2019 ഫെബ്രുവരി 14-ന്, ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേ നമ്പർ 44-ലെ പുൽവാമയിൽ ഇന്ത്യൻ പട്ടാളവാഹനം ബോംബിൽച്ചിതറി 40 പേർ മരിച്ചതിന് തൊട്ടുപിറ്റേദിവസം ആ കേസ് ഏറ്റെടുക്കുമ്പോൾ അനിൽ ശുക്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി (എൻ.ഐ.എ.)യുടെ മുന്നിലുണ്ടായിരുന്നത് ചിതറിത്തെറിച്ച അല്‌പം മനുഷ്യശരീരാവശിഷ്ടങ്ങളും കരിഞ്ഞ വാഹനത്തിന്റെ തുണ്ടം തുണ്ടം

പാളികളും മാത്രമായിരുന്നു. ചാവേർ ബോംബ് സ്ഫോടനത്തിൽ മരിച്ച പട്ടാളക്കാരെയോർത്തുള്ള രാജ്യത്തിന്റെ മുഴുവൻ വിലാപവും അന്വേഷണസംഘത്തെ സമ്മർദപ്പെടുത്തിക്കൊണ്ട് ചുറ്റിലുമുണ്ടായിരുന്നു. പ്രകടമായ തെളിവുകളൊന്നും സംഭവസ്ഥലത്ത് ശേഷിച്ചിട്ടില്ലായിരുന്നു. ഒരുപാട് ചോദ്യങ്ങളായിരുന്നു അന്വേഷകസംഘത്തിന്റെ മുന്നിൽ: ആരാണ് ഈ ബോംബുണ്ടാക്കിയത്? ആരാണ് ഇതുചെയ്തവരെ ഇങ്ങനെ മനംമാറ്റിയെടുത്തത്? എങ്ങനെയാണ് അവർ ഇന്ത്യയിലേക്ക് സ്ഫോടകവസ്തുക്കൾ കടത്തിയത്? ആരൊക്കെയാണ് അവരെ സഹായിച്ചത്? മാസങ്ങൾ കഴിഞ്ഞിട്ടും ചാർജ് ഷീറ്റുകൾ ഉണ്ടായില്ല. എന്നാൽ, അന്വേഷണം അതി നിശ്ശബ്ദമായി നടന്നുകൊണ്ടേയിരുന്നു. ആരും ഒന്നും അറിഞ്ഞില്ല.

ഒന്നും എവിടെയും ചോർന്നില്ല. ഒടുവിൽ ഒന്നുമില്ലായ്മയിൽനിന്ന്‌ ആരംഭിച്ച ഈ കേസിന്റെ അന്വേഷണം ഒന്നര വർഷമെടുത്ത് പൂർത്തിയാക്കിയ എൻ.ഐ.എ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് 13,800 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 19 പേ ർകുറ്റക്കാരാണെന്ന് കണ്ടെത്തി. മുടിനാരിഴകീറിയുള്ള എൻ.ഐ.എയുടെ പുൽവാമ ചാവേർ ബോംബ്സ്ഫോടന അന്വേഷണം ഒരു ഷെർലക് ഹോംസ് കഥയെക്കാൾ ഉദ്വേഗജനകമാണ്.

