സംഭവബഹുലമായ അഞ്ചുവർഷത്തിനുശേഷം തമിഴ്‌നാട്ടിലെ ജനങ്ങൾ വിധിയെഴുതി. അഭിപ്രായസർവേകൾ ഡി.എം.കെ.യ്ക്ക് മുൻതൂക്കം നൽകുന്നു; അതിനർഥം എ.ഐ.എ.ഡി.എം.കെ. തളരുമെന്നല്ല. പത്തുവർഷമായി കൈവിട്ട ഭരണം തിരികെപിടിക്കാനാവുമെന്നാണ് ഡി.എം.കെ.യുടെ പ്രതീക്ഷ.  ഭരണത്തുടർച്ചയാണ് എ.ഐ.എ.ഡി.എം.കെ.യുടെ ലക്ഷ്യം. തോറ്റാലും ജയിച്ചാലും ഇരുപക്ഷത്തും മുഖ്യമന്ത്രി റെഡി. എ.ഐ.എ.ഡി.എം.കെ.  പളനിസ്വാമിക്ക്‌ രണ്ടാമൂഴം നൽകും. ഡി.എം.കെ.യിൽ എം.കെ. സ്റ്റാലിന് കന്നി ഊഴമാകും. 

പളനിസ്വാമി മുഖ്യമന്ത്രിയായാൽ പാർട്ടിയിൽ വീണ്ടും അസ്വാരസ്യം തലപൊക്കാൻ സാധ്യതയുണ്ട്. ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം ഇതിന് വിത്തുപാകുമെന്നാണ് സൂചന. ജയലളിതയ്ക്കുപകരക്കാരനായി മുഖ്യമന്ത്രിയായി, ഇടയിൽനിന്ന് ഇറങ്ങിപ്പോയതിന്റെ അപമാനഭാരം പേറിനടക്കുന്ന  നേതാവാണ് ഒ.പി.എസ്. സ്റ്റാലിൻ മുഖ്യമന്ത്രിയാവുകയാണെങ്കിൽ ജ്യേഷ്ഠസഹോദരൻ എം.കെ. അഴഗിരിയായിരിക്കും ചിലപ്പോൾ വാളെടുത്ത് രംഗത്തെത്തുക. 

സമ്മാനപ്പെരുമഴ സ്വാധീനിക്കുമോ

തമിഴ്‌നാട്ടിൽ 234 നിയമസഭാമണ്ഡലങ്ങളും 6.29 കോടി വോട്ടർമാരുമുണ്ട്. 72 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ രണ്ടുശതമാനം കുറവാണിത്. എ.ഐ.എ.ഡി.എം.കെ.യുടെയും ഡി.എം.കെ.യുടെയും നേതൃത്വത്തിലുള്ള മുന്നണികളായിരുന്നു പ്രധാന എതിരാളികൾ. എ.ഐ.എ.ഡി.എം.കെ.യിൽ ബി.ജെ.പി., പി.എം.കെ.  തുടങ്ങിയ പാർട്ടികൾ സഖ്യകക്ഷികളായി. ഡി.എം.കെ.യോടൊപ്പം കോൺഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., എം.ഡി.എം.കെ. എന്നിവ നിലയുറപ്പിച്ചു. കമൽഹാസന്റെ മക്കൾ നീതി മയ്യം 144 ഇടങ്ങളിൽ മത്സരിച്ചു. സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവ ഘടകകക്ഷികൾ. ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും വിജയകാന്തിന്റെ ഡി.എം.ഡി.കെ.യെ ഒപ്പംകൂട്ടി പോരിനിറങ്ങി.  
2016-ലെ തിരഞ്ഞെടുപ്പിൽ 136 സീറ്റുകളിൽ എ.ഐ.എ.ഡി.എം.കെ. ജയിച്ചു. ഡി.എം.കെ. 98 സീറ്റുകൾ സ്വന്തമാക്കി. 

മുൻമുഖ്യമന്ത്രിമാരായ ജയലളിതയുടെയും കരുണാനിധിയുടെയും അഭാവത്തിൽ നടക്കുന്ന ആദ്യ നിയമസഭാതിരഞ്ഞെടുപ്പാണിത്. എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും വോട്ടർമാരെ പാട്ടിലാക്കാൻ ഒട്ടേറെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. 

