അഫ്ഗാനിസ്താന്റെ ഭാവി ഇന്ത്യക്ക് വെല്ലുവിളി- ടി.പി. ശ്രീനിവാസൻ


ബ്രിട്ടനും സോവിയറ്റ് യൂണിയനും പരാജയപ്പെടുകയും അമേരിക്കവിട്ടു പോകുകയുംചെയ്ത അഫ്ഗാനിസ്താനിൽ ഇനിയെന്ത് എന്ന ചോദ്യം ഉയർന്നുവന്നിരിക്കയാണ്. അവിടെ ചരിത്രം വീണ്ടും അവസാനിക്കുമെന്നുള്ള സൂചനകളാണ് ഇതുവരെ. ഒരു ജനാധിപത്യരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം നടത്തിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ പരിശ്രമം തുടരുകയാണെങ്കിലും താലിബാൻ താമസിയാതെ അധികാരത്തിൽ വരുമെന്നാണ് പൊതുവേയുള്ള ധാരണ.

ഭൂതകാലമാവരുത്‌ ഭാവി

അഫ്ഗാനിസ്താന്റെ ഭാവി അതിന്റെ ഭൂതകാലം ആയിരിക്കരുതെന്ന്‌ ഇന്ത്യൻ വിദേശകാര്യമന്ത്രി അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാൽ അഫ്ഗാനിസ്താൻ അതിന്റെ ഭൂതകാലത്തേക്ക് തെന്നിവീഴാനാണ് സാധ്യത. അമേരിക്കയും മറ്റു രാജ്യങ്ങളും താലിബാനുമായി നടത്തിയിരുന്ന ചർച്ചകൾ ഒരു തീരുമാനത്തിലെത്തുന്നതിനുമുമ്പുതന്നെ അമേരിക്ക സൈന്യങ്ങളെ പിൻവലിച്ചതാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണമായത്. അഫ്ഗാനിസ്താന്റെ ഭാവി അവിടത്തെ ജനങ്ങൾതന്നെ തീരുമാനിക്കണമെന്നും താലിബാൻ ബലം പ്രയോഗിച്ച് അധികാരത്തിൽവന്നാൽ ആ സർക്കാരിനെ അംഗീകരിക്കുകയില്ല എന്നും അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നു.

അമേരിക്ക പിൻവാങ്ങിയതിന് മണിക്കൂറുകൾക്കകം താലിബാൻ രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തുകഴിഞ്ഞിരിക്കുന്നു. അതിർത്തിപ്രവിശ്യകളിലാണ് താലിബാൻ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. കാബൂളിലുള്ള അഫ്ഗാനിസ്താൻ സർക്കാരിന് സഹായം എത്തിക്കുന്നത് തടയാനാണ് അവരുടെ ശ്രമം. പാകിസ്താനിൽനിന്ന് ധാരാളം ചാവേറുകൾ അഫ്ഗാനിസ്താനിലേക്ക് കടന്നിട്ടുമുണ്ട്.

എന്നാലും അഷ്‌റഫ്‌ ഗനി ശുഭാപ്തി വിശ്വാസിയാണ്. അദ്ദേഹം ദോഹയിൽപ്പോയി താലിബാനുമായി ചർച്ച തുടരുമെന്നും ഒരു കരാറിലെത്തുമെന്നും വിശ്വസിക്കുന്നു. താലിബാൻ ചെറിയ യുദ്ധങ്ങൾ വിജയിച്ചാൽത്തന്നെയും അന്തിമവിജയം ജനാധിപത്യ ശക്തികൾക്കായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ, ഇന്ത്യ അല്ലാതെ ഒരു രാജ്യവും താലിബാനെ തള്ളിപ്പയാത്ത സ്ഥിതിക്ക് ഗനിക്ക്‌ സഹായത്തിനെത്താൻ ആരുമില്ല എന്നതാണ് സത്യം. പ്രസിഡന്റ് ബൈഡൻ ഗനിയെ വാഷിങ്ടണിലേക്കു ക്ഷണിച്ചെങ്കിലും സഹായധനമോ സൈനികസഹായമോ വാഗ്ദാനം ചെയ്തിരുന്നില്ല. സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്താനിൽ ചെയ്തതുപോലെയും അമേരിക്ക വിയറ്റ്‌നാമിൽ ചെയ്തതുപോലെയും ഒരു താത്‌കാലിക സർക്കാർ സ്ഥാപിക്കാൻ അവർ ഇത്തവണ തയ്യാറായിരുന്നില്ല.

