പ്രവർത്തിച്ച ഒട്ടേറെപ്പേർക്ക് തുടക്കത്തിൽ താലിബാൻ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മൂന്നുതവണ അവർ എന്റെ വീട്ടിൽ വരുകയും ചോദ്യംചെയ്യുകയും ചെയ്തു. ഭീതിപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു അത്. വീട്ടിൽനിന്ന് മാറി ബന്ധുവീടുകളിൽ അഭയംതേടേണ്ട അവസ്ഥയിലായിരുന്നു ഞാൻ, പ്രത്യേകിച്ചും രാത്രിയിൽ. ഇപ്പോഴും എന്റെയും കുടുംബത്തിന്റെയും സുരക്ഷയോർത്ത് ആശങ്കയിലാണ്. ഇതുകാരണം അഫ്ഗാനിലെത്തന്നെ കുറച്ചുകൂടി സുരക്ഷിതമായ ഒരിടത്തേക്ക് താമസംതന്നെ മാേറ്റണ്ടിവന്നു ഞങ്ങൾക്ക്. ഇപ്പോഴും ഒരിടത്തും സ്ഥിരമായി താമസിക്കാനാകുന്നില്ല. കഴിവതും പലയിടത്തേക്ക് മാറിക്കൊണ്ടിരിക്കുന്നു. വീട്ടിലെ സ്ത്രീകളാരുംതന്നെ പുറത്തിറങ്ങാൻ ധൈര്യപ്പെടുന്നില്ല. താലിബാൻകാർ എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. അവർ ഒരൊറ്റ ആശയത്തിനുകീഴിലോ നേതൃത്വത്തിനുകീഴിലോ പ്രവർത്തിക്കുന്നവരല്ല.

അടിച്ചമർത്തലിനെതിരേ ‘ആസാദി’ മുദ്രാവാക്യവുമായി സ്ത്രീകൾ തെരുവിലിറങ്ങിക്കഴിഞ്ഞു. പുരുഷന്മാർ പരസ്യമായി രംഗത്തിറങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്

ചില മുന്നേറ്റങ്ങൾ വനിതകളുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇപ്പോഴതെല്ലാം പൂർണമായും നിലച്ചു. സമരക്കാരെയെല്ലാം മൃഗീയമായി പീഡിപ്പിക്കുകയാണ് താലിബാൻ. എല്ലാതരം പ്രതിഷേധങ്ങൾക്കും നിരോധനമേർപ്പെടുത്തി. പുരുഷന്മാർ രംഗത്തിറങ്ങാത്തതിനുകാരണം, അവരുടെ സുരക്ഷസംബന്ധിച്ച പേടിതന്നെയാണ്. അവരുടെ കാര്യത്തിൽ ആർക്കും ഒരുറപ്പും പറയാനാകില്ല.  

താലിബാൻ സർക്കാർ രൂപവത്കരിച്ചു. കൊടുംഭീകരരെന്ന് മുദ്രകുത്തപ്പെട്ട ഹഖാനി ശൃംഖലയുടെ മേധാവി സിറാജുദ്ദീൻ ഹഖാനിയാണ് ക്രമസമാധാനപാലനം ഉറപ്പാക്കേണ്ട ആഭ്യന്തരമന്ത്രി. എന്തുതോന്നുന്നു?