പിതാവിന്റെ ഡി.എൻ.എ. ടെസ്റ്റും മാരുതിയുടെ കാറും

ചാവേർ വന്നു എന്ന് സംശയിക്കുന്ന കാർ കഷണംകഷണമായി തകർന്ന് കരിഞ്ഞുപോയിരുന്നു. കാറിന്റെ ശേഷിച്ച ഒരു കഷണത്തിൽ മനുഷ്യമാംസത്തിന്റെ അംശമുണ്ടായിരുന്നു. സഫോടനത്തിന് ശേഷം പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ഇരുപത്തിയൊന്ന് വയസ്സുകാരനായ അദിൽ അഹമ്മദ് ദാർ എന്ന കശ്മീരിയുവാവാണ് ചാവേറായത് എന്നായിരുന്നു അതിലെ സന്ദേശം. ഇത് പിടിച്ചെടുത്ത എൻ.ഐ. എ. ഇങ്ങനെയൊരാളെ കാണാതായിട്ടുണ്ടോ എന്നന്വേഷിച്ചു. ദാറിന്റെ പിതാവ്, മകനെ കാണാനില്ല എന്നുപറഞ്ഞ്‌ നൽകിയിരുന്ന പരാതി പ്രാദേശികപോലീസിലുണ്ട് എന്ന് കണ്ടെത്തി. തുടർന്ന് എൻ.ഐ.എ. അദിൽ അഹമ്മദ് ദാറിന്റെ കൂലിത്തൊഴിലാളിയായ പിതാവിന്റെ ഡി.

എൻ.എ. ടെസ്റ്റ് നടത്തി. അതിന്റെ ഫലം വന്നപ്പോൾ സ്ഫോടനം നടത്തിയത്, കുറച്ചുകാലംമുമ്പ് വീടുവിട്ടുപോയ അദിൽ ദാർ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. അടുത്തഘട്ടം വാഹനമായിരുന്നു. സ്ഫോടനസ്ഥലത്തുനിന്ന്‌ ലഭിച്ച കാറിന്റെ കഷണം മോട്ടോർ വാഹനവിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. ഒരു മാരുതി കാറിന്റെ അവശിഷ്ടമാണത് എന്ന് അവർ സ്ഥിരീകരിച്ചു. മാരുതി കമ്പനിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആ കാർ 2011 ജനവരി 22-ന് നിർമിച്ചതാണ് എന്ന് കണ്ടെത്തി. ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.എ. ആ കാർ വിറ്റ ഡീലറെ തിരഞ്ഞുപിടിച്ചു. അയാൾ വിറ്റയാളിൽനിന്ന്‌ അപ്പോഴേക്കും ഏഴുതവണ കാർ കൈമറിഞ്ഞ് കഴിഞ്ഞിരുന്നു. ഈ ചങ്ങലയുടെ പിറകേ പോയിട്ടാണ് കാർ അനന്ത് നാഗിലെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദിയായ സജ്ജാദ് അഹമ്മദ് ഭട്ട് ആണ് വാങ്ങിയത് എന്ന് കണ്ടെത്തിയത്. 1.85 ലക്ഷത്തിന് വാങ്ങിയ കാർ വാങ്ങുമ്പോൾത്തന്നെ പിൻസീറ്റ് അഴിച്ചുമാറ്റാൻ ഡീലറോട് ആവശ്യപ്പെട്ടതായും മൊഴികിട്ടി. അതെന്തിനാണ് എന്ന് ചോദിച്ചപ്പോൾ ഭക്ഷ്യസാധനങ്ങൾ കയറ്റാനാണ് എന്നാണ് അയാൾ പറഞ്ഞിരുന്നത്. അപ്പോൾത്തന്നെ എൻ.ഐ.എ.യ്ക്ക് കണ്ണികൾ കൂട്ടിയോജിപ്പിക്കാൻ സാധിച്ചുതുടങ്ങി.