ഇന്ത്യയുടെ ഇടപെടലുകൾ

ഇന്ത്യൻ വിദേശകാര്യമന്ത്രി വളരെപ്രധാനമായ ഒരു ദൗത്യമാണ് ഏറ്റെടുത്തത്. അദ്ദേഹം ഇറാനും റഷ്യയും സന്ദർശിക്കുകയും സമാധാനത്തിന്റെ വഴി തേടുകയും ചെയ്തു. അഫ്ഗാനിസ്താനിൽ പഴയകാലത്ത് ഈ രാജ്യങ്ങൾ തമ്മിൽ സഹകരിച്ചത് അദ്ദേഹം അവരെ ഓർമപ്പെടുത്തി. ഷാങ്ഹായ് സഹകരണസംഘടനയുടെ സമ്മേളനം അഫ്ഗാനിസ്താനെപ്പറ്റി ഇറക്കിയ പ്രസ്താവനയ്ക്കും ഇന്ത്യയുടെ കൈയൊപ്പ് ഉണ്ടായിരുന്നു. എന്നാൽ, ആ പ്രസ്താവനയിൽ താലിബാനെ എടുത്തുപറഞ്ഞ് സമാധാനം സ്ഥാപിക്കാൻ ആഹ്വാനംചെയ്യാൻ പോലും ആ രാജ്യങ്ങൾ തയ്യാറായിരുന്നില്ല. താഷ്‌കെന്റിൽവെച്ചു നടന്ന സാങ്കേതികസഹകരണം  സംഘടിപ്പിക്കൽ എന്ന വിഷയങ്ങളിലും ഇന്ത്യ സഹകരണം നൽകാമെന്നു വാഗ്‌ദാനം ചെയ്തു. എന്നാലും ഈ പ്രസ്താവനകൾക്കൊന്നും താലിബാനെ അതിന്റെ പാതയിൽനിന്ന് വ്യതിചലിപ്പിക്കാൻ കഴിഞ്ഞില്ല.

ഒരു വർഷത്തിനകം താലിബാൻ അഫ്ഗാനിസ്താൻ മുഴുവനായി കൈയിലാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്‌ അവരെ സഹായിക്കാമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്താന്റെ അധീനതയിലുള്ള ഒരു താലിബാൻ ഭരണകൂടം ആയിരിക്കും അഫ്ഗാനിസ്താനിൽ ഉണ്ടാകുക.

ചൈനയുടെ നീക്കങ്ങൾ

ഇത്തവണത്തെ താലിബാൻ സർക്കാരിന് ചൈനയുടെ ശക്തമായ പിന്തുണ ഉണ്ടാകും. ചൈന സൈനികമായി ഇടപെട്ടില്ലെങ്കിലും അവരുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഒരു പ്രധാന കണ്ണിയാകും അഫ്ഗാനിസ്താൻ. അതിലൂടെ അഫ്ഗാനിസ്താന് സഹായം നൽകാൻ ചൈനയ്ക്കുകഴിയും. അഫ്ഗാനിസ്താന്റെ പുനരുദ്ധാരണത്തിനുവേണ്ടി ചൈനയെ താലിബാൻ ക്ഷണിച്ചിരിക്കുകയാണ്. അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും ചൈനയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും നൽകുമെന്നും താലിബാൻ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. തുർക്കിയും അഫ്ഗാനിസ്താനിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിന്റെ നടത്തിപ്പ് തുർക്കിക്കു നൽകുന്ന കാര്യം താലിബാന്റെ പരിഗണനയിലുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരമായ സംഭവവികാസങ്ങളാണ് ഇവയെല്ലാം. ചൈനയുടെയും തുർക്കിയുടെയും പ്രവേശനം നമ്മുടെ താത്‌പര്യങ്ങൾക്ക് സഹായകരമായിരിക്കയില്ല. അതുകൊണ്ട് ഇന്ത്യ നേരിട്ട് ഇക്കാര്യത്തിൽ ഇടപെടുന്നതുകൊണ്ട് നമുക്ക് നേട്ടമില്ലെന്നും പുതിയ സംവിധാനത്തോട് സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ഒരു അഭിപ്രായമുണ്ട്‌.
പാകിസ്താനുമായി പിൻവാതിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് വാർത്തകൾ ഉണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ സൗജന്യങ്ങൾ ചെയ്യാൻ പാകിസ്താൻ തയ്യാറാവുകയില്ല. അവരുടെ മൗലികമായ താത്‌പര്യം കശ്മീരിലായതിനാൽ അവിടെ വിധ്വംസക പ്രവർത്തനങ്ങൾ നടത്താൻ ആയിരിക്കും പാകിസ്താൻ ശ്രമിക്കുക. അതിന്‌ അവരെ തടയാൻ ഇന്ത്യക്ക്‌ കൂടെ നിൽക്കാൻ അമേരിക്കപോലും കാണുകയുമില്ല. ചൈനയാണെങ്കിൽ പിന്മാറ്റം നിർത്തിവെച്ച്‌ ലഡാക്കിൽ ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു.

