തെലങ്കാനയിൽ പുറംലോകം അറിയുന്ന ഒരു മുഖം കോൺഗ്രസിനുണ്ടെങ്കിൽ അത് എസ്. ജയ്‌പാൽ റെഡ്ഡിയാണ്. തെലങ്കാന പിടിക്കാൻ കോൺഗ്രസ് കിണഞ്ഞ്‌ പരിശ്രമിക്കുമ്പോൾ അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ട് 76-കാരനായ ഈ മുൻ കേന്ദ്രമന്ത്രിയുണ്ട്. ജയ്‍പാൽ റെഡ്ഡിയുമായി മാതൃഭൂമി പ്രതിനിധി കെ.എ. ജോണി സംസാരിക്കുന്നു

? തെലങ്കാന ഇക്കുറി കോൺഗ്രസിനൊപ്പം നിൽക്കുമോ 
= തീർച്ചയായും ഞങ്ങൾക്ക് മുൻതൂക്കമുണ്ട്. പക്ഷേ, മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സംസ്ഥാനത്ത് ഒഴുക്കുന്ന പണം പ്രശ്‌നമാണ്. ആയിരക്കണക്കിന് കോടികളാണ് തെലങ്കാന രാഷ്ട്രസമിതി തിരഞ്ഞെടുപ്പിൽ ചെലവഴിക്കുന്നത്. ഇതിൽ വലിയൊരു പങ്ക് കള്ളപ്പണവും. വ്യക്തിതലത്തിലോ പാർട്ടിതലത്തിലോ ഞങ്ങളുടെ സ്ഥാനാർഥികൾക്ക് ഈ പണക്കൊഴുപ്പിനോട് മത്സരിക്കാനാവില്ല, ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇത്രയും പണം ഒരു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടി ചെലവഴിക്കുമെന്നും തോന്നുന്നില്ല.

?ചന്ദ്രശേഖർ റാവുവിന്റെ പണം പ്രശ്‌നമാവുമ്പോൾ തന്നെ തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനം 
= റാവു സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുണ്ടെന്നതുതന്നെ. റാവുവിന്റെ കുടുംബവാഴ്ചയ്ക്കെതിരേയുള്ള വികാരം മാത്രമല്ല അത്. കടുത്ത അഴിമതിയാണ് റാവുവിന്റെ ഭരണത്തിൽ നടക്കുന്നത്. തെലങ്കാനയുടെ പിറവിയിൽ കോൺഗ്രസ് വഹിച്ച പങ്ക് നിർണായകമായിരുന്നു. പക്ഷേ, തെലങ്കാനയിൽ ആദ്യമായി ഭരണത്തിലേറിയ ടി.ആർ.എസ്. ജനങ്ങളുടെ പ്രതീക്ഷകൾ തകർത്തു. ഇക്കുറി കോൺഗ്രസ് നയിക്കുന്നത് ശക്തമായ ജനകീയ മുന്നണിയാണ്. തെലുഗുദേശവും സി.പി.ഐ.യും തെലങ്കാന ജനസമിതിയും ഉൾപ്പെട്ട മുന്നണിയെ ജനങ്ങൾ അംഗീകരിച്ചുകഴിഞ്ഞു. പിന്നാക്ക സമുദായങ്ങൾ, യുവാക്കൾ, ദളിതർ, മധ്യവർഗസമൂഹം എന്നിങ്ങനെ വലിയൊരുവിഭാഗം റാവു സർക്കാരിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു.