താലിബാൻ യു.എസുമായി നിരന്തരമായി നടത്തിവന്ന വിലപേശലുകളിൽ, എല്ലാവർക്കും പ്രാതിനിധ്യമുള്ള ഒരു സർക്കാരാണ് ഉറപ്പുനൽകിയിരുന്നത്. എന്നാൽ, അവരിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സർക്കാർ എല്ലാവിഭാഗക്കാരെയും ഉൾക്കൊള്ളുന്നതോ പ്രൊഫഷണലോ അല്ല. ഉന്നതപദവികൾ വഹിക്കുന്നവരിൽ പലരും യു.എന്നിന്റെ നിരോധിതപട്ടികയിലുള്ളവരാണ്. സ്ത്രീകളെയും വിവിധ ഗോത്രവിഭാഗങ്ങളെയും അവഗണിച്ചു. അതിനർഥം താലിബാന് ഒരുമാറ്റവും വന്നിട്ടില്ലെന്നാണ്. ഇനിയൊട്ടു മാറാനും പോകുന്നില്ല. ഇപ്പോൾ സർക്കാരിനെ നയിക്കുന്നത് ഭീകരരും ഗ്വാണ്ടനാമോയിൽ തടവിലുണ്ടായിരുന്നവരുമാണ്. ഭൂരിഭാഗം പേരും ഒരൊറ്റ ഗോത്രത്തിൽനിന്നുള്ളവരാണ്. മാത്രമല്ല, 
എല്ലാവരും പുരുഷന്മാരുമാണ്. ഉത്തരവാദിത്വമുള്ള ഒരു സർക്കാരും താലിബാൻസർക്കാരിനെ അംഗീകരിക്കില്ല. അതായത്, രാജ്യം നേരിടാൻപോകുന്ന സാമ്പത്തികപ്രതിസന്ധി ഏറെ സങ്കീർണവും നമ്മുടെയൊക്കെ സങ്കല്പത്തിന് അതീതവുമായിരിക്കും.

അതിർത്തികളെല്ലാം അടഞ്ഞുകിടക്കുകയാണ്. പുറത്തുനിന്നുള്ള ചരക്കുവരവും നിന്നു. വില കുതിച്ചുകൊണ്ടിരിക്കുന്നു. എത്രനാൾ ഇത്തരത്തിൽ പിടിച്ചുനിൽക്കാനാകും?

90 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിൽ കഴിയുന്ന, 1.2 കോടി ആളുകൾ വരൾച്ചബാധിതരായുള്ള, 30 ലക്ഷം പേർ യുദ്ധവും വരൾച്ചയും കാരണം പലയിടത്തേക്ക് ചിതറിപ്പോയ രാജ്യമാണിത്. രാജ്യം നേരിടുന്ന  പ്രതിസന്ധിയിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്, അന്താരാഷ്ട്രസമൂഹവും സന്നദ്ധസംഘടനകളും അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണിത്. ഒന്നോ രണ്ടോ മാസംപോലും അഫ്ഗാനിസ്താന് ഇത്തരത്തിൽ മുന്നോട്ടുപോകാനാകില്ല. ഞങ്ങൾക്ക് മറ്റെന്നത്തെക്കാളും കൂടുതൽ അവരുടെ (അന്താരാഷ്ട്ര സമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും) സഹായം ആവശ്യമുള്ള ഘട്ടമാണിത്.

ഒരു രാജ്യത്തെ നയിക്കാൻ പ്രാപ്തമാണ് താലിബാൻ എന്ന് കരുതുന്നുണ്ടോ?

ഭൂരിഭാഗം താലിബാൻകാർക്കും യുദ്ധംചെയ്യാൻമാത്രമേ അറിയൂ. ഔപചാരികവിദ്യാഭ്യാസംപോലും ഇല്ലാത്തവരാണവർ. താലിബാന് രാജ്യത്തെ ഏറെക്കാലം നയിക്കാൻ സാധിക്കില്ല എന്നുതന്നെയാണ് എനിക്കുതോന്നുന്നത്. ജനങ്ങൾക്ക് തൊഴിലും വീടും ഭക്ഷണവും വേണം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ ഉണ്ടാക്കാതെ താലിബാന് ഇതൊന്നും സാധ്യമാവില്ല. അതായത്, അവർ സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റുഗോത്രവിഭാഗങ്ങളുടെയും അവകാശങ്ങളെ മാനിക്കണം. അവർക്ക് അംഗീകാരം വേണമെങ്കിൽ, രാജ്യം ഭരിക്കണമെങ്കിൽ അന്താരാഷ്ട്ര പ്രമേയങ്ങളും യു.എൻ. പ്രമേയങ്ങളും അംഗീകരിക്കേണ്ടതുണ്ട്.