നമുക്ക്‌ ചെയ്യാനാവുന്നത്‌

അഫ്‌ഗാനിസ്താനിൽ ഇതുപോലെയുള്ള സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന്‌ അമേരിക്ക പിൻവാങ്ങുമെന്ന്‌ തീരുമാനിച്ചപ്പോൾ തന്നെ പ്രകടമായിരുന്നു. എന്നാൽ, അമേരിക്ക ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ അഫ്‌ഗാനിസ്താനിൽ ഉണ്ടായിരിക്കുമെന്ന്‌ നാം പ്രതീക്ഷിച്ചു.

അമേരിക്ക ഒരു കരാറുണ്ടാക്കാതെ അപ്രതീക്ഷിതമായി പിൻവാങ്ങുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴത്തെ ഇന്ത്യയുടെ പ്രവർത്തനങ്ങളെ ലോകം കാണുന്നത്‌ പാകിസ്താന്റെ ആധിപത്യം ഉണ്ടാകാതിരിക്കാനുള്ള നടപടികളായിട്ടാണ്‌. അതിനാൽ നമ്മുടെ സമാധാനദൗത്യത്തെ പല രാജ്യങ്ങളും കാണുന്നത്‌ സ്ഥാപിതതാത്‌പര്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമായിട്ടായിരിക്കും. ഇന്ത്യയോട്‌ ശത്രുതാപരമായ പെരുമാറ്റമായിരിക്കും താലിബാന്‌ ഉണ്ടായിരിക്കുകയെന്നതും വ്യക്തമാണ്‌.

ഒരു ചൈന-പാകിസ്താൻ-താലിബാൻ അച്ചുതണ്ട്‌ അഫ്‌ഗാനിസ്താനിൽ ഉണ്ടായതിനുശേഷം സംഭവിക്കാവുന്ന മാറ്റങ്ങളെപ്പറ്റിയാണ്‌ നാം ചിന്തിക്കേണ്ടത്‌. അഫ്‌ഗാൻ നേതാക്കന്മാർ പാകിസ്താനെയും ചൈനയെയും  നിരാകരിക്കാതെത്തന്നെ ഇന്ത്യയോട്‌ സഹകരിക്കുന്ന ഒരു സ്ഥിതിയാണ്‌ ഉണ്ടാക്കേണ്ടത്‌. അതിനുള്ള സാധ്യതകൾ ഇല്ലാത്ത സ്ഥിതിക്ക്‌ ഒരു സംഘട്ടനത്തിന്‌ തയ്യാറെടുക്കുന്നതിനെക്കാൾ സമാധാനപരമായ സഹവർത്തിത്വത്തിന്‌ ശ്രമിക്കുക മാത്രമാണ്‌ നമുക്കുചെയ്യാൻ കഴിയുക.

പിഴയ്ക്കരുത്‌ കരുനീക്കങ്ങൾ

കൊറോണ മഹാമാരിക്കുശേഷം ഉണ്ടാകാൻ പോകുന്ന ലോകവ്യവസ്ഥ നമുക്ക്‌ അനുകൂലമാകുന്ന തരത്തിലുള്ള കരുനീക്കലാണ്‌ ഇന്ത്യ ചെയ്യേണ്ടത്‌. അതിൽ വിജയിച്ചെങ്കിൽ മാത്രമേ ഇന്ന്‌ താലിബാൻ നടത്തുന്ന ഭീകരവാദത്തെയും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെയും നേരിടാൻ ഇന്ത്യക്ക്‌ കഴിയുകയുള്ളൂ.