? പക്ഷേ, ടി.ആർ.എസ്. സർക്കാരിന്റെ ജനകീയ പദ്ധതികൾക്ക് സ്ത്രീകളുടെ വൻ പിന്തുണയുണ്ടെന്ന് നിരീക്ഷണമുണ്ട് 
= അത് ശരിയല്ല. വാസ്തവത്തിൽ കോൺഗ്രസ് സർക്കാർ രൂപവത്‌കരിച്ച വനിതാ സ്വാശ്രയ സംഘങ്ങളെ തകർക്കുകയാണ് ചന്ദ്രശേഖർ റാവു ചെയ്തത്. റാവുവിന്റെ സ്ത്രീശാക്തീകരണം മകൾ കവിതയുടെ വളർച്ച മാത്രമാണ്. ഇപ്പോൾ കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്ന ജനകീയ പദ്ധതികൾ കോപ്പിയടിക്കുന്ന പരിപാടിയാണ് റാവു പിന്തുടരുന്നത്. രണ്ടായിരം രൂപ വാർധക്യ പെൻഷൻ നൽകുമെന്ന് കോൺഗ്രസ് പറഞ്ഞപ്പോൾ 2016 രൂപ നൽകുമെന്നാണ് റാവു പറയുന്നത്. കല്യാണത്തിനും മറ്റും 16-ൽ അവസാനിക്കുന്ന ഒരു സംഖ്യ പണമായി നൽകുന്നത് ഇവിടെയുള്ള ഒരു രീതിയാണ്. തൊഴിലില്ലായ്മ വേതനമായി മൂവായിരം രൂപ നൽകുമെന്ന് ഞങ്ങൾ പറഞ്ഞതും റാവു ഏറ്റെടുത്തു. 3016 രൂപ ഈയിനത്തിൽ നൽകുമെന്നാണ് റാവു ഇപ്പോൾ പറയുന്നത്. ഈ പ്രവൃത്തികൾ ടി.ആർ.എസിന്റെ ആത്മവിശ്വാസമില്ലായ്മയാണ് കാണിക്കുന്നത്.

? അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമിൻ (എ.ഐ.എം.ഐ.എം.) ടി.ആർ.എസിനൊപ്പമാണ് 
= അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി സ്വീകരിച്ചിരിക്കുന്നത് പ്രതിലോമപരമായ സമീപനമാണെന്ന് മുസ്‌ലിങ്ങൾ തിരിച്ചറിയുന്നുണ്ട്. പിന്നണിയിൽ ബി.ജെ.പി.യുമായി ധാരണയുള്ള ടി. ആർ.എസിനെ എം.ഐ.എം പിന്തുണയ്ക്കുന്നത് ധാർമികതയ്ക്ക് നിരക്കുന്നതല്ല. 

?നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർപാളയങ്ങളിലാണ് ടി.ആർ.എസും ബി.ജെ.പി.യും. പ്രധാനമന്ത്രി മോദി  ടി.ആർ.എസിനെതിരേ രൂക്ഷവിമർശനമാണുയർത്തിയത് 
  = ഇതൊന്നും മുഖവിലയ്‌ക്കെടുക്കാനാവില്ല. ഒരവസരം കിട്ടിയാൽ പരസ്പരം കൈകോർക്കാൻ മടിയില്ലാത്തവരാണിവർ. തിരഞ്ഞെടുപ്പിനുശേഷം ടി.ആർ.എസിന് ഭൂരിപക്ഷം ലഭിക്കാതെ പോയാൽ സഹായിക്കാൻ ബി.ജെ.പി.യുണ്ടാവും എന്ന കാര്യത്തിൽ സംശയം വേണ്ട.

? കോൺഗ്രസും ബി.ജെ.പി.യുടെ ഹിന്ദുത്വ പാത പിന്തുടരുകയാണെന്നാണ് ഒവൈസി ആരോപിക്കുന്നത് 
= ഹിന്ദുമതത്തെയും ഹിന്ദുക്കളെയും ബി.ജെ.പി.ക്ക് വിട്ടുകൊടുക്കണമെന്നാണോ ഒവൈസി പറയുന്നത്. ഒവൈസിക്ക് ഹജ്ജിന് പോകാം. രാഹുൽഗാന്ധി കൈലാസത്തിൽ പോവാൻ പാടില്ലെന്ന് പറയുന്നതിൽ എന്തർഥമാണുള്ളത്. രാഹുൽ മുസ്‌‌ലിം പള്ളികളിലും ക്രിസ്ത്യൻ ദേവാലയങ്ങളിലും പോയപ്പോൾ വിമർശിക്കാതിരുന്നവർ ക്ഷേത്രങ്ങളിൽ പോകുമ്പോൾ വിമർശിക്കുന്നത് ഇരട്ടത്താപ്പാണ്. മതേതരത്വം എന്നുപറയുന്നത് മതങ്ങളുടെ നിരാസമല്ല. കമ്യൂണിസ്റ്റുകാർപോലും ബംഗാളിലും കേരളത്തിലും മതപരമായ ആഘോഷങ്ങളിൽ പങ്കെടുക്കുന്നില്ലേ? വ്യക്തിപരമായി ഞാൻ ദൈവവിശ്വാസിയല്ല. പക്ഷേ, എല്ലാ ആരാധനാലയങ്ങളിലും ഞാൻ പോകാറുണ്ട്. വലിയൊരു വിഭാഗം ജനങ്ങളുടെ വികാരങ്ങൾ നമ്മൾ അവഗണിക്കരുത്. 