അഫ്ഗാനിസ്താന് പിന്തുണയുമായി ചൈനയും പാകിസ്താനും എപ്പോഴുമുണ്ട്. ഇത് അഫ്ഗാൻ ജനതയ്ക്ക് എത്രത്തോളം ഗുണംചെയ്യും. ഇന്ത്യപോലുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കുമോ?

ദൗർഭാഗ്യകരമെന്ന് പറയട്ടെ, അഫ്ഗാനിസ്താനെ പിന്തുണയ്ക്കുന്ന രാജ്യമല്ല പാകിസ്താൻ. അവരുടെ പിന്തുണ എപ്പോഴും ഭീകരവാദത്തിനും താലിബാനുമായിരുന്നു. കഴിഞ്ഞ 20 വർഷമായി പാകിസ്താൻ അവർക്ക് സുരക്ഷിതതാവളമൊരുക്കി, യുദ്ധ സന്നാഹങ്ങൾ നൽകി. ഇന്ന് നമ്മൾ അഫ്ഗാനിൽ കാണുന്നതെന്തായാലും അത് പാകിസ്താൻ ഞങ്ങൾക്കെതിരേ മറഞ്ഞുനിന്ന് നടത്തുന്ന നിഴൽ യുദ്ധത്തിന്റെ ഫലമാണ്. യു.എസ്. ഞങ്ങളുടെ അയൽരാജ്യത്തിന്റെ അപരന്മാരെ ഒരിക്കലും വിശ്വാസത്തിലെടുക്കരുതായിരുന്നു. അഫ്ഗാൻജനതയ്ക്ക് ഇന്ത്യയുമായി ചരിത്രപരമായ ദീർഘകാലത്തെ സൗഹൃദമാണുള്ളത്. താലിബാൻ ഈയൊരു സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും എല്ലാരാജ്യങ്ങളുമായും സ്വതന്ത്രമായ ഒരു വിദേശനയം പിന്തുടരുമെന്നും പ്രതീക്ഷിക്കുന്നു.
 

താങ്കളും ഏറെക്കാലം രാഷ്ട്രപുനർനിർമിതിയുടെ ഭാഗമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലും തുടരാനാകുമെന്ന് കരുതുന്നുണ്ടോ?

പ്രതിജ്ഞാബദ്ധനായ ഒരു അഫ്ഗാൻ പൗരനാണ് ഞാൻ. താലിബാനിൽനിന്ന് ജോലിചെയ്യാനുള്ള സുരക്ഷിതമായൊരു സാഹചര്യമുള്ളിടത്തോളം ഞാൻ എന്റെ നാട്ടുകാർക്കുവേണ്ടിയും ഭാവി സർക്കാരിനുവേണ്ടിയും ജോലിചെയ്യും. അഫ്ഗാനിലെ പാവപ്പെട്ടവർക്ക് എന്നെ ആവശ്യമുണ്ട്. കഴിഞ്ഞ 20 വർഷത്തെക്കാൾ കൂടുതൽ അവർക്കിപ്പോൾ എന്നെ ആവശ്യമുണ്ടെന്നാണ് കരുതുന്നത്.

ഏറെക്കാലമായി യുദ്ധവും സംഘർഷവുംമൂലം കഷ്ടതയനുഭവിക്കുന്നവരാണ് അഫ്ഗാൻ ജനത. എപ്പോഴെങ്കിലും ഇതൊക്കെ അവസാനിക്കാൻ സാധ്യതയുണ്ടോ?

നിലവിലെ സാഹചര്യത്തിൽ താലിബാൻ എങ്ങനെ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങൾ. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ, എല്ലാ അഫ്ഗാൻകാർക്കും ശരിയായ മനുഷ്യാവകാശം ഉറപ്പാക്കൽ, സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെ മാനിക്കൽ തുടങ്ങിയവ നടപ്പാകാൻ ഇനിയും ഏറെദൂരം പോകേണ്ടിവരും.