ചൈനയെയും പാകിസ്താനെയും നിരാകരിച്ചുകൊണ്ട്‌ ഒരു സ്വതന്ത്ര അഫ്‌ഗാനിസ്താൻ രൂപം കൊണ്ടാൽ മാത്രമേ നമ്മുടെ പ്രദേശത്ത്‌ സമാധാനം സ്ഥാപിക്കാൻ സാധ്യമാവൂ. അഫ്‌ഗാനിസ്താന്റെ കാര്യത്തിൽ ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ ഇന്ത്യയായിരിക്കും വെല്ലുവിളികൾ നേരിടുക. പദ്‌മവ്യൂഹത്തിൽപ്പെട്ടുപോയ അഭിമന്യുവിനെപ്പോലെ പകച്ചുനിൽക്കുകയാണ്‌ ഇന്ത്യ.

താലിബാന്റെ മുന്നേറ്റം തുടരുമ്പോഴും സമാധാനം സ്ഥാപിക്കാനും എല്ലാ അഫ്‌ഗാൻകാർക്കും പങ്കാളിത്തമുള്ള ഒരു സർക്കാർ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്‌. അമേരിക്കൻ വിദേശകാര്യമന്ത്രി അഫ്‌ഗാനിസ്താനും പാകിസ്താനും ഇന്ത്യയും സന്ദർശിക്കാനുള്ള സാധ്യതയുണ്ട്‌. അമേരിക്ക ഇപ്പോഴും അഫ്‌ഗാൻ സർക്കാരിന്‌ സൈനികസഹായം നൽകുന്നുണ്ടെന്നും ഇത്‌ ഓഗസ്റ്റ്‌ അവസാനംവരെ തുടരുമെന്നുമാണ്‌ സൂചനകൾ.

അധികാരം പങ്കിടാൻ താലിബാൻ തയ്യാറാണെങ്കിൽ താത്‌കാലികമായെങ്കിലും കാബൂൾ സർക്കാർ തുടരാനും താലിബാനുമായി ചർച്ചകൾ നടത്താനും സാധ്യതയുണ്ട്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ചർച്ചകളായിരിക്കും അമേരിക്കയും പാകിസ്താനുമായി നടക്കുന്നത്‌. പക്ഷേ, അമേരിക്കയുടെ നിശ്ചയദാർഢ്യവും പാകിസ്താന്റെയും താലിബാന്റെയും സഹകരണവും എത്രമാത്രം ഉണ്ടായിരിക്കുമെന്നുള്ളത്‌ കാണേണ്ടിയിരിക്കുന്നു.

നമുക്കുമുന്നിലുള്ള സാധ്യതകൾ- വേണു രാജാമണി​

 ഇരുപതു വർഷത്തെ യുദ്ധം മതിയാക്കി യു. എസ്. അഫ്ഗാനിസ്താനിൽനിന്ന് പിൻവാങ്ങുകയാണ്. താലിബാൻ വീണ്ടും ശക്തിയാർജിക്കുന്നതിന്റെ സന്തോഷം മറച്ചുവെക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കഴിയുന്നില്ല. ജൂലായ് അഞ്ചിന് പൊതുവേദിയിൽ അദ്ദേഹം ആവേശംകൊണ്ടത്, ‘അഫ്ഗാനിസ്താന്റെ കാര്യത്തിൽ ഏറ്റവും വലിയ നഷ്ടം ഇന്ത്യക്കായിരിക്കും’ എന്നാണ്.

അഫ്ഗാനിസ്താനിലെ സൈനികസാന്നിധ്യം ഓഗസ്റ്റ് 31-നുമുമ്പ്‌ പൂർണമായി അവസാനിപ്പിക്കുമെന്ന് യു.എസ്. പ്രഖ്യാപിച്ചതുമുതൽ അവിടത്തെ രാഷ്ട്രീയസ്ഥിതിഗതികൾ അതിവേഗം മാറിമറിയുകയാണ്. ദോഹയിൽ സമാധാന ചർച്ച നടക്കുന്നതിനിടയിൽത്തന്നെ താലിബാൻ ആയുധമെടുത്തുകഴിഞ്ഞു. രാജ്യത്തിന്റെ 85 ശതമാനവും ഇതിനോടകം തങ്ങളുടെ കൈവശമായെന്നാണ് അവർ അവകാശപ്പെടുന്നത്. അഫ്ഗാൻ സർക്കാർ ഈ വാദം പൂർണമായും അംഗീകരിച്ചിട്ടില്ല. പല സ്ഥലങ്ങളിലും സംഘർഷങ്ങൾ തുടരുകയാണ്. എന്നാൽ, അഫ്ഗാൻ പട്ടാളം താജിക്കിസ്താനിലേക്ക് പലായനം ചെയ്യുന്നതിന്റെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നയതന്ത്ര ഉദ്യോഗസ്ഥരെ മടക്കിവിളിക്കുന്നതിന്റെയും വാർത്തകളിൽനിന്ന് അരക്ഷിതാവസ്ഥയുടെ ചിത്രം വായിച്ചെടുക്കാവുന്നതേയുള്ളൂ.