 പോലീസ് സൂക്ഷിച്ച 1സാംസങ് ഗാലക്‌സി ഫോൺ

തെളിവുകളും അവയുടെ പരസ്പരബന്ധങ്ങളും എങ്ങനെയൊക്കെയാണ് തെളിഞ്ഞുവരുക എന്നറിയില്ല. അപ്രധാനം എന്ന് കരുതിയിരുന്നവയായിരിക്കും അന്വേഷണസംഘത്തിന് പെട്ടെന്ന് വലിയ വഴിവെളിച്ചമാവുക. പുൽവാമ കേസിലും സംഭവിച്ചത് അതുതന്നെയായിരുന്നു. പുൽവാമ സ്ഫോടനം കഴിഞ്ഞ് 43 ദിവസത്തിനുശേഷം, മാർച്ച് 29-ന്, 22 വയസ്സുകാരനായ ഉമർ ഫാറൂഖ് എന്ന പാകിസ്താൻകാരൻ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. അയാൾ അപ്പോൾ സംശയത്തിന്റെ നിഴലിൽപ്പോലുമില്ലായിരുന്നു. പോലീസ് അന്വേഷിച്ചപ്പോൾ കൂടുതലൊന്നും ലഭിക്കാത്തതിനാൽ എൻ.ഐ.എ.യ്ക്ക് ആ കേസ് അവർ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഫാറൂഖ് മരിച്ചെങ്കിലും അയാളുടെ സാംസങ് ഗാലക്‌സി 9 മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു, പോലീസിന് ഒരു സംശയത്തിനും ഇടനൽകാതെ!െ അത് എൻ.ഐ.എ. വരുത്തിച്ചു. ഫോൺ തുടർന്ന് സർക്കാരിന്റെ സൈബർ സെക്യൂരിറ്റിയുടെ നോഡൽ ഏജൻസിയായ കംപ്യൂട്ടർ എമർജൻസ് റെസ്‌പോൺസ് ടീമിന് കൈമാറി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അവരുടെ ഡിജിറ്റൽ അനാലിസിസ് ലബോറട്ടറിയിൽവെച്ച് ഫോണിലെ ഒ​ട്ടേറെ നമ്പറുകളും വീഡിയോകളും ശബ്ദസന്ദേശങ്ങളും ചാറ്റുകളും സ്‌ഫോടനത്തിനുപയോഗിച്ച ഐ.ഇ.ഡി.യുടേതടക്കമുള്ള ചിത്രങ്ങളും വീണ്ടെടുക്കാൻ സാധിച്ചു. കാര്യങ്ങൾ തെളിഞ്ഞുതെളിഞ്ഞ് വരികയായിരുന്നു.

ആരാണ് ഉമർ ഫറൂഖ് എന്നതായിരുന്നു അടുത്തതായി അറിയേണ്ടത്. ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരനായ ഇബ്രാഹിമിന്റെ പുത്രനാണ് ഉമർ ഫാറൂഖ് എന്ന് മനസ്സിലായി. 1999 ഡിസംബർ 24-ന് ഇന്ത്യൻ എയർലൈൻസിന്റെ കാഠ്‌മണ്ഡു-ഡൽഹി ഐസി-814 വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയ സംഘത്തിലെ ഒരംഗമായിരുന്നു ഇബ്രാഹിം എന്നും മനസ്സിലായി. അപ്പോൾ ഉമർ ഫാറൂഖിന് മൂന്നുവയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ.

എൻ.ഐ.എ. ഉമറിന്റെ ഹ്രസ്വജീവിതത്തിന്റെ ചരിത്രം പഠിച്ചുതുടങ്ങി. ഉമറിന്റെ പിതാവിന്റെ ഒരു സഹോദരനായ അമ്മാർ അൽവി, ഇരുപത് വയസ്സുമാത്രമുള്ള ഉമറിനെ 2016 ഏപ്രിലിൽ,അഫ്ഗാനിസ്താനിലെ ഹെൽമണ്ടിലുള്ള അൽ ഖായിദയുടെ ക്യാംപിലേക്ക് അയച്ചിരുന്നു എന്ന് കണ്ടെത്താനായി. അവിടെെവച്ച് അയാൾ പ്രധാനമായും അഭ്യസിച്ചിരുന്നത് ഐ.ഇ.ഡി. ഉപയോഗിച്ച് ബോംബുണ്ടാക്കാനായിരുന്നു എന്നും മനസ്സിലായി. ജമ്മുവിലെ സാംബ വഴി ഒരു നിലാവുള്ള രാത്രിയിൽ ഇന്ത്യയിലെത്തിയതിന് ശേഷമുള്ള ഉമർ ഫാറൂഖിന്റെ ദീർഘമായ സംഭാഷണങ്ങൾ മുഴുവനും എൻ.ഐ.എ. പരിശോധിച്ചു. മസൂദ് അസ്ഹറിന്റെ വലംകൈയായ അൽവിയുമായി ഉമർ ജിഹാദിനെപ്പറ്റിയായിരുന്നു സംസാരിച്ചത്. ഇതിൽനിന്ന്‌ അയാൾ വെറു മൊരു ഭീകരവാദിയല്ല,നല്ല ഭീകരസംഘാടകൻ കൂടിയാണ് എന്ന് തെളിഞ്ഞു.