പരാതികളില്ലാതെ എടപ്പാടിസർക്കാർ

മുഖ്യമന്ത്രി പളനിസ്വാമിയുടെ ഭരണത്തിൽ നല്ലൊരുവിഭാഗം ജനങ്ങളും സംതൃപ്തരാണ്. എ.ഐ.എ.ഡി.എം.കെ. വിരോധികൾപോലും ഭരണത്തെ കുറ്റംപറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് വോട്ടായിമാറിയിട്ടുണ്ടോ എന്ന് കണ്ടറിയണം. ബി.ജെ.പി.യെ സഖ്യത്തിൽ ചേർത്തത് വലിയ മണ്ടത്തരമാണെന്ന് അഭിപ്രായമുണ്ട്.  മുൻമുഖ്യമന്ത്രി ജയലളിതയുടെ വിയോഗം പാർട്ടിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ജയലളിതയോടുള്ള സ്നേഹംകൊണ്ട് എ.ഐ.എ.ഡി.എം.കെ.യ്ക്ക് വോട്ടുചെയ്യാൻ താത്‌പര്യപ്പെടുന്ന നല്ലൊരുശതമാനം സ്ത്രീകളുണ്ട്. 

മുഖ്യമന്ത്രി പ്രതീക്ഷയിൽ സ്റ്റാലിൻ

സ്റ്റാലിന്റെ രാഷ്ട്രീയഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. കോൺഗ്രസും ഇടതുപാർട്ടികളുമുൾപ്പെടെ 13 കക്ഷികളുൾപ്പെടുന്ന മതനിരപേക്ഷ- പുരോഗമനസഖ്യത്തെ നയിക്കുന്ന സ്റ്റാലിന്‌ വെല്ലുവിളികളും ഏറെയാണ്. ഡി.എം.കെ. മുൻഭരണകാലത്തെ അഴിമതികളും ക്രമസമാധാനത്തകർച്ചയും ജനങ്ങൾ മറന്നിട്ടില്ല. തിരഞ്ഞെടുപ്പുതോൽവി ഡി.എം.കെ.യ്ക്കോ സ്റ്റാലിനോ താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അതിനാൽ വിജയം നേടാൻ ഡി.എം.കെ. കൊണ്ടുപിടിച്ചുപണിയെടുത്തു.  2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻവിജയം ആത്മധൈര്യത്തിന്റെ അടയാളമായി മുന്നിലുണ്ടെങ്കിലും  എ.ഐ.എ.ഡി.എം.കെ. തളർന്നുവീണില്ല എന്നതാണ് ഡി.എം.കെ.യെ ഭയപ്പാടിലാക്കുന്നത്. 

എടപ്പാടി പളനിസ്വാമിയുടെ വളർച്ചയും ജനപിന്തുണയും സ്റ്റാലിനെ ആശങ്കയിലാക്കുന്നു. മാത്രമല്ല, ഡി.എം.കെ പരാജയപ്പെടുകയാണെങ്കിൽ എല്ലാകുറ്റവും സ്റ്റാലിന്റെ തലയിൽ കെട്ടിവെക്കാൻ പാർട്ടിനേതൃത്വം ശ്രമിക്കും. സഖ്യകക്ഷികളുടെയും സ്ഥിതി ഇതാവും. 2016-ൽ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ ഡി.എം.കെ. 25 ഇടങ്ങൾമാത്രമാണ് നൽകിയത്. സി.പി.ഐ.യും സി.പി.എമ്മും ആറുസീറ്റുകളിലും മത്സരിക്കുന്നു. തങ്ങൾക്ക് സീറ്റുകുറച്ചതിൽ ഇവർക്ക് അതൃപ്തിയുണ്ട്. പരാജയപ്പെട്ടാലായിരിക്കും ഇത് ഡി.എം.കെ.യ്ക്കുനേരെ വാളുപോലെ വരുക.