മൂന്നുവഴികൾ

പൊട്ടിത്തെറിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു അഗ്നിപർവതമാണോ അഫ്ഗാനിസ്താൻ? അങ്ങനെയെങ്കിൽ ഇന്ത്യക്ക് അവിടെ എന്തൊക്കെ സാധ്യതകളാണ് അവശേഷിക്കുന്നത്?

ജൂലായ് 15-ന് താജിക്കിസ്താനിലെ ദുഷാൻബേയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വിഷയത്തിൽ പ്രതികരിച്ചു. ആത്മാർഥമായ ചർച്ചകൾ മാത്രമാണ് പരിഹാരമെന്നും അക്രമത്തിലൂടെ അധികാരം പിടിക്കുന്നതിനോട് ലോകം എതിരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പക്ഷപാതരഹിതമായ, ഐക്യവും സമാധാനവും ജനാധിപത്യവും സമൃദ്ധിയുമുള്ള രാജ്യത്തിനു വേണ്ടി ജയ്‌ശങ്കർ ആഹ്വാനം ചെയ്തു. ഭാവി, ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കാകരുത്. അഫ്ഗാൻ ജനതയിലെ പുതുതലമുറയ്ക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ടെന്നും അവരെ നിരാശപ്പെടുത്തരുതെന്നും ജയ്‌ശങ്കർ ഓർമിപ്പിക്കുന്നു.

ഇന്ത്യക്ക് എന്തുചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് മൂന്ന് സാധ്യതകളാണുള്ളത്. അവയെ പ്ലാൻ എ, ബി, സി എന്ന് വിശദീകരിക്കാം.

പ്ലാൻ എ

അഫ്ഗാനിസ്താൻ സർക്കാരും താലിബാൻ പ്രതിനിധികളും തമ്മിൽ ദോഹയിൽ നടക്കുന്ന സമാധാന ചർച്ച ഫലംകാണുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാൽ താലിബാനും അഫ്ഗാൻ സർക്കാരും അധികാരം പങ്കുവെക്കൽ ഉടമ്പടിയിലേക്ക് നീങ്ങുകയും സമാധാനപരമായ അധികാരക്കൈമാറ്റം സാധ്യമാകുകയും ചെയ്യും. ഇത് യാഥാർഥ്യമാക്കുന്നതിനായി അഫ്ഗാൻ സർക്കാരിനുള്ള നയതന്ത്ര പിന്തുണ ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ വിജയത്തിലേക്കെത്തിക്കാൻ യു.എസ്. ഉൾപ്പെടെയുള്ള കക്ഷികളെ ഏകോപിപ്പിക്കുന്നതിലും ഇന്ത്യ മുൻകൈയെടുക്കുകയാണ്. പാകിസ്താൻ ഉൾപ്പെടെ ഒരു രാജ്യവും അഫ്ഗാനിസ്താനിൽ അനിശ്ചിതാവസ്ഥ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ സമാധാന ശ്രമങ്ങളിൽ എല്ലാവരും സഹകരിക്കുമെന്നും ആത്മാർഥവും ക്രിയാത്മകവുമായ സമീപനത്തിന് താലിബാനുമേൽ സമ്മർദമുണ്ടാകുമെന്നുമാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.

അഫ്ഗാനിസ്താനുമേൽ പാകിസ്താനുമായുള്ള മത്സരം ഒഴിവാക്കുന്നതിനാണ് അതിർത്തിയിൽ വെടിനിർത്തലിന് ഇന്ത്യ സമ്മതിച്ചിട്ടുള്ളത്. ഇതിനുവേണ്ടി നടന്ന പിന്നാമ്പുറ ചർച്ചകൾക്ക് അവസരമൊരുക്കിയത് യു.എ.ഇ.യാണ്. യു.എസിന്റെ പ്രോത്സാഹനവും ലഭിച്ചു. കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനും സമാധാനം പുനഃസ്ഥാപിക്കാനും താഴ്‌വരയിലെ രാഷ്ട്രീയനേതാക്കളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയതും ഈ പശ്ചാത്തലത്തിലാണ്.