? ആന്ധ്രാവിഭജനം കോൺഗ്രസിന് പറ്റിയ അബദ്ധമായിരുന്നുവെന്ന് കരുതുന്നുണ്ടോ
= ഒരിക്കലുമില്ല. 60 കൊല്ലത്തെയെങ്കിലും ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ആന്ധ്രാ വിഭജനം ചർച്ച ചെയ്യേണ്ടത്. ആന്ധ്രാ വിഭജനം ചരിത്രപരമായ അനിവാര്യതയായിരുന്നു. സംയുക്ത ആന്ധ്രയെന്ന ആശയം തെലങ്കാനയിലുള്ളവർ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ബി.ജെ.പി.യാണ് ആന്ധ്രാ വിഭജനത്തെ ഏറ്റവുമധികം പിന്തുണച്ചതെന്നും മറക്കരുത്.

? ആന്ധ്രാ വിഭജനം കോൺഗ്രസിന് നൽകിയതെന്താണ്
= വിഭജനമില്ലായിരുന്നെങ്കിൽ തെലങ്കാനയിൽ ഞങ്ങൾ വട്ടപ്പൂജ്യമാകുമായിരുന്നു. 

? പക്ഷേ, ആന്ധ്രയിൽ കോൺഗ്രസ് ചിത്രത്തിലേയില്ല 
= അതൊരു താത്‌കാലിക തിരിച്ചടിയാണ്. അവിടെ ഞങ്ങൾ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

? വൈ.എസ്.ആർ. റെഡ്ഡിയുടെ മരണത്തിനുശേഷം മകൻ ജഗൻമോഹനെ മുഖ്യമന്ത്രിയാക്കാതിരുന്നതല്ലേ കാര്യങ്ങൾ മാറ്റിമറിച്ചത്
= മുഖ്യമന്ത്രിമാരുടെ മക്കൾ സ്വാഭാവികമായും മുഖ്യമന്ത്രിമാരാവണമെന്ന നിലപാട് കോൺഗ്രസിനില്ല.
?കുടുംബവാഴ്ച കോൺഗ്രസിന് അന്യമാണോ
= അതല്ല വിഷയം. ജഗന് കുറച്ചു കാത്തിരിക്കാമായിരുന്നു. നെഹ്രുകുടുംബത്തിന്റെ വാഴ്ചയെക്കുറിച്ച് പറയുന്നവർ കഴിഞ്ഞ 30 കൊല്ലത്തോളമായി ആ കുടുംബത്തിൽനിന്നുള്ളവർ ഒരധികാര സ്ഥാനവും വഹിച്ചിട്ടില്ലെന്ന് കാര്യം മറക്കുകയാണ്.

? യു.പി.എ.സർക്കാർ ഭരിച്ചപ്പോൾ സോണിയാഗാന്ധി അധികാര സ്ഥാനമൊന്നും വഹിച്ചില്ലെങ്കിലും അധികാരം അവരുടെ കൈയിലായിരുന്നില്ലേ
= ജഗനും അതിനാവുമായിരുന്നു. ക്ഷമയില്ലാതെ പോയതാണ് ജഗനെ കുഴപ്പത്തിലാക്കിയത്.

? ജഗന്റെയും ആന്ധ്രയുടെയും കാര്യത്തിൽ കോൺഗ്രസ് എടുത്ത തീരുമാനത്തിൽ താങ്കളും പങ്കാളിയായിരുന്നു. ആ തീരുമാനം തെറ്റായിപ്പോയോ
= അതേക്കുറിച്ച് ഒന്നും പറയാനില്ല. തീരുമാനം തെറ്റായിരുന്നോ ശരിയായിരുന്നോ എന്ന് കാലം തെളിയിക്കും. ചില കാര്യങ്ങളോട് നമ്മൾ വളരെയധികം ചേർന്നുനിൽക്കുമ്പോൾ വിലയിരുത്തൽ പ്രയാസമാണ്. 

? തെലങ്കാനയിൽ ഒരു നേതാവില്ലാത്തതാണ് കോൺഗ്രസിന്റെ മുഖ്യപ്രശ്‌നമെന്ന് നിരീക്ഷണമുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിപദം താങ്കൾ ഏറ്റെടുക്കുമോ
= ആ പന്തയത്തിൽ ഞാനില്ല. എനിക്ക് 76 വയസ്സായി. പ്രായം എന്റെ കൂടെയല്ല.