ഹവാലയായിവന്ന പണവും ആമസോണിലെ രശീതിയും

ഇന്ത്യയിൽ എത്തിയതിന് രണ്ടുമാസത്തിനുള്ളിൽ 10.43 ലക്ഷം രൂപ ഹവാലയായി ഉമർ ഫാറൂഖിന് വന്നതായി എൻ.ഐ.എ. കണ്ടെത്തി. ഇത് കൈയിൽക്കിട്ടി എന്ന് പറഞ്ഞുകൊണ്ട് ജയ്‌ഷെ മുഹമ്മദിന്റെ തലവന്മാർക്ക് അയച്ച ശബ്ദസന്ദേശത്തിനനുസരിച്ച് പിറകിലേക്കുപോയാണ് എൻ.ഐ.എ. ഇത് സ്ഥിരീകരിച്ചത്. ഇത്രയധികം പണം വലിയ ഒരു ടാർജറ്റിന് വേണ്ടിയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ലായിരുന്നു.

പുൽവാമയിലെ താമസക്കാരനായ അമ്പത്തിമൂന്ന് വയസ്സുകാരൻ പീർ താരിഖ് അഹമ്മദ് ഷായും അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടുകാരി മകൾ ഇൻഷാ ജാനും എന്തിനാണ് നാട്ടിലെ ഒരു കടയിൽനിന്ന്‌ ഇന്ത്യൻ പട്ടാളത്തിന്റെ വസ്ത്രമടിക്കുന്ന തുണിവാങ്ങിയത് എന്ന അന്വേഷിച്ചപ്പോൾ ഉമറിനും സംഘത്തിനും പട്ടാളക്കാരായി വേഷം മാറേണ്ടിവന്നാൽ ഉപയോഗിക്കാൻ എന്നായിരുന്നു മറുപടി. ഉമറിന്റെ ഫോണിൽനിന്നാണ് ഈ പിതാവിന്റെയും പുത്രിയുടെയും വിവരങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചത്. ഇൻഷയും ഉമറും വളരെ അടുത്ത് പെരുമാറുന്നവയായിരുന്നു ചിത്രങ്ങളിലധികവും. പലതിലും ഉമറിന്റെ തോക്ക് തോളിലേന്തിയും പിസ്റ്റൾ കൈയിലേന്തിയുമായിരുന്നു ഇൻഷയുടെ പോസുകൾ. ഉമറിന്റെ ലക്ഷ്യം പിതാവിനും പുത്രിക്കും നന്നായി അറിയാമായിരുന്നു എന്ന് തെളിഞ്ഞു. രണ്ടുപേരെയും അറസ്റ്റുചെയ്തു.

എൻ.ഐ.എ.യുടെ അന്വേഷണത്തിൽ, ഉമർ ഫാറൂഖിന്റെ സുഹൃത്തായ വെയ്‌സ് ഉൽ ഇസ്‌ലാം ആമസോൺ കൊറിയർ വഴി ബോംബ് നിർമിക്കാനുപയോഗിക്കുന്ന ചില വസ്തുക്കൾ വാങ്ങിയതിന്റെ രശീതികൾ കിട്ടി. നാലുകിലോ അലൂമിനിയം പൗഡർ, രണ്ട് ബാറ്ററി, വയറുകൾ, കൈയുറകൾ തുടങ്ങിയ സാധനങ്ങളായിരുന്നു ഓൺലൈനായി ഓഡർ ചെയ്തിരുന്നത്. ആമസോണിൽനിന്ന്‌ ഇതിൽ വ്യക്തതവരുത്തിയ എൻ.ഐ.എ. ഇയാളെയും അറസ്റ്റ് ചെയ്തു. തെക്കൻകശ്മീരിലെ മൈനിങ് കോൺട്രാക്ടർമാരിൽനിന്ന്‌ ജെയ്‌ഷെ മുഹമ്മദിന്റെ മറ്റൊരു സഹായിയായ മുദസ്സർ അഹമ്മദ് ഖാൻ വളരെയധികം ജലാറ്റിൻ സ്റ്റിക്കുകൾ വാങ്ങിയതായും കണ്ടെത്തി. ഇയാൾ അറസ്റ്റുചെയ്യാനുള്ള ശ്രമത്തിനിടെ വെടിയേറ്റ്‌ മരിച്ചു.