പ്ലാൻ ബി

താലിബാൻ അധികാരത്തിൽ വരുന്നത് മുൻകൂട്ടിക്കണ്ട് ഒരുങ്ങിയിരിക്കുക. താലിബാൻ ഭരണകൂടത്തെ ഒറ്റപ്പെടുത്തുന്നതിന് നയതന്ത്രപരമായ ശ്രമങ്ങൾ, അഫ്ഗാനിസ്താനിലെ എംബസിയിൽനിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കൽ (ഹെറാത്ത്, മസർ ഇ ഷരീഫ്, ജലാലാബാദ് എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾ ഇതിനോടകം അടച്ചുകഴിഞ്ഞു), അഭയാർഥി ക്യാമ്പുകൾ, താലിബാന്റെ സ്ത്രീവിരുദ്ധ, ഹിംസാത്മക നിലപാടുകൾക്കെതിരേ ആഗോളതലത്തിൽ പ്രചാരണം, താലിബാന് സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായി പിന്തുണ നൽകുന്ന പാകിസ്താനെ അന്താരാഷ്ട്ര വേദികളിൽ തുറന്നുകാട്ടുന്നത് ഉൾപ്പെടെ ഒട്ടേറെ ദൗത്യങ്ങൾ പ്ലാൻ ബി-യിൽ ഇന്ത്യക്കുണ്ടാകും.

പ്ലാൻ സി

എല്ലാ കക്ഷികളെയും സംബന്ധിച്ച് ഏറ്റവും മോശം സാധ്യത, അഫ്ഗാനിസ്താൻ സോവിയറ്റാനന്തര, താലിബാൻ പൂർവചരിത്രത്തിലേക്ക് മടങ്ങിപ്പോകും എന്നതാണ്. ആഭ്യന്തര യുദ്ധങ്ങൾ രൂക്ഷമാവുകയും യുദ്ധപ്രഭുക്കന്മാർ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്ന അവസ്ഥ. റഷ്യയും ഇറാനും ഇന്ത്യയും താലിബാൻവിരുദ്ധ സേനയെ പിന്തുണയ്ക്കും. പാകിസ്താൻ മറുവശത്ത് നിലയുറപ്പിച്ചേക്കും. പഴയതുപോലെ, ലോകമെമ്പാടുമുള്ള തീവ്രവാദികൾക്ക് ഇഷ്ടസങ്കേതമായി അഫ്ഗാൻ മാറും.

ദോഹയിലെ ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ സൈനികപിന്തുണ നൽകണമെന്ന് ഡൽഹിയിലെ അഫ്ഗാൻ അംബാസഡർ ഇതിനോടകം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള സൈനിക ഇടപെടലിന് മുതിർന്നില്ലെങ്കിൽപ്പോലും സാധ്യമായ മറ്റ് എല്ലാ വഴികളിലൂടെയും അഫ്ഗാനിസ്താനിൽ ഇന്ത്യക്ക് ഇടപെട്ടേ പറ്റൂ. നിയന്ത്രണത്തിനും സ്വാധീനത്തിനും വേണ്ടിയുള്ള മത്സരത്തിൽ ഇന്ത്യ-പാകിസ്താൻ ബന്ധം വീണ്ടും വഷളാകാനും സാധ്യതയുണ്ട്.

എന്തുതന്നെയായാലും ഇമ്രാൻ ഖാൻ പറഞ്ഞതുപോലെ അഫ്ഗാനിസ്താനിൽ ഏറ്റവുംവലിയ നഷ്ടം വരാൻപോകുന്നത് ഇന്ത്യക്കല്ല; അത് അഫ്ഗാനിസ്താനിലെ സാധാരണക്കാരായ ജനങ്ങൾക്കാണ്. താലിബാന്റെ ശക്തിയും സ്വാധീനവും വളരുന്നതോടെ ഇതുവരെ ആസ്വദിച്ച സ്വാതന്ത്ര്യം സ്ത്രീകളുൾപ്പെടെ പുരോഗമനവാദികൾക്ക് നഷ്ടപ്പെടും. ഭീകരവാദത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെതിരേ ഇന്ത്യക്ക് കൂടുതൽ ജാഗ്രത വേണ്ടിവരും.