കമൽ എത്രകൊയ്യും

മക്കൾ നീതി മയ്യത്തിൽനിന്ന്‌ ആരെങ്കിലും വിജയിക്കുകയാണെങ്കിൽ അത് കമൽ മാത്രമായിരിക്കാനാണ് സാധ്യത. എങ്കിലും പാർട്ടിക്ക് കുറെ വോട്ടുകൾ വിഴുങ്ങാൻ സാധിക്കും. മക്കൾ നീതി മയ്യവും സീമാന്റെ നാം തമിഴർ കക്ഷിയുമായിരിക്കും ഇത്തവണ കൂടുതലും വോട്ടുവിഴുങ്ങുന്ന പാർട്ടികൾ. തെക്കൻ തമിഴ്‌നാട്ടിൽ ടി.ടി.വി. ദിനകരനും സ്വാധീനംചെലുത്തും.  സംസ്ഥാനത്തെ മൂന്നാമത്തെ വലിയപാർട്ടിയാണ് മക്കൾ നീതി മയ്യമെന്ന് കമൽ അവകാശപ്പെടുന്നുണ്ടെങ്കിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനത്തായിരുന്നു. സീമാന്റെ നാം തമിഴർ കക്ഷി തമിഴ് ദേശീയത ഉയർത്തിപ്പിടിച്ചാണ് രംഗത്തുള്ളത്. ടി.ടി.വി. ദിനകരന്റെ രാഷ്ട്രീയഭാവികൂടി അളക്കുന്ന സമയമാണിത്. അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ കോവിൽപ്പെട്ടിയിലെ സ്ഥാനാർഥികൂടിയാണ് ദിനകരൻ.

പുതുച്ചേരിയിൽ കണ്ണുംനട്ട് ബി.ജെ.പി.

കോൺഗ്രസ് സർക്കാരിനെ പടിയിറക്കി പുതുച്ചേരിയിലെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കം വിജയിക്കുമോ എന്ന് നിയമസഭാ തിരഞ്ഞെടുപ്പുഫലം വരുമ്പോൾ അറിയാം. ഭരണത്തിലിരിക്കേ പടിയിറക്കപ്പെട്ട കോൺഗ്രസിന് അപമാനഭാരം തീരണമെങ്കിൽ പുതുച്ചേരിയിൽ വീണ്ടും ഭരണം കിട്ടണം. എന്നാൽ, ഇത് എളുപ്പമാകില്ല. എൻ. രംഗസാമിയുടെ എൻ.ആർ. കോൺഗ്രസും ബി.ജെ.പി.യും എ.ഐ.എ.ഡി.എം.കെ.യും പ്രബലമായ സഖ്യമാണ്. 
മുൻ മുഖ്യമന്ത്രി വി. നാരായണസാമിക്ക് ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ചതും അണികളെ നിരാശയിലാക്കി. നിലവിലെ സാഹചര്യത്തിൽ പുതുച്ചേരിയിൽ എൻ.ഡി.എ. സഖ്യത്തിന്റെ വിജയമാണ് കണക്കുകൂട്ടുന്നത്. 2016-ലെ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ഒരിടത്തും കെട്ടിവെച്ച കാശ് കിട്ടിയില്ല. ഇപ്പോൾ അവസ്ഥ മാറി. പുതുച്ചേരിയിൽ 30 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കൂടാതെ, കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യുന്ന മൂന്ന് എം.എൽ.എ.മാരുണ്ടാകും. എൻ.ഡി.എ. സഖ്യത്തിൽ എൻ.ആർ. കോൺഗ്രസിന് 16 സീറ്റാണ് നൽകിയത്. ഒമ്പതു സീറ്റിൽ ബി.ജെ.പി.യും നാലു സീറ്റിൽ എ.ഐ.എ.ഡി.എം.കെ.യും ഒരു സീറ്റിൽ പി.എം.കെ.യും മത്സരിച്ചു.
 2016-ലെ തിരഞ്ഞെടുപ്പിൽ എൻ.ആർ. കോൺഗ്രസിന് ഏഴും എ.ഐ.എ.ഡി.എം.കെ.യ്ക്ക് നാലുസീറ്റുമാണ് ലഭിച്ചത്. ഭരണം നഷ്ടപ്പെട്ടുവെങ്കിലും കോൺഗ്രസ്  ഡി.എം.കെ. സഖ്യം പ്രതീക്ഷ കൈവിടുന്നില്ല. തങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണെന്നു കോൺഗ്രസ് അവകാശപ്പെടുന്നു.