പുൽവാമയിലെ സാക്കിർ ബഷീർ എന്ന 24-കാരന്റെ വീട്ടിൽവെച്ചാണ് ബോംബുണ്ടാക്കിയത് എന്ന കാര്യം ഉമർ ഫാറൂഖിന്റെ ഫോണിൽ ഉണ്ടായിരുന്നു. സ്‌ഫോടനത്തിനുപയോഗിച്ച കാർ വീട്ടിലെ പോർച്ചിൽ ഇട്ടതിന്റെ ചിത്രവും ഉണ്ടായിരുന്നു. ബോംബുണ്ടാക്കിയതിനുശേഷം ഉമർ ഫാറൂഖ്, ബഷീർ, ചാവേറായി തിരഞ്ഞെടുക്കപ്പെട്ട ആദിൽ അഹമ്മദ് ദാർ എന്നിവർ ചേർന്നെടുത്ത സെൽഫിയും ബോംബ് നിർമാണത്തിനുപയോഗിച്ച അലൂമിനിയം പൗഡർ മുഖത്ത് പൂശിയ ഫോട്ടോയും ഉമർ ഫോണിൽ സൂക്ഷിച്ചിരുന്നു.  തുടർന്ന് ചാവേറിന്റെ സംഭാഷണം ചിത്രീകരിച്ച് പരിശോധനയ്ക്കായി പാകിസ്താനിലേക്കയച്ചതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി.അത് അയക്കപ്പെട്ട പാകിസ്താനിലെ ഐ.പി. അഡ്രസ് കണ്ടെടുത്ത എൻ.ഐ.എ,വല്ല കാരണവശാലും ആദിൽ അഹമ്മദ് ദാർ അവസാന നിമിഷം ചാവേറാവുന്നതിൽനിന്ന്‌ പിൻമാറിയാൽ പകരം ചാവേറാവാൻ ക്വാറി യസീർ എന്ന പകരക്കാരനെ യും ഈ ഭീകരർ കണ്ടുവെച്ചിരുന്നു എന്നും കണ്ടുപിടിച്ചു.സാക്കിർ ബഷീർ അറസ്റ്റിലായി. തീവ്രവാദികൾക്കുവേണ്ടി മൊബൈൽ ഫോൺ വാങ്ങിയ ബിലാൽ അഹമ്മദ്‌ കുച്ചെ, വീടൊരുക്കിയ മുഹമ്മദ് അബ്ബാസ് റതാർ എന്നിവരെയും കണ്ടെത്തി അറസ്റ്റുചെയ്ത് കണ്ണികൾ യോജിപ്പിച്ചു.

എൻ.ഐ.എ. അതിസൂക്ഷ്മമായി ഇഴപിരിച്ചെടുത്ത  കുറ്റപത്രം ഇപ്പോൾ ജമ്മുവിലെ കോടതിയിലാണ്. ഇതിൽ, പുൽവാമ സ്‌ഫോടനത്തിൽ പാകിസ്താൻ എന്ന 'ഡീപ് സ്റ്റേറ്റി'ന്റെ പങ്ക് പൂർണമായും വ്യക്തമാക്കിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ ചേരാനിരിക്കുന്ന ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ റിവ്യൂ മീറ്റിങ്ങിൽവെച്ച് പാകിസ്താനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.